Follow Us On

30

December

2024

Monday

ദൈവം സംസാരിച്ച സമയം

ദൈവം സംസാരിച്ച സമയം

ഫാ. ജോസ് ആലുങ്കല്‍ എസ്ഡിബി

ചെറുപ്പം മുതല്‍ ഞാന്‍ മുടങ്ങാതെ ദൈവാലയത്തില്‍ പോയിരുന്നു. പരിശുദ്ധ കുര്‍ബാനയോടുള്ള അഭിനിവേശമൊന്നുമായിരുന്നില്ല അതിന് കാരണം. എന്നും ദൈവാലയത്തില്‍ പോകണമെന്നത് അമ്മച്ചിക്ക് നിര്‍ബന്ധമായിരുന്നു. പിന്നീട് അള്‍ത്താരബാലനായപ്പോള്‍ വൈദികനാകണമെന്ന ആഗ്രഹം മനസില്‍ തോന്നിയിട്ടുണ്ട്. എന്നാല്‍, പത്താം ക്ലാസ് എത്തിയപ്പോഴേക്കും ആ ആകര്‍ഷണം വല്ലപ്പോഴും മാത്രം മനസിലേക്ക് വരുന്ന ഒരു ചിന്ത മാത്രമായി ചുരുങ്ങി. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞുള്ള അവധി ദിനങ്ങളില്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയിരുന്നു. അവിടെ വച്ചാണ് ഹോളിക്രോസ് സഭാംഗമായ സിസ്റ്റര്‍ ജെറോമിനെ കാണുന്നത്. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള നഴ്‌സിങ്ങ് സ്‌കൂളില്‍നിന്ന് വിരമിച്ച്, വിശ്രമ ജീവിതത്തിലേക്ക് കടന്ന സിസ്റ്റര്‍ പെരുമ്പടപ്പിലെ ഹോളി ക്രോസ് ഹോസ്പീസ് എന്ന പാലിയേറ്റിവ് കെയര്‍ സെന്ററില്‍ കൗണ്‍സിലര്‍ ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു.

കാന്‍സര്‍ ശ്വാസകോശത്തില്‍

എന്നെയും കുടുംബത്തെയും അറിയാനും, കേള്‍ക്കാനുമൊക്കെ സിസ്റ്റര്‍ പ്രത്യേകം താത്പര്യം കാണിച്ചു. അത്യാവശ്യം നല്ല മാര്‍ക്കോട് കൂടി എസ്എസ്എല്‍സി പാസായ എന്നോട് വൈദികനാവാന്‍ താത്പര്യമുണ്ടോ എന്ന് സിസ്റ്റര്‍ ചോദിച്ചു. സയന്‍സ് ഗ്രൂപ്പെടുത്ത് പഠനവുമായി മുന്നോട്ട് പോകാനാണ് ആഗ്രഹമെന്ന് ഞാന്‍ പറഞ്ഞു. സ്ഥിരമായി ദൈവാലയത്തില്‍ പോയിരുന്നതുകൊണ്ട് വീട്ടുകാരും അങ്ങനെ കരുതിയിരുന്നു. പക്ഷെ അങ്ങനെയൊരു പ്രതീക്ഷ പോലും നല്‍കാതെ ഞാനെന്റെ പ്ലസ്ടു പഠനം തുടങ്ങി. ഇതിനകം ഞങ്ങളുടെ കുടുംബ സുഹൃത്തായി മാറിയ സിസ്റ്റര്‍ ജെറോം പ്ലസ്ടു പരീക്ഷ കഴിഞ്ഞു നില്‍ക്കുമ്പോള്‍ വൈദികനാകാന്‍ താത്പര്യം ഉണ്ടോ എന്ന് ഒരിക്കല്‍ക്കൂടി അന്വേഷിച്ചിരുന്നു. ബിഎസ്‌സി ഫിസിക്‌സ് പഠിച്ച് കോളജ്‌  അധ്യാപകനാകാനാണ് ആഗ്രഹമെന്ന് സിസ്റ്ററിനോട് ഞാന്‍ പറഞ്ഞു. ആത്മീയ മാതാവിനെപ്പോലെ എന്നെ നയിച്ചിരുന്ന സിസ്റ്റര്‍ എന്റെ ആഗ്രഹത്തെ പ്രോത്സാഹിപ്പിച്ചു.

അപ്പച്ചന്റെ മരണം വലിയ ശൂന്യത സൃഷ്ടിച്ചു. ദൈവസ്‌നേഹത്തില്‍നിന്ന് അകന്ന് അന്ധകാരത്തിലേക്ക് ഞാന്‍ വഴുതിവീണു. അമ്മച്ചിയുടെ നിര്‍ബന്ധം സഹിക്കവയ്യാതെ പേരിന് മാത്രം ദൈവാലയത്തില്‍ പോയി.ഒരു ദിവസം എനിക്കൊരുഅനുഭവമുണ്ടായി. അത് സ്വപ്നമോ, ദര്‍ശനമോ, അതോ മനസിന്റെ തോന്നല്‍ മാത്രമായിരുന്നോ എന്നതില്‍ ഇപ്പോഴും തീര്‍ച്ചയില്ല.

 

ആഗ്രഹിച്ചതുപോലെ കൊച്ചി, തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ ബിഎസ്‌സി ഫിസിക്‌സിന് പ്രവേശനം ലഭിച്ചു. ഇതേ കോളജില്‍ തന്നെ ഫിസിക്‌സ് പ്രഫസര്‍ ആകണമെന്ന എന്റെ സ്വപ്‌നത്തിന്റെ ആദ്യപടി അങ്ങനെ വിജയകരമായി പൂര്‍ത്തിയാക്കി. അപ്പച്ചനും അമ്മച്ചിയും രണ്ട് ചേച്ചിമാരും അടങ്ങുന്നതായിരുന്നു എന്റെ കുടുംബം. ചേച്ചിമാരുടെ വിവാഹം നേരത്തെ തന്നെ കഴിഞ്ഞിരുന്നു. പട്ടാളത്തിലെയും പോര്‍ട്ട് ട്രസ്റ്റിലെയും സേവനങ്ങള്‍ക്കുശേഷം അപ്പച്ചന്‍ വിശ്രമജീവിതത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് എന്റെ ബിരുദ പഠനം തുടങ്ങുന്നത്. കലാലയ ജീവിതം മുന്നോട്ടു പോകുമ്പോഴാണ് അവിചാരിതമായി അപ്പച്ചന് ശബ്ദം നഷ്ടമായത്. എറണാകുളത്തെ പ്രമുഖ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ അപ്പച്ചന് ശ്വാസകോശത്തില്‍ കാന്‍സറാണെന്ന് തിരിച്ചറിഞ്ഞു. രോഗത്തിന്റെ ആരംഭമായിരുന്നതിനാല്‍ ചികിത്സിച്ച് ഭേദമാക്കാമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് വലിയ സമാധാനം നല്‍കി.

ദ്യത്തെ തോല്‌വി

കീമോതെറാപ്പി ട്രീറ്റ്‌മെന്റിന്റെ ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ തന്നെ അപ്പച്ചന്റെ ശബ്ദം തിരികെ കിട്ടി. ഇത് ഒരുപാട് പ്രതീക്ഷ നല്‍കി. ഞങ്ങളുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. അങ്ങനെ ആദ്യ വര്‍ഷ ബിരുദപരീക്ഷ വന്നു. മെയിന്‍ പരീക്ഷ ബുദ്ധിമുട്ടായിരുന്നെങ്കിലും പാസാകാനുള്ള മാര്‍ക്ക് ലഭിക്കുമെന്ന് എനിക്കുറപ്പായിരുന്നു. രണ്ടാം വര്‍ഷ ബിരുദ പഠനത്തിനിടെയാണ് അപ്പച്ചന്‍ അവിചാരിതമായി തലകറങ്ങി വീഴുന്നതും കാന്‍സര്‍ തലച്ചോറിലേക്ക് വ്യാപിച്ചിട്ടുണ്ടെന്ന് അറിയുന്നതും. പ്രതീക്ഷകള്‍ നല്‍കികൊണ്ട് ചികിത്സ പുരോഗമിച്ചെങ്കിലും നന്നായി ക്ഷീണിക്കുന്ന അപ്പച്ചന്റെ ശരീര പ്രകൃതിയില്‍ സംശയം തോന്നി ഞാനും അപ്പച്ചന്റെ കൂടെ ആശുപത്രിയില്‍ പോയി. സാധാരണ അമ്മച്ചിയായിരുന്നു അപ്പച്ചന്റെ ഒപ്പം പോകാറുണ്ടായിരുന്നത്. ഡോക്ടറോട് ചികിത്സയുടെ പുരോഗതി ചോദിച്ചപ്പോള്‍, രോഗം കണ്ടുപിടിച്ചത് അവസാനത്തെ സ്റ്റേജിലാണെന്നും ഇനി വീട്ടില്‍ സമാധാനത്തോടെ മരിക്കാനുള്ള അന്തരീക്ഷം ഒരുക്കി കൊടുക്കണമെന്നുമായിരുന്നു ലഭിച്ച മറുപടി.

ആ വാക്കുകള്‍ ഉള്‍ക്കൊള്ളാനോ, അപ്പച്ചന്‍ കടന്നുപോവുന്നു എന്ന യാഥാര്‍ത്ഥ്യത്തെ അം ഗീകരിക്കാനോ ഞങ്ങള്‍ക്ക് ആകുമായിരുന്നില്ല. തുടര്‍ന്ന് അപ്പച്ചനെ വീടിനടുത്തുള്ള ഹോളിക്രോസ് ഹോസ്പീസ് പാലിയേറ്റിവ് കെയറിലേക്ക് മാറ്റി. രണ്ടാം വര്‍ഷ ബിരുദ്ധ പരീക്ഷ അടുത്തുവരുന്ന സമയമായിരുന്നു. ആ ദിവസങ്ങളിലാണ് ആദ്യ വര്‍ഷ പരീക്ഷയുടെ ഫലം വന്നത്. ബുദ്ധിമുട്ടായിരുന്നെങ്കിലും ജയിക്കുമെന്ന് ഉറപ്പുണ്ടായ എന്റെ ഫിസിക്‌സ് മെയിന്‍ പരീക്ഷയ്ക്ക് ഞാന്‍ തോറ്റു. ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു അത്രയും കയ്‌പേറിയ പരാജയം ഉണ്ടായത്.

വിശ്വാസം നഷ്ടപ്പെട്ട കാലം

അപ്പച്ചന്റെ ആരോഗ്യസ്ഥിതി നന്നേ വഷളായി. അപ്പച്ചന്റെ കൂടെയായിരിക്കാന്‍ ഞാന്‍ കോളജില്‍ പോവുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തി. ആദ്യവര്‍ഷത്തെ പരീക്ഷ ഇംപ്രൂവ് ചെയ്യാനും സെക്കന്റ് ഇയര്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കായി കോളജില്‍ വരാനും അധ്യാപകര്‍ കൂട്ടുകാരോടു പറഞ്ഞുവിട്ടു. എന്തു ചെയ്യണമെന്ന് അറിയാതെ ധര്‍മ്മസങ്കടത്തിലായി, ഒരു വശത്ത് അപ്പച്ചന്‍ ഏതു നിമിഷവും കടന്നുപോയേക്കാം. മറുവശത്ത് എല്ലാ പ്രതീക്ഷകളും തകര്‍ത്ത് പരാജയം നല്‍കിയ ഹൃദയ വേദന.

എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ സിസ്റ്റര്‍ ജെറോം അപ്പച്ചനെ കാണാന്‍ വന്നിരുന്നു. രോഗത്തിന്റെ തീവ്രതയെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാതിരുന്ന അപ്പച്ചനെ പറഞ്ഞു മനസിലാക്കുകയും രോഗിലേപന കൂദാശ സ്വീകരിക്കാന്‍ സിസ്റ്റര്‍ ഒരുക്കുകയും ചെയ്തു. എന്റെ മനസിന്റെ പ്രയാസങ്ങള്‍ ഒരു ദിവസം ഞാന്‍ സിസ്റ്ററിന്റെ മുമ്പില്‍ തുറന്നുവച്ചു. വിഷമിക്കേണ്ട, കര്‍ത്താവ് എല്ലാ കാര്യങ്ങളും ക്രമീകരിക്കുമെന്നായിരുന്നു സിസ്റ്ററിന്റെ മറുപടി. കുറച്ച് ദിവസങ്ങളായി ദൈവത്തോട് തോന്നിയ ദേഷ്യമെല്ലാം ആ വാക്കുകള്‍ കേട്ടപ്പോള്‍ മറനീക്കി പുറത്തുവന്നു. ‘എല്ലാവര്‍ക്കും നന്മ ചെയ്ത്, ദൈവാലയത്തില്‍ സ്ഥിരമായി പോയിരുന്ന എന്റെ അപ്പച്ചന്‍ ഇതാ മരിക്കാന്‍ കിടക്കുന്നു. അള്‍ത്താരബാലനായി എല്ലാ ദിവസവും കുര്‍ബാനയില്‍ സംബന്ധിച്ച ഞാ ന്‍ പരീക്ഷയ്ക്ക് തോറ്റിരിക്കുന്നു. ഇങ്ങനെ തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരുപാട് നൊമ്പരങ്ങള്‍ നല്‍കുന്ന ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല’ എന്നു പറഞ്ഞ് ഒരു കുട്ടിയെപ്പോലെ ഞാന്‍ കരയാന്‍ തുടങ്ങി. ഇതുകേട്ടപ്പോള്‍ സിസ്റ്ററും കരഞ്ഞു.

മരണം മുഖാമുഖം

കുറച്ച് കഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ ചോദിച്ചു: ‘പകല്‍സമയങ്ങളില്‍ ഞാന്‍ എവിടെയാണ് പോകുന്നതെന്ന് അറിയാമോ?’ സിസ്റ്ററിനെ കണ്ടിരുന്നത് വൈകുന്നേരങ്ങളിലായിരുന്നു. ‘ഇല്ല,’ ഞാന്‍ മറുപടി പറഞ്ഞു. നിന്റെ അപ്പച്ചനെ ചികിത്സിക്കുന്ന ആശുപത്രിയിലാണ് ഞാന്‍ പോകുന്നത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആളായതിനാല്‍ അവിടെ ക്ലാസെടുക്കാന്‍ പോകുകയായിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്. ‘നിന്റെ അപ്പച്ചനെ ചികിത്സിക്കുന്ന അതെ ഡോക്ടറാണ് എന്നെയും ചികിത്സിക്കുന്നത്. എനിക്ക് രക്താര്‍ബുദമാണ്. ഏതാനും മാസങ്ങളാണ് എനിക്ക് ഇനി അവശേഷിക്കുന്നതെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ എനിക്ക് ദൈവത്തോട് പരാതിയില്ല.’ സിസ്റ്ററിന്റെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. സിസ്റ്ററിനോട് മറുപടി പറയാന്‍ വാക്കുകള്‍ ഇല്ലായിരുന്നു. കീമോ തെറാപ്പിക്കുശേഷവും വിശ്രമിക്കാതെ എന്റെ അപ്പനെ കാണാന്‍ സിസ്റ്റര്‍ ഓടി എത്തുമായിരുന്നു. സ്വയം ഒരു മെഴുകുതിരി പോലെ ഉരുകുമ്പോഴും എനിക്കും കുടുംബത്തിനും സ്‌നേഹവും പ്രത്യാശയും പകരാനായിരുന്നു സിസ്റ്റര്‍ ശ്രമിച്ചത്. കുറച്ചു ദിവസങ്ങള്‍ക്കുശേഷം അപ്പച്ചന്‍ മരിച്ചു. നല്ലൊരു മരണത്തിനായി സിസ്റ്റര്‍ ജെറോം അപ്പച്ചനെ ഒരുക്കിയിരുന്നു.

 

ദര്‍ശനമോ അതോ സ്വപ്‌നമോ

അപ്പച്ചന്റെ മരണം വലിയ ശൂന്യത സൃഷ്ടിച്ചു. എല്ലാത്തിനും കാരണക്കാരനായി ഞാന്‍ ദൈവത്തെ കുറ്റപ്പെടുത്തിയ ദിനങ്ങള്‍. ദൈവസ്‌നേഹത്തില്‍നിന്നകന്ന് അന്ധകാരത്തിലേക്ക് ഞാന്‍ വഴുതിവീണു. അമ്മച്ചിയുടെ നിര്‍ബന്ധം സഹിക്കവയ്യാതെ പേരിനുമാത്രം ദൈവാലയത്തില്‍ പോയി. ഒരു ദിവസം എനിക്കൊരു അനുഭവമുണ്ടായി. അത് സ്വപ്‌നമോ, ദര്‍ശനമോ, അതോ മനസിന്റെ തോന്നല്‍ മാത്രമായിരുന്നോ എന്നതില്‍ ഇപ്പോഴും തീര്‍ച്ചയില്ല. ആ അനുഭവം ഇങ്ങനെയായിരുന്നു: ഉറക്കത്തില്‍ ഞാന്‍ ആഴിയുടെ അടിത്തട്ടിലേക്ക് മുങ്ങിപ്പോവുന്നതുപോലെ. പെട്ടെന്ന് അടിത്തട്ടില്‍നിന്ന് ഒരു മരക്കഷണം മുകളിലേക്ക് വന്ന് എന്നെ ജലത്തിന് മീതെ എത്തിച്ചു. കുരിശിന്റേതുപോലുള്ള ആകൃതിയായിരുന്നു ആ മരക്കഷണത്തിന്. ഉറക്കത്തില്‍നിന്ന് എഴുന്നേറ്റപ്പോള്‍ മുതല്‍ ഈ ചിന്ത എന്റെ മനസില്‍ ഉണ്ടായിരുന്നു. ജീവിതത്തില്‍ ഒരു മാറ്റം വരുത്തണമെന്ന ആഗ്രഹം മനസില്‍ ശക്തമായി. ദൈവവുമായിട്ടുള്ള എന്റെ ബന്ധത്തിലെ മുറിവുകള്‍ ഉണങ്ങി തുടങ്ങി. അനുരഞ്ജന കൂദാശയില്‍ എന്നെ കാത്തിരിക്കുന്ന കുമ്പസാരക്കാരനിലൂടെ ദൈവസ്‌നേഹത്തിന്റെ ആഴങ്ങള്‍ ഞാന്‍ അനുഭവിച്ചറിഞ്ഞു.

പകല്‍സമയങ്ങളില്‍ ഞാന്‍ എവിടെയാണ് പോകുന്നതെന്ന് അറിയാമോ?, സിസ്റ്റര്‍ ചോദിച്ചു. നിന്റെ അപ്പച്ചനെ ചികിത്സിക്കുന്ന അതെ ഡോക്ടറാണ് എന്നെയും ചികിത്സിക്കുന്നത്. എനിക്ക് രക്താര്‍ബുദമാണ്. ഏതാനും മാസങ്ങളാണ് ഇനി അവശേഷിക്കുന്നതെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ എനിക്ക് ദൈവത്തോട് പരാതിയില്ല.

എന്റെ ഡിഗ്രി പഠനം പൂര്‍ത്തിയാകാറായിരുന്നു. ഇതല്ല നിന്റെ വഴി, ഈശോ കാണിച്ച് തരുന്ന വഴിയിലേക്ക് നടക്കാനുള്ള ശക്തമായ ഉള്‍പ്രേരണ ആ നാളുകളില്‍ ശക്തമായി. അപ്പച്ചന്‍ മരിച്ചു, ഇനി അമ്മച്ചിയെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. വൈദികനാകണമെന്ന ചിന്ത ഉത്തരവാദിത്വങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടമാണോ എന്നൊക്കെ ആലോചിച്ച് ഈ ചിന്തകളില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിച്ചെങ്കിലും ഈ ചിന്ത മനസില്‍ ശക്തമായി കടന്നുവരുവാന്‍ തുടങ്ങി. ഇനിയും ഈ ചിന്തകളെ ഒഴിവാക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സിസ്റ്റര്‍ ജെറോമിനോട് എന്റെ ആത്മസംഘര്‍ഷം പങ്കുവയ്ക്കാന്‍ തീരുമാനിച്ചു. ഹൃദയത്തില്‍ മുഴങ്ങുന്ന മൃദുമന്ത്രണത്തിന് കാതോര്‍ക്കാന്‍ സിസ്റ്റര്‍ എന്നോട് പറഞ്ഞു. പക്ഷേ വൈദികനാവണമെന്ന ആഗ്രഹം എന്റെ മനസിലില്ല എന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞു. കര്‍ത്താവ് വിളിക്കുന്നതുകൊണ്ടല്ലേ ഈ ഒരു ചിന്ത മനസില്‍ ശക്തമാവുന്നതെന്ന് സിസ്റ്റര്‍ ചോദിച്ചു.

ദൈവം നല്‍കിയ അടയാളം

കര്‍ത്താവില്‍നിന്ന് ഒരടയാളം ചോദിക്കാന്‍ സിസ്റ്റര്‍ പറഞ്ഞു. ദൈവവിളി ഉണ്ടെങ്കില്‍ കര്‍ത്താവ് അടയാളം തരട്ടെ; എന്നാല്‍ മാത്രം അതെക്കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നും പറഞ്ഞു. ചെറിയ അടയാളമല്ല നിനക്ക് ബോധ്യം വരുന്ന അടയാളം തന്നെ ചോദിക്കണമെന്നായിരുന്നു സിസ്റ്റര്‍ നിര്‍ദേശിച്ചത്. അങ്ങനെ ഞാന്‍ അടയാളം ചോദിക്കാന്‍ തീരുമാനിച്ചു. ഈസ്റ്ററിന് ഒരുക്കമുള്ള നോമ്പ് തുടങ്ങിയിരുന്നു. ചോദിച്ച അടയാളം ഇതായിരുന്നു. ഞാന്‍ നിന്നെ അനുഗമിക്കാന്‍ നീ ആഗ്രഹിക്കുന്നെങ്കില്‍ പെസഹാ വ്യാഴാഴ്ച്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് എന്നെ തിരഞ്ഞെടുക്കണം. ഞങ്ങളുടെ ഇടവകയില്‍ കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് ഇടവക പെരുന്നാള്‍ നടത്തിയിട്ടുള്ള പ്രസുദേന്തിമാരെയും ഭക്ത സംഘടനകളുടെ ഭാരവാഹികളെയുമാണ് സാധാരണ തിരഞ്ഞെടുക്കുക. ഇതൊന്നുമല്ലാത്ത തീരെ ചെറുപ്പമായ എന്നെ തിരഞ്ഞെടുക്കില്ല എന്നയുറപ്പില്‍ തന്നെയാണ് ആ അടയാളം ചോദിച്ചത്. അങ്ങനെ വിശുദ്ധവാരം വന്നെത്തി. വിശുദ്ധ വാരത്തിലെ ചൊവ്വാഴ്ചയും കടന്നുപോയി. കപ്യാരാണ് ഈ ശുശ്രൂഷയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ അവരുടെ വീടുകളിലെത്തി വിവരം അറിയിക്കുന്നത്. ഇനി ഏതായാലും കപ്യാര്‍ വരാന്‍ പോവുന്നില്ല. അതിനുള്ള സമയമൊക്കെ കഴിഞ്ഞു. അങ്ങനെ എനിക്ക് ദൈവവിളി ഇല്ല എന്ന തീരുമാനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. ഈസ്റ്ററിനുശേഷം സിസ്റ്റര്‍ ജെറോമിനോട് ഇതെക്കുറിച്ച് സംസാരിക്കാമെന്ന് തീരുമാനിച്ചു.

ബുധനാഴ്ച്ച ഉച്ചഭക്ഷണത്തിന് മുമ്പായി അമ്മച്ചി സന്തോഷത്തോടെ ഓടിവന്ന് എന്നോട് പറഞ്ഞു. കപ്യാര്‍ വന്നിരുന്നു, കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് വികാരിയച്ചന്‍ നിന്നെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് പറഞ്ഞു. ഹൃദയത്തിലൂടെ ഒരു മിന്നല്‍ പിണര്‍ പാഞ്ഞുപോവുന്നതുപോലെ തോന്നി. കര്‍ത്താവ് പിറകെയുണ്ടെന്ന് ആദ്യമായി ഞാന്‍ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ഈസ്റ്ററിനുശേഷം സിസ്റ്റര്‍ ജെറോമിനെ കണ്ടു. ഡിഗ്രി പഠന വേളയില്‍ വിചാരിച്ചതുപോലെ മികവ് പുലര്‍ത്താതിരുന്നതിനാല്‍ ബിരുദാനന്തര ബിരുദത്തിന് അവസരം കിട്ടുമോ എന്നൊരു സംശയം ഉണ്ടായിരുന്നു. കര്‍ത്താവ് നല്‍കിയ അടയാളത്തെ വിശാസത്തോടെ സ്വീകരിക്കാനും സെമിനാരിയില്‍ ചേരാനുമുള്ള സിസ്റ്ററിന്റെ വാക്കുകള്‍ക്ക് ചെവികൊടുത്ത് അങ്ങനെ സെമിനാരിയില്‍ ചേരാന്‍ തീരുമാനിച്ചു.

പിന്തിരിയാനുള്ള ആലോചന

യുവജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സലേഷ്യന്‍ സന്യാസ സഭയാവും ഏറ്റവും യോജിച്ചതെന്ന് പറഞ്ഞ് എന്നെ സലേഷ്യന്‍ സഭയിലേക്ക് നയിച്ചതും സിസ്റ്റര്‍ ആയിരുന്നു. 2009-ല്‍ സഭയില്‍ അംഗമായി. ഡിഗ്രി കഴിഞ്ഞ് ചേര്‍ന്നതുകൊണ്ട് എന്റെ തീരുമാനം ഉറച്ചതാണെന്ന് എല്ലാവരും കരുതി. എന്നാല്‍ എത്രമാത്രം ദുര്‍ബലമായിരുന്നു എന്റെ അവസ്ഥയെന്ന് എനിക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. ആദ്യ വര്‍ഷങ്ങളില്‍ ഞാന്‍ ഒഴുകുന്ന വെള്ളത്തില്‍ കിടക്കുന്ന മരക്കഷണം പോലെയാണെന്ന് എനിക്ക് തോന്നി. സെമിനാരിയില്‍ ചേര്‍ന്ന് മൂന്നാം വര്‍ഷം നോവിഷിയേറ്റില്‍ പ്രവേശിച്ചു. ഇനി ഇങ്ങനെ മുന്നോട്ട് പോവാന്‍ പറ്റില്ലെന്ന് തീരുമാനിച്ചുറപ്പിച്ചു. നോവിസ് മാസ്റ്ററായ ജോയിസച്ചനോട് എല്ലാം തുറന്നുപറഞ്ഞു. കൂട്ടുകാരൊക്കെ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരുപാട് മുമ്പോട്ടുപോയിരിക്കുന്നു. അവരൊക്കെ നന്നായി പഠിക്കുന്നു. പാടാനും നൃത്തം ചെയ്യാനും അഭിനയിക്കാനും നന്നായി കളിക്കാനുമൊക്കെയുള്ള കഴിവുകള്‍ നേടി. എനിക്ക് മാത്രം ഒരു മാറ്റവുമില്ല. ഞാന്‍ ശരിയായ തീരുമാനമാണോ എടുത്തതെന്ന് സംശയമുണ്ട്. അങ്ങനെ അച്ചന്റെ മുന്നില്‍ എന്റെ ജീവിതം ഞാ ന്‍ തുറന്നുവച്ചു.

നോവിഷിയേറ്റിന്റെ ഭാഗമായി പിന്നിട്ട ജീവിത വീഥിയിലേക്ക് തിരിഞ്ഞ് നോക്കുന്ന ഒരു ആത്മീയ പരിശീലനമുണ്ട്. അച്ചന്റെ വാക്കുകള്‍ ഇപ്രകാരമായിരുന്നു: ഇസ്രായേല്‍ ജനം ഈജിപ്തിലായിരുന്നപ്പോള്‍ സംഭവിച്ച ദൈവിക ഇടപെടലുകള്‍ അവര്‍ തിരിച്ചറിഞ്ഞിരുന്നില്ല. ചെങ്കടല്‍ കടന്നു മറുകരെ എത്തിയപ്പോഴാണ് ജീവിതത്തിലുണ്ടായ എല്ലാ അനുഭവങ്ങളിലും ദൈവത്തിന്റെ കരം ഉണ്ടായിരുന്നു എന്നവര്‍ക്ക് ബോധ്യമായത്. അച്ചന്റെ വാക്കുകള്‍ എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. എന്റെ ജീവിതത്തിന്റെ പരാജയങ്ങളില്‍, വ്യക്തി ജീവിതത്തിലുണ്ടായ നഷ്ടങ്ങളിലൊക്കെ തന്റെ പദ്ധതിയിലേക്ക് എന്നെ നയിക്കാന്‍ ശ്രമിക്കുന്ന ദൈവത്തിന്റെ ഇടപെടലുകളെ ഞാന്‍ തിരിച്ചറിഞ്ഞു. അങ്ങനെ കൂടുതല്‍ തുറവിയോടെ ദൈവവിളി യാത്ര ഞാന്‍ തുടര്‍ന്നു.

ബുദ്ധിമുട്ടുകള്‍ പിന്നീടും ഉണ്ടായെങ്കിലും ദൈവവിളിയെക്കുറിച്ച് പിന്നീട് ഞാന്‍ സംശയിച്ചിട്ടില്ല. ദൈവം എന്നെ വഴി നടത്തി. ഒരുപാടുപേരുടെ പ്രാര്‍ത്ഥന എനിക്കു കരുത്തു പകര്‍ന്നു. തളര്‍ന്നപ്പോഴൊക്കെ താങ്ങായി, പ്രവാചക ശബ്ദമായി എന്നെ തിരുത്താന്‍ സിസ്റ്റര്‍ ജെറോമും, ജീവിതം എനിക്കുവേണ്ടി ത്യാഗനിര്‍ഭരമായി അര്‍പ്പിച്ച്, പ്രാര്‍ത്ഥനയുടെ കരങ്ങളുയര്‍ത്തി അമ്മച്ചിയും കൂടെയുണ്ടായിരുന്നു. 2021 ഡിസംബര്‍ 27-ന് ഞാന്‍ പൗരോഹിത്യം സ്വീകരിച്ചു. മാസങ്ങള്‍ മാത്രം ആയുസ് ഡോക്ടര്‍മാര്‍ വിധിയെഴുതിയ സിസ്റ്റര്‍ ജെറോം 15 വര്‍ഷങ്ങള്‍ക്കിപ്പുറം ദൈവിക ശുശ്രൂഷയില്‍ വ്യാപൃതയായിരിക്കുന്നു. ദുര്‍ബലനായ എന്നെ അള്‍ത്താരയിേലക്ക് വഴി നടത്താനായിരുന്നു സിസ്റ്ററിന് ദൈവം ആയുരാരോഗ്യം നല്‍കിയത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതോടൊപ്പം, ദൈവം തന്റെ മുന്തിരി തോപ്പില്‍ വേലയ്ക്കായി തിരഞ്ഞെടുക്കുന്ന യുവജനങ്ങളോട് ദൈവത്തിന്റെ മൃദുമന്ത്രണത്തിന് കാതോര്‍ക്കണമെന്ന് ധൈര്യപൂര്‍വം പറയാനുമായിരിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?