Follow Us On

13

June

2024

Thursday

നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് റൂബി ജൂബിലി നിറവില്‍

നിലയ്ക്കല്‍ എക്യുമെനിക്കല്‍  ട്രസ്റ്റ് റൂബി ജൂബിലി നിറവില്‍

ജയ്‌സ് കോഴിമണ്ണില്‍

ലോകത്തിലെ പ്രഥമ ക്രൈസ്തവ എക്യുമെനിക്കല്‍ ദൈവാലയത്തിന് രൂപംകൊടുത്ത നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റും സെന്റ് തോമസ് എക്യുമെനിക്കല്‍ ദൈവാലയവും റൂബിജൂബിലി നിറവില്‍. ക്രിസ്തുശിഷ്യനും ഭാരതത്തിന്റെ അപ്പ്‌തോലനുമായ വിശുദ്ധ തോമാശ്ലീഹാ സ്ഥാപിച്ച ഏഴരപ്പള്ളികളില്‍ ഒന്നാണ് നിലയ്ക്കല്‍. ക്രിസ്തുവിലുള്ള ഐക്യത്തില്‍ സഭകള്‍ ഒന്നാണെന്ന ചിന്തയില്‍ വളര്‍ന്നുവന്ന ആശയമാണ് നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ്.
കേരളത്തിലെ മാര്‍ത്തോമാ പാരമ്പര്യവും വിശ്വാസപൈതൃകവും നിലനിര്‍ത്തുന്ന ഒമ്പത് അപ്പസ്‌തോലിക സഭകള്‍ ചേര്‍ന്നുള്ള നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് 1984-ലാണ് രൂപീകൃതമായത്. കേരളത്തിലെ കത്തോലിക്കാ സഭ (സീറോ മലബാര്‍, സീറോ മലങ്കര, ക്‌നാനായ കത്തോലിക്കാ കോട്ടയം അതിരൂപത, ലത്തീന്‍), മലങ്കര ഓര്‍ത്തഡോക്‌സ്, മലങ്കര യാക്കോബായ (ക്‌നാനായ യാക്കോബായ ഉള്‍പ്പെടെ), മാര്‍ത്തോമാ, സിഎസ്‌ഐ എന്നീ സഭകളുടെ നേതൃത്വത്തില്‍ സ്ഥാപിതമായ നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റും പള്ളിയും ലോക എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന് മാതൃകയാണ്.

കേരളത്തിലെമ്പാടുനിന്നും ക്രൈസ്തവര്‍ എത്തുന്ന തീര്‍ത്ഥാടനകേന്ദ്രമാണ് വനമേഖലയില്‍ സ്ഥിതിചെയ്യുന്ന നിലയ്ക്കല്‍ ദൈവാലയം. നിലയ്ക്കല്‍ പ്രദേശം പതിനാലാം നൂറ്റാണ്ടുവരെ വളരെ സജീവമായിരുന്ന ജനവാസകേന്ദ്രവും വാണിജ്യകേന്ദ്രവും ആയിരുന്നെങ്കിലും പകര്‍ച്ചവ്യാധികളും മറ്റുംമൂലം ജനങ്ങള്‍ ഈ പ്രദേശം വിട്ടുപോയി. കടമ്പനാട്, ചെങ്ങന്നൂര്‍, കോഴഞ്ചേരി, തുമ്പമണ്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പുതുപ്പള്ളി, വടശേരിക്കര, എരുമേലി, റാന്നി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടിയേറിയെന്നും കരുതപ്പെടുന്നു.
രണ്ടുവര്‍ഷത്തോളം നീണ്ട ഐതിഹാസികമായ ശ്രമത്തിനൊടുവില്‍ വനത്തിനുള്ളില്‍ സര്‍ക്കാര്‍ അനുവദിച്ച അഞ്ചേക്കര്‍ 45 സെന്റ് സ്ഥലത്താണ് പള്ളി സ്ഥിതിചെയ്യുന്നത്.

1984 ഏപ്രില്‍ എട്ടിന് നിലയ്ക്കല്‍ എക്യുമെനിക്കല്‍ ദൈവാലയം കൂദാശ ചെയ്തു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നിയുക്ത കാതോലിക്കായും കൊല്ലം ഭദ്രാസനാധിപനുമായിരുന്ന മാത്യൂസ് മാര്‍ കൂറിലോസ് (പിന്നീട് മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവ), മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷനും തിരുവനന്തപുരം ആര്‍ച്ചുബിഷപ്പുമായിരുന്ന ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ്, മാര്‍ത്തോമാ സഭാധ്യക്ഷന്‍ ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമാ മെത്രാപ്പോലീത്ത, കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തയും ക്‌നാനായ യാക്കോബായ സമുദായ അധ്യക്ഷനുമായിരുന്ന എബ്രഹാം മാര്‍ ക്ലിമീസ്, സിഎസ്‌ഐ ബിഷപ് എം.സി. മാണി എന്നിവരായിരുന്നു 40 വര്‍ഷങ്ങള്‍ക്കുമുമ്പ് നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചത്. കൂടാതെ റാന്നി-നിലയ്ക്കല്‍ ഭദ്രാസനാധിപനായിരുന്ന ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (പിന്നീട് മാര്‍ത്തോമാ മെത്രാപ്പോലീത്ത), ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, കോട്ടയം മെത്രാന്‍ മാര്‍ കുര്യാക്കോസ് കുന്നശേരി, മാര്‍ത്തോമാ സഭാ കോട്ടയം-കൊച്ചി ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് എന്നിവരും നിലയ്ക്കല്‍ ട്രസ്റ്റിന് നേതൃത്വം നല്‍കി.

ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ അധ്യക്ഷനായിരുന്ന 1989 -ല്‍ മാര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തില്‍ അഞ്ചംഗ മെത്രാന്‍സംഘവും വൈദികരും അല്മായരുമടങ്ങുന്ന നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് കമ്മിറ്റിയംഗങ്ങളും വത്തിക്കാനില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു. ഇപ്പോഴത്തെ ദൈവാലയം 2020- ല്‍ പുതുക്കിപണിതതാണ്.
1996 ഫെബ്രുവരി എട്ടിന് ഡയലോഗ് സെന്റര്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം വത്തിക്കാന്‍ പ്രതിനിധി കര്‍ദിനാള്‍ അക്കില്ലെ സില്‍വെസ്ട്രീനി നിര്‍വഹിച്ചു. ധ്യാനമന്ദിരത്തിന്റെ ഉദ്ഘാടനം 2001 ജൂണ്‍ നാലിന് മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ നിര്‍വഹിച്ചു. നിലയ്ക്കല്‍ രജതജൂബിലിയാഘോഷങ്ങള്‍ 2011 ജനുവരി 30-ന് മുന്‍കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് ആയിരുന്നു ഉദ്ഘാടനം ചെയ്തത്.

ഡയലോഗ് സെന്റര്‍, കോണ്‍ഫ്രന്‍സ് ഹാള്‍ എന്നിവയും നിലയ്ക്കല്‍ പള്ളിയോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. 200 പേര്‍ക്ക് താമസസൗകര്യവുമുണ്ട്. ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്തയാണ് ഇപ്പോള്‍ നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റിന്റെ പ്രസിഡന്റ്. മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസാണ് വൈസ് പ്രസിഡന്റ്. സിഎസ്‌ഐ ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. ഫാ. ബാബു മൈക്കിള്‍ നിലയ്ക്കല്‍ എക്യുമെനിക്കല്‍ ചര്‍ച്ച് അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല വഹിക്കുന്നു.
നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റിന്റെയും സെന്റ് തോമസ് എക്യുമെനിക്കല്‍ ദൈവാലയത്തിന്റെയും റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

ഓര്‍ത്തഡോക്‌സ് സഭയുടെ റാന്നി-നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദേമോസ് വചനസന്ദേശം നല്‍കി. കാഞ്ഞിരപ്പള്ളി മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, ബിഷപ്പുമാരായ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ അപ്രേം (മലങ്കര – കോട്ടയം അതിരൂപത), ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ (പുനലൂര്‍), ആര്‍ച്ചുബിഷപ്പുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം (ചങ്ങനാശേരി), ഡോ. തോമസ് മാര്‍ കൂറിലോസ് (തിരുവല്ല), യാക്കോബായ സഭാ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ക്‌നാനായ സമുദായ അധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ സേവേറിയോസ്, ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, പത്തനംതിട്ട മെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?