Follow Us On

15

November

2024

Friday

കണ്ണടയ്ക്കരുത്, പിന്നില്‍ അപകടങ്ങള്‍

കണ്ണടയ്ക്കരുത്,  പിന്നില്‍ അപകടങ്ങള്‍

ഫാ. തോമസ് പറമ്പി

പാലക്കാടിന്റെ മലയോരപ്രദേശത്തുള്ള ഒരു ഇടവകയിലേക്ക് വികാരിയായി ചെന്നപ്പഴത്തെ പ്രത്യേക അനുഭവം ഹൃദയത്തിലുണ്ട്. മൂന്നു വശങ്ങളില്‍ സംരക്ഷണഭിത്തിപോലെ മലകളാല്‍ ചുറ്റപ്പെട്ടും ഒരുവശം നിരപ്പായ പ്രദേശവുമാണ് സ്ഥലത്തിന്റെ പ്രത്യേകത. മലകളില്‍നിന്നൊഴുകി വരുന്ന മഴവെള്ളം പള്ളിപ്പറമ്പിനരികിലൂടെ ഒഴുകുന്നതിനാല്‍ കൃഷിക്ക് പറ്റിയ സ്ഥലമെന്ന ചിന്തയുണ്ടായി. വീട്ടില്‍ അമ്മയുടെ അടുക്കളത്തോട്ടത്തിന്റെ ഓര്‍മവച്ച് ഏറ്റവും എളുപ്പം ഫലം കിട്ടുന്ന കോവല്‍, പയര്‍ എന്നീ കൃഷിയിലേക്ക് തിരിയാമെന്ന് തീരുമാനിച്ച് കോവല്‍തണ്ടും പയര്‍വിത്തും സംഘടിപ്പിച്ചു. ഏത് ആശയവും ആദ്യം കൈമാറുന്നത് കൈക്കാരന്മാരോടായതിനാല്‍ ഈ വിഷയവും സംഭാഷണമധ്യേ വന്നു. ”അച്ചന്റെ കൈകൊണ്ട് വച്ചാല്‍ നന്നാകും” എന്നുതുടങ്ങിയ അവരുടെ സുഖിപ്പിക്കുന്ന വര്‍ത്തമാനത്തില്‍ ഞാന്‍ മയങ്ങിപ്പോയതാണോ എന്തോ പിറ്റേദിവസം തന്നെ സ്വന്തമായി പണികള്‍ ആരംഭിച്ചു.

വല വേണ്ട

എല്ലാം മുളച്ചുപൊങ്ങിത്തുടങ്ങിയപ്പോള്‍ ആഹ്ലാദത്തെക്കാള്‍ ആധിയാണുണ്ടായത്. ഈ വക കൃഷി നിര്‍ത്തിയ ഇടവകാംഗങ്ങളുടെ അഭിപ്രായങ്ങള്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നതുപോലെയായിരുന്നു. ”ഉറുമ്പ്, തത്ത, മയില്‍, കാട്ടുപന്നി എന്നിവയുടെ ശല്യംമൂലം ഞങ്ങള്‍ ഇതെല്ലാം പണ്ടേ നിര്‍ത്തിയതാണച്ചാ” എന്നു പറഞ്ഞു തുടങ്ങിയവര്‍, ”ഈ പച്ചപ്പും തണുപ്പും കണ്ടാല്‍ പിന്നെ അവറ്റകള്‍ ഇവിടെനിന്നും പോകില്ല” എന്നുകൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ സംഗതിയുടെ ഗൗരവം പിടികിട്ടി. അഭിമാനം ആര്‍ക്കുമുണ്ടാകുമല്ലോ. മുളയെടുത്ത് വളരുന്നവയെ സംരക്ഷിക്കാനുള്ള പോംവഴികളുടെ പിന്നാലെയായി പിന്നീടുള്ള നെട്ടോട്ടം. നട്ടവ ഒന്നുപോലും നഷ്ടപ്പെടാതെ മുളച്ചതു കണ്ടപ്പോള്‍ മയിലും തത്തയും വരാതെ വലിയ വലകൊണ്ട് മറയ്ക്കാമെന്ന ആശ്വാസവാക്കുകളുമായി കൈക്കാരന്മാര്‍ വന്നെങ്കിലും ഈ നിസാരകൃഷിയെ വലകെട്ടി സംരക്ഷിക്കുന്നത് കളിയാക്കലിന് ഇടയാകുമെന്ന് തോന്നിയതിനാല്‍ അതുപേക്ഷിച്ചു. വിത്തുവിതയ്ക്കുമ്പോള്‍ സാധാരണ ചൊല്ലാറുള്ള പ്രാര്‍ത്ഥനകൊണ്ടുമാത്രം നിര്‍ത്താതെ വളരെ തീക്ഷ്ണതയോടെ വേറെ ചില പ്രാര്‍ത്ഥനകളും തുടങ്ങിയെന്ന് മാത്രമല്ല, എപ്പോഴും ഒരു കണ്ണ് അവിടേക്കാകുന്ന അവസ്ഥയായി.

ദൈവാലയ മുറ്റത്തെ പയര്‍

ദൈവാലയമുറ്റത്തെ പയറുചെടികളാണെന്ന് ഓര്‍ത്തുകൊള്ളണമെന്ന് ഈശോയോട് കൂടെക്കൂടെ പറയാന്‍ തുടങ്ങി. എനിക്ക് മാത്രമല്ല നിനക്കും നാണക്കേടുണ്ടാകുമെന്ന മട്ടിലാണ് അതു പറഞ്ഞിരുന്നത്. നിങ്ങള്‍ക്ക് തിന്നാന്‍ വേറെ സ്ഥലമുണ്ടല്ലോയെന്ന് അല്പം ഉയര്‍ന്ന സ്വരത്തില്‍ മയിലിനോടും മറ്റും പറയാനും മടിച്ചില്ല. ഇതു വായിക്കുന്നവര്‍ സംശയിച്ചാലും ഉള്ളത് പറയട്ടെ, മയിലിന്റെ സൗന്ദര്യം ഒന്ന് നോക്കി ആസ്വദിക്കാമെന്ന് വച്ചാല്‍പോലും ഇപ്പോള്‍ നടക്കുന്നില്ല. ഒരെണ്ണംപോലും പള്ളിപ്പരിസരത്ത് നില്‍ക്കുന്നില്ല. ചെടികളെല്ലാം വളര്‍ന്ന് അവയില്‍ എണ്ണിപ്പറയാനാകാത്തവിധം ഫലങ്ങളുണ്ടായി. ഇതെല്ലാം ഓര്‍ത്ത് ഈശോയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അതിന്റെ സന്തോഷത്തില്‍ ഒരു പ്രാവശ്യം മാത്രമേ ഫലങ്ങള്‍ ലേലത്തിന് കൊടുത്തുള്ളൂ. ബാക്കിയെല്ലാം പള്ളിയില്‍ വിവിധ ശുശ്രൂഷ ചെയ്യുന്നവര്‍ക്കും സന്ദര്‍ശകരായി വന്നവര്‍ക്കും വിതരണം ചെയ്തു. ഇതില്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്ന് ഉറപ്പാക്കാന്‍ സ്ഥലമേതെന്ന് സൂചിപ്പിച്ചേ പറ്റൂ എന്നുണ്ടെങ്കില്‍ ഇരുമ്പകച്ചോല എന്ന സ്ഥലമാണത്.

പ്രാര്‍ത്ഥന നിര്‍ത്താന്‍ വരട്ടെ

സ്ഥലം പറഞ്ഞു കഴിഞ്ഞപ്പോള്‍ വരികള്‍ എഴുതാന്‍ ആവേശം അല്പം കൂടുകയാണ്. പള്ളിമുറ്റത്തെ മണ്ണില്‍ പാകിയ വിത്തിനെ ചുറ്റിപ്പറ്റിയല്ല പകരം ഏതൊരു പള്ളിയിലും വരുന്ന മക്കളില്‍ പാകിയ വചനത്തെയും വിശ്വാസത്തെയുംകുറിച്ചാണ്. ദൈവത്തിന്റെ പ്രത്യേക സ്‌നേഹത്താല്‍ നാമോരോ വ്യക്തിയിലും അതിന്റെ വിത്തു പാകാനുള്ള അവസ്ഥയുണ്ടായത് വലിയ ഭാഗ്യമാണ്. അതു പാകാനും മുളയെടുക്കാനും അനുഗ്രഹിച്ച ദൈവത്തിനുള്ള നന്ദി വാക്കുകളില്‍ ഒതുക്കി അവസാനിപ്പിക്കരുത്. പിന്നെയോ സംരക്ഷിച്ചു വളര്‍ത്താന്‍ ദൈവം തന്നിട്ടുള്ള വിവേകം ഉപയോഗപ്പെടുത്തിക്കൊണ്ട് നീതി പുലര്‍ത്തണം.
എവിടെയും പ്രതികൂല സാഹചര്യങ്ങള്‍ എന്നത്തേക്കാളധികമായി തലപൊക്കുന്നതിനാല്‍ ഈ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ അധ്വാനിക്കേണ്ടത് സംരക്ഷിച്ചു വളര്‍ത്തുന്നതിലാകണം. മക്കളെ ലഭിക്കാന്‍ നടത്തിയ പ്രാര്‍ത്ഥനയുടെ തുടര്‍ച്ചയായി ഇനിയും കൂടുതല്‍ ശക്തമായ പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും നടത്താനുണ്ടെന്ന് അറിയണം. ചന്തയില്‍നിന്നും സാധനങ്ങള്‍ വാങ്ങാന്‍ സഹായിക്കുന്നുവെന്നതിന്റെ പേരില്‍ മക്കളുടെയുള്ളില്‍ കടന്നുകൂടുന്ന ചന്തസ്വഭാവങ്ങള്‍ മാതാപിതാക്കള്‍ കണ്ടിട്ടും കണ്ണടയ്ക്കുന്നത് അവിവേകമല്ലേ?

വര്‍ഷത്തിലൊരിക്കല്‍ യുവാക്കന്മാര്‍ പള്ളിയ്ക്കുള്ളിലെ സീലിങ്ങില്‍ പറ്റിയ അഴുക്ക് മാറ്റിത്തരുന്നതിനെയോര്‍ത്ത് അവര്‍ നല്ല കുമ്പസാരം നടത്തി ഹൃദയങ്ങളിലെ അഴുക്ക് മാറ്റാത്തത് അറിഞ്ഞിട്ടും വികാരിമാരും കൈക്കാരന്മാരും കണ്ണടയ്ക്കുന്നത് അവിവേകമല്ലേ? കണ്ണടയ്ക്കുന്ന ശൈലി പലരിലും കൂടിവരുന്നതിനെ മുതലാക്കി വളര്‍ന്നു വരുന്ന മക്കളില്‍ പാപമാലിന്യങ്ങള്‍ കുത്തിനിറച്ച് അവരെ വിശ്വാസത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിവില്ലാത്തവരാക്കിത്തീര്‍ക്കാന്‍ ദുഷ്ടാരൂപികള്‍ ചുറ്റും കൂടിയിരിക്കുന്നു. മക്കളുടെ വളര്‍ച്ച മുരടിച്ചുപോകരുത്. മക്കള്‍ വിശുദ്ധിയിലും വിശ്വാസത്തിലും വളര്‍ന്ന് നല്ല ഫലം പുറപ്പെടുവിക്കുന്നവരാകണമെന്ന ശക്തമായ ആഗ്രഹം നമ്മുടെയുള്ളില്‍ നിറയണം. അല്പസമയം കാണാതായപ്പോള്‍ യൗസേപ്പിതാവും മാതാവും മകനെ ഉത്ക്കണ്ഠയോടെ അന്വേഷിച്ചിറങ്ങിയ മാതൃക എപ്പോഴും ഹൃദയത്തില്‍ കൊണ്ടുനടക്കണം. വിശ്വാസത്തോടെ അധ്വാനിക്കുന്നവനെ സഹായിക്കാന്‍ കര്‍ത്താവുണ്ടാകും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?