Follow Us On

16

January

2025

Thursday

സൂപ്പറാക്കുന്ന സിസ്റ്റേഴ്‌സ്..!

സൂപ്പറാക്കുന്ന സിസ്റ്റേഴ്‌സ്..!

മാത്യു സൈമണ്‍

റൊമാനിയയില്‍ ഒരു സമ്പന്ന കുടുംബത്തിലാണ് മരിയാനാ ജനിച്ചത്. രണ്ട് സഹോദരിമാരില്‍ മൂത്തവള്‍. എന്നാല്‍ അവള്‍ക്ക് 13 വയസുള്ളപ്പോള്‍ ഒരു സംഘം അവളെ തട്ടികൊണ്ടുപോയി മാനഭംഗപ്പെടുത്തി. ഈ സംഭവത്തിനുശേഷം, സ്‌കൂളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നുമെല്ലാം മരിയാനാ ഒഴിവാക്കപ്പെടുന്നതായും ഒറ്റപ്പെടുന്നതായും അവള്‍ക്ക് അനുഭവപ്പെട്ടു. തല്‍ഫലമായി എങ്ങനെയും നാട് വിടണമെന്നചിന്ത അവളെ നിരന്തരം വേട്ടയാടി. അങ്ങനെയിരിക്കേ സ്‌പെയിനിലേക്ക് പോകാന്‍ അവസരം ലഭിച്ചു. എന്നാല്‍ മനുഷ്യക്കടുത്തുകാരുടെ കെണിയിലേക്കാണ് താന്‍ ചെന്നുവീണതെന്ന് അറിഞ്ഞപ്പോഴേക്കും വളരെ വൈകിയിരുന്നു. അവര്‍ അവളെ 300 യൂറോയ്ക്ക് ഒരു വേശ്യാലയത്തിന് വിറ്റു.

വിവിധ ഇടങ്ങളിലായി അഞ്ച് വര്‍ഷത്തോളം മരിയാനാ എന്ന സാധുപെണ്‍കുട്ടി വേശ്യാവൃത്തിയില്‍ തളയ്ക്കപ്പെട്ടു നരകയാതനയനുഭവിച്ചു. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിനെക്കാള്‍ അതിഭീകരമായ അവസ്ഥ! അപ്രകാരമാണ് അവള്‍ അതിനെ വിശേഷിപ്പിക്കുന്നത്. ഇടതടവില്ലാതെ അനുഭവിക്കേണ്ടിവന്ന അതിക്രമങ്ങളാലും ക്രൂരമായ ശാരീരക മാനസിക പീഢനങ്ങളിലും മരിയാനയുടെ മനസ് തകര്‍ന്നു. രക്ഷപ്പെടാന്‍ കഴിയുമെന്ന പ്രതീക്ഷപോലും അസ്തമിച്ചു. രാവുംപകലും കരഞ്ഞ് കരഞ്ഞ് കണ്ണീര്‍ വറ്റി… അങ്ങനെ നിസഹായതയിപ്പെട്ടുഴലുമ്പോഴാണ് ഏതാനും ചില വ്യക്തികള്‍ അവളെ തേടിയെത്തിയത്. അവര്‍ അവളെ അവിടെനിന്നും സാഹസികമായി രക്ഷപ്പെടുത്തി.

വീണ്ടും അടുത്ത പീഢന താവളത്തിലേക്കായിരിക്കുമെന്ന് ഭയപ്പെട്ട മരിയാന പതിയെ തിരിച്ചറിഞ്ഞു, അവളെ രക്ഷിച്ചവര്‍ കത്തോലിക്കാ സന്യാസിനിമാരാണ്. പാപികളെയും ബന്ധിതരെയും പീഡിതരെയും രക്ഷിക്കാന്‍ സ്വര്‍ഗം വിട്ടിറിങ്ങിവന്ന ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സ്‌നേഹം പകരുന്ന കാത്തോലിക്കാസഭയിലെ സിസ്റ്റേഴ്‌സ്! അതോടെ മരിയാനയുടെ ഭയമകന്നു, വര്‍ഷങ്ങള്‍ക്കുശേഷം, ദുസ്വപ്നങ്ങളില്ലാതെ അവള്‍ സമാധാനത്തോടെ സിസ്റ്റേഴ്‌സിന്റെ ഭവനത്തില്‍ ഉറങ്ങി. ‘തലീത്താ കും’ എന്ന സംഘടനയിലെ അംഗങ്ങളായിരുന്നു ഈ സിസ്റ്റേഴ്‌സ്. മരിയാനയുടെ നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കാന്‍ ധൈര്യം നല്‍കി സിസ്റ്റേഴ്‌സ് കൂടെനിന്നു. പഠനം പുനരാരംഭിക്കാനും ആത്മവിശ്വാസം വീണ്ടെടുക്കാനും അവര്‍ സഹായിച്ചു. നിരാശതയുടെ പടുകുഴിയില്‍നിന്ന് തന്റെ ജീവിതത്തെ കരംചേര്‍ത്തുയര്‍ത്തിയ തലീത്താ കും സിസ്റ്റേഴ്‌സിന് നന്ദി പറയാന്‍ അവള്‍ക്ക് വാക്കുകളില്ല.

മാര്‍പാപ്പയുടെ അംഗീകാരം

തലീത്താകും സന്യാസിനിമാര്‍ക്ക് ഒരാളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ചെലവ് എകദേശം 2000 മുതല്‍ 10000 ഡോളര്‍ വരെ വരും. ആ വ്യക്തിയുടെ പുനരധിവാസം, ചികിത്സ, പുതിയ ഉപജീവനം കണ്ടെത്തുന്നതിനായുള്ള സാങ്കേതിക വിദ്യാഭ്യാസം, ചിലര്‍ക്ക് ചെറിയ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള മൂലധനം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണ് ഈ തുക. ഇത് സ്വരൂപിക്കുന്നതിനായി ആരംഭിച്ച ‘സൂപ്പര്‍ നണ്‍സ്’ https://www.patreon.com/SuperNuns എന്ന വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നടത്തിയത് ഫ്രാന്‍സിസ് മാര്‍പാപ്പയാണ്.

 

‘തലീത്താ കും’
”അവന്‍ അവളുടെ കൈയ്ക്കുപിടിച്ചുകൊണ്ട്, ബാലികേ, എഴുന്നേല്‍ക്കൂ എന്നര്‍ഥമുള്ള തലീത്താ കും എന്നുപറഞ്ഞു. തല്‍ക്ഷണം ബാലിക എഴുന്നേറ്റു നടന്നു.”(മര്‍ക്കോസ് 5:41-42). അരമായ ഭാഷയില്‍ ‘തലീത്താ കും’ എന്നു പറഞ്ഞുകൊണ്ടാണ് ജായ്‌റോസിന്റെ മരണമടഞ്ഞ മകളെ യേശു ഉയിര്‍പ്പിച്ചത്.
‘തലീത്താ കും’എന്ന വാക്കുകള്‍ നല്‍കുന്നത് ശക്തമായ സന്ദേശമാണ്. യേശുവിന്റെ ഈ വാക്കുകളുടെ ശക്തി തിരിച്ചറിഞ്ഞതിനാലാണ് മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയ്ക്ക് തലീത്താ കും എന്ന പേര് നല്‍കാന്‍ കാരണമായതും. 2009-ല്‍ തുടക്കം കുറിച്ച ഈ പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരെല്ലാം വിവിധ കോണ്‍ഗ്രിഗേഷനിലെ സിസ്റ്റേഴ്‌സാണ് എന്നത് സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു.
ആരും തരിഞ്ഞുനോക്കാതെ നിസഹായരായി അടിമകളായി ജീവിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്ന മനുഷ്യരെ തേടി ഈ സിസ്റ്റേഴ്‌സ് എവിടെയും എത്തുന്നു. ഇതിനായി ഇവര്‍ നടത്തുന്ന പല പ്രവര്‍ത്തനങ്ങളും അപകടം പിടിച്ചതും വെല്ലുവിളിയേറിയതും രഹസ്യാത്മകവുമാണെന്നതും എടുത്തുപറയാതിരിക്കാനാകില്ല. അതുകൊണ്ടുതന്നെയാണ് ഇവരെ സൂപ്പര്‍ നണ്‍സ് എന്ന് വിളിക്കുന്നതും.

റോണി

ബംഗ്ലാദേശ് സ്വദേശിയാണ് റോണി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെട്ട അദ്ദേഹം മികച്ച വേതനത്തില്‍ സൗദി അറേബ്യയില്‍ ഒരു ജോലിയുടെ അവസരം വന്നപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ പുറപ്പെട്ടു. എന്നാല്‍ അവിടെ എത്തിയ ശേഷം റോണിക്ക് മനസിലായി ജോലിയുടെ സ്ഥലം, സമയം, കൂലി എന്നിവ നേരത്തെ അറിയിച്ചതുപോലെയല്ലെന്ന്.
തികഞ്ഞ ചൂഷണമായിരുന്നു അവിടെ. ദിവസം 18 മുതല്‍ 19 മണിക്കൂര്‍ വരെ നിന്നുകൊണ്ടുള്ള ജോലി. വിശ്രമിക്കാന്‍ ഇടവേളകള്‍ ഇല്ലായിരുന്നു. ക്രമേണ റോണിയുടെ ആരോഗ്യം മോശമായി. അതോടെ റോണിയെ അവര്‍ നാട്ടിലേക്ക് അയച്ചു. അങ്ങനെ പത്തുവര്‍ഷത്തെ ജോലിക്ക് ശേഷം കാര്യമായ സമ്പാദ്യങ്ങളൊന്നുമില്ലാതെ റോണി നാട്ടില്‍ തിരികെയെത്തി. ആരോഗ്യം തീരെ മോശമാണെന്ന് ഡോക്ടര്‍ വിധിയെഴുതിയതോടെ നാട്ടില്‍ ജോലിയൊന്നും ചെയ്യാനാവാതെ റോണി നിസഹായനായി. എന്നാല്‍ ഈ സമയത്താണ് റോണിയുടെ അവസ്ഥയറിഞ്ഞ് ബംഗ്ലാദേശിലെ തലീത്താ കും അംഗങ്ങളായ സന്യാസിനിമാര്‍ അദ്ദേഹത്തിന്റെ സഹായത്തിനെത്തിയത്. ഒരു പലചരക്ക് കട തുടങ്ങുന്നതിനും വിപുലീകരിക്കുന്നതിനും റോണിയെ സഹായിച്ചു. ഇന്ന് റോണിയും കുടുംബവും സന്തുഷ്ടരാണ്. എല്ലാത്തിനും തലീത്താ കും നെറ്റ്‌വര്‍ക്കിന് ഹൃദയം നിറഞ്ഞ നന്ദിയര്‍പ്പിക്കുകയാണ് റോണിയും കുടുംബവും.

യുഐസിഎ
സന്യാസിനി സമൂഹങ്ങള്‍ എന്നും അടിമത്തത്തിനും ചൂഷണത്തിനുമെതിരെ പ്രവര്‍ത്തിക്കുന്നവരാണ്. എങ്കിലും തൊണ്ണൂറുകളുടെ ആരംഭത്തില്‍ത്തന്നെ മനുഷ്യക്കടത്തിനെതിരായി ലോകത്തിന്റെ പല കോണുകളിലായി വ്യാപിച്ചു കിടക്കുന്ന വിവിധ സന്യാസ സമൂഹങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഒരുമിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവന്നാല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന് വിവിധ സന്യാസസഭകളുടെ അധികാരികള്‍ തിരിച്ചറിഞ്ഞു. തല്‍ഫലമായാണ് മനുഷ്യക്കടത്തിനും ചൂഷണത്തിനും എതിരായ ഒരു അന്താരാഷ്ട്ര സംഘടനയെന്ന നിലയില്‍ തലീത്താ കും പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സുപ്പീരിയേഴ്‌സ് ജനറല്‍ (യുഐസിഎ) ലാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. സന്യാസിനിസഭകള്‍ തമ്മിലുള്ള ആഴത്തിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 1965 ലാണ് യുഐസിഎ കാനോനികമായി സ്ഥാപിതമായത്. ലോകമെമ്പാടുമുള്ള 1903 സന്യാസിനീസഭകളിലെ സുപ്പീരിയേഴ്‌സ് ജനറല്‍ ഇതില്‍ അംഗങ്ങളാണ്.

സമീറ
സ്‌നേഹിച്ചയാള്‍ ചതിച്ചതുമൂലം വളരെ ചെറുപ്പത്തില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കിയവളാണ് സമീറ. എങ്കിലും തന്റെ കുഞ്ഞിന്റെ ഭാവിയോര്‍ത്ത് ജീവിതത്തോട് ഒറ്റയ്ക്ക് പോരാടാന്‍ അവള്‍ തീരുമാനിച്ചു. മികച്ച ജീവിതസാഹചര്യം നേടി സ്വന്തം രാജ്യമുപേക്ഷിച്ച് ടുണീഷ്യയിലേക്ക് യാത്ര ചെയ്യാന്‍ അങ്ങനെ അവള്‍ തീരുമാനിച്ചു. തന്റെ നവജാതശിശുവുമായി അഭയാര്‍ഥിയായി സമീറ ടുണീഷ്യയില്‍ എത്തിയപ്പോള്‍ സഹായ വാഗ്ദാനവുമായി പലരുമെത്തി. ആരെ വിശ്വസിക്കുമെന്ന് അറിഞ്ഞുകൂടാ. മനുഷ്യക്കടത്തുകാര്‍ ഏറ്റവും കുടുതല്‍ ഈ അവസരമാണ് മുതലെടുക്കുന്നതെന്ന് അവള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ അവിടെ തലീത്താ കുമില്‍നിന്നുള്ള സന്യാസിനിമാരെ കണ്ടുമുട്ടാന്‍ അവള്‍ക്ക് സാധിച്ചു. അത് അവള്‍ക്കും മകള്‍ക്കും പുതിയ ജീവിതം ആരംഭിക്കാന്‍ സഹായകരമായി. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള പരിശീലനം അവര്‍ സമീറയ്ക്ക് നല്‍കി. ആടു വളര്‍ത്തലില്‍ ഒരു ചെറിയ ബിസിനസ്സ് ആരംഭിക്കാന്‍ അവള്‍ക്ക് കഴിഞ്ഞു. ഇന്ന് സമീറ വിവാഹിതയായി രണ്ട് കുട്ടികളുമായി സന്തോഷത്തോടെ ജീവിക്കുന്നു. അന്തസോടെ ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ സഹായിച്ചതിന് തലീത്താ കും സിസ്റ്റേഴ്‌സിനോട് എത്ര നന്ദി പറഞ്ഞാലും സമീറയ്ക്ക് മതിയാകുന്നില്ല.

ആധുനിക അടിമക്കച്ചവടം
മനുഷ്യസമൂഹത്തെ മുഴുവനായി ബാധിക്കുന്ന സങ്കീര്‍ണമായ പ്രതിഭാസമാണ് മനുഷ്യക്കടത്ത്. ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ ആളുകളെ ചൂഷണം ചെയ്ത് ലാഭമുണ്ടാക്കുകയോ വില്പനവസ്തുവാക്കി മാറ്റുകയോ ചെയ്യുന്ന ഈ പ്രവര്‍ത്തനം ആധുനികലോകത്തെ അടിമക്കച്ചവടമാണ്. വ്യാജ ജോലി വാഗ്ദാനം, അഭയാര്‍ത്ഥികളായി സ്വദേശം വിടുക, യുദ്ധം, വീട്ടിലെ പ്രതികൂല സഹാചര്യങ്ങള്‍ എന്നിവയെല്ലാം കഴുകന്‍കണ്ണുകളുമായി കാത്തിരിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ പിടിയില്‍ ദുര്‍ബലരായ മനുഷ്യര്‍ അകപ്പെടാനുളള സാഹചര്യം സൃഷ്ടിക്കുന്നു. എല്ലാ പ്രായത്തിലുമുള്ള, എല്ലാ പശ്ചാത്തലങ്ങളില്‍നിന്നുമുള്ള പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഈ ചൂഷണത്തിന് ഇരകളാക്കപ്പെടുന്നുണ്ട്, ലൈംഗിക ചൂഷണത്തിന് ഇരായാകുന്ന സ്ത്രീകളും കുട്ടികളുമാണ് ഇതില്‍ ഭൂരിഭാഗവും. ലോകത്തിന്റെ സകല മേഖലകളിലും മനുഷ്യക്കടത്ത് വിവിധ രൂപങ്ങളില്‍ സംഭവിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അവയവ മാഫിയയും ഭിക്ഷാടനമാഫിയയുമെല്ലാം മനുഷ്യക്കടത്തിന്റെ വ്യസ്ത രൂപങ്ങള്‍ മാത്രം. നമ്മുടെ നാട്ടില്‍നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന മനുഷ്യരുടെ തിരോധാനത്തിനു പിന്നിലും ഇത്തരം സംഘങ്ങളാകാം.

ലക്ഷ്മി
15 കാരി ലക്ഷ്മി താമസിച്ചിരുന്നത് വയനാട് ജില്ലയിലെ നിരവധി ദരിദ്രകുടുംബങ്ങള്‍ കഴിയുന്ന ഒരു ഗ്രാമപ്രദേശത്താണ്. അവിടെ നിന്ന്, വീട്ടുജോലിക്കായി അടുത്തുള്ള ഗ്രാമത്തില്‍ നിന്നോരാള്‍ അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി കൊണ്ടുപോയി. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവള്‍ ലൈംഗിക ചൂഷണത്തിന് വിധേയയായി. ഓരോ ആഴ്ചയിലും ഒരോ സ്ഥലത്തേക്ക് അവളെ അവര്‍ കൊണ്ടുപോയി. നിസഹായതയും നിരാശയും ശക്തമായപ്പോള്‍ അവള്‍ അസാധാരണമായി പെരുമാറാന്‍ തുടങ്ങിയതോടെ അവളെ അവര്‍ വീട്ടിലേക്ക് മടക്കി അയച്ചു. എന്നാല്‍ ലക്ഷ്മിയെ കുടുംബാംഗങ്ങള്‍ ശാരീരികമായി ഉപദ്രവിക്കുകകൂടി ചെയ്തതോടെ അവള്‍ വിഷാദരോഗിയായി മാറി.
ഈ സമയത്താണ് തലീത്താ കൂം സസ്റ്റേഴ്‌സ് അവളെ തേടിയെത്തുന്നതും വേണ്ട പിരിചരണം നല്‍കുന്നതും. സസ്റ്റേഴ്‌സ്‌ന്നെ അവളെ ഒരു സൈക്യാട്രിസ്റ്റിന്റെ അടുക്കല്‍ എത്തിച്ച് അവശ്യമായ ചികിത്സയും മരുന്നും നലകി. കരുതലും മെഡിക്കേഷനും ലഭിച്ചപ്പോള്‍ ലക്ഷ്മി ശാരീരികമായും മാനസീകമായും പുനരുത്ഥരിക്കപ്പെട്ടു. സിസ്റ്റേഴ്‌സിന്റെ സഹായ വും കരുതലും ഇപ്പോഴും അവള്‍ ക്കൊപ്പമുണ്ട്.

സൂപ്പര്‍ നണ്‍സ്
ഈ സാഹചര്യത്തിലാണ് വ്യക്തിയുടെ അന്തസിനും ആത്മാഭിമാനത്തിനും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ശക്തികളുടെ അഹങ്കാരത്തെയും അതിക്രമത്തെയും എതിര്‍ത്ത് തോല്‍പ്പിക്കുന്ന തലീത്താ കും നെറ്റ്‌വര്‍ക്കിന്റെ പ്രാധാന്യം നാം മനസിലാക്കേണ്ടത്. വര്‍ഷങ്ങളായി മനുഷ്യക്കടത്ത് സംഘങ്ങളുടെ പിടിയില്‍ അകപെട്ടുപോയ ജീവിതങ്ങളെ രക്ഷിക്കുന്നതിനായി, കത്തോലിക്കാ സന്യാസിനിമാരുടെ ഈ ആഗോള ശൃംഖല നടത്തുന്ന അശ്രാന്ത പരിശ്രമങ്ങള്‍ ഈ ക്രിസ്മസ് നാളുകളില്‍ ശ്രദ്ധേയമാകുകയാണ്. ദൈവമായിരുന്നിട്ടും സ്വര്‍ഗത്തിലെ ആനന്ദവും മഹത്വവും നിസാരമാക്കി, മനുഷ്യരക്ഷയ്ക്കായി മനുഷ്യശിശുവായി പിറന്ന ക്രിസ്തുവിന്റെ (ഫിലിപ്പി 2/5) അനന്തമായ സ്‌നേഹമാണ്, ദിവ്യബലിയില്‍നിന്നും ലഭിക്കുന്ന ശക്തിയാണ്, തികച്ചും അപായകരവും വെല്ലുവിളി നിറഞ്ഞതുമായ ഈ ദൗത്യനിര്‍വഹണത്തിന് ഇവര്‍ക്ക് കരുത്താകുന്നത്.

അനി
അനിക്ക് 19 വയസുള്ളപ്പോള്‍, ഒരു കുക്ക് ആകുക എന്നതായിരുന്നു അവളുടെ സ്വപ്‌നം. പക്ഷേ, ഈ സമയത്ത് തന്റെ ക്ലാസുകള്‍ തുടരാന്‍ പണമില്ലാതെയായി. കോഴ്‌സ് തുടരാന്‍ പണം കണ്ടെത്താനായി, മികച്ച ശമ്പളമുള്ള ഒരു റെസ്റ്റോറന്റ് ജോലി അവസരത്തെക്കുറിച്ച് ഇന്റര്‍നെറ്റിലൂടെ അറിഞ്ഞപ്പോള്‍ ആ അവസരം ഉപയോഗപ്പെടുത്താമെന്ന് കരുതി. ഇന്റര്‍വ്യൂവിനായി പറഞ്ഞ സ്ഥലത്ത് എത്തി. എന്നാല്‍ അവിടെവച്ച് ചിലര്‍ അവളെ തട്ടിക്കൊണ്ടു പോയി. മണിക്കൂറുകള്‍ നീണ്ട യാത്രയ്ക്ക് ശേഷം ദൂരെയുള്ള, അജ്ഞാതമായ ഒരു നഗരത്തിലെത്തി. അവളെ കൊണ്ടുപോയ ഇടനിലക്കാര്‍ അവളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുത്ത് ഒരു റസ്റ്റോറന്റ് ഉടമയെ ഏല്‍പ്പിച്ചു. കോവിഡിന്റെ അവസാനത്തില്‍ ലൈംഗിക അടിമയായി അനിയെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയി വില്‍ക്കാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ ഇതിനിടയില്‍ തന്നെ തട്ടിക്കൊണ്ടുപോയവരുടെ ശ്രദ്ധ തെറ്റിയപ്പോള്‍, സാഹചര്യം മുതലെടുക്കാനും തന്റെ കുടുംബത്തെയും പോലീസിനെയും ബന്ധപ്പെടാനും അനിക്ക് കഴിഞ്ഞു. അങ്ങനെ അവള്‍ രക്ഷപ്പെട്ടു. ഇപ്പോള്‍, പെറുവിലെ റെഡ് കാവ്‌സെ നിന്നുള്ള തലീത്താ കുമ്മിന്റെ സന്യാസിനിമാര്‍ അനിക്ക് മാനസികവും ആത്മീയവുമായ എല്ലാ പിന്തുണയും നല്‍കുന്നു. അനിയുടെ പഠനങ്ങള്‍ തുടരുന്നതിന് ആവശ്യമായ സഹായംസ്വരൂപിക്കാനും അവര്‍ സഹായിച്ചു.

70 മില്ല്യന്‍ ജനങ്ങളെങ്കിലും മനുഷ്യക്കടത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്ക്. അതില്‍ 70 ശതമാനവും സ്ത്രീകളാണ്. അതില്‍ത്തന്നെ പകുതിയും പതിനാറോ അതില്‍ കുറവോ പ്രായമുള്ള പെണ്‍കുട്ടികളാണ് എന്നതാണ് വേദനിപ്പിക്കുന്ന സത്യം. ലൈംഗിക അടിമകളായി വില്‍ക്കപ്പെട്ട സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കാനായി ഈ സന്യാസിനിമാര്‍ ഏതറ്റംവരെ പോകാനും എത്ര റിസ്‌കെടുക്കാനും തയ്യാറാണ്. അതിനായി വേശ്യാലയങ്ങളില്‍വരെ ആരുടെയും കണ്ണില്‍പ്പെടാതെ നുഴഞ്ഞുകയറിയ സന്യാസിനിമാരെക്കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു.
ഇരകളെ രക്ഷപ്പെടുത്തുന്നതിനൊപ്പം അതിജീവിതര്‍ക്കുള്ള പുനരധിവാസ കേന്ദ്രങ്ങളും സ്വയം തൊഴില്‍ പരിശീലന സ്ഥാപനങ്ങളും ഇവര്‍ ഒരുക്കുന്നുണ്ട്. എന്നാല്‍ ഇത്തരം സംഘങ്ങളുടെ പിടിയില്‍ മനുഷ്യര്‍ അകപ്പെടുന്നത് തടയുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ദാരിദ്ര്യമാണ് പലപ്പോഴും പ്രലോഭനങ്ങളില്‍ ചെന്ന് വീഴാന്‍ കാരണമാക്കുന്നത്. അതിനാല്‍ വഞ്ചിക്കപ്പെടാനുള്ള സാഹചര്യങ്ങളെപ്പറ്റി ബോധവല്‍ക്കരണം നല്‍കുന്നതും തലീത്താ കുമ്മിന്റെ പ്രവര്‍ത്തനമേഖലയാണ്.

മിറിയം

ബാലവിവാഹത്തിന്റെ ഇരയാകേണ്ടവളായിരുന്നു 12 വയസുകാരി മിറിയം. അതായിരുന്നു അവളുടെ നാട്ടിലെ രീതി. എന്നാല്‍ അവള്‍ക്ക് ഇതിനോട് താല്പര്യമില്ലായിരുന്നു. ഈ നിര്‍ബന്ധിത വിവാഹത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടിപ്പോകാന്‍ അമ്മ അവളെ സഹായിച്ചു. എന്നാല്‍ വളരെ ദുര്‍ബലയായിരുന്ന അവള്‍ ആ യാത്രയില്‍ മനുഷ്യക്കടത്തുകാരുടെ കൈകളില്‍ എളുപ്പത്തില്‍ അകപ്പെട്ടു. അവരുടെ ക്രൂരതയില്‍ അവള്‍ വളരെയധികം ക്ലേശിച്ചു.
എന്നാല്‍ ഒരു ദിവസം, ബുര്‍ക്കിനാ ഫാസോയിലെ തലീത്താ കുമില്‍ നിന്നുള്ള ഒരു സിസ്റ്ററിനെ മിറിയം കണ്ടുമുട്ടി. തന്റെ തകര്‍ന്ന ഹൃദയവും ജീവിതവും അവള്‍ സിസ്റ്ററുമായി പങ്കുവച്ചു. ഒടുവില്‍ സിസ്റ്ററിന്റെ സഹായത്താല്‍ മിറിയം പീഡകരില്‍നിന്ന് അതിശയകരമായി രക്ഷപ്പെട്ടുകയായിരുന്നു. സിസ്റ്റേഴ്‌സ് മിറിയത്തിന് ക്രിസ്തുവിന്റെ സ്‌നേഹവും അനുകമ്പയും പകര്‍ന്ന്, ഒരു പുതുജീവിത സാധ്യത കാണിച്ചുകൊടുക്കുകയും ചെയ്തു. അവള്‍ക്ക് താമസസൗകര്യവും സുരക്ഷയും ഉറപ്പാക്കി. തയ്യല്‍ പരിശീലനം നല്കി സ്വയം ജോലിചെയ്ത് ജീവിക്കാന്‍ സിസ്റ്റേഴ്‌സ് ഇന്ന് മിറിയത്തെ പ്രാപ്തയാക്കിയിരിക്കുന്നു.

 

ഇറ്റലി ആസ്ഥാനമായുള്ള തലീത്താ കുമിന്റെ ഇപ്പോഴത്തെ ഇന്റര്‍നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ അബി അവെലിനോ എംഎം ആണ്. എല്ലാ ഭൂഖണ്ഡങ്ങളിലുമായി 97 രാജ്യങ്ങളില്‍ വ്യാപിച്ചിരിക്കുന്ന തലീത്താ കുമിന് 58 പ്രാദേശിക ശൃംഖലകളുണ്ട്. ആറായിരത്തോളം അംഗങ്ങളുള്ള സംഘടന 2022 ല്‍ മാത്രം അഞ്ചര ലക്ഷം ആളുകളുടെ ജീവിതത്തെ സ്വാധീനിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അടിച്ചമര്‍ത്തപ്പെട്ടവരുടെയും ചൂഷണം ചെയ്യപ്പെടുന്നവരുടെയും അന്തസ് ക്രിസ്തുവിന്റെ സ്‌നേഹത്തിലൂടെ വീണ്ടെടുക്കാന്‍ കഴിയും എന്ന് തലീത്താ കൂം സിസ്റ്റേഴ്‌സ് വ്യക്തമാക്കുന്നു.

മനുഷ്യക്കടത്തിന്റെ ഇരകളോടൊപ്പം പ്രവര്‍ത്തിച്ചുകൊണ്ട്, ഓരോ മനുഷ്യനും അന്തസോടും സംതൃപ്തിയോടും ജീവിക്കാന്‍ കഴിയുന്ന നീതിനിഷ്ഠമായ ഒരു ലോകത്തിന്റെ ശില്പികളാണവര്‍. ”ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവന്‍ ഉണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്” (യോഹ. 10:10) എന്ന ക്രിസ്തുസന്ദേശം അവര്‍ ജീവിതത്തിലൂടെ നിറവേറ്റുന്നു. രക്ഷിക്കാന്‍ ആരുമില്ലാതെ നിരാശതയില്‍ കഴിയുന്ന അനേകരുടെ ജീവിതത്തില്‍ ഇന്നും ലോകരക്ഷകനായ യേശു പിറക്കുന്നത് തലീത്താ കുമിലെ സന്യാസിനിമാരുടെ രൂപത്തിലാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയും ഏറെപ്പേര്‍ക്ക് ക്രിസ്മസ് അനുഭവമേകാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?