Follow Us On

23

January

2025

Thursday

ദിവ്യകാരുണ്യത്തെ സ്‌നേഹിച്ച കൗമാരക്കാരന്‍ വിശുദ്ധരുടെ നിരയിലേക്ക്

ദിവ്യകാരുണ്യത്തെ സ്‌നേഹിച്ച കൗമാരക്കാരന്‍ വിശുദ്ധരുടെ നിരയിലേക്ക്
വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യനാഥനെ ജീവനെക്കാളുപരി സ്‌നേഹിച്ച, ദൈവം നല്‍കിയ സഹനങ്ങളെ സഭയ്ക്കുവേണ്ടിയും മാര്‍പാപ്പയ്ക്കുവേണ്ടിയും സമര്‍പ്പിച്ച വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂറ്റിസ് വിശുദ്ധരുടെ നിരയിലേക്ക്. കാര്‍ലോയുടെ മ ധ്യസ്ഥതയില്‍ നടന്ന അദ്ഭുതത്തിന് മാര്‍പാപ്പ അംഗീകാരം നല്‍കിയതോടെയാണ് വിശുദ്ധ പദവിയിലേക്കുള്ള വഴി തെളിഞ്ഞത്.
ലാറ്റിനമേരിക്കന്‍ രാജ്യമായ കോസ്റ്ററിക്കയിലെ വലേറിയ എന്ന പെണ്‍കുട്ടിക്കു ലഭിച്ച അദ്ഭുത രോഗസൗഖ്യമാണ് വാഴ്ത്തപ്പെട്ട കാര്‍ലോയുടെ വിശുദ്ധ പദവിക്കു കാരണമായത്. സൈക്കിള്‍ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോഴാണ് വലേറിയയ്ക്ക് അദ്ഭുത സൗഖ്യമുണ്ടായത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന വലേറിയ ഏതു നിമിഷവും മരിക്കുമെന്ന ഡോക്ടര്‍മാര്‍ അറിച്ചതിനെ തുടര്‍ന്ന് അമ്മ ലിലിയാന അസീസിയിലെത്തി വാഴ്ത്തപ്പെട്ട കാര്‍ലോയുടെ കബറിടത്തില്‍ പ്രാര്‍ഥിക്കുകയായിരുന്നു.
പ്രാര്‍ത്ഥന കഴിഞ്ഞ് 10 ദിവസത്തിനു ശേഷം വലേറിയയെ തീവ്രപരിചരണ വിഭാഗത്തില്‍നിന്നു മാറ്റുകയും പിന്നാലെ തലച്ചോറിനേറ്റ ക്ഷതം പൂര്‍ണമായി ഭേദമായതായി വ്യക്തമാകുകയും ചെയ്തു. അപകടം നടന്ന് രണ്ടു മാസത്തിനുശേഷം പൂര്‍ണ ആരോഗ്യവതിയായി 2022 സെപ്റ്റംബര്‍ രണ്ടിന് വലേറിയയും അമ്മയും വാഴ്ത്തപ്പെട്ട കാര്‍ലോയുടെ കബറിടത്തില്‍ നന്ദിയര്‍പ്പിക്കാന്‍ എത്തിയിരുന്നു.
അന്‍ഡ്രേയ അക്യുറ്റിസ്- അന്റോണിയാ സല്‍സാനോ ദമ്പതികളുടെ മകനായി 1991  മെയ് മൂന്നിന് ലണ്ടനിലാണ് കാര്‍ലോ അക്യുറ്റിസ് ജനിച്ചത്. ലണ്ടനിലും ജര്‍മനിയിലുമായി ജോലി ചെയ്തിരുന്ന ഇവര്‍, കാര്‍ലോയുടെ ജനനത്തിനുശേഷം മിലാനില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. കുട്ടിക്കാലം മുതല്‍ പരിശുദ്ധ അമ്മയോടുള്ള ഭക്തി പ്രകടിപ്പിച്ചിരുന്ന കാര്‍ലോ ഏഴാമത്തെ വയസില്‍ രൂപതാധികാരികളുടെ പ്രത്യേക അനുവാദത്തോടെ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു.
അന്നു മുതല്‍, പരിശുദ്ധ കുര്‍ബാനയോടുള്ള വലിയ സ്നേഹം കാര്‍ലോയില്‍ വളര്‍ന്നു. അനുദിനം പരിശുദ്ധ കുര്‍ബാന സ്വീകരിച്ച കാര്‍ലോ ദിവ്യബലിക്കുമുമ്പോ ശേഷമോ അര മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയില്‍ പങ്കെടുക്കുന്നതും ശീലമാക്കി.
കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളില്‍ അതിവേഗം പ്രതിഭാശാലിയായി മാറിയ അവന്‍ 11-ാം വയസില്‍ വിശുദ്ധ കുര്‍ബാനയുടെ അത്ഭുതങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അവന്‍ കമ്പ്യൂട്ടറില്‍ ശേഖരിക്കാന്‍ തുടങ്ങി. അതിനായി ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ തന്നെ കൊണ്ടുപോകണമെന്ന് കാര്‍ലോ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. രണ്ടര വര്‍ഷത്തെ പ്രയത്നത്തിലൂടെ, പല നൂറ്റാണ്ടുകളിലായി വിവിധ രാജ്യങ്ങളില്‍ സംഭവിച്ചതും സഭ അംഗീകരിച്ചതുമായ 142 ദിവ്യകാരുണ്യ അത്ഭുതങ്ങളെ ക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് അക്യുറ്റിസ് ഒരു വെബ്‌സൈറ്റും തയാറാക്കി.
കൂടാതെ, കത്തോലിക്കാ സഭ അംഗീകരിച്ച മരിയന്‍ പ്രത്യക്ഷീകരണങ്ങളെയും മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളെയും കാര്‍ലോ തന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തി. ഇവയ്ക്കുപുറമേ സ്വര്‍ഗം, നരകം, ശുദ്ധീകരണ സ്ഥലം എന്നിവയെ കുറിച്ചുള്ള കത്തോലിക്കാസഭയുടെ പ്രബോധനങ്ങളും മാലാഖമാരുടെ പ്രത്യക്ഷീകരണം, പിശാചിന്റെ പ്രലോഭനങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരണങ്ങളും വെബ്‌സൈറ്റില്‍ കൂട്ടിച്ചേര്‍ത്തു.
അക്കാലത്ത് അക്യൂറ്റിസിന് ലുക്കീമിയ സ്ഥിരീകരിച്ചെങ്കിലും ദുഃഖത്തിന്റെ ലാഞ്ചനപോലും കാര്‍ലോ പ്രകടിപ്പിച്ചില്ല. തന്റെ സഹനങ്ങള്‍ ക്രിസ്തുവിനെപ്രതി സഭയ്ക്കുവേണ്ടിയും പാപ്പയ്ക്കുവേണ്ടിയും സമര്‍പ്പി ക്കുന്നുവെന്നായിരുന്നു ആ കൗമാരക്കാരന്റെ വാക്കുകള്‍.
2006 ഒക്ടോബര്‍ 12ന്, തന്റെ 15-ാമത്തെ വയസില്‍  കാര്‍ലോ ഈ ലോകത്തില്‍നിന്ന് ദൈവസന്നിധിയിലേക്ക് യാത്രയായി. അവന്റെ ആഗ്രഹംപോലെ, താന്‍ ദിവ്യകാരുണ്യ സന്നിധിയില്‍ ചെലവിട്ട അസീസിയില്‍തന്നെ അന്ത്യവിശ്രമം ഒരുക്കി. ലൊമ്പാര്‍ഡ് എപ്പിസ്‌കോപ്പല്‍ കോണ്‍ഫെറന്‍സ് 2013ലാണ് നാമകരണ നടപടികള്‍ ആരംഭിച്ചത്.
2020ല്‍ അസീസിയില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയായിരുന്നു കാര്‍ലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ആഗോള കത്തോലിക്കാസഭ ജൂബിലി വര്‍ഷമായി ആചരിക്കുന്ന അടുത്ത വര്‍ഷം നാമകരണം നട ന്നേക്കുമെന്നാണ് സൂചന.
ഇതോടൊപ്പം കൊണ്‍സൊലാറ്റ മിഷനറീസ് സഭാ സ്ഥാപകനും ഇറ്റാലിയന്‍ വൈദികനുമായ വാഴ്ത്തപ്പെട്ട ജൂസേപ്പെ അല്ലാമാനോയെയും സിറിയയിലെ 11 രക്തസാക്ഷികളെയും വിശുദ്ധരായി നാമകരണം ചെയ്യാനും മാര്‍പാപ്പ അംഗീകാരം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?