Follow Us On

16

January

2025

Thursday

ജനം പുച്ഛിച്ചു തള്ളിയ ദര്‍ശനം യാഥാര്‍ത്ഥ്യമായി

ജനം പുച്ഛിച്ചു തള്ളിയ ദര്‍ശനം യാഥാര്‍ത്ഥ്യമായി
റുവാണ്ടയിലെ ചെറു പട്ടണമായ കിബേഹോയില്‍  1980-ല്‍ ചില കുട്ടികള്‍ക്ക് പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടു. ആഫ്രിക്കന്‍ ജനതയുടെ ധാര്‍മികമായ തകര്‍ച്ചയെക്കുറിച്ച് ദിവ്യകന്യക സംസാരിച്ചു. കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തില്‍നിന്നും പിന്‍തിരിയുവാന്‍ മാതാവ് ആഹ്വാനം ചെയ്തു. ”പണത്തിനും മനുഷ്യപ്രീതിക്കുമല്ല പ്രത്യുത ദൈവസ്‌നേഹത്തിനുവേണ്ടി നിങ്ങള്‍ ദാഹിക്കുക” പരിശുദ്ധ അമ്മ അപേക്ഷിച്ചു.
‘അനാത്താലിയേ മുകാമാസിം പാക്കാ’ എന്ന ദര്‍ശക ദിവ്യകന്യകയുടെ സന്ദേശങ്ങളെ സമാഹരിച്ചതിങ്ങനെ: ”ഉണരുക, എഴുന്നേല്‍ക്കുക. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക. പ്രാര്‍ത്ഥനയ്ക്കായി നിങ്ങളെത്തന്നെ സമര്‍പ്പിക്കുകയും കാരുണ്യവും എളിമയും പരിശീലിക്കുകയും ചെയ്യുക. നിങ്ങളുടെ ശരീരത്തെയും ആത്മാവിനെയും വിശുദ്ധീകരിക്കുക.”
സമയം കടന്നുപോകുന്നതിനുമുമ്പേ മാനസാന്തരപ്പെടുവാന്‍, ലൗകീകതയില്‍നിന്നും പിന്തിരിയാന്‍ പരിശുദ്ധ അമ്മ റുവാണ്ടയിലെ ജനതയോട് അഭ്യര്‍ത്ഥിച്ചു. ”വിശുദ്ധീകരണത്തിനുള്ള മാര്‍ഗമാണ് സഹനം. തന്റെ സഹനങ്ങള്‍ ദൈവത്തിന് കാഴ്ചയായി സമര്‍പ്പിക്കുന്ന ഒരു ഹൃദയത്തെപ്പോലെ മനോഹരമായി മറ്റൊന്നും ഇല്ല. പ്രാര്‍ത്ഥിക്കുക, കൂടുതലായി പ്രാര്‍ത്ഥിക്കുക. എന്റെ പുത്രന്റെ സുവിശേഷത്തെ പിന്തുടരുക. ലോകത്തിലെ സകല തിന്മകളെക്കാളും ശക്തിയേറിയവനാണ് ദൈവം എന്നത് നിങ്ങള്‍ മറക്കരുത്. കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്യുന്നതില്‍നിന്നും പിന്തിരിയുക. മനുഷ്യാവകാശങ്ങളെ നിങ്ങള്‍ ആദരിക്കണം. എന്തെന്നാല്‍ ആ അവകാശങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരാരും വിജയിക്കുകയില്ല. മാത്രമല്ല ആ തിന്മ അവരുടെമേല്‍തന്നെ തിരിച്ചുവരും.”
തന്റെ ഈ ആഹ്വാനത്തിന് ചെവി കൊടുക്കാനും മാനസാന്തരപ്പെടുവാനും തയാറായില്ലെങ്കില്‍ എന്താണ് സംഭവിക്കുവാന്‍ പോകുന്നതെന്ന് മാതാവ് ദര്‍ശകര്‍ക്ക് വെളിപ്പെടുത്തി.
”….. രക്തം നിറഞ്ഞ ഒരു നദി… ….. പരസ്പരം കൊല്ലുന്ന ജനങ്ങള്‍…. ….. കുഴിച്ചു മൂടാന്‍ ആരും ഇല്ലാതെ
അനാഥമായി കിടക്കുന്ന മൃതദേഹങ്ങള്‍…. ശിരസറ്റുപോയ ശരീരങ്ങള്‍……”
ജനം ഈ പ്രത്യക്ഷപ്പെടലിനെ പുച്ഛിച്ചു തള്ളി. ദര്‍ശനം ലഭിച്ച കുട്ടികള്‍ക്ക് ഭ്രാന്താണെന്ന് പറഞ്ഞ് പരിഹസിച്ചു.
എന്നാല്‍ ഈ ദര്‍ശനങ്ങള്‍ തമാശയായിരുന്നില്ല എന്ന് ഇന്നെല്ലാവരും അംഗീകരിക്കുന്നു. 1994-ലെ വസന്തത്തില്‍ ഭീകരമായ ആഭ്യന്തര യുദ്ധം റുവാണ്ടയില്‍ പൊട്ടിപ്പുറപ്പെട്ടു. ക്രിസ്ത്യാനിയായിരുന്ന പ്രസിഡന്റ് ‘ജുവേനാല്‍ ഹാബിയാരി മാന’യുടെ വധമാണ് അതിന് തുടക്കമിട്ടത്. മനുഷ്യചരിത്രത്തിലെ  ഭീകരമായ ഒരു കൂട്ടക്കൊല അവിടെ അരങ്ങേറി. മൂന്നു മാസത്തിനുള്ളില്‍ പത്തുലക്ഷം റുവാണ്ടികളാണ് ഈ യുദ്ധംമൂലം കൊല ചെയ്യപ്പെട്ടത്.
അനേകായിരം ശവശരീരങ്ങള്‍ മറവു ചെയ്യാനാരും ഇല്ലാതെ മണ്ണില്‍ കിടന്ന് ചീഞ്ഞഴുകി. കൊല്ലപ്പെട്ട അനേകരുടെ ശരീരങ്ങള്‍ കഗേരാ നദിയിലേക്ക് വലിച്ചെറിയപ്പെട്ടു. വിക്‌ടോറിയ തടാകത്തിലേക്ക് ഒഴുകിപ്പോയ ആ പതിനായിരത്തിലേറെ മൃതശരീരങ്ങളില്‍ പലതിനും ശിരസില്ലായിരുന്നു. കഗേരാ നദി അക്ഷരാര്‍ത്ഥത്തില്‍ രക്തമൊഴുകുന്ന പുഴയായി മാറി. ഇപ്രകാരം കിബേഹോയിലെ പ്രവചനങ്ങളെല്ലാം നിറവേറി. റുവാണ്ട യുദ്ധത്താല്‍ തകര്‍ന്ന രാജ്യം മാത്രമല്ല; എയ്ഡ്‌സ് മൂലം ആ രാജ്യത്തെ ഗ്രാമങ്ങളും പട്ടണങ്ങളുമെല്ലാം പ്രേതനഗരം പോലെ ഭീതി നിറഞ്ഞതായിത്തീര്‍ന്നു.
പാപവഴികള്‍ വിട്ട് ദൈവത്തിലേക്ക് മടങ്ങി വന്നില്ലെങ്കില്‍ ലോകം വലിയ ദുരിതങ്ങളിലൂടെ കടന്നുപോകേണ്ടിവരും. അതിനാല്‍ പ്രാര്‍ത്ഥിക്കുക, പ്രായശ്ചിത്തം ചെയ്യുക, മാനസാന്തരപ്പെടുക. എന്നാല്‍ ജീവിതവ്യഗ്രതയിലും സുഖഭോഗത്തിലും മുഴുകിയ ലോകത്തിന് സ്വര്‍ഗത്തിന്റെ ശബ്ദം തിരിച്ചറിയാന്‍ കഴിയുന്നില്ല. ദൈവകോപത്തിന്റെ പാനപാത്രം രുചിച്ചു തുടങ്ങിയിട്ടും ലോകം സ്വര്‍ഗത്തിലേക്ക് ദൃഷ്ടികളുയര്‍ത്തുന്നില്ല എന്നത് എത്രയോ പരിതാപകരമാണ്.
(അവലംബം: സോഫിയ ബുക്‌സ് പ്രസിദ്ധീകരിച്ച ‘കാലത്തിന്റെ അടയാളങ്ങള്‍‘ എന്ന ഗ്രന്ഥം)
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?