Follow Us On

27

April

2024

Saturday

ഹൃദയത്തിലെ പ്രത്തോറിയങ്ങള്‍

ഹൃദയത്തിലെ  പ്രത്തോറിയങ്ങള്‍

പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ സിദ്ധാര്‍ത്ഥന്‍ എന്ന 18 കാരന്‍ പിടഞ്ഞു മരിച്ച സ്ഥലം എന്തുകൊണ്ടോ പ്രത്തോറിയത്തെക്കുറിച്ച് ചിന്തിക്കാന്‍ ഇടതന്നു. ഒരാളെ കൊല്ലാന്‍ തീരുമാനിക്കുന്നു. അതിന് ഉതകുന്ന കാരണങ്ങള്‍ പിന്നെ കണ്ടുപിടിക്കുന്നു. ഇതാണ് പ്രത്തോറിയം. ഇത്തരം കാരണം കണ്ടുപിടിക്കലുകള്‍ മരണത്തിന്റെയും കൊലപാതകത്തിന്റെയും കാര്യത്തില്‍ മാത്രമല്ല, എല്ലാത്തിലുമുണ്ട്. ഒരാളോടുള്ള ഇഷ്ടത്തെക്കുറിച്ച് പ്രണയിക്കുന്ന ആളോട് ചോദിച്ചിട്ടുണ്ടോ? ഒരു നൂറു കാരണങ്ങള്‍ നിരത്തി, എന്തുകൊണ്ടും സ്‌നേഹിക്കപ്പെടുവാന്‍ ഇയാളെക്കാള്‍ യോഗ്യത മറ്റാര്‍ക്കുമില്ല എന്നു സമര്‍ത്ഥിച്ചു കളയും. ഹൃദയത്തില്‍ പ്രത്തോറിയങ്ങള്‍ സൂക്ഷിക്കുന്നുണ്ടോ നാം എന്ന ആത്മവിശകലനമാണ് കുരിശിന്റെ വഴിയുടെ ഒന്നാം സ്ഥലത്തെ ധ്യാനം. ഇഷ്ടമില്ലാത്തതുകൊണ്ട്, അസൂയകൊണ്ട്, അംഗീകരിക്കാന്‍ മടിയുള്ളതുകൊണ്ട്, വെറുപ്പു തോന്നുന്നതുകൊണ്ട്, വെറുമൊരു പരിഭവംകൊണ്ട് മറ്റൊരാളെ ക്രൂശിക്കുവാന്‍ വിളിച്ചു പറയുന്ന പുരുഷാരത്തിന് നമ്മുടെ മുഖമാണോ? അതൊക്കെ അയാളെ കൊലചെയ്യാനും മാത്രമൊരു കാര്യമാണോ? വ്യക്തിഹത്യയും കൊലപാതകം തന്നെയല്ലേ.?

ജോലിയിടങ്ങളില്‍ പ്രത്തോറിയങ്ങള്‍ പെരുകുകയാണ്. ഏതെങ്കിലുമൊരു സഹപ്രവര്‍ത്തകന്‍, ഒരു മേലധികാരി, നിങ്ങളുടെ ഊണു പാത്രങ്ങള്‍ക്കിടയിലെ സംസാരങ്ങളിലെ വിചാരണാ പാത്രമാകുന്നു. സ്‌കൂളുകളില്‍, കോളജുകളില്‍, സംഘടനകളില്‍, വീടുകളില്‍, കമ്യൂണിറ്റികളില്‍… എന്തിനധികം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പോലും അവനെ ക്രൂശിക്കുകയെന്ന് ആക്രോശങ്ങള്‍ പെരുകുന്ന കാലം. അയാള്‍ ആക്രമിക്കപ്പെട്ടത് എന്തിനെന്നു ചോദിച്ചാല്‍, അതൊന്നുമെനിക്കറിയില്ല, അയാള്‍ക്ക് രണ്ട് അടിയുടെ കുറവുണ്ടായിരുന്നു എന്ന നിസാരമായ മറുപടി, അയാള്‍ ആരാണ് എന്നു പോലും അറിയാത്തപ്പോഴും.
നിരപരാധിയെ തള്ളിപ്പറയല്‍ മാത്രമല്ല, ബറാബാസിനോടുള്ള പക്ഷം ചേരലും കൂടിയുണ്ട് പ്രത്തോറിയത്തില്‍. ഒരാളെ തോല്‍പ്പിക്കാന്‍ വേണ്ടി ഏതറ്റവുംവരെ പോകുന്ന നീചമനസ്. ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്നൊരു സ്ത്രീ മയക്കുമരുന്നു കച്ചവടം നടത്തുന്നു എന്ന് ‘ആരോ’ വിളിച്ചു പറഞ്ഞ ഒരു ഫോണ്‍കോളിന്റെ പേരിലാണ് 72 ദിവസം അവര്‍ ജയിലില്‍ കിടന്നത്. നീതിക്കുവേണ്ടി ഇപ്പോഴും അവര്‍ കോടതി കയറിയിറങ്ങി നടക്കുകയാണ്. പോലീസ് ഇപ്പോഴും ബറാബാസിന്റെ പക്ഷത്തുതന്നെ.

ഉള്ളില്‍ നന്മയുള്ളതുകൊണ്ടു മാത്രം, ജോലിയില്‍ അര്‍പ്പണബോധമുണ്ട് എന്നതുകൊണ്ടു മാത്രം ബറാബാസിനെക്കാള്‍ മോശക്കാരാക്കപ്പെടുന്ന എത്രയോ പേരുടെ കണ്ണീരാണ് തൊഴിലിടങ്ങളില്‍ വീഴുന്നത്! അധ്യാപകര്‍, വൈദികര്‍, സന്യസ്ഥര്‍, കുടുംബസ്ഥര്‍… ഇരകളുടെ പട്ടിക നീളുകയാണ്. ഇത്രയൊക്കെ നന്നായി ചെയ്തിട്ടും നന്നായി ജീവിച്ചിട്ടും കിട്ടിയ തിരിച്ചടികളില്‍ പകച്ചു പോകുന്നവര്‍. I didn’t deserve this എന്ന് പ്രാര്‍ത്ഥനാ നേരങ്ങളില്‍ കൂടി വിലപിക്കുന്നവര്‍. പ്രാര്‍ത്ഥിക്കാം, ബറാബാസിനുവേണ്ടി ആര്‍പ്പുവിളിക്കാനും മാത്രം, നന്‍മയെ ഹത്യ ചെയ്യാനും മാത്രം എന്റെ നാവിനെയും ഹൃദയത്തെയും വിട്ടു കൊടുക്കരുതേ, എന്റെ തമ്പുരാനേ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?