Follow Us On

21

November

2024

Thursday

യുവാവിനെ രക്ഷിച്ചത് ആത്മഹത്യക്ക് ശ്രമിച്ച യുവതി

യുവാവിനെ രക്ഷിച്ചത് ആത്മഹത്യക്ക് ശ്രമിച്ച യുവതി

ആത്മഹത്യക്കുവേണ്ടതെല്ലാം ചെയ്ത്, ഒരുകുപ്പി മദ്യവും അകത്താക്കി, തന്റെ പ്രിയപ്പെട്ട പാവക്കുട്ടിയെയും കെട്ടിപ്പിടിച്ചുകൊണ്ട് അലിസണ്‍ മരണത്തിനായി കാത്തുകിടന്നു. അപ്പോള്‍ അപ്രതീക്ഷിതമായി അവിടെ എത്തിയ സുഹൃത്ത്  സൂ അര്‍ട്ട്വര്‍ത്ത് ഉടനെ അലിസനെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സ സ്വീകരിക്കാന്‍ വിസമ്മതിച്ച അലിസന്‍ അബോധാവസ്ഥയിലായ ശേഷമാണ് ഡോക്ടര്‍മാര്‍ ചികിത്സിച്ചത്. അന്ന് അലിസന്‍ രക്ഷപെട്ടെങ്കിലും മരിക്കാനുള്ള അലിസന്റെ ആഗ്രഹത്തിന് മാറ്റമുണ്ടായില്ല. ഇംഗ്ലണ്ടില്‍ ജനിച്ച അലിസന് സ്‌പൈനാ ബിഫിഡാ എന്ന രോഗത്തോടപ്പം ഹൈഡ്രോസിഫാലസ്, എംഫൈസേമാ, ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോപൊറോസിസ് എന്നീ രോഗങ്ങളുമുണ്ടായിരുന്നു. കൗമാരക്കാലം മുതല്‍ വീല്‍ചെയറിനെ ആശ്രയിക്കേണ്ടി വന്ന അലിസന്റെ വേദനകള്‍ അവളെ ദൈവമില്ല എന്ന ചിന്തയിലേക്കാണ് നയിച്ചത്. ഒരു ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനിയായിട്ടാണ് ജനിച്ചതെങ്കിലും നിരീശ്വരവാദിയായി മാറിയ അലിസണ്‍ 20ാം വയസില്‍ വിവാഹിതയായി.

അലിസന്‍ ഡേവിസിന്റെ ജീവിതത്തിലേക്ക് മറ്റൊരു ദുരന്തം കൂടെ  1985ല്‍ വന്നെത്തി. എല്ലാ വിധത്തിലും അലിസന്റെ തുണയായിരുന്ന  ഭര്‍ത്താവ് ആ വര്‍ഷം അലിസനെ ഉപേക്ഷിച്ചുപോയി. ഭര്‍ത്താവിന്റെ പ്രവൃത്തിയെ ഇന്നും കുറ്റപ്പെടുത്താന്‍ വിസമ്മതിക്കുന്ന അലിസണ്‍ ഡേവിസിന് പക്ഷേ താങ്ങാവുന്നതിലും വലിയ ആഘാതമായിരുന്നു അത്.  ജീവിതത്തിലെ വൈകല്യങ്ങളെ ഇച്ഛാശക്തി കൊണ്ട് നേരിടാം എന്ന് ചിന്തിച്ചിരുന്ന അലിസന്റെ ആത്മധൈര്യം നഷ്ടപ്പെട്ടു. എങ്ങനെയും ജീവിതം അവസാനിച്ചാല്‍ മതി എന്ന് ചിന്തിച്ച വര്‍ഷങ്ങളുടെ ആരംഭമായിരുന്നു അത്. ഈ കാലഘട്ടത്തില്‍ നിരവധി ആത്മഹത്യശ്രമങ്ങള്‍ നടത്തിയെങ്കിലും അവിടെ നിന്നെല്ലാം ദൈവം അലിസനെ അദ്ഭുതകരമായി രക്ഷിച്ചു.

നിരാശയില്‍ കഴിഞ്ഞിരുന്ന അലിസന്റെ ജീവിതത്തിലേക്ക് ദൈവമയച്ച മാലാഖയായിരുന്നു ഡോ. കോളിന്‍ ഹാര്‍ട്ട്. കുറച്ചു ദിവസത്തേക്ക് അലിസനെ പരിചരിക്കാനെത്തിയ ഈ കത്തോലിക്ക ഡോക്ടര്‍ അലിസന്റെ ജീവിതാന്ത്യത്തോളം അവളുടെ സുഹൃത്തും വഴികാട്ടിയുമായി മാറി.

ഡോക്ടറെ കുഴക്കിയ രോഗി

1989ല്‍ ഇരുവരുമൊന്നിച്ച് ലൂര്‍ദിലെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് നടത്തിയ യാത്രയിലാണ് കുഴയ്ക്കുന്ന ആ ചോദ്യം അലിസന്‍ ഡോക്ടറോട് ചോദിച്ചത്  ‘എന്താണ് സഹനങ്ങളുടെ അര്‍ത്ഥം’ എന്നതായിരുന്നു ആ ചോദ്യം. ആദ്യം മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ട് ദിവസത്തിന് ശേഷം ഡോ. ഹാര്‍ട്ട് ഇപ്രകാരം മറുപടി നല്‍കി” നമ്മുടെ സഹനങ്ങള്‍ ദൈവത്തിന് ഒരു പ്രാര്‍ഥനയായി സമര്‍പ്പിക്കാന്‍ സാധിക്കും. അങ്ങനെ സഹനങ്ങള്‍ക്ക് ഒരു ലക്ഷ്യവും മൂല്യവും കണ്ടെത്താന്‍ സാധിക്കും.’ ആദ്യമായിട്ടാണ് അലിസന്‍ ഇത്തരമൊരു കാര്യം കേട്ടത്. അന്ന് മുതല്‍ സഹനങ്ങള്‍ ദൈവത്തിന് ഒരു കാഴ്ചയായി സമര്‍പ്പിച്ചു തുടങ്ങി.

ഇന്ത്യ എല്ലാം മാറ്റിമറിച്ചു

ഇന്ത്യയിലെ വൈകല്യമുള്ള കുട്ടികളുടെ ഒരു കേന്ദ്രം സന്ദര്‍ശിച്ചതോടെയാണ് മരിക്കാനുള്ള ആഗ്രഹം പൂര്‍ണമായി വിട്ടുമാറിയത്. ആ കുട്ടികളുടെ കൂടെ ചിലവഴിച്ച ദിവസങ്ങള്‍ അലിസന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. മമ്മി എന്ന് വിളിച്ചുകൊണ്ട് അലിസന്റെ ചുറ്റും കൂടിയ കുഞ്ഞുളെ അലിസനും ആത്മാര്‍ത്ഥമായി സ്‌നേഹിച്ചു. വൈകല്യം മൂലം വേദനിക്കുന്ന ഈ കുട്ടികള്‍ക്ക് തന്റെ സാന്നിധ്യവും സഹായവും നല്‍കുന്ന സന്തോഷം തന്റെ ജീവിതവും മൂല്യമുള്ളതാണെന്നുള്ള ബോധ്യം അലിസനില്‍ നിറച്ചു. തിരികെയുള്ള യാത്രയില്‍ അലിസന്‍ ഇങ്ങനെ പറഞ്ഞു ‘എനിക്ക് ജീവിക്കാന്‍ ആഗ്രഹം തോന്നുന്നു.’ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് അലിസന്‍ അത്തരമൊരു ആഗ്രഹം പ്രകടിപ്പിച്ചത്.


പ്രൊട്ടസ്റ്റന്റുകാരി പരിശുദ്ധ അമ്മയുടെ കരംപിടിച്ച് കത്തോലിക്കാ സഭയിലേക്ക്

1991 ഈസ്റ്റര്‍ ഞായറാഴ്ച അലിസന്‍ ഡേവിസ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. പരിശുദ്ധ ദൈവമാതാവിന്റെ കരം പിടിച്ചുകൊണ്ടായിരുന്നു കത്തോലിക്ക വിശ്വാസത്തിലേക്കുള്ള ആ യാത്ര.  അബോര്‍ഷനെ ശക്തമായി പ്രോത്സാഹിപ്പിച്ചിരുന്ന അവള്‍ അത്  തെറ്റാണെന്നു ബോധ്യപ്പെട്ട ശക്തയായ പ്രോ ലൈഫ് വക്താവായി മാറി.

2006ല്‍ യുകെയില്‍ ദയാവധം നിയമവിധേയമാക്കുന്നതിനുള്ള ബില്ലു കൊണ്ടുവന്നപ്പോള്‍ ഇതിനെ എതിര്‍ത്തുകൊണ്ട് നിരവധി ടെലിവിഷന്‍ ചാനലുകളിലും റേഡിയോകളിലും അലിസന്‍ അഭിമുഖം നല്‍കി. മരണത്തിനായി ആഗ്രഹിച്ച  കാലഘട്ടത്തില്‍ ദയാവധത്തെ അനുകൂലിക്കുന്ന നിയമം ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അന്ന് ആ മാര്‍ഗം സ്വീകരിക്കുമായിരുന്നുവെന്നതായിരുന്നു അലിസന്റെ സാക്ഷ്യത്തിന്റെ രത്‌നച്ചുരുക്കം. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ ദൈവം തനിക്കായി കരുതി വച്ചിരുന്ന അനുഗ്രഹത്തിന്റെ ഈ വര്‍ഷങ്ങള്‍ കാണാന്‍ കഴിയുകയില്ലായിരുന്നുവെന്നും വീല്‍ചെയറിലിരുന്നുകൊണ്ട് അലിസന്‍ ലോകത്തോട് വിളിച്ചുപറഞ്ഞു.

ഒരു ചാനലില്‍ അലിസന്റെ ഇന്റര്‍വ്യൂ ടെലിക്കാസ്റ്റ് ചെയ്ത് 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ ജോണ്‍ എന്ന യുവാവിന്റെ ഫോണ്‍ കോള്‍  ചാനലിന്റെ ഓഫീസിലേക്ക് എത്തി. അന്ന് തന്നെ ജീവന്‍ അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു എന്നും എന്നാല്‍ അലിസന്റെ ഇന്റര്‍വ്യൂ കണ്ടതോടെ ആ തീരുമാനം മാറ്റി എന്നുമായിരുന്നു ജോണിന് പറയാനുള്ളത്.

2013ല്‍ അന്തരിച്ച അലിസന്‍ ഡേവിസിന്റെ വാക്കുകള്‍ ക്ലേശകരമായ സാഹചര്യത്തില്‍ ജീവിക്കുന്ന അനേര്‍ക്ക് ഇന്നും മുമ്പോട്ട് പോകാനുള്ള പ്രചോദനം നല്‍കുന്നു ”എന്റെ ക്ലേശങ്ങള്‍ക്കും എല്ലാ സഹനങ്ങള്‍ക്കും ഒരു ലക്ഷ്യമുണ്ട്. ക്രിസ്തു കുരിശില്‍ സഹിച്ച വേദനയോട് ചേര്‍ത്ത് വച്ചുകൊണ്ട് എന്റെ സഹനങ്ങള്‍ ദൈവത്തിന് സമര്‍പ്പിക്കുന്നത് എനിക്ക് ദൈവത്തോട് കാണിക്കാവുന്ന ഏറ്റവും വലിയ സ്‌നേഹപ്രകടനവും ഏറ്റവും ശക്തമായ പ്രാര്‍ഥനയുമാണ്. എനിക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും ക്ലേശമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയും ഈ പ്രാര്‍ഥന സമര്‍പ്പിക്കാന്‍ സാധിക്കും. നമ്മുടെ സഹനങ്ങള്‍ കര്‍ത്താവിന്റെ സഹനങ്ങളിലുള്ള പങ്കാളിത്തമാണെന്ന് ഞാന്‍ സത്യമായും വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഇന്ന് നാം ജീവിക്കുന്ന ലോകത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമായാണ് ഞാന്‍ അവയെ കാണുന്നത്.”

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?