Follow Us On

05

May

2024

Sunday

നിരത്തിലെ ഇരകളും പറക്കുംതളികയും

നിരത്തിലെ ഇരകളും  പറക്കുംതളികയും

 മാത്യു സൈമണ്‍

അമീബ ഇരയെ പിടിക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിന് പണ്ട് ടിന്റുമോന്‍ എഴുതിയ ഒരു ഉത്തരമുണ്ട്. വല്ലാതെ വിശക്കുമ്പോള്‍ അമീബ അതിന്റെ ഗുഹയില്‍നിന്ന് മെല്ലെ പുറത്തിറങ്ങും. ഇര വരുന്ന വഴിക്ക് ആരും കാണാതെ പമ്മിയിരിക്കും. ഇര അടുത്തുവരുമ്പോള്‍ അതിന്റെ മുന്നില്‍ ചാടിവീഴും. പിടിച്ച് ശാപ്പിടും.

സംഭവം ഇത് തമാശയാണെങ്കിലും നമ്മുടെ നാട്ടിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധനയ്ക്കും പിഴയിടീലിനും ഈ രീതിതന്നെയാണ് ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു. വളരെ കൂളായി വണ്ടി ഓടിച്ചുപോകുമ്പോഴായിരിക്കും പെട്ടെന്ന് ഉദ്യോഗസ്ഥരുടെ മുന്നില്‍പെടുന്നത്. ‘ഹോ ഇവര്‍ ഇത് എവിടെ ഒളിച്ചിരിക്കുകയായിരുന്നു’ എന്ന് തോന്നും. ആകെ പെട്ടുപോകും. പിന്നെ നോക്കണ്ട, പിഴയിട്ടിരിക്കും. ഇരുചക്ര വാഹന യാത്രക്കാരാണ് പ്രധാനമായും ഇവരുടെ ഇരകള്‍. നിയമലംഘനങ്ങള്‍ക്ക് ശിക്ഷ വേണ്ടെന്നല്ല. പക്ഷേ, പിഴയിലൂടെ ലഭിക്കുന്ന വരുമാനംമാത്രം ലക്ഷ്യം വയ്ക്കരുതെന്നേയുള്ളൂ. എന്നാല്‍ ഇതിലൊന്നും പിടിക്കപ്പെടാത്ത മറ്റൊന്നുണ്ട്.

അതാണ് സകലനിയമങ്ങളും കാറ്റില്‍ പറത്തി വഴിയില്‍ എവിടെയും പറന്നിറങ്ങുന്ന പറക്കുംതളികകളായ ബസുകള്‍. സകല നിയന്ത്രണവും വിട്ട് പായുന്ന ബസുകള്‍ ഉണ്ടാക്കുന്ന അപകടങ്ങളും മരണഭീതിയും കുറച്ചൊന്നുമല്ല.. യുദ്ധത്തില്‍പ്പോലും ഇത്രയധികം ആളുകള്‍ മരിക്കുന്നുണ്ടാകില്ല. വളരെ പ്രാകൃതമാണ് കേരളത്തിലെ ബസ് സര്‍വീസ് എന്നുപറയേണ്ടിവരും. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ പിന്നെ മുഴുവന്‍ പരിശോധനയും ബഹളവുമായിരിക്കും. അതെല്ലാം ഒരാഴ്ച കാണും, കൂടിയാല്‍ രണ്ടാഴ്ച. തീര്‍ന്നു അതോടെയെല്ലാം. പിന്നെയെല്ലാം പഴയപടി.
പരിശോധനകള്‍ തുടര്‍ച്ചയായി ചെയ്യില്ല. പ്രത്യേകിച്ച് ഒരേ സ്ഥലത്ത്. ചെയ്താല്‍ അവിടുത്തെ ആളുകളെല്ലാം കൃത്യമായി നിയമം അനുസരിച്ച് തുടങ്ങും. അതായിരിക്കുമോ കാരണം. പിന്നെ എങ്ങനെ ഫൈന്‍ ഈടാക്കും അല്ലേ…?

തടസങ്ങള്‍ പലതുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ മനസുവച്ചാല്‍ ഇവിടുത്തെ ഡ്രൈവിംഗ് സംസ്‌കാരംതന്നെ വേണമെങ്കില്‍ മാറ്റാം. എന്നാല്‍ ഇതൊന്നും നോക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സമയമില്ല. എങ്ങനെ സമയമുണ്ടാകും ഒരു മാസം 500 പെറ്റിയടിക്കണമെന്നാണ് ഇവര്‍ക്കു നല്‍കിയിട്ടുള്ള ടാര്‍ഗറ്റ് എന്നാണ് കേള്‍വി. പെറ്റി കേസ് ചുമത്തുന്നതില്‍ വീഴ്ച വരുത്തിയെന്ന വിചിത്ര ന്യായം പറഞ്ഞ് 205 അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ പൊതുസ്ഥലംമാറ്റം അട്ടിമറിച്ചതിന് മോട്ടോര്‍ വാഹന വകുപ്പിനെ കോടതി വിമര്‍ശിച്ചത് വാര്‍ത്തയായിരുന്നു. പെറ്റിയടിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ടാര്‍ഗറ്റ് നിശ്ചയിക്കുന്നതും അതിന്റെ പേരില്‍ മികവു വിലയിരുത്തുന്നതും അശാസ്ത്രീയവും യാഥാര്‍ഥ്യ ബോധമില്ലാത്തതുമാണെന്ന് കോടതി ഉത്തരവില്‍ പറയുന്നു. എന്നാല്‍ നഷ്ടത്തില്‍ പോകുന്ന സര്‍ക്കാരിന് ഇതൊന്നും ഒരു പ്രശ്‌നമേയല്ല. പിഴയിട്ട് ജനത്തെ പിഴിയുക അത്രതന്നെ.

കടുത്ത ജോലിഭാരവും മാനസിക സമര്‍ദവും താങ്ങാനാവാതെ കേരള പോലീസില്‍ ആത്മഹത്യയും സ്വയം വിരമിക്കലും ഏറുന്നതായി വാര്‍ത്തയുണ്ട്. വര്‍ഷം ശരാശരി മുപ്പതിലേറെ പോലീസുകാര്‍ ജീവനൊടുക്കുന്നുവെന്നാണു വിവരം. സമ്മര്‍ദം താങ്ങാനാവാതെ നൂറിലേറെ പൊലീസുകാര്‍ വര്‍ഷം തോറും സ്വയം വിരമിക്കുന്നതായും ഇന്റലിജന്‍സ് കണക്കുകള്‍ പറയുന്നു. കാരണങ്ങള്‍ പലതാണ്. പെറ്റിക്കേസുകള്‍ വഴി പണമുണ്ടാക്കാനുള്ള സമ്മര്‍ദം ഇതില്‍ ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നു. ജനം എതിരാണ്, കൂടാതെ മേലുദ്യോഗസ്ഥരുടെ അസഭ്യവര്‍ഷവും. ഇതുപോരേ ആത്മാര്‍ത്ഥമായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്താന്‍. കുറ്റക്യത്യങ്ങളും നിയമലംഘനങ്ങളും കണ്ടുപിടിക്കാനുള്ള ഉദ്യോഗസ്ഥരുടെ കഴിവും അനുഭവ സമ്പത്തും സര്‍ക്കാരിന് പണം കണ്ടെത്താനുള്ള മാര്‍ഗമായി ഉപയോഗിക്കുന്നത് ഭരണകര്‍ത്താക്കളുടെ പരാജയമായി കാണാനേ സാധിക്കൂ…

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?