Follow Us On

26

November

2024

Tuesday

ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: കെആര്‍എല്‍സിസി

ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: കെആര്‍എല്‍സിസി
കൊച്ചി: ഇന്ത്യയുടെ ഭാഗധേയം നിര്‍ണയിക്കുന്ന ആസന്നമായ പൊതു തിരഞ്ഞെടുപ്പില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന നീതി, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുന്നവിധം തങ്ങളുടെ സമ്മതിദാനം ഉപയോഗപ്പെടുത്തണമെന്ന് കേരള റീജ്യന്‍ ലാറ്റിന്‍  കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി).
ഇന്ത്യയുടെ മതേതരസ്വഭാവം നിരന്തരം ചോദ്യം ചെയ്യപ്പെടുകയും ഭരണഘടനാ സ്ഥാപനങ്ങള്‍ രാഷ്ട്രീയ ഇച്ഛയ്ക്കനുസരിച്ച് ഉപയോഗിക്കപ്പെടുകയും ചെയ്യുന്നതുമൂലം ജനാധിപത്യ വ്യവസ്ഥിതി ദുര്‍ബലമാക്കപ്പെടുന്നത് ആശങ്ക വളര്‍ത്തുന്നു. പൗരന്മാരെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്ന നിയമങ്ങള്‍ രൂപപ്പെടുത്തന്നത് അനീതിയാണ്. ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ ന്യൂനപക്ഷ വിരുദ്ധത പരോക്ഷമായും പ്രത്യക്ഷമായും ശക്തിപ്പെടുന്നത് ഭയം ഉളവാക്കുന്നു. മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള ഉത്തര കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവരും ആരാധനാലയങ്ങളും സാമൂഹികസേവന സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരന്തരം അതിക്രമങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. ക്രമസമാധാനവും പൗരാവകാശങ്ങളും ഉറപ്പാക്കേണ്ട ഭരണാധികാരികളുടെ നിശബ്ദത ഭീതി ജനിപ്പിക്കുന്നു. രാജ്യത്തിന്റെ മതേതരസ്വഭാവം അപകടകരമായവിധം ചോദ്യം ചെയ്യപ്പെടുകയാണ്.
തിരഞ്ഞെടുപ്പില്‍ ദേശീയസാഹചര്യങ്ങളാണ് മുന്‍തൂക്കം നേടുന്നതെങ്കിലും കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ നേരിടുന്ന അതിജീവന പ്രശ്‌നങ്ങളോടും സാമൂഹിക നീതിയിലധിഷ്ഠിതമായ ആവശ്യങ്ങളോടും സര്‍ക്കാരും രാഷ്ട്രീയ മുന്നണികളും പുലര്‍ത്തുന്ന നിസംഗതയും കെആര്‍എല്‍സിസി വിവിധ തലങ്ങളില്‍ പരിശോധിച്ചു. അധികാരത്തിന്റെയും സമ്പത്തിന്റെയും നീതിപൂര്‍വകമായ വിതരണത്തിന് അടിസ്ഥാന വിവരശേഖരമായിത്തീരുന്ന സാമൂഹിക സാമ്പത്തിക നിജസ്ഥിതി ജാതി സെന്‍സസ് സംബന്ധിച്ച് കോണ്‍ഗ്രസ് ദേശീയതലത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇടതുമുന്നണി നേതൃത്വം അനുകൂലമായ നിലപാട് പ്രകടനപത്രികയിലൂടെ വെളിപ്പെടുത്തിയിട്ടുമുണ്ട്. എത്രയുംവേഗം അനുകൂലമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്; പ്രസ്താവനയില്‍ പറയുന്നു.
വിഴിഞ്ഞം, മുതലപ്പൊഴി വിഷയങ്ങളില്‍ അകാരണമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ ഒരു ഭാഗം പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനാവശ്യമായ പ്രായോഗിക നടപടികള്‍ സ്വീകരിക്കുകയും മുഴുവന്‍ കേസുകളും അവസാനിപ്പിക്കുന്നതിന് നടപടികള്‍ ഉണ്ടാകുകയും വേണം. തീരദേശത്തെ പ്രതിസന്ധികളും വികസന പ്രശ്‌നങ്ങളും അര്‍ഹിക്കുന്ന ഗൗരവത്തോടെയല്ല സര്‍ക്കാര്‍ സമീപിച്ചിട്ടുള്ളത്. കടലും തീരവും കടലിന്റെ മക്കള്‍ക്ക് അന്യമാകുന്ന വികസനവും നയപരിപാടികളുമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. 2019-ലെ തീരപരിപാലന വിജ്ഞാപനത്തിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്നവിധം കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് പ്ലാന്‍ രൂപപ്പെടുത്തി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചില്ല.
കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ തീരദേശത്തെ ഗൗരവമേറിയ പ്രശ്‌നങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടില്ല. മലയോരമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും വന്യജീവികളുടെ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിലും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല; കെആര്‍എല്‍സിസി വിലയിരുത്തി.
സമുദൂരമെന്ന രാഷ്ട്രീയനയത്തില്‍നിന്നും വ്യതിയാനം ഉണ്ടാവുന്നില്ലെങ്കിലും പ്രശ്‌നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാടുകള്‍ കാലാകാലങ്ങളില്‍ സ്വീകരിച്ചു വരുന്ന രീതി ഈ പൊതു തിരഞ്ഞെടുപ്പിലും തുടരുന്നതാണ്. സ്ഥാനാര്‍ത്ഥിയുടെ വ്യക്തിസമഗ്രതയും പ്രവര്‍ത്തന പരിചയവും രാഷ്ട്രീയ പാരമ്പര്യവും ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ നീതിപൂര്‍വമായ ആവശ്യങ്ങളോടുള്ള നിലപാടുകളും പരിഗണിക്കപ്പെടണം. ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ മതേതര ജനാധിപത്യം ശക്തമാക്കുന്നതിനും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഉതകുന്ന വിധത്തില്‍ സമ്മതിദാനാവകാശം വിവേകപൂര്‍വം ഉപയോഗിക്കുവാന്‍ കെആര്‍എല്‍സിസി അഭ്യര്‍ത്ഥിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?