Follow Us On

22

November

2024

Friday

അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ നോക്ക് തീര്‍ത്ഥാടനം മെയ് 11 ന്; മാര്‍ റാഫേല്‍ തട്ടില്‍ പങ്കെടുക്കും

അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ നോക്ക്  തീര്‍ത്ഥാടനം മെയ് 11 ന്; മാര്‍ റാഫേല്‍ തട്ടില്‍ പങ്കെടുക്കും
ഡബ്ലിന്‍: അയര്‍ലണ്ട്  സീറോ മലബാര്‍ സഭയുടെ ഈ വര്‍ഷത്തെ നോക്ക് തീര്‍ത്ഥാടനം  മെയ് 11   ശനിയാഴ്ച്ച നടക്കും. പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനില്‍കുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍  റിപ്പബ്ലിക് ഓഫ്  അയര്‍ലണ്ടിലേയും നോര്‍ത്തേണ്‍  അയര്‍ലണ്ടിലേയും സീറോ മലബാര്‍ വിശ്വാസികള്‍ ഒത്തുചേരും. അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ 37 വി. കുര്‍ബാന സെന്ററുകളിലും  മരിയന്‍ തീര്‍ത്ഥാ ടനത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. തീർത്ഥാടനം ‘ശാലോം ഗ്ലോബൽ’ ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യും.
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഈ വര്‍ഷത്തെ നോക്ക് തീര്‍ത്ഥാടനത്തിനു മുഖ്യകാര്‍മ്മികനായിരിക്കും. മാര്‍ റാഫേല്‍ തട്ടില്‍  ഇക്കഴിഞ്ഞ ജനുവരിയില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പായി സ്ഥനമേറ്റശേഷം നടത്തുന്ന  ആദ്യ വിദേശ യാത്രയില്‍ റോമില്‍  ഫ്രാന്‍സിസ് മാര്‍പാപ്പയേയും സന്ദര്‍ശിക്കും.  മെയ് 11  ശനിയാഴ്ച രാവിലെ 10ന് നോക്ക് ബസലിക്കയില്‍ ആരാധനയും ജപമാലയും. തുടര്‍ന്ന് ആഘോഷമായ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാനയും ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും നടക്കും.  വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍  റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മ്മികനായിരിക്കും. സീറോ മലബാര്‍ സഭയുടെ യൂറോപ്യനായുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തും, അയര്‍ലണ്ട് സീറോ മലബാര്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോസഫ് ഓലിയക്കാട്ടും അയര്‍ല ണ്ടിലെ മുഴുവന്‍ സീറോ മലബാര്‍ വൈദികരും സഹകാ ര്‍മ്മികരായിരിക്കും.
കാറ്റിക്കിസം സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികളേയും, ബൈബിള്‍ ക്വിസ് മത്സരത്തില്‍ ദേശീയ തലത്തില്‍ വിജയം നേടിയവരേയും അയര്‍ലണ്ടിലെ ലിവിങ് സെര്‍ട്ട് പരീക്ഷയിലും ജൂനിയര്‍ സെര്‍ട്ട് പരീക്ഷയിലും ഉന്നതവിജയം നേടിയ കുട്ടികളേയും അഞ്ചോ അതിലധികമോ മക്കളുള്ള അയര്‍ലണ്ടിലെ വലിയ കുടുംബങ്ങളേയും ഈ തീര്‍ത്ഥാടനത്തില്‍ ആദരിക്കും.
1879 ഓഗസ്റ്റ് 21 നു വൈകുന്നേരം കൗണ്ടി മയോയിലെ നോക്ക് ഗ്രാമത്തിലെ സ്‌നാപക യോഹന്നാന്റെ പേരിലുള്ള  ദേവാലയത്തിന്റെ പുറകില്‍ നടന്ന മരിയന്‍ പ്രത്യ ക്ഷീകരണത്തിന്  പതിനഞ്ചിലേറെ ആളുകള്‍ സാക്ഷികളാ യിരുന്നു. പരിശുദ്ധ കന്യകാ മാതാവിനൊപ്പം സെന്റ് ജോസഫും യോഹന്നാന്‍ ശ്ലീഹായും പ്രത്യക്ഷപ്പെട്ടതായി ദൃക്‌സാക്ഷ്യകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവരോടോപ്പം ഒരു ബലിപീഠവും ഒരു കുരിശും ആട്ടിന്‍കുട്ടിയും ദൂതന്മാരും ഉണ്ടായിരുന്നു.
ഏകദേശം രണ്ട് മണിക്കൂറോളം ആ ദര്‍ശനം നീണ്ടുനിന്നു.  സഭ നിയോഗിച്ച രണ്ട് കമ്മീഷനുകളും ഈ ഗ്രാമത്തില്‍ നടന്ന സംഭവങ്ങള്‍ വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തി. വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയും ഫ്രാന്‍സീസ് മാര്‍പാപ്പായും നോക്ക് ദേവാലയം സന്ദര്‍ശിച്ചിട്ടുണ്ട്. വി. മദര്‍ തെരേസായും നോക്ക് സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചിരുന്നു.  കഴിഞ്ഞ വര്‍ഷം അയര്‍ലണ്ട് സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഈ പുണ്യസ്ഥലത്ത് ഏതാനും മണിക്കൂറുകള്‍ ചെലവഴിച്ചു. വര്‍ഷംതോറും ആയിരക്കണക്കിന് അന്താരാഷ്ട്ര തീര്‍ത്ഥാടകര്‍ നോക്ക് സന്ദര്‍ശിക്കാറുണ്ട്.
അയര്‍ലണ്ടിലെത്തുന്ന മലയാളികുടുംബങ്ങള്‍ പതിവായി നോക്ക് സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ച് അനുഗ്രഹം പ്രാപിക്കാറുണ്ട്. എല്ലാ രണ്ടാം ശനിയാഴ്ചയും രാവിലെ 10 മുതല്‍ മലയാളത്തില്‍ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ട്. തുടര്‍ന്ന് 12 മണിമുതല്‍ ആരാധനയും സീറോ മലബാര്‍ വിശുദ്ധ കുര്‍ബാനയും നടന്നുവരുന്നു. സീറോ മലബാര്‍ സഭയുടെ വൈദികന്‍ ഈ തീര്‍ത്ഥാടനകേന്ദ്രത്തില്‍   സേവനം ചെയ്യുന്നുണ്ട്.
അയര്‍ലണ്ടിലേയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലേയും സീറോ മലബാര്‍ സഭയുടെ 37 കുര്‍ബാന സെന്ററുകളിലെ അയ്യായിരത്തോളം വിശ്വാസികള്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കും. കൊടികളും  മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും മാതാവിന്റേയും വിശുദ്ധരുടേയും  തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ട്  പ്രാര്‍ത്ഥനഗാനങ്ങള്‍ ആലപിച്ച് വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം അയര്‍ലണ്ടിലെ സീറോ മലബാര്‍ പ്രവാസി സമൂഹത്തിന്റെ വിശ്വാസ പ്രഘോഷണമായിരിക്കും.   അയര്‍ലണ്ടിലെ വിവിധ കുര്‍ബാന സെന്ററുകളില്‍നിന്ന്  ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികള്‍ നോക്ക് തീര്‍ത്ഥാടനത്തില്‍ ഒരുമിച്ചുകൂടും.
സീറോ മലബാര്‍ സഭ നാഷണല്‍  പാസ്റ്ററല്‍ കൗണ്‍സിലിന്റെ   നേതൃത്വത്തില്‍  നോക്ക് മരിയന്‍ തീര്‍ഥാടനത്തിന്  വേണ്ട  ക്രമീകരണങ്ങള്‍ നടന്നുവരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?