Follow Us On

21

December

2024

Saturday

സില്‍വസ്റ്റര്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ദുര്‍മന്ത്രവാദിയോ?

സില്‍വസ്റ്റര്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ദുര്‍മന്ത്രവാദിയോ?

ശാസ്ത്രത്തിലുള്ള അറിവിലൂടെ പ്രസിദ്ധിയാര്‍ജ്ജിക്കുകയും മാര്‍പ്പാപ്പയാവുകയും ചെയ്ത വ്യക്തിയാണ് സില്‍വസ്റ്റര്‍ രണ്ടാമന്‍. എ.ഡി.999 മുതല്‍ എ.ഡി.1003 വരെയാണ് അദ്ദേഹം കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചിരുന്നത്. അദ്ദേഹം മാര്‍പ്പാപ്പയായിരുന്ന കാലത്തെ പ്രമുഖ ദൈവശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനും അദ്ദേഹം തന്നെയായിരുന്നു. ഇരുണ്ട യുഗത്തില്‍ ശാസ്ത്രത്തിന്റെ വെളിച്ചം കൊണ്ടുവന്ന വ്യക്തി എന്നാണ് അദ്ദേഹത്തിന്റെ ഒരു വിശേഷണം.

ഗെര്‍ബര്‍ട്ട് എന്ന നാമത്തില്‍ ഫ്രാന്‍സിലെ ആറില്ലാക്കിലാണ് അദ്ദേഹം ജനിച്ചത്. എ.ഡി 957ല്‍ സ്‌പെയിനിലെ സാന്റമരിയ ഡി റിപ്പോള്‍ മൊണാസ്ട്രിയില്‍ അദ്ദേഹം പ്രവേശനം നേടി. അദ്ദേഹത്തിന്റെ വിജ്ഞാനത്തില്‍ ആകൃഷ്ടനായ ജോണ്‍ പതിമൂന്നാമന്‍ മാര്‍പ്പാപ്പ, റോമന്‍ ഭരണാധികാരിയായിരുന്ന ഓട്ടോ ഒന്നാമന് അദ്ദേഹത്തെ പരിചയപ്പെടുത്തി. പിന്നീട് ഓട്ടോ രണ്ടാമന്റെയും ഓട്ടോ മൂന്നാമന്റെയും അദ്ധ്യാപകനായി അദ്ദേഹം മാറി. ഇന്ന് നാം ഉപയോഗിക്കുന്ന അല്‍ഗോരിതങ്ങളുടെ പൂര്‍വ്വരൂപമായ കൗണ്ടിങ്ങ് ബോര്‍ഡ് അഥവാ അബാക്കസ് രൂപകല്‍പന ചെയ്ത് അദ്ദേഹമാണ്. 3000 ബി.സിക്കും, 1622 എ.ഡി യില്‍ സ്ലൈഡ് റൂള്‍ കണ്ടുപിടിക്കുകയും ചെയ്തതിനിടയ്ക്കുള്ള 4 സുപ്രധാന കണ്ടുപിടിത്തങ്ങളില്‍ ഒന്ന് ഗെര്‍ബര്‍ട്ടിന്റെ അബാക്കസ് ആയിരുന്നു. നക്ഷത്രങ്ങളെപ്പറ്റി പഠിക്കുവാനായി നിരീക്ഷണസംവിധാനങ്ങളും അദ്ദേഹം സ്ഥാപിച്ചു.  ഭൂമി ഡിസ്‌ക് പോലെ പരന്നതല്ലെന്നും ആപ്പിള്‍ പോലെ വൃത്താകൃതിയാണെന്നും അദ്ദേഹം വാദിച്ചു. ഏത് ചോദ്യങ്ങള്‍ക്കും, അതെ അല്ലെങ്കില്‍ അല്ല, എന്ന് ഉത്തരം പറയുന്ന ഒരു ഉപകരണം സ്ഥാപിച്ചതായും പെന്‍ഡുലം ക്ലോക്ക് കണ്ടുപിടിച്ചതായും പറയപ്പെടുന്നു.

ബനഡിക്ട് എട്ടാമന്‍ പാപ്പ ഗെര്‍ബര്‍ട്ടിനെ ബോബിയോ മൊണാസ്ട്രിയുടെ തലവനായി നിയമിച്ചു. എ.ഡി.999ല്‍ ഗ്രിഗറി അഞ്ചാമന്‍ മാര്‍പ്പാപ്പയുടെ മരണത്തോടെ കത്തോലിക്കാസഭയിലെ പ്രഗല്‍ഭ ശാസ്ത്രജ്ഞനായ ആറില്ലാക്കിലെ ഗെര്‍ബര്‍ട്ട്, സില്‍വസ്റ്റര്‍ രണ്ടാമന്‍ എന്ന പേരില്‍ മാര്‍പ്പാപ്പയായി നിയമിതനായി. മറ്റു മാര്‍പ്പാപ്പമാരില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന്റെ എഴുത്തുകളില്‍ ദൈവശാസ്ത്രത്തോടൊപ്പം ജോമട്രിയും, ഗണിതവും ഉള്‍പ്പെട്ടിരുന്നു.
വിവിധ രാജ്യങ്ങളിലെ പ്രധാനപ്പെട്ട സഭാപരമായ കാര്യങ്ങളില്‍ സില്‍വെസ്റ്റര്‍  മാര്‍പാപ്പാ ക്രമീകരണങ്ങള്‍ വരുത്തി. പോളണ്ടിലെ ഗ്‌നെസെനിലും ഹംഗറിയിലെ ഗ്രാനിലും മെത്രാപ്പോലീത്തയെ നിയമിച്ചു.

എ.ഡി 1003ല്‍ സില്‍വസ്റ്റര്‍ രണ്ടാമന്‍ ഇഹലോകവാസം വെടിഞ്ഞു. ശാസ്ത്രം മതത്തിനെതിരാണെന്ന് ചിന്തിച്ചിരുന്നവര്‍ ദുര്‍മന്ത്രവാദിയെന്ന് സില്‍വസ്റ്റര്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ വിലയിരുത്തി. എന്നാല്‍ 1602ല്‍ പേപ്പല്‍ ലൈബ്രേറിയനായിരുന്ന കര്‍ദ്ദിനാള്‍ ബറോണിയസ് ഈ വാദങ്ങളെയെല്ലാം തള്ളിക്കളയുകയും, അക്കാലത്ത് ജീവിച്ചിരുന്ന ഏറ്റവും മികച്ച പണ്ഡിതനായിരുന്നു സില്‍വസ്റ്റര്‍ രണ്ടാമനെന്നുപ്രഖ്യാപിക്കുകയുണ്ടായി. ശാസ്ത്രത്തില്‍ അറിവു നേടുന്നതോടൊപ്പം വിശ്വാസത്തിലും വളരാന്‍ സാധിക്കുമെന്ന് സില്‍വസ്റ്റര്‍ രണ്ടാമന്റ ജീവിതം നമ്മെ ഓര്‍മിപ്പിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?