Follow Us On

28

April

2024

Sunday

കന്യാസ്ത്രീയെ അപമാനിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ടു; പ്രതിഷേധം ഇരമ്പുന്നു

കന്യാസ്ത്രീയെ അപമാനിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ടു; പ്രതിഷേധം ഇരമ്പുന്നു

ഷില്ലോങ് (മേഘാലയ): ബസില്‍ യാത്ര ചെയ്യുന്നതിനിടെ അസമില്‍ വച്ച് കത്തോലിക്ക കന്യാസ്ത്രീ അപമാനിക്കപ്പെട്ട സംഭവത്തില്‍ നടുക്കം മാറാതെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. സംഭവത്തെത്തുടര്‍ന്നുണ്ടായ മാനസിക ആഘാതത്തില്‍ നിന്ന് സിസ്റ്റര്‍  റോസ് മേരി ഇനിയും മോചിതയായിട്ടില്ലയെന്ന് മേഘാലയിലെ തുറ രൂപതയുടെ സഹായ മെത്രാന്‍ ജോസ് ചിറക്കല്‍ പറഞ്ഞു.

സിസ്റ്ററിനുണ്ടായ ദുരനുഭവത്തെക്കുറിച്ച് ബിഷപ്പ് പറയുന്നത് ഇങ്ങനെ, ”സിസ്റ്റര്‍ മേഘാലയയിലെ ദുദ്‌നോയിയില്‍ നിന്ന് അടുത്ത സംസ്ഥാനാമായ അസമിലെ ഗോള്‍പാറയിലേക്ക് പോകാന്‍ ബസില്‍ കയറിയതായിരുന്നു. എന്നാല്‍ യാത്രാമധ്യേ സഹയാത്രികര്‍ സിസ്റ്ററിന്റെ തിരുവസ്ത്രത്തെപ്പറ്റി മോശമായി സംസാരിക്കാന്‍ ആരംഭിച്ചു. കൂടതെ ക്രിസ്തുമതത്തിലുള്ള വിശ്വാസത്തെയും അപമാനിച്ച് സംസാരിച്ചു. തുടര്‍ന്ന് ബസ് കണ്ടക്ടര്‍ സിസ്റ്റര്‍ റോസ് മേരിയോട്‌ ബസില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ഒരു വിജനമായ സ്ഥത്ത് ഇറക്കിവിടുകയായിരുന്നു.” ബിഷപ് പറഞ്ഞു.

‘അതൊരു ഒറ്റപ്പെട്ട സ്ഥലമായിരുന്നെങ്കിലും, ദൈവനുഗ്രഹത്താല്‍ മറ്റൊരു വാഹനം കിട്ടിയതുകൊണ്ട് യാത്ര തുടര്‍ന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യമായാണ് ഇത്തരമൊരു സംഭവത്തിന് സാക്ഷിയാകുന്നതെന്ന് ബിഷപ് ചിറക്കല്‍ പറഞ്ഞു.

വൈദികരും കന്യാസ്ത്രീകളും അവരുടെ മതപരമായ വസ്ത്രം ധരിക്കുന്നത് തികച്ചും സാധാരണമാണെന്നും അവരുടെ മതപരമായ വസ്ത്രത്തിന്റെ പേരില്‍ അവരെ അപമാനിക്കുന്നതും പരിഹാസിക്കുന്നതും രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്തതുമാണെന്ന് ബിഷപ് ചിറക്കല്‍ പറയുന്നു.

മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ അവരുടെ മെഡിക്കല്‍, വിമാന യാത്രകള്‍ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് ആസാമിനെ ആശ്രയിക്കുന്നതിനാല്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കേസിലെ പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് അസമിലെ തീവ്രഹിന്ദുത്വ സംഘടനകള്‍ പ്രചരിപ്പിച്ച ക്രിസ്ത്യാനികള്‍ക്കെതിരായ തെറ്റായ വിവരണങ്ങളുടെയും പ്രചരണങ്ങളുടെയും ഫലമാണ് ഈ സംഭവമെന്ന് സംശയിക്കുന്നതായി ബിഷപ് പ്രതികരിച്ചു.

ഇത്തരം കുപ്രചരണങ്ങള്‍ തടയുന്നതിനും പൗരന്മാര്‍ക്കിടയില്‍ സാമൂഹികവും മതപരവുമായ സൗഹാര്‍ദ്ദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് മതിയായ നടപടികള്‍ കൈക്കൊള്ളേണ്ടത് ഏതൊരു സര്‍ക്കാരിന്റെയും കടമയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തെക്കുറിച്ച് അറിയിച്ചയുടന്‍ താന്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ഡോട്ടേഴ്‌സ് ഓഫ് ഫ്രാന്‍സിസ് ഡി സെയില്‍സ് സന്യാസസഭാംഗമായ സിസ്റ്റര്‍ മേരി റോസ്, തുറ രൂപതയുടെ കീഴിലുള്ള സൗത്ത് ഗാരോ ഹില്‍സിലെ സിജു ഗ്രാമത്തിലെ സെന്റ് ജോണ്‍സ് ഇടവകയിലാണ് സേവനം ചെയ്യുന്നത്.

ഇതേസമയം കന്യാസ്തീ അപമാനിക്കപ്പെട്ട സംഭവത്തില്‍ മേഘാലയ നിയമസഭയില്‍ പ്രതിപക്ഷ അംഗം ചാള്‍സ് പൈന്‍ഗ്രോപ്പ് സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടു.

കൂടാതെ നിയമസഭയില്‍ വെസ്റ്റ് ഗാരോ ഹില്‍സിനെ പ്രതിനിധീകരിക്കുന്ന മന്ത്രി റക്കം സാംഗ്മയും മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ സാങ്മയുമായി വിഷയം ഉന്നയിച്ചു. കന്യാസ്ത്രീക്ക് അപമാനം നേരിട്ട അയല്‍ സംസ്ഥാനമായ അസമിലെ ഭരണാധികാരികളോടും ഫെഡറല്‍ സര്‍ക്കാരിനോടും മേഘാലയ സര്‍ക്കാര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ദിവസങ്ങള്‍ക്ക് മുമ്പ് തീവ്രഹിന്ദുത്വ സംഘടനകളുടെ നേതാക്കള്‍ സംയുക്തമായി അസമിലെ ഗുവാഹത്തിയില്‍ ഒരു പത്രസമ്മേളനം നടത്തി ക്രിസ്ത്യാനികള്‍ തങ്ങളുടെ സ്‌കൂളുകളെ മതപരിവര്‍ത്തനത്തിനുള്ള മാധ്യമമായി ഉപയോഗിക്കുന്നുവെന്ന് വ്യാജ ആരോപണം ഉയര്‍ത്തിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ അവരുടെ സ്‌കൂളുകളില്‍ നിന്ന് ക്രിസ്ത്യന്‍ ചിഹ്നങ്ങളും രൂപങ്ങളും നീക്കംചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കൂടാതെ സ്‌കൂളില്‍ ജോലി ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും തങ്ങളുടെ മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് നിര്‍ത്തണമെന്ന് വാര്‍ത്താസമ്മേളനത്തിന് നേതൃത്വം നല്‍കിയ സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ഫെബ്രുവരി 16 ന് അസമിലെ ജോര്‍ഹട്ടിലെ കാര്‍മല്‍ സ്‌കൂളിന്റെ മതിലില്‍ ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്‌കൂളിന് ഒരാഴ്ചത്തെ സമയം അനുവദിച്ച് ഒട്ടിച്ച പോസ്റ്റര്‍ കണ്ടെത്തിയിരുന്നു. പോസ്റ്റര്‍ ‘സ്‌കൂള്‍ കാമ്പസില്‍ പരിഭ്രാന്തി സൃഷ്ടിച്ചതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസ് ഫാത്തിമ നല്‍കിയ പരാതിയില്‍ പറയുന്നു.

മലയോര സംസ്ഥാനമായ മേഘാലയയിലെ ഏകദേശം 40 ലക്ഷം ജനങ്ങളില്‍ 74.59 ശതമാനവും ക്രിസ്ത്യാനികളാണ്. എന്നാല്‍ ബിജെപി ഭരിക്കുന്ന അസമിലെ 31 ദശലക്ഷം ജനങ്ങളില്‍ ക്രിസ്ത്യാനികള്‍ 3.74 ശതമാനം മാത്രമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?