Follow Us On

21

December

2024

Saturday

വികസനത്തില്‍ കണ്ണീര്‍ വീഴുന്നത് സങ്കടകരം

വികസനത്തില്‍  കണ്ണീര്‍ വീഴുന്നത്  സങ്കടകരം

ജോസഫ് മൈക്കിള്‍

അമ്മയുടെ പ്രാര്‍ത്ഥനയ്ക്ക് ദൈവം നല്‍കിയ ഉത്തരമായിട്ടാണ് നിയുക്ത കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ തന്റെ ദൈവവിളിയെ കാണുന്നത്. വിശുദ്ധ കുര്‍ബാനയെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച അമ്മയ്ക്ക് വിശുദ്ധ കുര്‍ബാനമധ്യേ ദൈവസന്നിധിയിലേക്ക് യാത്രയാകാനുള്ള ഭാഗ്യവും ദൈവം നല്‍കി. 2004 സെപ്റ്റംബര്‍ 10-ന് ഇടവകദൈവാലയത്തില്‍ മാതാവിന്റെ തിരുസ്വരൂപത്തിന് മുമ്പില്‍നിന്ന് വിശുദ്ധബലിയില്‍ പങ്കുചേരുന്നതിനിടയിലായിരുന്നു അമ്മയുടെ മരണം. ദൈവാലയത്തില്‍ ഒരു ദിവസം വിശുദ്ധ കുര്‍ബാന ഇല്ലെങ്കില്‍ അമ്മയ്ക്ക് ആ ദിവസം വലിയ കുറവുള്ളതുപോലെയായിരുന്നു അനുഭവപ്പെട്ടിരുന്നതെന്ന് അംബ്രോസ് പിതാവ് ഓര്‍ക്കുന്നു. മകന്‍ സെമിനാരിയില്‍ ചേര്‍ന്നതുമുതല്‍ എല്ലാ ദിവസവും ദൈവാലയത്തില്‍ പോയിരുന്ന പ്രിയപ്പെട്ട അപ്പച്ചന്റെ ത്യാഗങ്ങളും തന്റെ വഴിത്താരകളില്‍ കരുത്തുപകര്‍ന്നിട്ടുണ്ടെന്നത് അംബ്രോസ് പിതാവിന് തീര്‍ച്ചയാണ്. കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ ജനുവരി 20-ന് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മെത്രാന്‍പട്ടം സ്വീകരിച്ചപ്പോള്‍ സ്വര്‍ഗത്തിലിരുന്ന് പ്രിയപ്പെട്ട മാതാപിതാക്കള്‍ അതുകണ്ട് ആനന്ദാശ്രുക്കള്‍ പൊഴിച്ചിട്ടുണ്ടാകും.

വൈപ്പിന്‍, പള്ളിപ്പുറം മഞ്ഞുമാതാ ബസലിക്കാ ഇടവകയിലെ പരേതരായ പുത്തന്‍വീട്ടില്‍ റോക്കി-മറിയം ദമ്പതികളുടെ നാലാമത്തെ മകനായി 1967 ഓഗസ്റ്റ് 21-ന് ജനിച്ച ഡോ. അംബ്രോസ് ഓസ്ട്രിയയിലെ ബ്രേഗന്‍സില്‍വച്ച് 1995 ജൂണ്‍ 11-നായിരുന്നു വൈദികപട്ടം സ്വീകരിച്ചത്. എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കോട്ടപ്പുറം രൂപതയുടെ മൂന്നാമത്തെ മെത്രാനാണ് 56-കാരനായ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. തന്റെ കാഴ്ചപ്പാടുകളും സ്വപ്‌നങ്ങളും അദ്ദേഹം സണ്‍ഡേ ശാലോമിനോടു പങ്കുവയ്ക്കുന്നു.

?രാജ്യത്തിന്റെ ബഹിരാകാശസ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ദൈവാലയവും ബിഷപ്‌സ്ഹൗസുമൊക്കെ പൂര്‍ണമനസോടെ വിട്ടുകൊടുത്ത വലിയ പാരമ്പര്യം പേറുന്ന സമൂഹമാണ് ലത്തീന്‍ സമുദായം. എന്നാല്‍, ചരിത്രം മറച്ചുവച്ചുകൊണ്ട് സമുദായത്തെ വികസന വിരോധികളെന്ന് മുദ്രകുത്താനുള്ള ശ്രമങ്ങള്‍ അടുത്തകാലത്ത് വ്യാപകമായി നടന്നിരുന്നു. അതിനെ എങ്ങനെയാണ് കാണുന്നത്.

ബഹിരാകാശത്തെക്കുറിച്ചു മാത്രമല്ല കേരളത്തിന്റെ ഉയര്‍ന്ന സാക്ഷരതയെക്കുറിച്ച് ചിന്തിച്ചാലും അതില്‍ മുഖ്യപങ്കുവഹിച്ചത് മിഷനറിമാരാണ്. വന്നവഴി മറന്നുപോകുന്ന മനോഭാവം വ്യക്തിതലത്തില്‍ ഉള്ളതുപോലെ ചരിത്രം മറന്നുപോകുന്ന ഒരു പ്രവണത രാജ്യത്തിനുമുണ്ട്. നമ്മുടെ രാജ്യത്തുള്ളത് മിക്‌സഡ് ഇക്കോണമി ആണെന്ന കാര്യവും അധികൃതര്‍ പലപ്പോഴും വിസ്മരിക്കുന്നു.
സ്വകാര്യ മേഖലയിലുള്ള സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവയ്ക്ക് ഗവണ്‍മെന്റിന്റെ സപ്പോര്‍ട്ടു ലഭിക്കുന്നില്ല. പൊതുമേഖലയെയും സ്വകാര്യമേഖലയേയും ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിയണം. സ്വകാര്യമേഖലയെ ആട്ടിയോടിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്.

?വന്‍കിട വികസനപദ്ധതികളുടെ പേരില്‍ ഏറെ നഷ്ടങ്ങള്‍ സഹിക്കേണ്ടിവന്ന വിഭാഗമാണ് കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍. മൂലമ്പള്ളിയിലും വിഴിഞ്ഞത്തുമൊക്കെ അതു കണ്ടതാണ്. പുതിയ തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉണ്ടോ? പ്രത്യേകിച്ച് പദ്ധതിയുടെ ഡിപിആര്‍ പുറത്തുവിടാത്ത സാഹചര്യത്തില്‍.

ഏതു പദ്ധതിവന്നാലും അവിടെ കുറെ പാവപ്പെട്ടവരുടെ കണ്ണീരു വീഴുന്നു എന്നത് സങ്കടകരമാണ്. മൂലമ്പള്ളിയിലും വിഴിഞ്ഞം പദ്ധതിയിലും വലിയ പ്രൊജക്ടുകളുടെ സാധ്യതകളുണ്ട്. പക്ഷേ, അതിന്റെ പേരില്‍ കുടിയിറങ്ങേണ്ടിവന്നവരെ സംരക്ഷിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് തീരദേശത്തെ ജനങ്ങള്‍ വലിയ ആശങ്കയിലാണ്. തങ്ങളെ സംരക്ഷിക്കാന്‍ ആരുമില്ലെന്ന തോന്നല്‍ അവരെ പൊതിയുന്നുണ്ട്.
വരാന്‍പോകുന്ന തീരദേശ ഹൈവയാണെങ്കിലും തീരദേശറെയില്‍വേ ആണെങ്കിലും ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണം. 2018-ലെ പ്രളയത്തിനുശേഷം ചെറിയ മഴ പെയ്യുമ്പോള്‍ത്തന്നെ ജനങ്ങള്‍ ഭയപ്പെടാന്‍ തുടങ്ങുന്ന സാഹചര്യമാണ് ഉള്ളത്. കനാല്‍ സിസ്റ്റങ്ങള്‍ ശരിയാകാത്തതുകൊണ്ടുതന്നെ ചെറിയ മഴപെയ്യുമ്പോള്‍ വെള്ളപ്പൊക്കം ഉണ്ടാകുന്നു.

? ലത്തീന്‍ സമുദായത്തിന്റെ പിന്നാക്കാവസ്ഥയ്ക്ക് ആനുപാതികമായി ജോലി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ അര്‍ഹമായ പരിഗണനകള്‍ ലഭിക്കുന്നുണ്ടോ.

രാഷ്ട്രീയമായി വലിയ സ്വാധീനം ചെലുത്താന്‍ ലത്തീന്‍ സമുദായത്തിന് കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ-സാമ്പത്തിക മേഖലകളില്‍ സമുദായ അംഗങ്ങള്‍ക്ക് ശക്തമായ സാക്ഷരത ആവശ്യമാണ്. ഭാവിയെ ലക്ഷ്യമാക്കി എല്ലാരീതിയിലും വളര്‍ച്ച കൊണ്ടുവരാന്‍ സമുദായത്തിന് സാധിക്കണം. അടിത്തട്ടു മുതല്‍ ശരിയായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം.

?തീരദേശ ജനത നിരവധി വെല്ലുവിളികള്‍ നേരിടുന്ന കാലമാണ്. കേരളത്തിന്റെ രക്ഷാസൈന്യമെന്നൊക്കെ അധികൃതര്‍ തീരദേശത്തെ ജനങ്ങളെ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും ആ പരിഗണന ലഭിക്കാറുണ്ടോ

തീരദേശം പ്രതിസന്ധികളുടെ നടുവിലാണ്. ചെല്ലാനം, പള്ളിപ്പുറം, വിഴിഞ്ഞം തുടങ്ങി ഓരോ പ്രദേശത്തും വ്യത്യസ്തമായ പ്രശ്‌നങ്ങളാണ്. കടലാക്രമണം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും തീരദേശത്തെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമുണ്ട്. കടലിനെ ആശ്രയിച്ചു ജീവിക്കുന്നവര്‍ നേരിടുന്ന പ്രതിസന്ധികള്‍ ഇതിനു പുറമെയാണ്. കടലില്‍പോയിട്ട് മീന്‍ ലഭിക്കാതെ വരുന്ന ദിവസങ്ങളില്‍ അവരുടെ വരുമാനം ഇല്ലാതാകുന്നു. ഏതു രാഷട്രീയപാര്‍ട്ടി ഭരിച്ചാലും പാവപ്പെട്ട മനുഷ്യരെ മറന്നുള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ല.

?ക്രൈസ്തവ സഭ വലിയ വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് വിവിധ സഭാ വിഭാഗങ്ങള്‍ കൂടുതല്‍ ഐക്യത്തിലേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണല്ലോ. എങ്ങനെ ഈ ഐക്യം സാധ്യമാക്കാം.

യോഹന്നാന്റെ സുവിശേഷം 17-ാം അധ്യായത്തില്‍ കര്‍ത്താവ് ഐക്യത്തിനുവേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്. ഐക്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. പ്രൊട്ടസ്റ്റന്റ് സഭാ വിഭാഗങ്ങളെയും ചേര്‍ത്തുപിടിക്കാന്‍ കഴിയണം. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ സഭാവിഭാഗങ്ങളെയും ഒരുമിപ്പിക്കുന്നതാകണം. ഇതുതന്നെയാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പറഞ്ഞത്. ലോകത്തിന്റെ പ്രകാശമായിത്തീരാന്‍ ഇനിയും ഏറെ മുമ്പോട്ടുപോകാനുണ്ട്.

?യൂറോപ്പില്‍ വര്‍ഷങ്ങളോളം ജീവിച്ചൊരാള്‍ എന്ന നിലയില്‍ മലയാളികളുടെ യൂറോപ്യന്‍ കുടിയേറ്റത്തിന്റെ സാധ്യതകളെ എങ്ങനെയാണ് വിലയിരുത്തുന്നത്.

കുടിയേറ്റത്തെ പോസിറ്റീവ് ആയിട്ടാണ് കാണുന്നത്. നമ്മുടെ രാജ്യത്ത് ഉള്ളതിനെക്കാളും അടിസ്ഥാന സൗകര്യങ്ങള്‍ ആ രാജ്യങ്ങളിലുണ്ട്. ജോലി സാധ്യതയും സമ്പാദിക്കാനുള്ള അവസരങ്ങളുമുണ്ട്. വിദേശങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ നമ്മുടെ രാജ്യം വളര്‍ച്ചയില്‍ പിന്നിലാണ്. കൂട്ടായ പരിശ്രമത്തിലൂടെവേണം ആ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍.

?തീരദേശങ്ങള്‍ കോര്‍പറേറ്റുകള്‍ കണ്ണുവയ്ക്കുമ്പോള്‍ തീരദേശ ജനതയുടെ നിലനില്പ് ചോദ്യംചെയ്യപ്പെടുകയാണ്. ഇതിനെ എങ്ങനെ മറികടക്കാന്‍ കഴിയും.

പാവപ്പെട്ടവരെ മറന്നുകൊണ്ടുള്ള വികസനം ക്രൈസ്തവ സഭയെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്. തൊണ്ണൂറ്റി ഒമ്പതിനെയും വിട്ടിട്ട് കാണാതായ ഒരാടിനെ അന്വേഷിച്ചുപോകുന്ന ഇടയന്റെ ചിത്രമാണ് ബൈബിള്‍ വിവരിക്കുന്നത്. ജീവിക്കുന്ന വീടും സ്ഥലവുമൊക്കെ നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് സങ്കടകരമാണ്.

?സമുദായത്തില്‍ ഭിന്നതകള്‍ സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനുള്ള ശ്രമങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. സഭാംഗങ്ങളുടെ അജ്ഞത ഇവിടെ മുതലെടുക്കപ്പെടുകയാണോ?

അജ്ഞത മുതലെടുക്കപ്പെടുന്ന സാഹചര്യമുണ്ട്. ഒരു ഭാഗം പറഞ്ഞുഫലിപ്പിക്കുന്നത് രാഷ്ട്രീയത്തിന്റെ രീതിയാണ്. രാഷ്ട്രീയ സാക്ഷരത ഇവിടെ അത്യാവശ്യമാണ്. അതു ഒരു ദിവസംകൊണ്ട് നടക്കുന്ന കാര്യമല്ല. ജനങ്ങള്‍ക്ക് ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന നേതാക്കന്മാര്‍ ഉയര്‍ന്നുവരണം.

?ചെറിയ സമൂഹങ്ങള്‍പ്പോലും ഒന്നിച്ചുനിന്ന് ആവശ്യങ്ങള്‍ നേടിയെടുക്കുന്നതു കാണാറുണ്ട്. എന്തുകൊണ്ടാണ് ക്രൈസ്തവ സമൂഹങ്ങള്‍ക്ക് അതിനു കഴിയാതെപോകുന്നത്.

ക്രിസ്തുവിന്റെ രാജ്യം സ്ഥാപിക്കുന്നതിനുവേണ്ടിയാണ് അടിസ്ഥാനപരമായി നാം പ്രവര്‍ത്തിക്കുന്നത്. ഒരുമിച്ചുള്ള ഒരു യാത്രയാണ്. ചെറിയ അജഗണമേ ഭയപ്പെടേണ്ട എന്നു പറഞ്ഞാണ് ക്രിസ്തു ചേര്‍ത്തുപിടിച്ചത്. ആ ചെറിയ അജഗണം ഇത്രയും വലിയ സമൂഹമായി ലോകത്തില്‍ പടര്‍ന്നുപന്തലിച്ചെങ്കില്‍ ഭാരതത്തിലും അതിനു കഴിയും. അത് ആരെയും കീഴടക്കാനല്ല.

? കേരളത്തിലെ അതിഥി തൊഴിലാളികളുടെ സംഖ്യ 30 ലക്ഷത്തിനടുത്താണ്. ഇവരുടെ കാര്യങ്ങളില്‍ സഭയുടെ ഇടപെടലുകള്‍ കൂടുതല്‍ സജീവമാകേണ്ടതല്ലേ?

അതിഥി തൊഴിലാളികളുടെ കാര്യം ഇപ്പോള്‍ ശ്രദ്ധിക്കുന്നത് കത്തോലിക്കാ സഭമാത്രമാണ്. അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന വൈദികരും സന്യസ്തരുമുണ്ട്. മറ്റുള്ളവര്‍ അവരെ കാര്യമായി സ്വാഗതം ചെയ്യുന്നില്ലെന്നത് നമ്മുടെ സംസ്‌കാരത്തിന്റെ പോരായ്മയാണ്.

?ഇതുവരെ വഹിച്ചിരുന്ന പദവികള്‍വച്ചുനോക്കുമ്പോള്‍ പുതിയ ഉത്തരവാദിത്വം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. എങ്ങനെയാണ് ഇതിനെ കാണുന്നത്.

ഒരുപാടു വെല്ലുവിളികള്‍ നിറഞ്ഞതാണ് ഈ ഉത്തരവാദിത്വം. ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ എല്ലാം നല്ലരീതിയില്‍ കൊണ്ടുപോകാന്‍ കഴിയും. അടിസ്ഥാനപരമായി പരിശുദ്ധാത്മാവാണല്ലോ നയിക്കുന്നത്.

?പുതിയ തലമുറയ്ക്ക് ആത്മീയ കാര്യങ്ങളില്‍ ഒരു മെല്ലെപ്പോക്ക് സംഭവിച്ചിട്ടുണ്ടോ? ദീര്‍ഘകാലം വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചൊരാള്‍ എന്ന നിലയില്‍ ഈ പ്രവണതയെ എങ്ങനെയാണ് വിലയിരുത്തുന്നത്.

കമ്പോളവല്ക്കരണം എല്ലായിടത്തും സംഭവിച്ചിട്ടുണ്ട്. അതു യുവജനങ്ങളുടെ ഇടയില്‍ മാത്രമല്ല. കുടുംബജീവിതത്തില്‍ അടിസ്ഥാനപരമായി തളര്‍ച്ച നേരിടുന്നു. ആത്മീയതയില്‍ പുതിയ തലമുറയ്ക്ക് തളര്‍ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ പഴയതലമുറയാണ്. കുടുംബത്തില്‍നിന്നും വിശ്വാസം പകര്‍ന്നുനല്‍കാന്‍ സാധിക്കാതെപോയി. ഓരോ കുടുംബത്തിനും ആത്മീയത ഉണ്ടാകണം. എവിടെയാണെങ്കിലും വിശ്വാസജീവിതത്തില്‍ അനുഗ്രഹമായിത്തീരാന്‍ സാധിക്കണം. മറ്റൊരിടത്തും രക്ഷയില്ലാതെ വരുമ്പോള്‍ അവസാനത്തെ ആശ്രയമായി കര്‍ത്താവ് മാറരുത്. ആദ്യംതന്നെ അവിടുത്തെ അടുത്തേക്കു പോകണം.

കത്തോലിക്കാ സമുദായത്തിന് മറ്റുള്ള വിഭാഗങ്ങളില്‍നിന്നും വ്യത്യസ്തമായ ഐഡന്റിറ്റി ഉണ്ടെന്നും അത് ക്രിസ്തുവിന്റെ ഐഡന്റിന്റിയാണെന്ന് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ പറയുന്നു. മറ്റുള്ളവര്‍ ചെയ്യുന്നത് നമുക്ക് ചെയ്യാനാവില്ല. കുരിശില്‍ തറച്ചവരോടുപോലും ക്ഷമിച്ചതാണ് ക്രിസ്തുവിന്റെ മനോഭാവം. അതുകൊണ്ടുതന്നെ ചിലപ്പോള്‍ ശബ്ദമില്ലാതെപോകാം, വധിക്കപ്പെടാം. അത് നമ്മുടെ ബലഹീനതയായി കാണേണ്ടതില്ല. എന്നുകരുതി പാവപ്പെട്ടവര്‍ക്കു ലഭിക്കേണ്ട അവകാശങ്ങള്‍ ചോദിക്കാതിരിക്കാനും പാടില്ല.

ചെറിയ അജഗണമേ ഭയപ്പെടേണ്ട എന്നാണ് കര്‍ത്താവ് പറഞ്ഞിരിക്കുന്നത്. ആ ബോധ്യത്തോടെ മുമ്പോട്ടുപോകണം. ഇതു ചിലപ്പോള്‍ പുതിയ തലമുറയ്‌ക്കോ പുതിയ ദര്‍ശനങ്ങള്‍ക്കോ മനസിലാകണമെന്നില്ലെന്നും ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ പറയുന്നു. ക്രിസ്തുവിന്റെ മനസോട് ഹൃദയങ്ങള്‍ ചേര്‍ത്തുവയ്ക്കണമെന്നാണ് ഈ ഇടയന്‍ ഓര്‍മിപ്പിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?