ഉണ്ണിയേശുവിന്റെ ജനന സമയത്ത് പ്രത്യക്ഷപ്പെട്ട ബെത്ലഹേമിലെ നക്ഷത്രത്തിനും യേശുവിന്റെ മരണസമയത്തെ ഭൂമി കുലുക്കത്തിനും ശാസ്ത്രീയമായ വിശദീകരണം നല്‍കുന്നതിലൂടെ ഒരു സിനിമ ശ്രദ്ധേയമാകുമ്പോള്‍ 2100-ാമത് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുന്നതിലൂടെയാണ് രണ്ടാമത്തെ സിനിമ ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നത്.
വാഷിംഗ്ടണ്‍ ഡിസി: രണ്ടു സിനിമകള്‍ വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നു. രണ്ടും ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു എന്നൊരു പ്രത്യേകതയുണ്ട്. ഒരു സിനിമ യേശുവിന്റെ ജനന-മരണ നേരങ്ങളില്‍ പ്രകൃതിയില്‍ ഉണ്ടായ അസാധാരണ സംഭവങ്ങളുടെ ശാസ്ത്രീയ മാനം വിശദീകരിക്കുമ്പോള്‍ അടുത്തത് 2100-ാമത്തെ ഭാഷയിലേക്കുള്ള മൊഴിമാറ്റംകൊണ്ടാണ് വാര്‍ത്തകളില്‍ ഇടംനേടുന്നത്.
ക്രിസ്തുവിന്റെ ജനന സമയത്ത് ഉദിച്ച നക്ഷത്രത്തിന്റെയും മരണ സമയത്ത് ഉണ്ടായ ഭൂകമ്പത്തിന്റെയും ശാസ്ത്രീയമാനങ്ങള്‍ വിശദീകരിച്ച് അവ യഥാര്‍ത്ഥത്തില്‍ സംഭവിച്ചവയാണെന്നു ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്ന ‘ഗോഡ് ഓഫ് ഹെവന്‍ ആന്റ് എര്‍ത്ത്’ അമേരിക്കയിലെ തിയറ്ററുകളിലെത്തി. വിഖ്യാത സിനിമയായ ജീസസ് ആണ് ഇക്വഡോറിലെ വോരാനി ഗോത്രഭാഷയിലേക്ക് മൊഴിമാറ്റം നടത്തുന്നത്. മൂവായിരത്തോളം ആളുകള്‍ മാത്രം സംസാരിക്കുന്ന ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുന്നു എന്നൊരു അപൂര്‍വതയുമുണ്ട്. സുവിശേഷം പ്രസംഗിച്ചതിന് 1956-ല്‍ ജിം എലിയട്ട്, നേറ്റ് സെയ്ന്റ് എന്നിവരുള്‍പ്പെടെ അഞ്ച് അമേരിക്കന്‍ മിഷനറിമാരെ വധിച്ചവരാണ് വോരാനി ഗോത്രം. അതിനുശേഷം അവിടെ ക്രൈസ്തവ വിശ്വാസം വളരുകയായിരുന്നു.
മാസം ഒരു സിനിമ
ഓരോ മാസവും ബൈബിളധിഷ്ഠിത സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിടുന്ന തിങ്കിംഗ് മാന്‍ ഫിലിമിന്റെ ‘ബൈബിള്‍ സിനിമാ റോഡ്ഷോ’ യുടെ ആദ്യ ചിത്രമാണ് ‘ഗോഡ് ഓഫ് ഹെവന്‍ ആന്‍ഡ് എര്‍ത്ത്.’ വിശ്വാസത്തെ ശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ വിശദീകരിക്കാനാണ് സിനിമ ശ്രമിക്കുന്നത്. മൂന്ന് ജ്ഞാനികള്‍ ഉണ്ണിയേശുവിനെ കാണാന്‍ നക്ഷത്രത്തെ പിന്തുടര്‍ന്ന് 700 മൈല്‍ യാത്ര ചെയ്തത് എങ്ങനെ എന്നതിന്റെ ശാസ്ത്രീയ തെളിവുകള്‍ സിനിമ ചര്‍ച്ച ചെയ്യുന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷം 27-ാം അധ്യായത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ഭൂകമ്പം ഉള്‍പ്പെടെ, ക്രിസ്തുവിന്റെ കുരിശുമരണത്തെ തുടര്‍ന്ന് പ്രകൃതിയില്‍ സംഭവിച്ച മാറ്റങ്ങള്‍ക്കുള്ള ശാസ്ത്രീയ വിശദീകരണങ്ങള്‍ നല്‍കുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത.
എ.ഡി 33-ല്‍ ഉണ്ടായ ഭൂകമ്പത്തിന്റെ തെളിവുകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രത്തെയും ചരിത്രത്തെയും സ്നേഹിക്കുന്ന ആളുകളിലേക്ക് ഈ സിനിമ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നിര്‍മാതാവ് എലിയറ്റ് വാലച്ച് പറയുന്നു. ദൈവവചനം സത്യമാണെന്നും ബൈബിളിലെ സംഭവങ്ങള്‍ വിശ്വാസത്തിന്റെ വെളിച്ചത്തില്‍ മാത്രമല്ല, ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലും സത്യമാണെന്ന് സ്ഥാപിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
കാഴ്ചക്കാര്‍ 20 കോടി
20 കോടി ജനങ്ങള്‍ ഇതിനോടകം കണ്ടു കഴിഞ്ഞ സിനിമയാണ് ജീസസ്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തെ അടിസ്ഥാനമാക്കി 1979-ല്‍ പുറത്തിറങ്ങിയ ‘ജീസസ്’ ലോകത്ത് ഏറ്റവുമധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട സിനിമയാണ്. 1981-ല്‍ സ്ഥാപിതമായ ജീസസ് ഫിലിം പ്രൊജക്ടാണ് വിവിധ ഭാഷകളിലേക്കുള്ള മൊഴിമാറ്റത്തിന് നേതൃത്വം നല്‍കുന്നത്. ജീസസ് ഫിലിം പ്രോജക്ടും തദ്ദേശീയ ഗ്രൂപ്പുകളും ചേര്‍ന്ന് വോരാനി ഗോത്ര തലവന്മാരുടെ പിന്തുണയോടെയാണ് ഈ സംരംഭം സാധ്യമാക്കിയതെന്ന് ജീസസ് ഫിലിം പ്രോജക്ട് ഡയറക്ടര്‍ ക്രിസ് ഡെക്കര്‍ട്ട് വിശദീകരിക്കുന്നു. യേശുവിന്റെ സ്‌നേഹത്തിന്റെ ആഴം വോരാനി ഗോത്രസമൂഹത്തിലേക്ക് സിനിമയിലൂടെ എത്തിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. വളരെ കുറച്ചാളുകള്‍ ഉപയോഗിക്കുന്ന ഭാഷകളില്‍ പോലും സിനിമ ലഭ്യമാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായി ജീസസ് ഫിലിം പ്രൊജക്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോഷ് ന്യൂവല്‍ പറഞ്ഞു. വോരാനി ഗോത്രത്തില്‍ ഈ സിനിമ ചെലുത്തുന്ന പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Comment
Your email address will not be published. Required fields are marked with *