Follow Us On

22

January

2025

Wednesday

വലിയ പുഞ്ചിരിയോടെ സുവിശേഷത്തിന്റെ ആനന്ദം പങ്കുവയ്ക്കുക: സെമിനാരി വിദ്യാര്‍ത്ഥികളോട് പാപ്പ

വലിയ പുഞ്ചിരിയോടെ സുവിശേഷത്തിന്റെ ആനന്ദം പങ്കുവയ്ക്കുക:  സെമിനാരി വിദ്യാര്‍ത്ഥികളോട് പാപ്പ

വത്തിക്കാന്‍ സിറ്റി: ഹൃദയം ദൈവത്തിലര്‍പ്പിച്ചുകൊണ്ടും തുറന്ന കരങ്ങളോടെയും വലിയ പുഞ്ചിരിയോടെയും കണ്ടുമുട്ടുന്ന എല്ലാവരോടും സുവിശേഷത്തിന്റെ ആനന്ദം പങ്കുവയ്ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്‌പെയിനിലെ സെവില്ലയില്‍ നിന്നെത്തിയ സെമിനാരി വിദ്യാര്‍ത്ഥികളോടാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിന്റെ ഹൃദയത്തോടെ ജനങ്ങളെ ആര്‍ദ്രതയോടെ പരിപാലിക്കുന്ന ഇടയന്‍മാരായി തീരുവാന്‍ പാപ്പ സെമിനാരി വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു.

ദൈവത്തിന്റെ പ്രത്യേക വിളി ലഭിച്ചവരാണ് സെമിനാരി വിദ്യാര്‍ത്ഥികള്‍. അധ്യാപകരുടെ സഹായത്തോടെ കര്‍ത്താവിന്റെ മാതൃക പിന്‍ചെല്ലുന്ന അജപാലകരായി നിങ്ങള്‍ മാറണം. ആത്മീയ ജീവിതം, പഠനം, കമ്മ്യൂണിറ്റി ലൈഫ്, അപ്പസ്‌തോലിക ശുശ്രൂഷ എന്നീ നാല് മേഖലകളില്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ തങ്ങളെ തന്നെ സമര്‍പ്പിക്കുന്ന യഥാര്‍ത്ഥ വൈദികരായി തീരുവാന്‍ ഈ നാല് മേഖലകളിലും ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണെന്ന് പാപ്പ വ്യക്തമാക്കി.

വൈദികനാകാന്‍ അഭ്യസിക്കുന്നവര്‍ക്ക് പുണ്യങ്ങളും അറിവും പകരണമെന്ന് വാഴ്ത്തപ്പെട്ട കര്‍ദിനാള്‍ മാര്‍സെലോ സ്പിനോള  വൈ മാസ്റ്ററെ ഉദ്ധരിച്ചുകൊണ്ട് പാപ്പ പറഞ്ഞു. ഭാവിയിലെ വൈദികര്‍ പ്രാര്‍ത്ഥനയും പഠനവും കൂട്ടായ്മയും മിഷനും തമ്മിലുള്ള  വിശുദ്ധമായ ബാലന്‍സ് കണ്ടെത്തത്തുന്നവരാകണം. ആനന്ദത്തോടെ വിശ്വാസം വളര്‍ത്തുന്നതിനും പങ്കുവയ്ക്കുന്നതിനും സെമിനാരിയിലുള്ള സമയം പൂര്‍ണമായി പ്രയോജനപ്പെടുത്താനുള്ള ആഹ്വാനത്തോടെയാണ് പാപ്പ പ്രസംഗം അവസാനിപ്പിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?