Follow Us On

22

January

2025

Wednesday

ഹെഡ്‌സെറ്റ്‌

ഹെഡ്‌സെറ്റ്‌

സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത

ഒരു ട്രെയിന്‍ യാത്ര. എന്റെ കൂപ്പയിലിരിക്കുന്ന എല്ലാവരും ഹെഡ്‌സെറ്റ് ധാരികളാണ്. പാട്ട് കേള്‍ക്കുന്നവരുണ്ട്. ഫോണില്‍ സംസാരിക്കുന്നവരുണ്ട്. ദോഷം പറഞ്ഞാല്‍, ഞങ്ങളെല്ലാവരും താന്താങ്ങളുടെ ലോകത്തിലേക്ക് പിന്‍വലിഞ്ഞതാണ്. ഗുണം പറഞ്ഞാലോ, ശബ്ദബഹുലമായ ഒരന്തരീക്ഷത്തില്‍ ഓരോരുത്തര്‍ക്കും കൂടുതല്‍ വ്യക്തമായി കേള്‍ക്കാനും പറയാനുമൊക്കെ ഹെഡ്‌സെറ്റ് സഹായിക്കുന്നുണ്ട്. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ തലയിലിരിക്കുന്ന ഈ കുന്തം സത്യത്തില്‍ ക്ലാരിറ്റി വര്‍ധിപ്പിക്കുന്നുണ്ട്. ഈ തലയിലിരുപ്പ് കണ്ടപ്പോള്‍ ഒരു കൗതുകം തോന്നി. മറ്റൊന്നുമല്ല, ഇക്കാലത്തിന്റെ പൊതുമണ്ഡലങ്ങളിലെ ‘ഹെഡ് സെറ്റിംഗ്‌സുകളെ (തല തൊട്ടപ്പന്മാര്‍ എന്ന് സ്വന്തം ഭാഷാന്തരം) കുറിച്ചാണ്. തലപ്പത്തിരിക്കുന്നവരുടെ ക്ലാരിറ്റിയില്ലായ്മകളെക്കുറിച്ചുള്ള കഥകളാണ് ഈ സുതാര്യ കേരളത്തിലെ ചാനല്‍ പാണന്മാര്‍ പാടി നടക്കുന്നത്രതയും. ചുരുക്കത്തില്‍, നിലത്ത് വെച്ചാല്‍ ചെറിയ ചെറിയ ഉറുമ്പരിക്കും എന്ന് വിചാരിച്ച് നാം തലയില്‍ വെച്ച് നടക്കുന്നവര്‍ അത്രമേല്‍ വ്യക്തതയാര്‍ന്ന ഒരനുഭവം തരുന്നില്ലല്ലോ എന്ന് നമ്മുടെ കുട്ടികള്‍ക്കിടയില്‍ ഒരു കൊച്ചുവര്‍ത്തമാനം തുടങ്ങിയിട്ടുണ്ട്. നമ്മുടെ വാക്കുകള്‍ക്ക് നേര്‍മ്മ നഷ്ടമാകുമ്പോളും നാം പറയുന്നത് കേള്‍ക്കേണ്ടതില്ല എന്ന് അവര്‍ക്ക് തോന്നി തുടങ്ങുമ്പോഴും അപകടമാണ്. എന്തെന്നോ? വ്യക്തതയില്ലെങ്കില്‍ ഹെഡ്‌സെറ്റ് വലിച്ചെറിയാനുള്ള സാധ്യത കൂടുതലാണ്. ഒരു വഴി നമ്മുടെ മുമ്പിലുണ്ട്. റിപ്പയര്‍ ചെയ്യണം. സ്വയം നന്നാക്കണം എന്നുതന്നെ! ക്ലാരിറ്റി തിരിച്ചു പിടിക്കണം. വ്യക്തമായത് വ്യക്തിത്വം എന്നത് നീ മറന്നിട്ടില്ലല്ലോ സഖേ!

നിയമസഭയിലെ വേദപഠനക്ലാസുകളില്‍ പരാമര്‍ശിക്കപ്പെടാതെപോയ ഒരു വാക്യമുണ്ട്. അത് പരിശുദ്ധ സഭയുടെ തിരഞ്ഞെടുക്കപ്പെട്ട സമിതികളിലെങ്കിലും ഒരു പാഠ്യവിഷയമാക്കേണ്ടതുണ്ട്. മറ്റൊന്നുമല്ല, ‘വിളിക്കപ്പെട്ടവരോ അനേകം; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം!’ ഇടവകതല തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതേയുള്ളൂ. എത്ര ആവേശകരമായിരുന്നു പലതും. ‘ജനാധിപത്യ’ത്തിന്റെ മൂര്‍ദ്ധന്യതയില്‍ ‘ദൈവാധിപത്യം’ പള്ളി പരിസരങ്ങളില്‍പോലും അന്യമാകുന്നു. ഒരിടത്ത് ചാകാത്തപുഴുവിനെയും കെടാത്തതീയിനെയും ചൊല്ലി അവിശ്വാസികള്‍ ഭാരപ്പെടുന്നു. മറുവശത്ത്, സത്യവിശ്വാസികളാകട്ടെ ന്യായവിധിയെക്കുറിച്ചൊരു ബോധവുമില്ലാതെ ഭുവനെ തമ്മില്‍ വിഴുങ്ങുന്നു. സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം! പക്ഷേ, യാഗപീഠങ്ങളെ ആശ്രയിക്കുന്നവര്‍ ഇല്ലാതെയാകുന്നു. ബലം നിന്നിലുള്ള മനുഷ്യരൊക്കെ വല്ലാതെ കുറഞ്ഞുപോകുന്നു. അതുകൊണ്ട് തന്നെ സീയോനിലേക്കുള്ള പെരുവഴികള്‍ മാത്രം ഞങ്ങള്‍ കാണുന്നില്ല. സ്വന്തവിവേകത്തില്‍ മാത്രമൂന്നി ഞങ്ങളുടെ പാതകള്‍ തെറ്റിപ്പോവുന്നു. മതം രാഷ്ട്രീയത്തില്‍ കലരുന്നതിന്റെ ആപല്‍ സൂചനകള്‍ കണ്ടുതുടങ്ങുന്നു. എന്നിട്ടും രാഷ്ട്രീയം മതത്തില്‍ കലര്‍ത്തുന്നതിന്റെ വിപത്ത് അറിയാതെ പോകുന്നു. സഭാ ജീവിതത്തിലെ ഈ തലതിരിവ് ഒരു വല്ലാത്ത ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

പള്ളി ഭരണത്തെക്കുറിച്ചുള്ള നമ്മുടെ അറിവുകള്‍ തെറ്റുന്നുണ്ടോ? പോളിംഗ് ദിനത്തെക്കുറിച്ചുള്ള ആര്‍.കെ. ലക്ഷ്മണിന്റെ കാര്‍ട്ടൂണ്‍ ചിത്രത്തെയാണ് ചില പള്ളി തിരഞ്ഞെടുപ്പുകള്‍ ഓര്‍മിപ്പിച്ചത്. ഇതുവരെയും മൗനം അവലംബിക്കുന്ന ഒരു വലിയ പറ്റം ‘കോമണ്‍ മാന്‍’ സഭയ്ക്കുള്ളിലും ഉണ്ട് നേതാവേ! കാലം മാറിത്തുടങ്ങി. ഡല്‍ഹി ഇപ്പോള്‍ പഴയ ഡല്‍ഹിയല്ലെന്നു ഓര്‍മ്മിപ്പിച്ചത് വെറും ‘ആം ആദ്മി’യാണ് എന്നതും മറക്കാതിരുന്നാല്‍ നന്ന്. അതെ, ‘തലസ്ഥാന’ത്തിന്റെ കാര്യം തന്നെയാണ് പറഞ്ഞത്. ഇനി ഹെഡ്‌സെറ്റ് (തലസ്ഥാനം/ തലയിലിരുപ്പ് എന്നിങ്ങനെ വ്യത്യസ്താര്‍ത്ഥങ്ങളില്‍ ഇവിടെ ഭാഷാന്തരം) നന്നാക്കാം. എല്ലാത്തിന്റെ നടത്തിപ്പിന് ഞാന്‍ മാത്രമേയുള്ളൂ എന്നാണ് വിചാരം. തിരുത്തണം. ഞാനാണ് എന്റെ ഏരിയായുടെ ‘തല’ എന്നുള്ള ‘ഉലകനായകഭാവം’ (മെഗലോമാനിയ എന്നൊക്കെ കടുപ്പത്തില്‍ പറയാം) മാറണം. പൗലോസിനെയൊന്ന് കേള്‍ക്കണം (സഭാ പ്രവര്‍ത്തനത്തിന്റെ തിരിക്കിനിടയില്‍ വിശുദ്ധ വേദപുസ്തകം വായിക്കാന്‍ സമയം കിട്ടിയാല്‍). സഭ ക്രിസ്തുവിന്റെ ശരീരമാണ് (1 കോറി. 12:27). ക്രിസ്തു സഭ എന്ന ശരീരത്തിന്റെ തല ആകുന്നു (കൊളോ. 1:18) എന്നൊക്കെ അപ്പോസ്‌തോലന്‍ പഠിപ്പിക്കുന്നു.

പൗലോസ് മാര്‍ ഗ്രീഗോറിയോസ് ഇങ്ങനെ വിശദീകരിക്കുനുണ്ട്, ”ദൈവം മനുഷ്യനായി ക്രിസ്തുവില്‍ അവതരിച്ചതുപോലെ, ഓരോ മനുഷ്യനും ക്രിസ്തുവിലൂടെ ദൈവാനുരൂപികളായിത്തീരണം, ആയതിനാല്‍ മനുഷ്യനെ ദൈവീകരിക്കുന്ന പ്രവര്‍ത്തനത്തിനെതിരായ ഘടകങ്ങളെ നിര്‍മ്മാര്‍ജനം ചെയ്യുകയെന്നതാണ് മതത്തിന്റെ പൊതുവായ ധര്‍മ്മം. ദൈവീകരണത്തിലൂടെ പ്രപഞ്ചത്തിന്റെ മുഴുവന്‍ താളലയങ്ങളെ സമന്വയിപ്പിച്ച് ദൈവത്തിന്റെ ദൃശ്യമായ പ്രതീകമായി (Icon) അവതരിച്ച് ‘യേശു ക്രിസ്തുവിന്റെ’ അദൃശ്യ ശരീരത്തിലെ അവയവങ്ങളായി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍, ഓരോ മനുഷ്യനും വിശ്വമാനവനായ യേശുക്രിസ്തുവിന്റെ തലയോളം വളര്‍ന്നു പൂര്‍ണ്ണതയിലേയ്ക്ക് എത്തുന്നു.” ഇനിയെങ്കിലും തല മറന്ന് എണ്ണ തേയ്ക്കല്ലേ സഖാവേ!

മനുഷ്യാവതാരം ചെയ്ത തമ്പുരാനെ നോക്കുക. തന്റെ ശരീരം സംരക്ഷിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതേയില്ല. കുരിശും പീഡയും ഒഴിവാക്കാന്‍ ഒരത്ഭുതവും കാട്ടുന്നുമില്ല. അവന്റെ ശരീരത്തിന്റെ ദിനചര്യകളെ ധ്യാനിക്കുക. പ്രാര്‍ത്ഥിക്കാന്‍ പതിവായി മലയിലേക്ക് പോകുന്നു. ജനങ്ങളോട് ദൈവരാജ്യത്തെക്കുറിച്ച് പറയുന്നു. മാനസാന്തരപ്പെടുവാന്‍ ആഹ്വാനം ചെയ്യുന്നു. നിത്യജീവനിലേക്കുള്ള വഴികള്‍ തുറക്കുന്നു. അപ്പം നല്കുന്നു. സൗഖ്യം വിതറുന്നു. വലകളില്‍ മീനുകള്‍ നിറയ്ക്കുന്നു. കാണാതെ പോയവ വീണ്ടെടുക്കുന്നതിനെ ഓര്‍മിപ്പിക്കുന്നു. ഒടുക്കം വല്ലാതെ ഒറ്റപ്പെട്ടിട്ടും തന്റെ ശരീരം വിഭജിച്ചു നല്‍കുന്നു. ഒത്തിരിയേറെ നുറുക്കപ്പെട്ട് ലോകത്തിന്റെ വിശപ്പുകള്‍ക്ക് ശമനമാകുന്നു. തലയാകുന്ന ക്രിസ്തുവിന്റെ ബോധം നമ്മില്‍ മാഞ്ഞുപോവുകയാണോ? കഷ്ടതയും സങ്കടവും പട്ടിണിയും ആപത്തും നഗ്‌നതയും വാളും നിറഞ്ഞ ഈ ലോകം നമ്മുടെ ചര്‍ച്ചകളില്‍ വിഷയമാകുന്നില്ല. കൂപമണ്ഡൂകമെന്നോണം ‘ക്രിസ്തുശരീരം’ സംരക്ഷിക്കാനും അതിനെ നയിക്കാനും നാം ഒരുമ്പെട്ടിറങ്ങുകയാണ്.

പരിശുദ്ധസഭ എന്നത് കേവലം സ്ഥാവരജംഗമവസ്തുക്കളുടെ കണക്കെടുപ്പു സ്ഥലമല്ല; പിന്നെയോ നിത്യജീവനിലേക്ക് മനുഷ്യനെ നയിക്കുന്ന രക്ഷാസങ്കേതമാണ്. ദൈവം നല്‍കുന്ന അളവുകളില്‍ വ്യത്യാസം കൂടാതെ പണിതില്ലെങ്കില്‍ പെട്ടകം മുങ്ങിപ്പോകും. നിശ്ചയം! സഭാ സ്‌നേഹത്തിന്റെ ദൂരം സ്വന്തം പള്ളിക്കപ്പുറത്തേയ്ക്ക് നീങ്ങാത്തപ്പോഴും പ്രാദേശിക വാദങ്ങള്‍ ചിന്തകളെ ഞരുക്കുമ്പോഴും നാം ക്രിസ്തു സ്വഭാവത്തില്‍ നിന്നെത്ര അകലയാവുന്നു. തമ്പുരാന്റെ സ്വഭാവത്തിനു ചേരാത്ത പ്രവൃത്തികള്‍ കാട്ടുമ്പോള്‍, അവന്റെ ശരീരത്തിലെ ഒരു കാന്‍സര്‍ കോശമായി നം പരിണമിക്കുന്നില്ലേ?
ക്രിസ്തുവിന്റെ ചിന്താവേഗം നമ്മുടെ സിരകളെ ത്രസിപ്പിക്കുന്ന കാലത്ത് മാത്രമാവും അവന്റെ ഉടല്‍പോലെ ഈ ലോകത്തിന് അന്നമായും അഭയമായും വെളിച്ചമായും ഒരിത്തിരി ഉപ്പ് പോലെയെങ്കിലും ആയിത്തീരാന്‍ നമുക്കാവൂ സഖേ! മനുഷ്യചരിത്രം കണ്ട ഏറ്റവും വലിയ ‘ആം ആദ്മി’ യുടെ കഷ്ടാനുഭവങ്ങളുടെ ആചരണം ഒരു മുന്നറിയിപ്പാണ്; തിരഞ്ഞടുക്കപ്പെട്ട എല്ലാവര്‍ക്കും. ദൈവാധിപത്യം മറക്കുന്ന കാലത്തിനു ഒരടയാളമാണ് ആ പരമദരിദ്രന്റെ കുരിശുമരണം. കാരണം ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ വാതിലാണത്. ഇനിയും അവഗണിക്കരുത് ഗതികെട്ടവരെയും ശബ്ദിക്കാത്തവരെയും! ഭയം കൊണ്ടല്ല അവര്‍ മിണ്ടാതിരിക്കുന്നത്. ദൈവമാരെന്ന് നന്നായി അറിയാവുന്നതുകൊണ്ടുതന്നെയാണ് സുഹൃത്തേ!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?