ഇടുക്കി: എയിഡഡ് സ്‌കൂള്‍ അധ്യാപകരോടുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍. ഭിന്നശേഷി സംവരണ വിഷയത്തില്‍ ക്രൈസ്തവ മാനേജ്‌മെന്റുകളോട് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിലും നീതി നിഷേധത്തിലും പ്രതിഷേധിച്ച് ഇടുക്കി എഡ്യൂക്കേഷണല്‍ ഏജന്‍സിയിലെ അധ്യാപകര്‍ നടത്തിയ പ്രതിഷേധ സംഗമം മുരിക്കാശേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2009 മുതല്‍ ജോലി ചെയ്യുന്ന പതിനാറായിരത്തോളം അധ്യാപകര്‍ക്ക് നിയമന അംഗീകാരം ലഭിച്ചിട്ടില്ല. മൂവായിരത്തോളം അധ്യാപക തസ്തികകള്‍ ഭിന്നശേഷി സംവരണത്തിനായി നീക്കിവച്ചിട്ടും ഏകദേശം 500 ഉദ്യോഗാര്‍ത്ഥികള്‍ മാത്രമേ ഭിന്നശേഷി വിഭാഗത്തില്‍ അധ്യാപക യോഗ്യത നേടിയിട്ടുള്ളെന്ന് അദ്ദേഹം പറഞ്ഞു.
ആയിരത്തോളം അധ്യാപകര്‍ പങ്കെടുത്ത പ്രതിഷേധ റാലി പാവനാത്മ കോളേജ് ഗ്രൗണ്ടില്‍ വച്ച് ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോര്‍ജ്ജ് തകിടിയേല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മുരിക്കാശേരി ടൗണ്‍ ചുറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിനു ശേഷം മുരിക്കാശേരി ബസ് സ്റ്റാന്‍ഡില്‍ ഇടുക്കി രൂപത ടീച്ചേഴ്‌സ് ഗില്‍ഡ് പ്രസി ഡന്റ് നോബിള്‍ മാത്യൂവിന്റെ ആധ്യക്ഷതയില്‍ പ്രധിഷേധസംഗമം ചേര്‍ന്നു.
ക്രൈസ്തവ മാനേജ്‌മെന്റുകള്‍ക്കു നേരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നീതി നിഷേധ നിലപാടിനെതിരെ ഈ മാസം 26ന് സെക്രട്ടറിയേറ്റിലേക്ക് നടത്താനിരിക്കുന്ന പ്രതിഷേധ റാലിക്കും സംഗമത്തിനും മുന്നോടിയായാണ് മുരിക്കാശേരിയില്‍ പ്രതിഷേധ റാലിയും സംഗമവും നടത്തിയത്.
പ്രതിഷേധ യോഗത്തില്‍ രൂപതാ എകെസിസി പ്രസിഡന്റ് ജോര്‍ജ്ജ് കോയിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ടീച്ചേഴ്‌സ് ഗില്‍ഡ് രൂപത സെക്രട്ടറി ബോബി തോമസ് യോഗത്തിന് നന്ദി അര്‍പ്പിച്ചു. മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിബിച്ചന്‍ തോമസ്, സിബി വലിയമറ്റം ടീച്ചേഴ്‌സ്ഗില്‍ഡ് ഭാരവാഹികള്‍ എന്നിവര്‍ പ്രതിഷേധ റാലിക്കും യോഗത്തിനും നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *