Follow Us On

24

December

2024

Tuesday

വധശിക്ഷക്ക് മുമ്പുള്ള ‘അവസാന അത്താഴങ്ങള്‍’

വധശിക്ഷക്ക് മുമ്പുള്ള  ‘അവസാന അത്താഴങ്ങള്‍’

തയാറാക്കിയത്
രഞ്ജിത് ലോറന്‍സ്

യു.എസിലെ കൊടുംകുറ്റവാളികള്‍ നിറഞ്ഞ നോര്‍ത്ത് കരോളീന സെന്‍ട്രല്‍ ജയിലിലേക്ക് വധശിക്ഷക്ക് വിധിക്കപ്പെട്ട് 1996-ലാണ് കത്തോലിക്ക വിശ്വാസിയായ ഏലിയാസ് എത്തുന്നത്. തടവുകാരായ മുസ്ലീമുകളും പ്രോട്ടസ്റ്റന്റ് ക്രൈസ്തവരും അടക്കി ഭരിച്ചിരുന്ന ആ ജയിലിലെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത് പ്രൊട്ടസ്റ്റന്റ ് പാസ്റ്റര്‍മാരായിരുന്നു. ജയിലിലെ കത്തോലിക്ക വിരുദ്ധ തരംഗം തിരിച്ചറിഞ്ഞ ഏലിയാസ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പക്ക് ഒരു കത്തയച്ചു – കുമ്പസാരിക്കാനും ദിവ്യകാരുണ്യം സ്വീകരിക്കാനും ആഗ്രഹമുണ്ടെന്നും അതിനുള്ള സാഹചര്യം നിലവില്‍ ജയിലില്‍ ഇല്ലെന്നും വ്യക്തമാക്കിക്കൊണ്ടുള്ള കത്ത്. ആ കത്തിന് വത്തിക്കാനില്‍നിന്ന് നേരിട്ട് മറുപടി ഒന്നും ലഭിച്ചില്ലെങ്കിലും റാലിഗായിലെ സെന്റ് ഫ്രാന്‍സിസ് അസീസി ദൈവാലയത്തില്‍നിന്നുള്ള വൈദികര്‍ തടവറയില്‍ ദിവ്യബലിയര്‍പ്പിക്കുവാന്‍ വന്നുതുടങ്ങി. 1999-ല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട്, നോര്‍ത്ത് കരോളീനയിലെ തടവറയില്‍ ഞാനെത്തുമ്പോള്‍ ഏലിയാസുള്‍പ്പടെ ഏഴുപേരായിരുന്നു ദിവ്യബലിയില്‍ സ്ഥിരമായി സംബന്ധിച്ചിരുന്നത്. ഏലിയാസ്, ഏഞ്ചല്‍, എറിക്ക്, ജഫ്, ഹെന്റി, പാറ്റ്, ടെറി എന്നിവര്‍ക്കൊപ്പം ഞാനും ജയിലിലെ ദിവ്യബലിയില്‍ സംബന്ധിച്ച് തുടങ്ങി.

വ്യാഴാഴ്ചകളിലായിരുന്നു ചര്‍ച്ച് ബ്ലോക്ക് എന്നറിയപ്പെടുന്ന മുറിയില്‍ ദിവ്യബലികള്‍ നടന്നിരുന്നത്. ഞങ്ങളുടെ ബ്ലോക്കില്‍ എപ്പോഴും മുഴങ്ങി കേള്‍ക്കുന്ന ശാപവാക്കുകളില്‍നിന്നും ടെലിവിഷന്റെ ശബ്ദത്തില്‍നിന്നും സിഗരറ്റ് പുകയില്‍നിന്നും കുറച്ചു നേരത്തേക്കെങ്കിലും മോചനം തേടിയാണ് ആദ്യമൊക്കെ ഞാന്‍ ദിവ്യബലിയില്‍ സംബന്ധിച്ചത്. അത്തരമൊരു സാഹചര്യത്തില്‍ കഴിയുമ്പോള്‍ സ്വതന്ത്രമായി ചിന്തിക്കുവാന്‍ സാധിക്കില്ല. തടവുകാര്‍ എന്തെങ്കിലും ചിന്തിക്കണമെന്ന് ആര്‍ക്കും പ്രത്യേക താല്‍പ്പര്യമുണ്ടെന്നല്ല…

ദിവ്യബലി അര്‍പ്പിക്കാന്‍ വന്നിരുന്ന വൈദികര്‍ ഞങ്ങളോട് വളരെ കരുണയോടെയാണ് ഇടപെട്ടിരുന്നത്. പാട്ടുപാടുന്ന സമയത്ത് ഞങ്ങള്‍ ചിരിക്കുന്നതോ ചിലര്‍ ഗോഷ്ടികള്‍ കാണിക്കുന്നതോ ഒന്നും അവര്‍ കാര്യമാക്കിയില്ല. എറിക്കാണെങ്കില്‍ എല്ലാവരോടും തര്‍ക്കിക്കാന്‍ എപ്പോഴും തയാറായിരുന്നു. എന്നാല്‍ ഫാ. ഡാനും ഫാ. മാര്‍ക്കും ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക്(പലപ്പോഴും ബാലിശമായ) ക്ഷമയോടെ മറുപടി നല്‍കി. ”ഇല്ല കത്തോലിക്കര്‍ മറിയത്തെ ആരാധിക്കാറില്ല, അതെ, വിജാതീയര്‍ക്കും ദൈവകൃപയാല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കും”…. അങ്ങനെ പോകുന്ന ഉത്തരങ്ങള്‍.. തത്വശാസ്ത്രപരമായ ചോദ്യങ്ങളാണ് ജെഫ് എപ്പോഴും ചോദിച്ചിരുന്നത്.

എന്റെ സംശയങ്ങള്‍ക്കും അവസാനമുണ്ടായിരുന്നില്ല. ജയില്‍ ജീവിതത്തില്‍ നിന്നൊരു ആശ്വാസം തേടിയാണ് ദിവ്യബലിയില്‍ സംബന്ധിച്ചിരുന്നതെങ്കിലും എന്റെ ഉള്ളില്‍ ദൈവത്തോട് നിരവധി ചോദ്യങ്ങളും ദേഷ്യവും നിറഞ്ഞുനിന്നിരുന്നു. ദൈവവിശ്വാസം എനിക്ക് പെട്ടന്ന് ഉത്തരംകിട്ടുന്ന ചോദ്യമായിരുന്നില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെടുമ്പോള്‍ എനിക്ക് 21 വയസ് പൂര്‍ത്തിയായിട്ട് ഒരു മാസം മാത്രമാണ് കഴിഞ്ഞിരുന്നത്. ചിലപ്പോള്‍ ഞങ്ങള്‍ തന്നെ ചോദ്യങ്ങള്‍ പരസ്പരം ചോദിച്ച് വിഷയത്തില്‍നിന്ന് വഴിമാറിപ്പോകും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളിലെല്ലാം വൈദികര്‍ ക്ഷമയോടെ ഞങ്ങളെ ദിവ്യബലിയിലേക്ക് തിരികെക്കൊണ്ടുവരും.
‘ഒകെ ഗയിസ്. നമുക്ക് നമ്മുടെ വിശ്വാസം ഏറ്റുപറയാം….’

അള്‍ത്താരയില്‍ നിന്നകലുന്നു
ചെറുപ്പത്തില്‍ ഞാനും എന്റെ സഹോദരങ്ങളും മെയിനിലെ ദൈവാലയത്തില്‍ അള്‍ത്താര ശുശ്രൂഷകരായിരുന്നു. അമ്മ വേദപാഠടീച്ചറും. ഏതുകാര്യത്തിലും അഭിപ്രായമുള്ള അമ്മ ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ക്രമേണ ദൈവാലയത്തില്‍നിന്ന് അകലുവാന്‍ തുടങ്ങി. പലദൈവാലയങ്ങളും മാറി മാറി പരീക്ഷിച്ചെങ്കിലും അമ്മക്ക് ഒന്നും തൃപ്തികരമായില്ല. അവസാനം ദൈവാലയത്തില്‍ പോകുന്നത് അമ്മ അവസാനിപ്പിച്ചു. ദൈവാലയത്തില്‍ പോകുവാന്‍ ഞങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നെങ്കിലും കുട്ടികള്‍ എന്ന നിലയില്‍ ഞായറാഴ്ച സ്വതന്ത്രമായി ചിലവഴിക്കുവാന്‍ ഞങ്ങളും തീരുമാനിച്ചതോടെ ഞങ്ങളുടെ വിശ്വാസയാത്ര പാതിവഴിയില്‍ മുടങ്ങി. അങ്ങനെ വിശ്വാസത്തില്‍ നിന്നകന്ന് ജീവിച്ച ഞാന്‍ ജയിലില്‍ വച്ചാണ് വീണ്ടും ദിവ്യബലിയില്‍ സംബന്ധിച്ച് തുടങ്ങിയത്.

ജയിലില്‍ വരുന്നതിനുമുമ്പ് ജഫും എറിക്കും മാത്രമായിരുന്നു ഞങ്ങള്‍ എട്ടു പേരില്‍ സ്ഥൈര്യലേപനം സ്വീകരിച്ചിട്ടുള്ളവര്‍. കോസ്റ്ററിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരനും ആര്‍മി ക്യാപ്റ്റനുമായിരുന്നു എറിക്ക്. ജയിലില്‍ സ്ഥിരമായി ദിവ്യബലിയില്‍ സംബന്ധിക്കാനാരംഭിച്ചതോടെ എനിക്കും ഏഞ്ചലിനും പാറ്റിനും ടെറിക്കും ഏലിയാസിനും ഹെന്റിക്കും സ്ഥൈര്യലേപനം തരാമെന്ന് ഫാ. ഡാന്‍ പറഞ്ഞു. ആ ഓഫര്‍ ഞങ്ങളെല്ലാവരും സ്വീകരിച്ചു.

മക്കളെ തിരിച്ചുകിട്ടിയ അപ്പന്‍
സ്ഥൈര്യലേപനത്തിന് മുന്നോടിയായി വൈദികര്‍ ഞങ്ങള്‍ക്ക് ഒരു പുസ്തകം പഠിക്കാനായി നല്‍കി. 12 ആഴ്ചത്തെ പഠനത്തിനുശേഷം ഏലിയാസിനും പാറ്റിനും ടെറിക്കും ഹെന്റിക്കും ഏഞ്ചലിനും എനിക്കും സ്ഥൈര്യലേപനം ലഭിച്ചു. മുതിര്‍ന്നവരെന്ന നിലയില്‍ കത്തോലിക്ക സഭയിലേക്കുള്ള ഞങ്ങളുടെ പ്രവേശനമായിരുന്നു അത്. ബിഷപ് എഫ് ജോസഫ് ഗോസ്മാനാണ് അന്നത്തെ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരെപ്പോലെയല്ല നഷ്ടപ്പെട്ടുപോയ മക്കളെ വീണ്ടും കണ്ടുകിട്ടിയ അപ്പനെപ്പോലെയാണ് അദ്ദേഹം ഞങ്ങളെ അഭിവാദ്യം ചെയ്തത്. ഫാ. ഡാനും ഫാ. മാര്‍ക്കും സഹകാര്‍മികരായി. സ്വകാര്യത അശേഷമില്ലാത്ത ജയിലില്‍ ആ ചടങ്ങിനായി ഒരു കോണ്‍ഫ്രന്‍സ് മുറി അനുവദിക്കപ്പെട്ടു.

കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലേക്ക്, അള്‍ത്താരയില്‍ ശുശ്രൂഷ ചെയ്തിരുന്ന ആ പഴയ കുട്ടിക്കാലത്തേക്ക് ഞാന്‍ ഒരിക്കല്‍കൂടെ മടങ്ങിപ്പായി. ദൈവത്തോടുള്ള ചോദ്യങ്ങള്‍കൊണ്ട് എന്റെ ഉള്ളം നിറഞ്ഞു- എന്തുകൊണ്ടാണ് ദൈവമേ എനിക്കീ സഹനങ്ങള്‍? എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?
അള്‍ത്താരബാലനായി ശുശ്രൂഷ ചെയ്തിരുന്ന സമയത്ത് അള്‍ത്താര കുറു കെ കടക്കേണ്ട ഒരോസമയത്തും നടുവിലുള്ള ക്രൂശിതരൂപത്തിന് മുമ്പില്‍ വണങ്ങി വലതുകൈകൊണ്ട് കുരിശടയാളം വരച്ചിരുന്നു. അറിയാതെ എപ്പോഴെങ്കിലും മറന്നുപോയാല്‍ പാദങ്ങള്‍ താനെ പിന്നിലോട്ടുവന്ന് അള്‍ത്താരക്ക് മുന്നില്‍ മുട്ടുകള്‍ മടക്കിയിരുന്നു.

എന്നാല്‍ കാലക്രമത്തില്‍ ദൈവത്തോടുള്ള വിധേയത്വവും ആരാധനയും ക്ഷയിച്ച് ഇല്ലാതായി. എങ്കിലും ദൈവത്തെ തേടാന്‍ മാത്രമുള്ള ഭക്തി അപ്പോഴും എന്നില്‍ അവശേഷിച്ചിരുന്നു. ഉടനടി ഒരു ഉത്തരം ലഭിക്കാവുന്ന ചോദ്യങ്ങളായിരുന്നില്ല എന്റെ ഉള്ളിലുണ്ടായിരുന്നത്. ആ ദൈവാന്വേഷണത്തിന്റെ കാര്യത്തില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല. ജീവിതത്തിന്റെ ക്ലേശകരമായ യാഥാര്‍ത്ഥ്യങ്ങളില്‍ ദൈവത്തെ തേടുന്നവരായിരുന്നു അന്ന് സ്ഥൈര്യലേപനം സ്വീകരിച്ച ഞങ്ങളെല്ലാവരും.
വൈദികര്‍ നല്‍കിയ പാഠങ്ങള്‍ ലളിതമായിരുന്നു. ദൈവത്തെ സ്‌നേഹിക്കുക. പരസ്പരം സ്‌നേഹിക്കുക. പരസ്പരം ക്ഷമിക്കുക. വചനം വായിക്കുക. ആ വര്‍ത്തിച്ച് വചനം വായിക്കുക. ഞങ്ങള്‍ ഒരോരുത്തരും ഞങ്ങളുടേതായ ശൈലിയില്‍ അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി. ഞാന്‍ ശ്രദ്ധയോടെ വൈദികര്‍ പറഞ്ഞത് കേട്ടു, പാറ്റ് പൊട്ടിച്ചിരിച്ചു, ടെറിയും എറിക്കും അതിനെക്കുറിച്ച് സംസാരിച്ചു. ഏലിയാസും ഏഞ്ചലും കൂടുതല്‍ കരുണ കാണിക്കാന്‍ തുടങ്ങി, ഹെന്റി കൂടുതല്‍ ഭക്തനായി. സാധിക്കുമ്പോഴെല്ലാം ഞങ്ങള്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കാനും തുടങ്ങി.

രക്തം പൊടിയാതുള്ള മരണം
രക്തം ഇറ്റുവീഴുന്നതിന് മുമ്പേ മരണത്തിന്റെ തീവ്രവേദന നമ്മെ കീഴടക്കുന്ന അവസ്ഥയുണ്ട്. വധശിക്ഷ നടപ്പാക്കുന്ന ഒരോ ദിവസവും അത്തരത്തിലുള്ള ദിവസങ്ങളാണ്. ആരാച്ചാര്‍ക്കുള്ള വിഭവസമൃദ്ധമായ ഭക്ഷണം അടച്ചിട്ട ഓഫീസിന്റെ മുമ്പില്‍ ക്രമീകരിക്കപ്പെട്ടിരിക്കും. ഇതിന് മുന്നിലൂടെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ കടന്നുപോകേണ്ടത്. ഇത്തരത്തിലുള്ള ഒരു ഡസനിലധികം ദിവസങ്ങളിലൂടെ കടന്നുപോയിട്ടുള്ളതിനാല്‍ അന്നും എന്താണ് സംഭവിക്കുക എന്ന വ്യക്തമായ ധാരണ എനിക്കുണ്ടായിരുന്നു. 2003 സെപ്റ്റംബര്‍ 13-ന് ഹെന്റിയുടെ വധശിക്ഷ നടപ്പിലാക്കി.

ഒരിക്കലും ചോദിക്കാതിരുന്ന ചോദ്യങ്ങളായിരുന്നു ഏറ്റവും കഠിനമായവ. ഹെന്റിയുടെ വധശിക്ഷ നടപ്പാക്കിയ അന്ന് പ്രസംഗമധ്യേ ഫാ.ഡാനിന്റെ വാക്കുകള്‍ മുറിഞ്ഞു. കുറച്ചധികം സമയത്തേക്ക് ആരുടെയും വായില്‍നിന്ന് യാതൊന്നും പുറത്തുവന്നില്ല. കൂടുതല്‍ വധശിക്ഷകള്‍ ആ വര്‍ഷംതന്നെ ഷെഡ്യൂള്‍ ചെയ്തിരുന്നു. ആ ദിവസം എത്രയും പെട്ടന്ന് വരുന്നതാണ് നല്ലതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ പണ്ടേ മരിച്ചവരായിരുന്നു.
ഈ വിഷയത്തെക്കുറിച്ച് ഏലിയാസാണ് സംസാരിച്ചത്. ‘അച്ചാ, അവര്‍ക്ക് യാതൊരു കരുണയുമില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ആ ദിവസവുംകാത്തുള്ള ജീവിതം കഠിനമാണ്. അവര്‍ ഞങ്ങളെ കൊല്ലും. അതിനെ അവര്‍ നീതി എന്നാണ് വിശേഷിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ജയില്‍ശിക്ഷ മതി. എ ങ്കിലും അവര്‍ ഞങ്ങളെ കൊല്ലും. സഭ യ്‌ക്കൊന്നും ചെയ്യാന്‍കഴിയില്ലേ?

~ഒരുപക്ഷേ ഫാ. ഡാന്‍ നേരിട്ടിട്ടുള്ളതില്‍ ഏറ്റവും കഠിന ചോദ്യമായിരിക്കും ഏലിയാസ് ചോദിച്ചത്. വധശിക്ഷയെ എതിര്‍ക്കുന്ന കത്തോലിക്കാസഭയും വധശിക്ഷയോടുള്ള അമേരിക്കയുടെ താല്‍പ്പര്യവും തമ്മിലുള്ള അന്തരം വിശദമാന്‍ ഫാ.ഡാന്‍ ശ്രമിച്ചു. ഗര്‍ഭഛിദ്രത്തിനും ദയാവധത്തിനും എതിരായി ശബ്ദമുയര്‍ത്തുന്ന പലരും പക്ഷെ വധശിക്ഷയെ അനുകൂലിക്കുന്നു എന്നത് ഞങ്ങള്‍ക്ക് മനസിലാക്കാന്‍ പ്രയാസമുള്ള കാര്യമായിരുന്നു.
ഇതു പറയുമ്പോള്‍ ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വധശിക്ഷയ്‌ക്കെതിരായി യുഎസില്‍ മുഴങ്ങിക്കേട്ട ഏറ്റവും ശക്തമായ ശബ്ദം ഒരു സന്യാസിനിയുടേതായിരുന്നു എന്നത് പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്. ലൂസിയാനായില്‍ നിന്നുള്ള സിസ്റ്റര്‍ ഹെലന്‍ പ്രെജീനിന്റെ. വളരെ വിപ്ലവകരമായ ഒരു ചോദ്യം സിസ്റ്റര്‍ ഉയര്‍ത്തി: : ‘ദൈവപുത്രനായ ഈശോയെ പിന്‍ചെല്ലുന്ന ഒരു ക്രിസ്ത്യാനിക്ക് തന്റെ അയല്‍ക്കാരനെ വധിക്കുന്നതിന് പിന്തുണ നല്‍കുവാന്‍ സാധിക്കുമോ?’

ആ ചോദ്യത്തിനുള്ള ഉത്തരം ആരും നല്‍കിയില്ല. 2005 നവംബര്‍ 18-ന് ഏലിയാസിന്റെ വധശിക്ഷ നടപ്പാക്കുമെന്ന അറിയിപ്പ് ലഭിച്ചു. ഭാര്യയുടെ അവിശ്വസ്തതയെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടയില്‍ ഭാര്യയെ കൊലപ്പെടുത്തിയതിനാണ് ഏലിയാസിന് വധശിക്ഷ ലഭിച്ചത്. കുട്ടികളുടെ കാര്യമോര്‍ത്ത് ദുഃഖിക്കുകയും ഒരോ ദിവ്യബലിയിലും ഏലിയാസ് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഏലിയാസിന്റെ കുട്ടികള്‍ തന്നെ തങ്ങളുടെ അപ്പന്റെ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും വധശിക്ഷക്ക് മാറ്റമുണ്ടായില്ല. മരണത്തിന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ‘ഡെത്ത് വാച്ചി’ലേക്ക് മാറ്റുന്നതിന് മുമ്പ് അവസാന ദിവ്യബലിയില്‍ ഏലിയാസ് ഞങ്ങളോടൊപ്പം പങ്കുചേര്‍ന്നു. എന്നും ചെയ്യുന്നതുപോലെ എന്റെ സുഹൃത്ത് അവന്റെ കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ദൈവത്തോട് കരുണ യാചിക്കുകയും ചെയ്തു. പ്രാര്‍ത്ഥനയ്ക്ക് ശേഷം ഏലിയാസ് ഞങ്ങളെ എല്ലാവരെയും ആശ്ലേഷിച്ചു. ”സഹോദരങ്ങളെ നിങ്ങള്‍ക്ക് നന്ദി. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും സമാധാനം ഉണ്ടാകട്ടെ.” ഇതായിരുന്നു ഏലിയാസിന്റെ അവസാന വാക്കുകള്‍. 2005 നവംബര്‍ 18-ന് ഏലിയാസിന്റെ വധശിക്ഷ നടപ്പിലാക്കി.

മറ്റ് സഹതടവുകാരുടെ വധശിക്ഷയുടെ കാര്യത്തിലെന്നപോലെ നിസംഗതയോടെയാണ് പാറ്റ് അവന്റെ തന്നെ വധശിക്ഷയുടെ ഡേറ്റ് വന്നപ്പോഴും പ്രതികരിച്ചത്, ”അതിനെപ്പറ്റി കൂടുതല്‍ ചിന്തിച്ചു കൂട്ടുന്നതില്‍ അര്‍ത്ഥമില്ല. ഞാന്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും അത് സംഭവിക്കും.” ഐറിഷ് വംശജനായ തന്റെ വധശിക്ഷ സെന്റ് പാട്രിക്ക്‌സ് ഡേയുടെ അന്നാണ് നടത്തുന്നത് എന്നതിനെക്കുറിച്ച് തമാശകള്‍ പറഞ്ഞുകൊണ്ടാണ് ഞങ്ങളോടൊപ്പമുള്ള അവസാന ദിവ്യബലിക്ക് ശേഷം പാറ്റ് കടന്നുപോയത്. 2006 മാര്‍ച്ച് 17-ന് പാട്രിക്ക് മൂഡിയുടെ വധശിക്ഷ നടപ്പിലാക്കി.

നിത്യജീവന്റെ പ്രത്യാശ
യേശുവിന്റെ അവസാന അത്താഴത്തിന്റെ ആചരണം ഇന്ന് എനിക്ക് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഏതോ വിദൂര സംഭവത്തിന്റെ ഓര്‍മയല്ല – മറിച്ച് എന്റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാണ്. വധശിക്ഷക്ക് വിധിക്കപ്പെട്ട് കാല്‍ നൂറ്റാണ്ടോളം ജയിലില്‍ കഴിയേണ്ടി വന്ന ഒരു കുറ്റവാളിയുടെ പ്രത്യാശയാണിത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ 33 പേരുടെ കൂടെ ഞാന്‍ ജീവിച്ചു. സഹോദരങ്ങളും സുഹൃത്തുക്കളുമായി മാറിയ അവരില്‍ പലരുടെയും വധശിക്ഷ നടപ്പാക്കി. ജീവനെയും മരണത്തെയുംകുറിച്ചുള്ള എന്റെ എല്ലാ കാഴ്ചപ്പാടുകളും അത് മാറ്റിമറിച്ചു. ആ അനുഭവം എന്നെ ദൈവത്തോട് കൂടുതല്‍ അടുപ്പിച്ചു. ഞങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കപ്പെട്ടവര്‍ അല്ല എന്ന തിരിച്ചറിവ് എന്നില്‍ നിറഞ്ഞു. ദിവ്യബലിയിലെ ഈ പ്രാര്‍ത്ഥനയില്‍ എന്റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഞാന്‍ കണ്ടെത്തി.

”അവിടുന്ന് ഒറ്റിക്കൊടുക്കപ്പെട്ട് സ്വമനസാലെ പീഡകള്‍ സഹിച്ചപ്പോള്‍ അപ്പമെടുത്ത് കൃതജ്ഞതപ്രകാശിപ്പിച്ച് ആശിര്‍വദിച്ച് മുറിച്ച് തന്റെശിഷ്യന്‍മാര്‍ക്ക് കൊടുത്തുകൊണ്ട് അരുള്‍ ചെയ്തു. എല്ലാവരും ഇതില്‍നിന്നു വാങ്ങി ഭക്ഷിക്കുവിന്‍. എന്തെന്നാല്‍ ഇത് നിങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കാനിരിക്കുന്ന എന്റെ ശരീരമാകുന്നു.
അപ്രകാരം തന്നെ അത്താഴം കഴിഞ്ഞ് പാനപാത്രമെടുത്ത് വീണ്ടും അങ്ങേക്ക് കൃതജ്ഞ പ്രകാശിപ്പിച്ച്, തന്റെ ശിഷ്യന്‍മാര്‍ക്കു കൊടുത്തുകൊണ്ട് അരുള്‍ച്ചെയ്തു: എല്ലാവരും വാങ്ങി ഇതില്‍നിന്ന് കുടിക്കുവിന്‍; എന്തെന്നാല്‍ ഇത് നിങ്ങള്‍ക്ക് വേണ്ടിയും അനേകര്‍ക്കു വേണ്ടിയും പാപമോചനത്തിനായി ചിന്തപ്പെടാനിരിക്കുന്ന എന്റെ രക്തത്തിന്റെ, നവീനവും സനാതനവുമായ ഉടമ്പടിയുടെ പാനപാത്രമാകുന്നു. ഇതില്‍ നിന്ന് വാങ്ങി പാനം ചെയ്യുവിന്‍. ഇതു നിങ്ങള്‍ എന്റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍.”

അനേകവര്‍ഷം അള്‍ത്താരബാലനായി ശുശ്രൂഷ ചെയ്തിരുന്നതിനാല്‍ ഇതിന് ശേഷം ശുശ്രൂഷി മണി മുഴക്കുന്ന നിമിഷം കൃത്യമായി എനിക്കറിയാം. നിരാശയെയും മരണത്തെയും കീഴടക്കിക്കൊണ്ടുള്ള ആ മണിമുഴക്കത്തില്‍ നമ്മുടെ ക്ലേശങ്ങള്‍ക്കുള്ള ഉത്തരം മാത്രമല്ല, അവയുടെ അവസാനവും അടങ്ങിയിട്ടുണ്ട്. നിത്യജീവിതത്തിന്റെ കാഹളം പോലെ ആ മണിനാദത്തിന്റെ സ്വരം ഇന്നെന്റെ കാതുകളില്‍ മുഴങ്ങുന്നു.

ലയില്‍ സി മേയ്

(ഒരു സ്ത്രീയെയും അവരുടെ മകനെയും കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് നോര്‍ത്ത് കരോളിന സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ലയില്‍ സി മേയ്, പ്രിസണ്‍ ജേണലിസ്റ്റാണ്. ജസ്യൂട്ട് മാസികയായ അമേരിക്കയില്‍ , ലയില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?