Follow Us On

22

January

2025

Wednesday

സത്യം പറയാനുള്ള ധൈര്യം നഷ്ടപ്പെടുമ്പോള്‍

സത്യം പറയാനുള്ള ധൈര്യം  നഷ്ടപ്പെടുമ്പോള്‍

റ്റോം ജോസ് തഴുവംകുന്ന്

ചുറ്റിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ നമുക്കു ലഭിച്ചിരിക്കുന്ന ദൈവാനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞു തീര്‍ക്കാന്‍പോലും സമയം തികയില്ല. ദൈവത്തിന്റെ സ്വന്തം നാടെന്നത് വെറും വാക്കല്ലെന്നും അതു യാഥാര്‍ത്ഥ്യമാണെന്നും തിരിച്ചറിയാനാകും. എന്നാല്‍ ചുറ്റുമിന്ന് എന്താണ് സംഭവിക്കുന്നത്? കണ്ണിലിരുട്ടു കയറുന്നതും ചങ്കിടിപ്പു കൂടുന്നതുമായ സാമൂഹ്യാന്തരീക്ഷം! ആരില്‍നിന്നും എന്തില്‍നിന്നും പ്രശ്‌നങ്ങള്‍ കടന്നുവന്നേക്കാമെന്ന ഭയം നമ്മെ വേട്ടയാടുന്ന കാലം. അവിശ്വസനീയവും ഞെട്ടിക്കുന്നതുമായ സംഭവങ്ങളാണ് സാക്ഷരകേരളത്തില്‍ നടക്കുന്നത്. എങ്ങോട്ടാണ് നമ്മുടെ യാത്ര? എന്തിനുവേണ്ടിയാണ് ഈ പടയോട്ടം? നിഗ്രഹിച്ചും പീഡിപ്പിച്ചും അടിച്ചമര്‍ത്തിയും നിശബ്ദരാക്കിയും സ്വന്തമാക്കുന്ന നേട്ടങ്ങള്‍ ശാശ്വതമായിരിക്കുമെന്നാണോ വിചാരിക്കുന്നത്?

സ്വഭാവശുദ്ധികൂടാതെയുള്ള അറിവ് അപകടകരമാണെന്ന തിരിച്ചറിവ് ഉണ്ടാകണം. ഒപ്പമുള്ളവരെയും ഒന്നിച്ചുണ്ടുറങ്ങിയവരെയും നിഷ്‌ക്കരുണം ഇല്ലായ്മ ചെയ്യുന്ന ‘മൃഗീയത’ എന്തുകൊണ്ടെന്ന് സാക്ഷരതയും ശാസ്ത്രപുരോഗതിയും നിര്‍മിതബുദ്ധിവരെ എത്തിനില്‍ക്കുന്ന അന്തരീക്ഷത്തില്‍ പഠനം നടത്തണം. പാഠങ്ങള്‍ക്കും സിലബസിനും കരിക്കുലത്തിനും ഉന്നത തൊഴിലുകള്‍ക്കുമപ്പുറമാണ് മനുഷ്യത്വം എന്ന ‘മഹാപാഠ’മെന്നറിയണം. ഞാന്‍ മാത്രമുള്ള ലോകമല്ല നമ്മുടെ ലോകമാണ് വളരേണ്ടത്? തച്ചുടച്ചും തകിടം മറിച്ചുമല്ല വിശുദ്ധമായി പടുത്തുയര്‍ത്തുന്നതിലാണ് യുവത പരിശീലനം നേടേണ്ടത്.

പുരോഗമനവാദത്തിലെ
പൊള്ളത്തരങ്ങള്‍

പ്രകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പഠനത്തിന്റെയും സര്‍വോപരി മനുഷ്യത്വത്തിന്റെയും ജീവന്റെ മൂല്യത്തെയും പഠനമാക്കുന്ന ഇടമാകണം സര്‍വകലാശാലകള്‍. മനുഷ്യരിലുള്ള മൃഗീയത അഥവാ മനുഷ്യത്വത്തിനു നിരക്കാത്തതിനെയെല്ലാം ഉരച്ചുനീക്കി മനുഷ്യര്‍ക്ക് ദൈവിക ഛായ നല്‍കുന്നതാകണം വിദ്യാഭ്യാസത്തിന്റെ അന്തഃസത്ത! വിജ്ഞാനം ദൈവത്തില്‍നിന്നും വിദ്വേഷം സാത്താനില്‍നിന്നും പുറപ്പെട്ടുവരുന്നു. ഏതിനെ സ്വീകരിച്ചിരുത്തുന്നുവെന്നതനുസരിച്ച് മനുഷ്യന്‍ മാറുന്നു! സഹപാഠിയെ അസഹിഷ്ണുതയോടെ കാണുകയും ഇല്ലായ്മ ചെയ്യാന്‍ സര്‍വത്ര നികൃഷ്ടതയും ഉപയോഗിക്കുകയും ചെയ്യുന്നത് നമ്മെ ഞെട്ടിപ്പിക്കുന്നില്ലേ? ജീവന്റെ വിലയും അതുല്യതയും തിരിച്ചറിയാതെ പുരോഗമനവാദവും സിദ്ധാന്തവും സംഘടനാബലവുമൊക്കെ പറയുന്ന യുവത നാളെയുടെ വാഗ്ദാനങ്ങളാകുന്നതെങ്ങനെ? നല്ലവരും ബുദ്ധിമാന്മാരുമായ യുവജനങ്ങളാണ് രാജ്യത്തിന്റെ സമ്പത്തെന്നത് മറക്കരുത്!

സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും നിത്യമായ ജാഗ്രത ആവശ്യമാണ്. തികഞ്ഞ കരുതലുണ്ടാകുക; അപരന് കാവലാകുക; സത്യത്തിന് സാക്ഷികളാകുക എന്നതൊക്കെ നാളെയുടെ മക്കള്‍ പഠിച്ചിരിക്കേണ്ട പാഠങ്ങളാണ്. അടുത്തിരിക്കുന്നവനില്‍ ദൈവത്തിന്റെ ഛായ കാണാനാകണം. അപരനെതിരെ പടവാളോങ്ങുവാന്‍ ആര്‍ക്കും അവകാശമില്ല. സകലര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടിവിടെ.

നമ്മുടെ കലാലയ രാഷ്ട്രീയം എന്നും പ്രശ്‌നങ്ങളുടെ ഇടമാണ്. തമ്മിലടിക്കുന്ന വിദ്യാര്‍ത്ഥികളാണോ രാഷ്ട്രീയ രംഗം കൊഴുപ്പിക്കേണ്ടത്? എന്തു പ്രശ്‌നത്തിലും യുവരക്തത്തെ തിളപ്പിച്ച് ‘തുറന്നുവിടുന്ന’ ‘നേതൃബുദ്ധി’ മാറ്റണം. നേതാക്കള്‍ക്കുവേണ്ടി ചാവേറാകാനാണോ കലാലയ രാഷ്ട്രീയം! എന്തുവന്നാലും തന്നിഷ്ടത്തിന്റെ രാഷ്ട്രീയം പറയുന്ന സംഘടനകള്‍ ശരിയോ? ഒരുമയും പെരുമയും സാഹോദര്യവും വളര്‍ത്താനല്ലേ സംഘടനകള്‍ മത്സരിക്കേണ്ടത്?! കലാലയങ്ങളില്‍ കലാപങ്ങള്‍ ഉയര്‍ത്താനാകരുത് സംഘടനകള്‍. തെരുവിലിറങ്ങി തമ്മിലടിക്കുന്ന യുവാക്കളെക്കുറിച്ച് തിരുത്തലുണ്ടാകണം.

ഇതര രാജ്യങ്ങളിലൊക്കെ പഠനം നടത്തുകയും തൊഴിലും ജീവിതവുമൊക്കെ വിദേശരാജ്യങ്ങളിലാക്കുകയും ചെയ്യുന്ന ആധുനിക യുവത്വത്തിന് നമ്മുടെ സര്‍വകലാശാലകളും പഠനവുമൊക്കെ കലാപത്തിനുള്ള ഇടമാകുന്നതെങ്ങനെ? സര്‍വകലാശാലകള്‍ ലോകത്തിനുമുന്നില്‍ പ്രകാശഗോപുരമായി നിന്നിരുന്ന കാലത്തുനിന്നും അവഗണിക്കപ്പെടുന്നതിലേക്ക് കൂപ്പുകുത്തുന്നത് എന്തുകൊണ്ടാണെന്നത് പരിശോധിക്കണം. സാമൂഹ്യപരിഷ്‌കര്‍ത്താക്കളും എഴുത്തുകാരും ചിന്തകരും പണ്ഡിതരും ഭരണക്കാരുമൊക്കെ നമ്മുടെ നാടിന്റെ കലാപാന്തരീക്ഷത്തെക്കുറിച്ച് വിലയിരുത്തണം, മാറ്റത്തിനായി പരിശ്രമിക്കണം.

കലാലയ രാഷ്ട്രീയം

സകലരെയും ഞെട്ടിക്കുന്ന സംഭവവികാസങ്ങളോടുപോലും ഒറ്റക്കെട്ടായി പ്രതികരിക്കാനോ അപലപിക്കാനോ കഴിയാത്തവിധം രാഷ്ട്രീയം മാറിയിരിക്കുന്നു. ജനാധിപത്യമെന്നൊക്കെ പറഞ്ഞ് നമ്മുടെ ഭരണസംവിധാനങ്ങളെ പുകഴ്ത്തുമ്പോഴും ചര്‍ച്ചയ്‌ക്കെത്തുന്ന ജനപ്രതിനിധികള്‍ ജനങ്ങളുടേതെന്നതിനെക്കാള്‍ സംഘടനകളുടെ വക്താക്കളായി മാറുന്നു! എന്തിനും ന്യായീകരണങ്ങള്‍ പറഞ്ഞ് സ്വന്തം ‘പ്രസ്ഥാനത്തെ’ ന്യായീകരിക്കാന്‍ പാടുപെടുന്നു. തെറ്റു ചെയ്‌തെങ്കില്‍ മാറ്റിനിര്‍ത്തുമെന്നും നിയമ നടപടികളും ശിക്ഷാനടപടികളും ഉണ്ടാകണമെന്നും പറയുവാന്‍പോലും സാധിക്കുന്നില്ല. ഇതുകൊണ്ടൊക്കെയാകാം മഹാത്മാക്കള്‍ പറഞ്ഞുവച്ചത്; ‘സത്യം പറയാനുള്ള ധൈര്യമില്ല, അതിനാലാണ് ലോകത്തിലെ പകുതി ദുരിതങ്ങളും വളരുന്നതെന്ന്!’
കലാലയങ്ങളും കലാലയ രാഷ്ട്രീയവും ഭാവിതലമുറയും തമ്മിലൊരു കൂട്ടിവായന അത്യാവശ്യമായിരിക്കുന്നു. അതിക്രമങ്ങള്‍ക്കെതിരെ മറ്റൊരു അതിക്രമം നടത്തുന്ന സംഘടനകളുടെ സംഘാതമായ കിടമത്സരം വോട്ടുരാഷ്ട്രീയത്തിന്റെ ഭാഗമല്ലേ? മുഖംനോക്കാതെ മക്കളുടെ നന്മയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അനിവാര്യമായിരിക്കുന്നു.

‘അഹിംസയും സത്യവും എന്റെ രണ്ടു ശ്വാസകോശങ്ങള്‍പോലെയാണ്. അവയെക്കൂടാതെ എനിക്ക് ജീവിക്കുക സാധ്യമല്ല’ എന്നുപറഞ്ഞു ജീവിച്ചുകാണിച്ചുതന്ന മഹാത്മജിയുടെ നാട്ടില്‍ യുവാക്കളുടെ കലഹമായി ഇന്നത്തെ കലാലയ രാഷ്ട്രീയം മാറിയിരിക്കുന്നു. നമ്മുടെ മക്കള്‍ പരസ്പരം പോരടിക്കുന്നതും കിരാതമായ ‘റാഗിംഗ്’പോലുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതും ചുറ്റുമുള്ളവരെ നിശബ്ദരാക്കുന്നതുമൊക്കെ മാറ്റേണ്ടതല്ലേ? മക്കള്‍ എല്ലാവര്‍ക്കും വിലപ്പെട്ടതാണ്. നേതാവും ജേതാവും കോടീശ്വരനും പണ്ഡിതനുമൊന്നുമായില്ലെങ്കിലും മക്കള്‍ ജീവനോടെ ഉണ്ടാകുക എന്നത് പരമപ്രധാനമല്ലേ? ഏകോദര സഹോദരങ്ങളെപ്പോലെ അവര്‍ നാളെയെ കെട്ടിപ്പടുക്കേണ്ടവരല്ലേ?

നിശബ്ദതയുടെ കാരണങ്ങള്‍

നാള്‍ക്കുനാള്‍ നമ്മുടെ നാട്ടില്‍നിന്നും യുവജനങ്ങള്‍ വിദേശപഠനത്തിനും തൊഴിലിനും സ്ഥിരതാമസത്തിനുമായി പോകുന്നത് നാം കാണാതെ പോകരുത്. ഇവിടെനിന്നാല്‍ രക്ഷയില്ലെന്നു പറയുന്നതില്‍ കഴമ്പില്ലേ? നാട്ടിലെ സ്ഥലവും വീടും പണയംവച്ചും വിറ്റുപെറുക്കിയും തലമുറ നാടുവിടുമ്പോള്‍ നാം കലാലയങ്ങളില്‍ കലാപം അഴിച്ചുവിടുകയാണോ? നിലവാരമുള്ള നമ്മുടെ സര്‍വകലാശാലകളും പണ്ഡിതരായ അധ്യാപകരും സംസ്‌കാരമുള്ള നാടുംവിട്ട് യുവജനങ്ങള്‍ പോകുന്നതില്‍ ആശങ്കയില്ലാത്തതും കഷ്ടമല്ലേ? കലാലയ രാഷ്ട്രീയം വേണ്ടെന്നു പറഞ്ഞാലും നമ്മുടെ നാട്ടില്‍ രാഷ്ട്രീയക്കാര്‍ ഉണരും! അണികളെ സൃഷ്ടിക്കുന്നയിടങ്ങള്‍ ഇല്ലാതെപോകരുതല്ലോ.

മക്കള്‍ നാടിന്റേതായി വളരുവാനുള്ള ഒരുമയുടെ ‘രാഷ്ട്രീയം’ കലാലയങ്ങളില്‍ ഉണ്ടാകണം. കടന്നുപോയവരും മാതൃകയുടെ രാഷ്ട്രീയം ജീവിച്ചുകാണിച്ചുതന്നവരുടേതുമായ ചരിത്രം മക്കള്‍ പഠിക്കട്ടെ. ചുറ്റുമുള്ളവരെ ഇല്ലാതാക്കുന്ന പേടിപ്പെടുത്തുന്ന സംഘടനകള്‍ നമുക്കു വേണ്ട. പേരു കേള്‍ക്കുമ്പോഴേ ‘ഞെട്ടല്‍’ ഉളവാക്കുന്ന സംഘടനകളെക്കുറിച്ച് വിചിന്തനം അനിവാര്യമല്ലേ? ചുറ്റുമുള്ളവരുടെ ‘നിശബ്ദത’യുടെ കാരണം പഠിക്കേണ്ടതല്ലേ? തോളില്‍ കൈയിട്ടു നടന്നിട്ട് ചതിക്കുന്നതാണോ രാഷ്ട്രീയം? ഭയചകിതമായ സാമൂഹ്യാന്തരീക്ഷത്തില്‍ പുതുതലമുറ നല്ല നാളകള്‍ രൂപപ്പെടുത്താനായി ഇവിടെ കാണുമോ?

വിദ്യാഭ്യാസാന്തരീക്ഷം കലാപകലുഷിതമാകുകയും ഇവിടുത്തെ തൊഴില്‍സാധ്യതകള്‍ ഇല്ലാതാകുകയും ജീവിതച്ചെലവും ഇതര ചുറ്റുപാടുകളും ജീവിതത്തെ ആശങ്കയിലാക്കുകയും ചെയ്യുന്ന ആധുനികത തിരുത്തിയേ തീരൂ! പഠിച്ചു വളരാനും ഒരു നിലയില്‍ എത്തിച്ചേരാനും പാടുപെടേണ്ട മക്കള്‍ പരസ്പരം ‘തമ്മിത്തല്ല് രാഷ്ട്രീയം’ പയറ്റുന്നതിന് അനുവദിച്ചുകൂടാ? സൈ്വരജീവിതം സാധ്യമാക്കുന്നതിലേക്കാകണം ജനാധിപത്യ ചിന്തകള്‍ ശക്തി പ്രാപിക്കേണ്ടത്.

തിരുത്തല്‍ ശക്തി

അഴിമതിയും സ്വജനപക്ഷപാതവും ആര്‍ഭാടവും ധൂര്‍ത്തും കൈക്കൂലിയുമൊക്കെ സാധാരണമാകുമ്പോള്‍ അതിനെതിരെ സജീവമായി രംഗത്തിറങ്ങേണ്ടവരാണ് യുവത. തിരുത്തല്‍ശക്തിയായി നാടിനെ നവീകരിക്കേണ്ടതിന്റെ ചുമതലയും യുവതക്കുതന്നെ! മാറേണ്ടതാണെന്ന് പ്രസംഗിക്കുകയും മാറാന്‍ തയാറാകാതിരിക്കുകയും ചെയ്യുന്ന വൈരുധ്യം മാറണം. നമ്മുടേതാണ് സമൂഹം; ഞാനുള്‍പ്പെടുന്നതാണ് സമൂഹം. അപരനും തന്നെപ്പോലെയാണെന്നു തിരിച്ചറിയാനാകണം. ആര്‍ക്കുവേണ്ടിയാണ് യുവാക്കള്‍ പരസ്പരം കലഹിക്കുന്നത്? രാഷ്ട്രീയം പറയുമ്പോഴും അപരനെ മാനിക്കാനും സഹിഷ്ണുതയോടെയും ശ്രവിക്കാനുമാകണം!

ശിശുവിനെ നല്ല മനുഷ്യനാക്കാനാകണം വിദ്യാഭ്യാസം നല്‍കേണ്ടത്. ഈ രീതിയിലേക്കുള്ള കാഴ്ചപ്പാടില്‍ കലാലയങ്ങള്‍ ശക്തിപ്പെടണം. ആരായിരിക്കുമ്പോഴും എന്തായിരിക്കുമ്പോഴും നമ്മിലെ നന്മയാണ് പ്രോജ്വലിക്കപ്പെടേണ്ടത്. മറ്റുള്ളവരെ തന്നെപ്പോലെതന്നെ കാണാനാകുന്ന വിദ്യാഭ്യാസമാണ് ഉണ്ടാകേണ്ടത്.
നല്ല ആശയങ്ങളും വികസിത കാഴ്ചപ്പാടുകളും പ്രസംഗിക്കുകയും പ്രസംഗവും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലാതിരിക്കുകയും ചെയ്യുന്ന ആത്മാര്‍ത്ഥതയില്ലായ്മ തിരുത്തണം. ആക്രമിക്കുന്നവരും ആക്രമിക്കപ്പെടുന്നവരും നമ്മുടെ മക്കളാണെന്ന് തിരിച്ചറിയാന്‍ രാഷ്ട്രീയം പറയുന്നവര്‍ക്കാകണം. ഇനിയൊരിക്കലും ആള്‍ക്കൂട്ടവിചാരണയും ആക്രമണങ്ങളും കൊലവിളികളും ഉണ്ടാകാതിരിക്കാനുള്ള പഠനവും മനോവികാസവും നമുക്കുണ്ടാകണം. മനഃസാക്ഷിയെ ക്ഷതമില്ലാതെ കാത്തുപാരിപാലിക്കണം. അനീതിക്കും അക്രമത്തിനും എതിരെ ശബ്ദിക്കാനാകണം; ആരെയും നിശബ്ദരാക്കുന്ന നേതൃപാടവവും സംഘടനാപ്രവര്‍ത്തനവും വേണ്ട! ജീവനെ ഇല്ലാതാക്കുന്ന രാഷ്ട്രീയവും വേണ്ടേ വേണ്ട.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?