കാഞ്ഞിരപ്പള്ളി: തുലാപ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുടിലിലില്‍ ബിജുവിന്റെ വസതിയിലെത്തി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. നിലയ്ക്കല്‍ – തുലാപ്പള്ളി മാര്‍ത്തോമാശ്ലീഹാ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ ഉള്ളാട്ട്, ഫാ. എബിന്‍ തോമസ് എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
മനുഷ്യരുടെ ജീവനും സ്വത്തിനും വെല്ലുവിളിയായി വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് മാര്‍ ജോസ് പുളിക്കല്‍ ആവശ്യപ്പെട്ടു. സമാനമായ ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും നിസംഗത പുലര്‍ത്തുന്നത് കാട്ടുനീതിയാണ്. തലമുറകളായി അധ്വാനിക്കുന്ന കൃഷി ഭൂമിയില്‍ പ്രാണഭയമില്ലാതെ ജീവിക്കുവാന്‍ സാഹചര്യം ഒരുക്കേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു.
കുറച്ചു കാലത്തിന് മുമ്പ് തുലാപ്പള്ളിയുടെ സമീപത്തുള്ള കണമലയില്‍ കാട്ടുപോത്താക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. അടുത്ത നാളില്‍ വയനാട്, മാനന്തവാടി ഭാഗത്ത് കാട്ടാനക്കലിയില്‍ ഒരു മനുഷ്യജീവന്‍ പൊലിഞ്ഞത് കേരളം ചര്‍ച്ച ചെയ്തു കഴിഞ്ഞതേയുള്ളൂവെന്ന് മറക്കരുത്. തുടര്‍ച്ചയായുണ്ടാകുന്ന വന്യമൃഗാക്രമണത്തില്‍ ഈ വര്‍ഷം തന്നെ പൊലിഞ്ഞ ജീവനുകളുടെ പട്ടിക ആശങ്കാജനകമാണെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *