ഇസ്രായേല്‍ ഹമാസ് പോരാട്ടം ആരംഭിച്ച ശേഷമുള്ള ഏറ്റവും ദുരിതപൂര്‍ണമായ ദിനങ്ങളിലൂടെയാണ് ഗാസയിലെ ക്രൈസ്തവര്‍ കടന്നുപോകുന്നതെന്ന് വ്യക്തമാക്കി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ഏയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍). തുടര്‍ച്ചയായ ഷെല്ലാക്രമണവും സമ്പര്‍ക്കമാധ്യമങ്ങളുടെ തകരാറുകളും ഭക്ഷണക്ഷാമവും ഗാസയിലെ ജീവിതം ദുരിതപൂര്‍ണമാക്കി മാറ്റിയിരിക്കുകയാണെന്ന് ഹോളി റോസറി സന്യാസിനിസഭാംഗമായ സിസ്റ്റര്‍ നാബിലാ സാലേയെ ഉദ്ധരിച്ചുകൊണ്ട് എസിഎന്‍ പുറപ്പെടുവിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗാസയിലെ അല്‍ സേട്ടണ് സമീപമുള്ള ഹോളി ഫാമിലി ഇടവകയില്‍ നിലവില്‍ 128 കുടുംബങ്ങളാണ് അഭയം തേടിയിരിക്കുന്നത്. ഇതില്‍ 512 ക്രിസ്ത്യാനികളുണ്ട്. കുട്ടികളും വൈകല്യങ്ങളുള്ളവരും പ്രായമായവരും ഇക്കൂട്ടത്തിലുണ്ട്. ആഴ്ചയില്‍ രണ്ട് നേരം മാത്രമാണ് ഭക്ഷണം ലഭിക്കുക. കൂടാതെ രണ്ട് ദിവസം കൂടുമ്പോള്‍ ഒരാള്‍ക്ക് ഒരു റൊട്ടിയും ലഭിക്കും. ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റാണ് ഇത് ലഭ്യമാക്കുന്നത്. എന്നാല്‍ പുറത്തുള്ളവര്‍ക്ക് പലര്‍ക്കും ഇത്രപോലും ലഭിക്കാത്ത സാഹചര്യത്തില്‍ തങ്ങള്‍ക്ക് ലഭിക്കുന്നത് മറ്റുള്ളവരുമായി പങ്കുവച്ചാണ് മുമ്പോട്ടു പോകുന്നതെന്ന് സിസ്റ്റര്‍ പറയുന്നു.
ഭക്ഷണക്ഷാമം നിമിത്തം കുട്ടികളുള്‍പ്പെടെയുള്ളവര്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നു. ശുദ്ധമായ കുടിവെള്ളത്തിനും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഈ പ്രതിസന്ധികളുടെ നടുവിലും എല്ലാ ദിവസവും ദിവ്യബലി അര്‍പ്പിക്കുന്നുണ്ടെന്നും ക്രൂശിതനായ ഈശോയോട് ഏറ്റവും ചേര്‍ന്നുള്ള ഒരു ഈസ്റ്റര്‍ ആചരണത്തിന് തങ്ങള്‍ തയാറെടുക്കയാണെന്നും സിസ്റ്റര്‍ നാബിലാ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *