Follow Us On

02

January

2025

Thursday

‘ഫാ. ജസ്റ്റിന്‍ ഈസ് ജസ്റ്റ് ഇന്‍’

‘ഫാ. ജസ്റ്റിന്‍  ഈസ് ജസ്റ്റ് ഇന്‍’

ജോര്‍ജ് ഗ്ലോറിയ

‘ഫാ. ജസ്റ്റിന്‍ ഈസ് ജസ്റ്റ് ഇന്‍’ നാല്പതില്‍ പരം വര്‍ഷങ്ങള്‍ക്കു മുമ്പ് തേവര എസ്.എച്ച്. കോളജ് കോമ്പൗണ്ടിലെ കാത്തലിക് കരിസ്മാറ്റിക് നാഷണല്‍ കണ്‍വന്‍ഷന്‍ പന്തലിലെ സ്റ്റേജില്‍ നിന്ന് ഫാ. ജീനോ ഹെന്‍ട്രിക്‌സ് മൈക്കിലൂടെ വിളിച്ചു പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടാം തീയതി വൈകുന്നേരം സ്വര്‍ഗത്തില്‍ വി. പത്രോസ്, ഉറ്റു നോക്കിയിരുന്ന സ്വര്‍ഗീയരോടും ഇതു തന്നെ വിളിച്ചു പറഞ്ഞിരിക്കണം. അതെ, അന്ന് ഫാ. ജസ്റ്റിന്‍ പിന്‍ഹീറോ എണ്‍പത്തിയൊന്നില്‍പരം വര്‍ഷത്തെ ഇഹലോക വാസത്തിനുശേഷം സ്വര്‍ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ടു.
ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ കരിസ്മാറ്റിക് വേദികളില്‍ അച്ചനെ പരിചയപ്പെടുമ്പോള്‍ ചെറുപ്പക്കാരുടെ ഇടയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത് ‘ഉണ്ണീശോ അച്ചന്‍’ എന്ന പേരിലായിരുന്നു. അദ്ദേഹത്തിന്റെ മുഖസൗന്ദര്യമായിരിക്കും ആ പേരിനു കാരണമായത് എന്ന് അക്കാലത്തു കരുതി. എന്നാല്‍ പിന്നീട് എണ്‍പതാം വയസിലും മുഖത്ത് ആ തേജസ് തെളിഞ്ഞു കണ്ടപ്പോള്‍ തിരിച്ചറിഞ്ഞു, അദ്ദേഹത്തില്‍ ഒളിഞ്ഞിരുന്ന ഈശോ ആ മുഖത്തു പ്രകാശിക്കുകയാണ് എന്ന്.

ഇന്നത്തെ കോട്ടപ്പുറം രൂപതയിലെ പള്ളിപ്പുറം മഞ്ഞുമാതാ ഇടവകയിലെ മേരി ട്രീസ അഗസ്റ്റിന്‍ പിന്‍ഹീറോ ദമ്പതികളുടെ ഏഴുമക്കളില്‍ രണ്ടാമനായിട്ടായിരുന്നു 1942 ജൂണ്‍ 19 ന് ജസ്റ്റിനച്ചന്‍ ജനിച്ചത്. 1967 ഡിസംബര്‍ 18 ന് വിജയപുരം രൂപതാ വൈദികനായി അഭിവന്ദ്യ അംബ്രോസ് പിതാവില്‍നിന്നു പട്ടമേറ്റ അച്ചന്‍ രൂപതയുടെ ഏഴോളം ഇടവകകളില്‍ സ്തുത്യര്‍ഹമായി ആത്മീയ ശുശ്രൂഷ നിര്‍വ്വഹിച്ചു. അഭിവന്ദ്യ കൊര്‍ണേലിയസ് ഇലഞ്ഞിക്കല്‍ പിതാവിന്റെ സെക്രട്ടറി, ഇന്‍ഫന്റ് ജീസസ് മൈനര്‍ സെമിനാരി റെക്ടര്‍, കുട്ടിക്കാനം സെന്റ് ജോസഫ്‌സ് സ്പിരിച്വാലിറ്റി സെന്റര്‍ ചാപ്ലിന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചിരുന്നു. ആലുവാ കര്‍മ്മലഗിരി സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയുടെ ആത്മീയ പിതാവെന്ന നിലയില്‍ വൈദികരെ വാര്‍ത്തെടുക്കുന്നതിലും അദ്ദേഹം ദൈവകരങ്ങളിലെ ഉപകരണമായി.

ആത്മീയ ഗുരു

ഡിഐഎച്ച് കോണ്‍ഗ്രിഗേഷന്റെ തുടക്കം മുതല്‍ അച്ചനായിരുന്നു ആത്മീയ പിതാവ്. റീത്തു ഭേദമെന്യേ കേരള സഭയിലെ ദൈവജനത്തിനു അദ്ദേഹത്തിന്റെ ശുശ്രൂഷ സംലഭ്യമായ വേദിയായിരുന്നു ഏഞ്ചല്‍സ് ആര്‍മി. കാത്തലിക് പേരന്റിങ് മേഖലയില്‍ വഴികാട്ടിയായ ഏഞ്ചല്‍സ് ആര്‍മിയുടെ ആനിമേറ്ററായിരുന്നു അച്ചന്‍. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ വരാന്‍ ഒട്ടും താല്പര്യം കാണിക്കാതിരുന്ന ജസ്റ്റിനച്ചന്‍ കേരള കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിലെ ആദ്യ കാലം മുതലുള്ള ധ്യാനഗുരുവായിരുന്നു. അദ്ദേഹം ഒന്നിലധികം മെത്രാന്മാരുടെ ആത്മീയ ഗുരു ആയിരുന്നു എന്ന് മരണാനന്തരമാണ് മറ്റുള്ളവര്‍ അറിയുന്നത്.
ജസ്റ്റിനച്ചന്റെ ദൈവവിളി ചെറുപ്പത്തിലേ തിരിച്ചറിയാനും അതില്‍ നിലനില്ക്കാനും പ്രേരകമായത് അച്ചന്റെ അമ്മയുടെ പ്രാര്‍ത്ഥനയും പ്രോത്സാഹനവുമായിരുന്നു. പുഞ്ചിരിയുടെ പൗര്‍ണ്ണമിയായി മാത്രം നാം കണ്ടിട്ടുള്ള അച്ചന്റെ മുഖം വാടുവാനും ദൈവം അനുവദിച്ചിരുന്നു. വൈദിക ശുശ്രൂഷയിലായിരിക്കുന്ന കാലത്തു തന്നെ ആ ദൈവവിളി ഉപേക്ഷിച്ചു പോകാന്‍ വരെയുള്ള ശക്തമായ പരീക്ഷണം അദ്ദേഹത്തിനുണ്ടായിട്ടുണ്ട് എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കും.

അതുപോലെ തന്നെ തീവ്രവിഷാദത്തിന്റെ ആഴങ്ങളിലേക്കു വീണുപോകുന്ന അനുഭവത്തിലൂടെയും അദ്ദേഹം കടന്നുപോയി. ദിവ്യബലി അര്‍പ്പിച്ചു കൊണ്ടിരിക്കെ, അതു പൂര്‍ത്തിയാക്കാന്‍ തനിക്കു യോഗ്യതയില്ലെന്ന തോന്നലില്‍ അള്‍ത്താരയില്‍ എന്തു ചെയ്യണമെന്നറിയാതെ നിന്നുപോയ അവസരം പോലും അക്കാലത്തുണ്ടായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തിരുമുറിവുകളാക്കി മാറ്റുകയാണു ദൈവം ചെയ്തത്. 2 കൊറി.1/4 ല്‍ പറയുന്നതുപോലെ അതെല്ലാം അദ്ദേഹത്തിന്റെ പില്‍ക്കാല ശുശ്രൂഷകളില്‍ വരങ്ങള്‍പോലെ തിളങ്ങിനിന്നു. ചഞ്ചലചിത്തരായ എത്ര വൈദികര്‍ക്കും സന്യസ്തര്‍ക്കുമാണ് അച്ചന്റെ ശുശ്രൂഷയാല്‍ തങ്ങളുടെ വിളികളില്‍ സ്ഥിരീകരണം ലഭിച്ചത്? നിരാശയിലേക്കു കൂപ്പുകുത്തിയ എത്ര ജീവിതങ്ങളാണ് അച്ചന്റെ സ്പര്‍ശനത്താല്‍ വിടുതല്‍ പ്രാപിച്ചത്?

ആസ്വദിച്ച് പ്രാര്‍ത്ഥിക്കുന്നയാള്‍

കുമ്പസാരമായിരുന്നു അച്ചനിലൂടെ അനിതരസാധാരണമാംവിധം ദൈവകൃപ ഒഴുകിയിരുന്ന മറ്റൊരു വേദി. തിരിച്ചുവന്ന ധൂര്‍ത്ത പുത്രന്റെ അനുഭവം സ്വന്തമാക്കാതെ അച്ചന്റെ കുമ്പസാരക്കൂട്ടില്‍ നിന്നും ആരും എഴുന്നേറ്റു പോയിട്ടില്ലെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇത്രയേറെ ആസ്വദിച്ച് പ്രാര്‍ത്ഥിക്കുന്ന ഒരാളേ ഞാന്‍ വേറേ കണ്ടിട്ടില്ല. പ്രാര്‍ത്ഥനയെ ഒരു ചുമതലയോ കടപ്പാടോ ആയി ജസ്റ്റിനച്ചന്‍ ഒരിക്കലും കണ്ടിരുന്നില്ല. നല്ല ഒരു പാട്ടുകാരനും ഗിറ്റാറിസ്റ്റും ആയിരുന്ന അച്ചന്‍ തന്റെ വ്യക്തിപരമായ പ്രാര്‍ത്ഥനകളെപ്പോലും സംഗീത സാന്ദ്രമാക്കിയിരുന്നു. ദൈവത്തെ പാടി സ്തുതിക്കുന്നത് അദ്ദേഹത്തിന് ഒരു ഹരമായിരുന്നു. റോഡു റെയില്‍ മാര്‍ഗങ്ങളില്‍ അച്ചനോടൊപ്പം ഏറെ സഞ്ചരിക്കാന്‍ എനിക്കവസരം ലഭിച്ചിട്ടുണ്ട്. അപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമുണ്ട്. തമാശകളിലും ആഹ്ലാദതിമിര്‍പ്പിലുമെല്ലാം പങ്കുചേരുന്ന അച്ചന്‍ കാനോന നമസ്‌കാരത്തിന്റെ സമയമായാല്‍ ഒരു പറച്ചിലുണ്ട്.

ക്ഷമിക്കണേ, നിങ്ങള്‍ തുടര്‍ന്നോളൂ. ഞാനൊരല്പം പ്രാര്‍ത്ഥിക്കാന്‍ പോവുകയാണേ. പറയുക മാത്രമല്ല അപ്പോള്‍ത്തന്നെ പ്രാര്‍ത്ഥന ആരംഭിക്കുകയും ചെയ്യും. വെറും മൗന പ്രാര്‍ത്ഥനയല്ല, ചെറിയ സ്വരത്തില്‍ പാടി പ്രാര്‍ത്ഥിച്ച് അച്ചന്‍ മുന്നേറും, മറ്റുള്ളവര്‍ എന്തു ചെയ്താലും. അപ്പോള്‍ ആ മുഖമൊന്നു കാണേണ്ടതാണ്. മറ്റേതൊരു സമയത്തേയുംകാള്‍ ആഹ്ലാദഭരിതമായിരിക്കും ആ മുഖമപ്പോള്‍. പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ അച്ചന്‍ മറ്റുള്ളവരുടെ മുഖം നോക്കാറില്ല. അതേ സമയം അച്ചന്റെ പ്രാര്‍ത്ഥന മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന് തടസമാകാന്‍ അച്ചന്‍ ഇടയാക്കിയിട്ടുമില്ല. ഈ രണ്ടു കാര്യങ്ങളും ഇത്ര മനോഹരമായി സമന്വയിപ്പിക്കാമെന്ന് ഞാനറിയുന്നത് അച്ചനില്‍നിന്നായിരുന്നു.

മരണഭയത്തിന്റെ കാരണം

വിനയത്തിന്റെ കൊടുംകാട്ടില്‍ പരിമളം പരത്തുന്ന ചന്ദനംപോലെ, വിനയാന്വിതനായിരുന്നു ജസ്റ്റിനച്ചന്‍. സ്വയം പുകഴ്ത്തുന്ന വീണ്‍വാക്കുകളോ കപട നാട്യത്തിന്റെ ഇകഴ്ത്തലുകളോ അച്ചനില്‍ നിന്നു പുറപ്പെട്ടിരുന്നില്ല. എത്ര എളിയവരെയും അംഗീകരിച്ചാദരിക്കുന്നതിലും അവരിലെ ചെറിയ നന്മകളെ പോലും പ്രോത്സാഹിപ്പിച്ചു വളര്‍ത്തുന്നതിലും ജസ്റ്റിനച്ചന്‍ ആരുടെയും പിന്നിലായിരുന്നില്ല. എന്നാല്‍, അദ്ദേഹം ആരുടെയും കുറ്റം പറയുന്നതായി ഒരിക്കലും കണ്ടിട്ടില്ല. മറ്റുള്ളവരുടെ കുറ്റം കാണാനുള്ള കഴിവ് അച്ചന്റെ കണ്ണിനില്ലായിരുന്നു എന്നു തോന്നുന്നു. വരാനിരിക്കുന്ന ജീവിതത്തെ നിരന്തരം മുന്നില്‍ കണ്ടാലെന്നവണ്ണം ചെറു ചെറു പാപങ്ങളെയും അച്ചന്‍ ഒഴിവാക്കുന്നത് സമീപസ്ഥര്‍ക്കു വ്യക്തമായിരുന്നു. എന്നാല്‍, ഹൃദ്രോഗ ബാധയെന്നു സംശയിച്ചിരുന്ന ഒരു രോഗാവസ്ഥയിലൂടെ കടന്നുപോയിരുന്ന അവസരത്തില്‍ അച്ചനെ മരണഭീതി പിടികൂടിയിരുന്നതായി എനിക്കു തോന്നി. അച്ചനെ പോലെ വിശുദ്ധനായ ഒരാള്‍ക്ക് മരണഭയമുണ്ടായതു എന്നെ ഏറെ കുഴക്കിയിരുന്നു. നേരേ ചോദിക്കാനാവാത്ത എന്റെ ആ ചോദ്യത്തിനും മറുപടി തന്നിട്ടാണ് അച്ചന്‍ യാത്രയായത്.

ജസ്റ്റിനച്ചന്റെ മരണകാരണമായി കരുതപ്പെടുന്ന രോഗം നിര്‍ണ്ണയം ചെയ്ത നാളുകളില്‍ കാരിത്താസ് ആശുപത്രി മുറിയില്‍ ദീര്‍ഘനേരം അച്ചനോടു സംസാരിച്ചിരിക്കാന്‍ എനിക്കു ഭാഗ്യമുണ്ടായി. അച്ചന്‍ സാധാരണ പോലെ പ്രസന്നവദനനും ഉത്സാഹഭരിതനുമായി കാണപ്പെട്ടു. പലകാര്യങ്ങളും പറഞ്ഞതിനിടയില്‍, അച്ചന്‍ എന്നെ ഏല്‍പിച്ച ചെറു കുറിപ്പുകള്‍ പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ചും, ഒരു പ്രചോദനം കിട്ടിയതിനാല്‍ ഞാന്‍ അച്ചനോടു പറഞ്ഞു. അതു ജോര്‍ജിനെ ഏല്പിക്കാന്‍ തമ്പുരാന്‍ പറഞ്ഞതാണ്, ജോര്‍ജിനു യുക്തം പോലെ ചെയ്യാം എന്നു പറഞ്ഞെങ്കിലും അച്ചന്‍ പെട്ടെന്നു ആലോചനാ നിമഗ്‌നനായി കാണപ്പെട്ടു. പുസ്തകകാര്യം എന്തെങ്കിലും ആലോചിക്കയായിരിക്കും എന്നു ഞാന്‍ കരുതി. എന്നാല്‍, എന്നോടൊപ്പമുണ്ടായിരുന്ന സ്‌നേഹിത അച്ചന്‍ രോഗകാര്യമോര്‍ത്തു വിഷമിക്കയാണോ എന്ന സംശയത്താല്‍ അച്ചന്‍ എന്താ ഈ ആലോചിക്കുന്നത് എന്നു ആവര്‍ത്തിച്ചു ചോദിച്ചു. അച്ചന്റെ മറുപടി ഇതായിരുന്നു:

എന്നെക്കുറിച്ചുള്ള കര്‍ത്താവിന്റെ ഹിതം എന്തെങ്കിലും ഇനിയും നിറവേറ്റാന്‍ ബാക്കിയുണ്ടോ എന്ന് ആലോചിക്കുകയായിരുന്നു. അച്ചന്റെ മരണഭയത്തിന്റെ കാരണം ഞാന്‍ കണ്ടെത്തുകയായിരുന്നു.
അച്ചന്റെ വേര്‍പാട്, തീര്‍ച്ചയായും കേരള സഭയ്ക്ക് വന്‍ നഷ്ടം തന്നെ. എന്നാല്‍ ആ നഷ്ടത്തെ തീര്‍ത്തും നിഷ്പ്രഭമാക്കുന്ന ഒരു നേട്ടമാണ് ഞാന്‍ കാണുന്നതു; സഭയ്ക്കു സ്വര്‍ഗത്തില്‍ പുഞ്ചിരിക്കുന്ന ഒരു മധ്യസ്ഥനെ ലഭിച്ചിരിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?