Follow Us On

21

November

2024

Thursday

നോമ്പ്‌

നോമ്പ്‌

സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത

എല്ലാ സംസ്‌കാരങ്ങളിലും അനശ്വരതയുടെയും പ്രപഞ്ചത്തിന്റെയും ആത്മാവിന്റെയും മൂലമാതൃകയാണ് വൃത്തം. നിങ്ങള്‍ പുറപ്പെട്ടിടത്തുതന്നെ തിരികെയെത്തുന്നു എന്നതാണ് വൃത്തത്തില്‍ ചുറ്റുന്നതിന്റെ അഥവാ പ്രദക്ഷിണം വെയ്ക്കുന്നതിന്റെ ഒരര്‍ത്ഥം. നിങ്ങളുടെ അവസാനത്തിലാണ് നിങ്ങളുടെ ആരംഭം എന്ന് നിങ്ങള്‍ കണ്ടെത്തുന്നു. ശരിക്കും, പൂര്‍ണത്തില്‍ നിന്നും പൂര്‍ണമെടുത്താലും പൂര്‍ണം പൂര്‍ണത്തോട് കൂട്ടിയാലും കുറവും കൂടുതലുമില്ലെന്ന് ഉപനിഷത്തുകാരന്‍ പറയുമ്പോഴും ആദിമധ്യാന്തബോധം നമ്മിലുണര്‍ത്തുന്ന വാക്കാണത്. ദിനചര്യകളുടെ സ്വഭാവിക തുടര്‍ച്ചകളൊക്കെ സംഗതമാവുന്നത് ഈ പശ്ചാത്തലത്തിലാണ്. ഭക്ത്യാചാരങ്ങളൊക്കെ വിമര്‍ശനവിധേയമാകുന്ന യുക്തിപരതയുടെ കാലം കൂടിയാണിത്. ഒരു പക്ഷേ മതജീവിതം നയിക്കുന്നുവെന്ന് അവകാശപ്പെടുന്നവരില്‍ ഗുണപരമായ മാറ്റങ്ങളൊന്നും കാണാത്തതുകൊണ്ടും കൂടെയാവും അത്. കേവലം scientific temper കൊണ്ട് മാത്രമാകണമെന്നില്ല.

അമീറിന്റെ പി.കെയിലെ പോലെ wrong number അല്ലാതിരുന്നവരും ഉണ്ടായിരുന്നുവെന്നതിന് കാലവും ചരിത്രവും സാക്ഷി. ആത്മജ്ഞാനികളായിരുന്ന രണ്ട് മഹത്തുക്കളെക്കുറിച്ചൊരു കൃതിയുണ്ട്. അരുണ്‍ ഷൂറിയുടേതാണ്. Two Saints: Speculations Around and About Ramakrishna Paramahamsa and Ramana Maharshi. അവരുടെ ആത്മീയസാധനകളെയും അതിന്ദ്രിയാനുഭവങ്ങളെയും ആധുനികലോകത്തിന്റെ ശാസ്ത്രീയപരീക്ഷണ ഫലങ്ങള്‍ കൊണ്ട് അപഗ്രഥിക്കുന്ന ഗ്രന്ഥം. അവരുടെ കഠിനതപശ്ചര്യങ്ങളും ധ്യാനലീനതയുടെ ദീര്‍ഘകാലങ്ങളും മാനസികവും ആധ്യാത്മികവുമായ അത്യഗാധവ്യതിയാനങ്ങള്‍ക്ക് കാരണമായിട്ടുണ്ടാവാം നാഡീവ്യൂഹകേന്ദ്രത്തിന്റെ കണികകളില്‍ പോലുമെന്നാണ് ഈ ഗ്രന്ഥം സാക്ഷിക്കുക.

നിഷ്ഠാപൂര്‍ണമായ ജീവിതം നയിക്കുന്നവന്റെ ഉള്‍ക്കാഴ്ചകളില്‍ തന്നെ പരിവര്‍ത്തനം സംഭവിക്കുന്നുവത്രെ! ഏകാന്തതയുടെ അപാരതീരങ്ങളില്‍, മൗനവാത്മീകങ്ങളില്‍, പര്‍വതാഗ്രങ്ങളില്‍ കുടിയേറുന്നവരില്‍ പോലും സംഭവിക്കുന്ന പരിണാമങ്ങള്‍ പോലും ഇതില്‍ വിശദീകരിക്കുന്നു. ഈ സാധകരില്‍ കാണുന്ന ചില സമാനതകള്‍ നോക്കുക, കാലബോധം നഷ്ടമാകല്‍, നിത്യതയുടെ ആസ്വാദനം, വ്യക്തിയും പ്രപഞ്ചവും തമ്മിലുള്ള അതിര്‍മാഞ്ഞുപോകല്‍, കലര്‍പ്പില്ലാത്ത അനുഭൂതികള്‍, അതിരറ്റ കരുണ എന്നിങ്ങനെ ബോധമണ്ഡലം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്നു. മുന്‍ശുണ്ഠിക്കാരനായിരുന്ന ഒരു പൂര്‍വാശ്രമത്തില്‍നിന്നാണ് അതിസൗമ്യനായ മോശ രൂപപ്പെട്ടത്. ദൈവം നല്‍കിയ പെരുമാറ്റച്ചട്ടമല്ലാതെ മറ്റെന്താവും അയാളെ പാകപ്പെടുത്തിയത്. സ്വയശിക്ഷണത്തിന്റെ നല്ലകാലങ്ങളില്ലാതെ നമ്മുടെ തലച്ചോറിലെ ടെമ്പറല്‍ ലോബിലും പരീറ്റല്‍ ലോബിലുമൊക്കെ എന്ത് മാറ്റങ്ങളാണുണ്ടാവുക. ഒരു ഷോക്ക് ട്രീറ്റ്‌മെന്റിലും എത്ര നല്ലതാവും സഖേ ഒരു നോമ്പനുഷ്ഠാനമൊക്കെ!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?