Follow Us On

22

January

2025

Wednesday

കണ്ണു തെളിയാന്‍

കണ്ണു തെളിയാന്‍

സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത

ഷാമേനോന്റെ തനുമാനസിയിലൂടെ പരിചയപ്പെട്ട ഒരു ഗ്രന്ഥമുണ്ട്. റോബര്‍ട്ട്പിര്‍സിഗിന്റെ Zen and the Art of Motor cycle Maintenance . ഒരപ്പന്റെയും മകന്റെയും വേനല്‍ക്കാല സവാരിയുടെ പ്രതിപാദനം. ചെയ്യുന്ന ഓരോ കര്‍മത്തിന്റെയും ഗുണപൂര്‍ണിമയാണ് ഇതിലെ ശാഠ്യം. എളുപ്പമായതിനെ അന്വേഷിക്കുന്നതിനു പകരം ഉത്കൃഷ്ടമായവയെ തേടുന്ന ഒരു മാറ്റത്തിലേക്കാണ് ക്ഷണം. ആന്തരികസ്വാസ്ഥ്യത്തില്‍ നിന്നുള്ള ഉറവുപൊട്ടലുകളാണ് സകലഭാവങ്ങളെയും ശമിപ്പിക്കുന്നതും സമസ്തകര്‍മങ്ങളെയും നിറവുള്ളതാക്കുന്നതും. ഓരോ ജീവജാലത്തിനും ആന്തരികമായൊരു കാലാവസ്ഥയുണ്ട്. അത് രൂപപ്പെടുന്നത് ബാഹ്യമായ കാലാവസ്ഥയ്ക്കനുസൃതമായിട്ടാണ് എന്നിങ്ങനെ ക്ലോദ് ബര്‍ണാദിനെ പുരസ്‌കരിച്ചാണ് തനുമാനസിയില്‍ പറഞ്ഞതെന്നു തോന്നുന്നു. സത്യത്തില്‍ ചരകസംഹിതയിലെ ചില വരികളാണ് ഇതെല്ലാം ഓര്‍മയിലെത്തിച്ചത്. ഉത്തമാരോഗ്യം നിലനിര്‍ത്താനാഗ്രഹിക്കുന്നവര്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്നത് സ്വസ്ഥവൃത്ത വിജ്ഞാനത്തിലാണ്. അതിലുള്‍പ്പെടുന്നതാണ് ജനപദത്തിന്റെ ആരോഗ്യം.

ഒരു സമൂഹമായി ജീവിക്കുന്ന മനുഷ്യര്‍ പൊതുവായി പങ്കുവെയ്ക്കുന്ന നാലു ഘടകങ്ങള്‍ അവരുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുവത്രെ! വായു, ജലം, മണ്ണ്, കാലം എന്നിവയാണവ. ഇവയോരോന്നും അവയുടെ സ്വഭാവിക ഗുണങ്ങളില്‍ നിന്നും വ്യതിചലിക്കുമ്പോള്‍ അത് ജനങ്ങളുടെ നാശത്തിനും കാരണമാകുന്നു. പ്രകൃതിയിലെ ദുഷിപ്പുകളെക്കുറിച്ച് നാമിന്ന് ബോധവത്കൃതരാവാന്‍ നന്നേ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കാലത്തിന്റെ ദുഷിപ്പും ശ്രദ്ധിക്കേണ്ടതുണ്ട്. കാലം ദുഷിക്കുമ്പോഴാണ് ഋതുകള്‍ക്ക് കാലം തെറ്റുക. കാലദൃഷ്ടിയുടെ മൂലകാരണമായി ചരകന്‍ പറയുന്നത് അധര്‍മമാണ്. അധര്‍മമുണ്ടാകുന്നത് പ്രജ്ഞാപരാധത്തില്‍ നിന്നുമാണ്. പ്രജ്ഞാപരാധമെന്നാല്‍, ഓര്‍മത്തെറ്റോ, ധാരണക്കുറവോ, വിവേകശൂന്യതയോ കൊണ്ട് ചെയ്യുന്ന തെറ്റായ ചെയ്തികള്‍. സത്യം, ദയ, ദാനം എന്നീ സത്പ്രവൃത്തികളാണ് ഇതിന് ഔഷധം. സത്യം പറയുക, കോപം ശമിപ്പിക്കുക, ആസക്തികളില്‍ നിന്നും മുക്തനാവുക, അഹിംസ ശീലിക്കുക, ആദരിക്കേണ്ടവയെ ആദരിക്കുക, ശാന്തനും സമചിത്തനുമായിരിക്കുക എന്നിവയെല്ലാം ചേര്‍ത്തൊരുക്കുന്ന രസായനകൂട്ട് നമ്മുടെ ആന്തരിക കാലാവസ്ഥയെ തെളിവുള്ളതാക്കും. അത് നമ്മുടെ ആവാസവ്യവസ്ഥയെ സദ്‌വര്‍ത്തമാനങ്ങളാല്‍ സൗരഭ്യമുള്ളതുമാക്കും. മനുഷ്യപുത്രന്മാരുടെ പരസ്യജീവിതത്തെ സൗഖ്യദായകവുമാക്കും.

ഓരോ ദുരന്തമുഖങ്ങളിലും മനുഷ്യര്‍ പരസ്പരമാരായുന്ന ഒരു ചോദ്യമുണ്ട്. ഇനിയെങ്കിലും നമ്മുടെ കണ്ണുകള്‍ തുറക്കുമോ എന്ന്. ഒരര്‍ത്ഥത്തില്‍ നമുക്ക് തന്നെയറിയാം നമ്മുടെ കാഴ്ചപ്പാടുകളൊക്കെ ഭാഗികവും അപൂര്‍ണവുമാണെന്ന്! എന്നിട്ടും അര്‍ധസത്യങ്ങളിലും അസത്യങ്ങളിലും മുഴുകി നാമിങ്ങനെ പരിസരങ്ങളിലെല്ലാം ഇരുട്ട് നിറച്ചിരുന്നു. ചുറ്റുവട്ടങ്ങളില്‍ കട്ടപിടിച്ച് ഇരുട്ടില്‍ തപ്പിത്തടയുന്ന നേരത്താണ് നാം വെളിച്ചമന്വേഷിക്കുക. സത്യത്തില്‍ കണ്ണു തെളിയാന്‍ ഇത്തിരി നനഞ്ഞ മണ്ണ് മതിയെന്നാണ് ക്രിസ്തു പറയുക. ജന്മനാ കുരുടനായവന് കാഴ്ച നല്‍കിയതങ്ങനെ എന്നാണ് തിരുവെഴുത്ത്. ഒരുപക്ഷേ, കാഴ്ചയുണ്ട് എന്നഭിമാനിക്കുന്ന നമ്മുടെ അന്ധതയൊക്കെ ഇത്തിരി മണ്‍ബോധം ഉള്ളില്‍ പുരട്ടിയാല്‍ മാറിയേക്കും. മനുഷ്യാ, നീ മണ്ണാകുന്നു. മണ്ണിലേക്ക് തന്നെ തിരികെ ചേരും എന്നിങ്ങനെ വെറുതെ ശവത്തിന്മേല്‍ മാത്രം പറഞ്ഞു തുടങ്ങിയതു കൊണ്ടാവും നമ്മുടെ ശുദ്ധബോധം നഷ്ടമായിത്തുടങ്ങിയതും.

ഭാവിക്കേണ്ടതിനുമീതെ ഭാവിച്ചുയര്‍ന്ന് ഈ മണ്‍പാത്രത്തിന്മേല്‍ മറ്റുപല മേല്‍വിലാസങ്ങളുമണിഞ്ഞ് നടന്ന കാലം മുതല്‍ക്കാണ് നമുക്ക് പരസ്പരം കാണാന്‍ പറ്റാതായത്. സഹോദരനെ കാണാനാവാത്തതില്‍പ്പരം വലിയ അന്ധതയേതുള്ളു! ശരിക്കും നാം ഇനിയും കുറേകൂടി നനഞ്ഞുകുതിരാനുണ്ട് എന്ന് തോന്നിപ്പോകുന്നു. പെരുമഴക്കാലങ്ങളും അതിലെ കണ്ണീര്‍പ്പുഴകളും നമ്മെ നനച്ചുണര്‍ത്തുമോ? നമ്മുടെ കണ്ണുകള്‍ തുറക്കപ്പെടുമോ? അതോ, ഓരോ മഴയും തോരുമ്പോള്‍ വീണ്ടും കുരുടന്മാര്‍ വഴികാട്ടുന്ന കുരുടന്മാരുടെ സംഘങ്ങളായി തിരിഞ്ഞ് നാം പരസ്പരം പോരടിച്ച് തീരുമോ? ഒന്നു മാത്രം സൂക്ഷിക്കണം കണ്ണു തെളിയുന്നത് ഇത്തിരി അപകടംപിടിച്ച പണിയാണ്. യേശു അന്ധനെ സുഖപ്പെടുത്തുന്ന കഥയിലും അതുണ്ട്. കണ്ണു തെളിഞ്ഞവനെ എല്ലാവരും ചേര്‍ന്ന് വിചാരണ ചെയ്ത് കൂട്ടത്തില്‍ നിന്നു പുറത്താക്കി. അവരൊക്കെ വലിയ പണ്ഡിതന്മാരും പ്രമാണിമാരും പുരോഹിതന്മാരും ആയിരുന്നു താനും! ശരിക്കും ഏതു കാലത്തും കഥാന്ത്യം ഇതു തന്നെയാവും! കണ്ണില്‍ വെളിച്ചമുള്ളവനും കണ്ണുകളില്‍ വെളിച്ചം പകരുന്നവനും എന്നും പുറത്താക്കപ്പെടേണ്ടവനാണല്ലോ! കുലംകുത്തി!

ഊരിലെങ്ങും നന്മ ചെയ്തുകൊണ്ട് ചുറ്റി സഞ്ചരിച്ചവനാണ് ക്രിസ്തു. അവനില്‍ വിശ്വസിച്ചവര്‍ അനേകര്‍. അവനില്‍ ആശ്വസിച്ചവര്‍ അനേകര്‍. അവനില്‍ വിസ്മയിച്ചവര്‍ അനേകര്‍. എന്നാല്‍ അവനില്‍ അസൂയ പൂണ്ടവരും അവനെ ഭയപ്പെട്ടവരുമായി ചിലരും അവനെ പിന്‍ചെന്ന ആള്‍ക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നു എന്നതാണ് ഇനി സംഗതമാവുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?