Follow Us On

22

December

2024

Sunday

അസമിലെ ദൈവാലയങ്ങളിലെ പോലീസ് പരിശോധന; പ്രതിഷേധം ശക്തമാകുന്നു

അസമിലെ ദൈവാലയങ്ങളിലെ പോലീസ് പരിശോധന; പ്രതിഷേധം ശക്തമാകുന്നു

ഗോഹത്തി: അസമിലെ കാര്‍ബി ആന്‍ഗലോംഗ് ജില്ലയിലെ ദൈവാലയങ്ങളില്‍ പോലീസ് നടത്തിവരുന്ന പരിശോധനക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു. പരിശോധനയും കണക്കെടുപ്പും അവസാനിപ്പിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ആവശ്യപ്പെട്ടു. പോലീസുകര്‍ ദൈവാലയ പരിസരങ്ങളിലേക്ക് യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഇടിച്ചുകയറുകയാണെന്ന് ജില്ലാ കമ്മീഷണര്‍ മധുമിത ഭഗവതിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

പോലീസുകള്‍ അവിടെയെത്തി ഫോട്ടോ എടുക്കുകയും അവിടെയുള്ളവരെ ചോദ്യം ചെയ്യുകയുമാണ്. പോലീസിന്റെ സര്‍വ്വേ ക്രൈസ്തവരില്‍ ഭയം ജനിപ്പിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. അതുകൊണ്ട് എത്രയും വേഗം പരിശോധനകള്‍ അവസാനിപ്പിക്കണമെന്നും ഫോറം ജില്ല ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ക്രൈസ്തവ ദൈവാലയങ്ങളെക്കുറിച്ചും സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളെക്കുറിച്ചുമാണ് സര്‍വ്വേയും വിവരശേഖരണവും നടക്കുന്നത്. ജില്ലയിലെ ഡീപുവിലാണ് പോലീസ് വ്യാപക സര്‍വ്വേ നടത്തിയത്.

2022 ഡിസംബറില്‍ പോലീസ് ഇതുപോലെ ഒരു രഹസ്യ സര്‍വ്വേ നടത്തിയിരുന്നു. ക്രൈസ്തവരെക്കുറിച്ചും അവരുടെ ദൈവാലയങ്ങളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും മതപരിവര്‍ത്തനങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു സര്‍വ്വേ. പോലീസുകാരുടെ സര്‍വ്വേ വ്യാപക പ്രതിഷേധത്തിനു കാരണമായപ്പോള്‍ മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ അത് കൈയൊഴിഞ്ഞു. പിന്നീട് 2023 ജൂ ണില്‍ അത്തരത്തിലുള്ള സര്‍വ്വേ നടത്തിയത് അറിയാതെയാണെന്നും മുന്നറിയിപ്പില്ലാതെയും കൃത്യമായ ഔദ്യോഗിക ഉത്തരവില്ലാതെയും ഇനി സര്‍വ്വേ നടത്തില്ലെന്നും അന്ന് വ്യക്തമാക്കിയി രുന്നു.

വിശുദ്ധ സ്ഥലങ്ങളും ആരാധനാലയങ്ങളും ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കുമുള്ളതാണ്. അതിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും ഫോറം പ്രസിഡന്റ് റവ. സോളമന്‍ റോംഗോപി പറഞ്ഞു. പോലീസിന്റെ വിവാദമായ നടപടി ഉടന്‍ അവസാനിപ്പിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

വിചിത്രമായ വാദവുമായാണ് ഇപ്പോള്‍ പോലീസ് രംഗത്തുവന്നിരിക്കുന്നത്. സര്‍വ്വേ ക്രൈസ്തവ ദൈവാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ്‌ക്കുവേണ്ടിയാണെന്ന് പോലീസ് പുറത്തിറക്കിയ രേഖയില്‍ പറയുന്നു. അസം കാത്തലിക് എഡ്യുക്കേഷണല്‍ ട്രസ്റ്റ് നേരത്തെ പോലീസ് ഡയറക്ടര്‍ ജനറലിന് ക്രൈസ്തവ സ്ഥാപനങ്ങളുടെയും ക്രൈസ്തവരുടെയും സുരക്ഷയെക്കുറിച്ച് ആകുലതയുണ്ടെന്ന് അറിയിച്ചിരുന്നതിന്റെ ഭാഗമായാണ് സര്‍വ്വേ എന്നാണ് പോലീസിന്റെ ഭാഷ്യം.

ഫെബ്രുവരിയില്‍ ഒരു തീവ്രഹിന്ദുത്വ സംഘടന എല്ലാ ക്രൈസ്തവ സ്ഥാപനങ്ങളില്‍ നിന്നും ക്രൈസ്തവ അടയാളങ്ങള്‍ മാറ്റണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതുകൊണ്ടാണ് ക്രൈസ്തവര്‍ സുരക്ഷയെക്കുറിച്ച് ആകുലരായതെന്ന് അസം ക്രിസ്ത്യന്‍ ഫോറം വക്താവ് അലന്‍ ബ്രൂക്‌സ് വ്യക്തമാക്കി. എന്നാല്‍ കുറ്റവളികള്‍ക്കെതിരെ നടപടി എടുക്കുന്നതിനുപകരം പോലീസ് ക്രൈസ്തവ ദൈവാലയങ്ങളില്‍ അതിക്രമിച്ചുകയറി വിവരശേഖരണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?