പ്യോങ്യാങ്/ഉത്തരകൊറിയ: പാഠപുസ്തകങ്ങളില്‍ നിന്ന് ‘പുനരേകീകരണം’, ‘പുനരൈക്യം’, തുടങ്ങിയ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം നല്കി ഉത്തരകൊറിയന്‍ ഭരണകൂടം. നിലവില്‍ പ്രിന്റ് ചെയ്തിരിക്കുന്ന പുസ്തകങ്ങളില്‍നിന്ന് ഈ വാക്കുകള്‍ വെട്ടിക്കളയണമെന്നും അതിന്റെ കാരണം വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ചുകൊടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ആണ് ഈ വിചിത്ര നിയമം നടപ്പിലാക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
മാര്‍ച്ച് മാസത്തില്‍ എല്ലാ പാഠപുസ്തകങ്ങളും അവലോകനം ചെയ്യാന്‍ വിദ്യാഭ്യാസ അധികാരികള്‍ക്ക് ഉത്തരവിട്ടിരുന്നു. പുതിയ ബാച്ച് പാഠപുസ്തകങ്ങള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ദക്ഷിണ കൊറിയയുമായുള്ള ഏകീകരണം ഇനി സാധ്യമല്ലെന്നും ഉത്തരകൊറിയന്‍ ഭരണഘടന ഭേദഗതി ചെയ്ത് അതിനെ രാജ്യത്തിന്റെ ‘പ്രധാന ശത്രു’ ആയി പ്രഖ്യാപിക്കണമെന്നും ഈ വര്‍ഷമാദ്യം കിം പ്രസ്താവിച്ചിരുന്നു. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന പുതുതലമുറയെ വാര്‍ത്തെടുക്കുന്ന പ്രക്രിയയില്‍, അവര്‍ വിപ്ലവകാരികളാണെന്നും വിപ്ലവകാരികളായി മാത്രമേ കുട്ടികള്‍ സ്‌കൂളുകളില്‍നിന്ന് പുറത്തിറങ്ങാവൂ എന്നതിനാല്‍ അവരെ പ്രത്യയശാസ്ത്രപരമായി സജ്ജരാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഉത്തരവുകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന അധ്യാപകര്‍ അച്ചടക്ക നടപടി നേരിടേണ്ടിവരും. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാന്‍ വിസമ്മതിച്ച അധ്യാപികയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.
അതേസമയം, മനുഷ്യത്വമില്ലാത്ത പുതുതലമുറയെ രൂപീകരിക്കാന്‍ വിദ്യാഭ്യാസത്തെ കൂട്ടുപിടിക്കുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *