Follow Us On

09

January

2025

Thursday

സഹൃദയ എഞ്ചിനീയറിങ്ങ് കോളജിന് ഓട്ടോണമസ് പദവി

സഹൃദയ എഞ്ചിനീയറിങ്ങ് കോളജിന് ഓട്ടോണമസ് പദവി
തൃശൂര്‍: ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഹൃദയ എഞ്ചിനീയറിങ്ങ് കോളജിന് യുജിസിയുടെ സ്വയംഭരണ (ഓട്ടോണമസ്) പദവി. 2024 മുതല്‍ 2034 വരെ പത്തുവര്‍ഷത്തേക്കാണ് ഓട്ടോണമസ് കാലാവധി. അക്കാദമിക മികവ്, ഉയര്‍ന്ന പ്ലെയ്‌സ്‌മെന്റ്, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, യോഗ്യതയുള്ള അധ്യാപകര്‍, ഉയര്‍ന്ന അധ്യാപക വിദ്യാര്‍ത്ഥി അനുപാതം തുടങ്ങിയ വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് സ്വയംഭരണപദവി ലഭിച്ചത്.
അധ്യാപകര്‍, സ്റ്റാഫ്, വിദ്യാര്‍ത്ഥികള്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍ തുടങ്ങി കോളജുമായി ബന്ധപ്പെട്ട എല്ലാവരുടെയും പരിശ്രമങ്ങളാണ് ഈ അംഗീകാരം നേടിയെടുക്കാന്‍ സഹായിച്ചതെന്ന് കോളജ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റവ. ഡോ. ആന്റോ ചുങ്കത്ത് പറഞ്ഞു.
കൃത്യസമയത്തുള്ള പ്രവേശന നടപടിക്രമം, പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവയാണ് ഓട്ടോണമസ് കോളജുകളുടെ സവിശേഷ ഗുണം. കേരളത്തിലെ സ്വാശ്രയ കോളജുകളില്‍ കോഴ്‌സുകളിലും പഠനത്തിലും പ്ലേസ്‌മെന്റിലും ഏറെ മികവില്‍ നില്‍ക്കുന്ന സഹൃദയ എഞ്ചിനീയറിങ്ങ് കോളജിന് മറ്റൊരു പൊന്‍തൂവല്‍കൂടിയാണിത്. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങ്, ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്ങ് ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്ങ്, സിവില്‍ എഞ്ചിനീയറിങ്ങ് എന്നീ വിഭാഗങ്ങള്‍ക്ക് എന്‍ബിഎ അംഗീകാരം ലഭിച്ചിട്ടുണ്ട്.
കൂടാതെ കാലഘട്ടത്തിനനുസരിച്ചുള്ള എഞ്ചിനീയറിങ്ങ് പഠനപരിശീലന സെമിനാറുകള്‍, അത്യാധുനിക സൗകര്യങ്ങളോടെ ഒരുകോടി ചിലവില്‍ പണി കഴിപ്പിച്ച എഐ കമ്പ്യൂട്ടര്‍ ലാബ്, വിവിധങ്ങളായ ഫെസ്റ്റുകള്‍, അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ഒരുലക്ഷം സ്‌ക്വയര്‍ ഫീറ്റിലുള്ള സെന്‍ട്രല്‍ ലൈബ്രറി, മള്‍ട്ടിമീഡിയ സെന്റര്‍, പ്ലേസ്‌മെന്റ് റെക്കോര്‍ഡ്, ഐഎസ്ഒ, എന്‍എഎസി അംഗീകാരങ്ങള്‍ എന്നിവയും കോളജിനെ കൂടുതല്‍ മികവുറ്റതാക്കുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?