മിന്‍യാ/ഈജിപ്ത്: ഈജിപ്തിലെ മിന്‍യാ പ്രൊവിന്‍സിലുള്ള ഒരു ഗ്രാമത്തില്‍ ദൈവാലയം നിര്‍മിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്ന് ക്രൈസ്തവവിശ്വാസികളുടെ ഭവനങ്ങള്‍ ഇസ്ലാമിക തീവ്രവാദികള്‍ അഗ്നിക്കിരയാക്കി. മിന്‍യാ പ്രൊവിന്‍സിലെ അല്‍ഫാക്വര്‍ ഗ്രാമത്തില്‍ കത്തുന്ന വീടുകളുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈജിപ്ഷ്യന്‍ സുരക്ഷാ സേന സാഹചര്യം നിയന്ത്രണത്തിലാക്കിയതായും ഏതാനും പേരെ അറസ്റ്റു ചെയ്തതായും കോപ്റ്റിക് ഓര്‍ത്തഡോക്സ് ബിഷപ് അന്‍ബാ മക്കറിയസ് ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.
ഈജിപ്തിലെ 111 ദശലക്ഷം വരുന്ന ജനസംഖ്യയുടെ, 10 ശതമാനം മാത്രമാണ് ക്രൈസ്തവവിശ്വാസികള്‍. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ ക്രൈസ്തവരില്‍ ഭൂരിഭാഗവും കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയില്‍ പെട്ടവരാണ്. 2.5 ശതമാനത്തില്‍ താഴേയാണ് കോപ്റ്റിക്ക് കത്തോലിക്കര്‍. ആദ്യ നൂറ്റാണ്ട് മുതല്‍ക്രിസ്തുവിശ്വാസത്തോട് ഇഴചേര്‍ന്നു നില്‍ക്കുന്ന ഈജിപ്തിലെ ക്രൈസ്തവര്‍ ഇസ്ലാമിക്ക് തീവ്രവാദികളില്‍ നിന്ന് നേരിടുന്ന ഭീഷണിയുടെ ഒടുവിലുത്തെ ഉദാഹരണമാണ് ഈ ആക്രമണം.
രാജ്യത്തെ ഏകദേശം മൂന്നിലൊന്ന് ക്രിസ്ത്യാനികള്‍ താമസിക്കുന്ന മിന്‍യ പ്രവിശ്യയിലെ കോപ്റ്റിക് ക്രിസ്ത്യാനികളുടെ നേതാവായ ബിഷപ് മക്കറിയസ് 10 വര്‍ഷം മുമ്പ് നടന്ന ഒരു വധശ്രമത്തില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 2018-ല്‍ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിനുനേരെ മുസ്ലീം ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഏഴു ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിരുന്നു. 2017-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ രണ്ട് കോപ്റ്റിക് ഓര്‍ത്തഡോക്സ് പള്ളികളില്‍ നടത്തിയ ബോംബാക്രമണത്തില്‍ 40ലധികം പേര്‍ കൊല്ലപ്പെട്ടു. 2016 ഡിസംബറില്‍ ദൈവാലയത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ ഇരുന്നൂറോളം പേരാണ് കൊല്ലപ്പെട്ടത്.
ഐഎസ് ഭീകരര്‍ ലിബിയയില്‍ തലയറുത്ത് കൊലപ്പെടുത്തിയ 21 കോപ്റ്റിക് ഓര്‍ത്തഡോക്സ് രക്തസാക്ഷികളെ കത്തോലിക്ക സഭയും വിശുദ്ധരായി പ്രഖ്യാപിച്ചിരുന്നു. ഓപ്പണ്‍ ഡോര്‍സിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ക്രൈസ്തവ വിശ്വാസം ജീവിക്കുവാന്‍ ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ 38-ാം സ്ഥാനമാണ് ഈജിപ്തിനുള്ളത്. കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്ന ഈജിപ്ത്, അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മീഷന്റെ പ്രത്യേക നിരീക്ഷണ പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *