Follow Us On

28

April

2024

Sunday

സോഷ്യല്‍ മീഡിയകള്‍ക്ക് ഓഡിറ്റിംഗ് ആവശ്യമോ?

സോഷ്യല്‍ മീഡിയകള്‍ക്ക്  ഓഡിറ്റിംഗ് ആവശ്യമോ?

ജോസഫ് മൂലയില്‍

രാജ്യത്തെ ഞെട്ടിച്ച സ്‌ഫോടനമായിരുന്നു കളമശേരിയിലെ യഹോവ സാക്ഷികളുടെ സമ്മേളന സ്ഥലത്ത് ഉണ്ടായത്. കേരളംപോലൊരു സ്ഥലത്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത ദുരന്തം. അതിലെ പ്രതി ആവര്‍ത്തിച്ചുപറയുന്നത് താന്‍ ബോംബ് ഉണ്ടാക്കാന്‍ പഠിച്ചതു യൂട്യൂബില്‍നിന്നായിരുന്നു എന്നാണ്. ഇനി അന്വേഷണം പുരോഗമിക്കുമ്പോള്‍ അക്കാര്യത്തില്‍ മറ്റാരുടെ എങ്കിലും സഹായം ലഭിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാലും ഒരു കാര്യം സമ്മതിക്കാതിരിക്കാനാവില്ല-ബോംബ് നിര്‍മിക്കാന്‍വരെ ഇപ്പോള്‍ യൂട്യൂബ് നോക്കി പഠിക്കാന്‍ കഴിയും. ഇതു മാത്രമല്ല, രാജ്യത്തെ അമ്പരിപ്പിച്ച ക്രിമിനല്‍ കേസുകളില്‍ പോലീസ് പിടിയിലായ പല പ്രതികളും അതിനുള്ള അറിവ് ആര്‍ജിച്ചതു യൂട്യൂബില്‍നിന്നാണെന്ന് മുമ്പും പറഞ്ഞിട്ടുണ്ട്.

സോഷ്യല്‍ മീഡിയകളിലെ
സെലിബ്രറ്റികള്‍
മനുഷ്യജീവിതത്തെ നിര്‍ണായകമായി സ്വാധീനിച്ച കണ്ടുപിടുത്തങ്ങളെ സ്വാര്‍ത്ഥതയ്ക്കും സഹോദരങ്ങളെ കീഴടക്കാനും ഉപയോഗിച്ചതിന് മനുഷ്യചരിത്രത്തോളം പഴക്കമുണ്ട്. വെടിമരുന്നിന്റെ കണ്ടുപിടുത്തം മനുഷ്യപ്രയത്‌നത്തെ എത്ര എളുപ്പമുള്ളതാക്കി മാറ്റിയെന്ന് ചിന്തിച്ചാല്‍ മനസിലാകും. മുമ്പില്‍ ഉയര്‍ന്നുനിന്നിരുന്ന കരിമ്പാറക്കൂട്ടങ്ങളെ വെട്ടിമാറ്റാന്‍ മനുഷ്യനെ പ്രാപ്തനാക്കിയത് വെടിമരുന്നായിരുന്നു. എന്നാല്‍, കുറച്ചുകഴിഞ്ഞപ്പോള്‍ ആയുധങ്ങള്‍ നിര്‍മിക്കാന്‍ അവ ഉപയോഗിക്കാമെന്നു മനുഷ്യന്‍ കണ്ടുപിടിച്ചു. ഏതു നന്മയുടെ സാധ്യതകളെയും തിന്മയായി ഉപയോഗിക്കുന്നത് മനുഷ്യരുടെ രീതിയാണ്.
ഗൂഗിളും യൂട്യൂബുമൊക്കെ നമ്മുടെ മുമ്പില്‍ തുറന്നുവയ്ക്കുന്നത് അനന്തമായ അറിവിന്റെയും സാധ്യതകളുടെയും വിശാലമായ ലോകമാണ്. പുതിയ മൊബൈല്‍ ഫോണ്‍ എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നു തുടങ്ങി പുതിയ കാറിന്റെ സ്വിച്ചുകള്‍ ഉപയോഗിക്കാന്‍വരെ പലരും പഠിക്കുന്നത് യൂട്യൂബിന്റെ സഹായത്തോടെയാണ്. എന്തു സംശയത്തിനുമുള്ള ഉത്തരം ഇന്‍സ്റ്റന്റായി അവിടെ ലഭിക്കും. സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഉപയോഗിച്ച് മികച്ച ജീവിത മാര്‍ഗം കണ്ടെത്തിയ എത്രയോ പേര്‍ ചുറ്റുപാടുമുണ്ട്. അതുവഴി സെലിബ്രറ്റികളായി മാറിയവരും കുറവല്ല.

സൈബര്‍ ക്വട്ടേഷനുകള്‍
ആശയപ്രചാരണത്തിന്റെ അനന്തസാധ്യതകള്‍ തുറന്നിട്ട ഫെയ്‌സ്ബുക്കിന്റെയും വാട്ട്‌സാപ്പിന്റെയുമൊക്കെ വിശ്വാസ്യത നഷ്ടപ്പെട്ടുകഴിഞ്ഞു. അതിന്റെ നഷ്ടം സാധാരണക്കാര്‍ക്കാണ്. അവരുടെ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള പ്ലാറ്റുഫോമുകളാണ് ഇല്ലാതാകുന്നത്. വെറുപ്പും ഭിന്നതയും വര്‍ഗീയതയുമൊക്കെ പ്രചരിപ്പിക്കാന്‍ ഇപ്പോള്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നത് സോഷ്യല്‍ മീഡിയകളെയാണ്. അസത്യങ്ങള്‍ അവയിലൂടെ പ്രചരിപ്പിക്കുന്നതിനാല്‍ സത്യം പറഞ്ഞാലും വിശ്വസിക്കാന്‍ ബുദ്ധിമുട്ടുന്ന തരത്തിലേക്ക് മാറിയിരിക്കുന്നു.

ആശയങ്ങളെ ആശയങ്ങള്‍കൊണ്ട് എതിര്‍ക്കുന്നതിനു പകരം ഗുണ്ടാ ആക്രമണത്തിന്റെ മറ്റൊരു പതിപ്പാണ് അവിടെ അരങ്ങേറുന്നത്. സുബോധം നഷ്ടപ്പെട്ടവര്‍ തെരുവില്‍ ഏറ്റുമുട്ടുമ്പോള്‍ ഉപയോഗിക്കുന്ന വിധത്തിലേക്ക് ഭാഷയ്ക്കും രൂപമാറ്റം വരുന്നു. നിരവധി മേഖലകളില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ സോഷ്യല്‍ മീഡിയയുടെ ആരംഭകാലത്ത് കഴിഞ്ഞിരുന്നു. നീതിനിഷേധിക്കപ്പെട്ട സംഭവങ്ങളില്‍ ഇരകള്‍ക്ക് നീതി വാങ്ങിക്കൊടുക്കാന്‍ സോഷ്യല്‍ മീഡിയക്ക് സാധിച്ചിട്ടുണ്ട്. ആദ്യം ആശയപ്രചാരണത്തിന് ഉപയോഗിച്ച ഫെയ്‌സ്ബുക്കിനെ സൈബര്‍ ക്വട്ടേഷന് ഉപയോഗിക്കുന്നത് ഇപ്പോള്‍ സാധാരണ കാഴ്ചയാണ്. എതിരഭിപ്രായം പറയുന്നവരെ തലപൊക്കാന്‍ അനുവദിക്കാത്ത വിധത്തില്‍ തകര്‍ത്തുകളയും.

ഏതൊരു സംഭവത്തെയും വ്യത്യസ്തമായ വീക്ഷണകോണുകളില്‍നിന്ന് നോക്കിക്കാണാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍, അതില്‍നിന്നും ഭിന്നമായി എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ ശത്രുവായി കാണാനും അവന് തല ഉയര്‍ത്താനും കഴിയാത്ത വിധത്തിലേക്ക്, അല്ലെങ്കില്‍ അങ്ങനെ പ്രേരിപ്പിക്കുന്ന രീതിയിലേക്ക് വിഷയത്തെ വളച്ചൊടിക്കുന്നു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ ഗവണ്‍മെന്റുകള്‍ ആദ്യം ചെയ്യുന്നത് ഇന്റര്‍നെറ്റ് നിരോധിക്കുകയാണ്. അതിന്റെ കാരണം, സംഘര്‍ഷം ആളിക്കത്തിക്കുന്ന വിധത്തില്‍ ശത്രുതയുടെ വിത്തുകള്‍ വിതയ്ക്കാന്‍ സോഷ്യല്‍ മീഡിയകള്‍ ഉപയോഗപ്പെടുത്തും എന്നതുകൊണ്ടാണ്. സംഘടിതമായുള്ള അക്രമങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നത്.

പിഴ 10 ലക്ഷം
സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കാന്‍ ഗവണ്‍മെന്റ് പലവിധത്തില്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അതില്‍നിന്നും പിന്‍തിരിയേണ്ടി വന്നിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഗവണ്‍മെന്റുകള്‍ ശ്രമിച്ചത് ഇങ്ങനെയുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനായിരുന്നില്ല. മറിച്ച്, തങ്ങള്‍ക്ക് എതിരാകാന്‍ സാധ്യതയുള്ള ആശയപ്രചാരണങ്ങളെ തടയാനായിരുന്നു. അതിനെ അംഗീകരിക്കാനും സാധിക്കില്ല.
കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ അപ്‌ലോഡു ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ കാണുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യുന്നത് ഐടി ആക്ട് അനുസരിച്ച് അഞ്ച് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്. ആ കുറ്റകൃത്യം രണ്ടാമത് ആവര്‍ത്തിച്ചാല്‍ തടവ് ഏഴ് വര്‍ഷമായി ഉയരും. ഈ നിയമം പ്രകാരം നിരവധി പേര്‍ ജയിലില്‍ അടയ്ക്കപ്പെട്ടിട്ടുണ്ട്. അതിനര്‍ത്ഥം ആളുകള്‍ എന്തു കാണുന്നു, അപ്‌ലോഡു ചെയ്യുന്നു എന്നൊക്കെയുള്ളത് കൃത്യമായി മോണിറ്റര്‍ ചെയ്യാന്‍ കഴിയുമെന്നാണല്ലോ.

ബോംബു നിര്‍മിക്കാനും സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാനും പരിശീലിപ്പിക്കുന്ന യൂട്യൂബ് ചാനലുകളെ നിയമപരമായി നിയന്ത്രിക്കാനുള്ള നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിക്കണം. സമാനമായ വിധത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ളവയെയും നിയന്ത്രിക്കണം. ഇല്ലെങ്കില്‍ ഭാവിയില്‍ കൂടുതല്‍ അപകടത്തിലേക്കായിരിക്കും പോകുന്നത്. അക്രമങ്ങള്‍ ചെയ്യാനുള്ള പരിശീലനകേന്ദ്രങ്ങളായി സോഷ്യല്‍ മീഡിയ മാറാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നേരത്തെതന്നെ എടുക്കേണ്ടതായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?