Follow Us On

18

September

2025

Thursday

ബാലശാസ്ത്ര പ്രതിഭകള്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക്‌

ബാലശാസ്ത്ര പ്രതിഭകള്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക്‌

പാലാ: പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബാലശാസ്ത്ര പ്രതിഭകള്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ ഗവേഷണ പ്രബന്ധാവതരണത്തിന് അര്‍ഹത നേടി. 31-ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലാണ് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ദിയ തെരേസ് മനോജ്, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഡിജോണ്‍ മനോജ് എന്നിവര്‍ പ്രൊജക്ട് അവതരിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ മുഖ്യവിഷയമായ ആരോഗ്യത്തിനും ക്ഷേമത്തിനും ആവാസവ്യവസ്ഥയെ അറിയുക എന്നതിനെ അധികരിച്ച് പ്രാണിഭോജിച്ചെടികളും കൊതുകുനിയന്ത്രണവും – ഒരു പഠനം എന്ന ഗവേഷണ പ്രബന്ധമാണ് ബാലശാസ്ത്രജ്ഞര്‍ക്ക് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിക്കുവാന്‍ അവസരം ലഭിച്ചിരിക്കുന്നത്.

2023 ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ തിരുവനന്തപുരം അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന മുപ്പത്തിയൊന്നാമത് സംസ്ഥാനതല ബാലശാസ്ത്ര കോണ്‍ഗ്രസില്‍ ജൂണിയര്‍ വിഭാഗത്തി ല്‍ വിവിധ ജില്ലകളില്‍നിന്നുള്ള 46 പ്രൊജക്റ്റുകളില്‍നിന്ന് ഒന്നാം സ്ഥാനം നേടിയാണ് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക് ഇവര്‍ അര്‍ഹത നേടിയത്. പൂഞ്ഞാര്‍ തെക്കേക്കരയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കാണപ്പെടുന്ന പ്രാണിഭോജിച്ചെടികളാണ് ഡ്രോസീറ, യുട്രിക്യുലേറിയ എന്നിവ. ഈ ഇര പിടിയന്‍ സസ്യങ്ങള്‍ പ്രാണികളെ പിടിച്ച് മൂലകങ്ങള്‍ ആഗീരണം ചെയ്തു വളരുന്നവയാണ്.

പ്രാണിഭോജിച്ചെടിയായ ഡ്രോസീറയ്ക്ക് കൊതുകുകളെ ആകര്‍ഷിച്ച് പിടിച്ച് പോഷകഘടകങ്ങള്‍ ആഗീരണം ചെയ്യാനാകുമെന്നും അതുവഴി കൊതുകുനിയന്ത്രണം സാധ്യമാകുമെന്ന കണ്ടെത്തലുമാണ് കുട്ടിശാസ്ത്രജ്ഞരെ ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കുവാന്‍ ഇടയാക്കിയത്. യുട്രിക്യുലേറിയ എന്ന പ്രാണിഭോജിചെടിക്ക് കൊതുകു ലാര്‍വകളെ പിടിച്ച് ആഹാരമാക്കുവാന്‍ കഴിയുമെന്ന കണ്ടെത്തലും സഹായകരമായി. ഫെബ്രുവരി എട്ടുമുതല്‍ 11 വരെ കാസര്‍ഗോഡ് നടന്ന മുപ്പത്തിയാറാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിലും ഈ പ്രബന്ധം അവതരിപ്പിക്കുവാന്‍ അവസരം ലഭിച്ചു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?