”പ്രത്യാശയെന്ന പുണ്യത്തിന്റെ അഭാവത്തില്‍ നിരാശ ബാധിച്ച് മറ്റ് പുണ്യങ്ങള്‍കൂടി ശോഷിച്ച് ചാരമായി മാറുവാന്‍ സാധ്യതയുണ്ട്”
യേശുവിന്റെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചുകൊണ്ടും പരിശുദ്ധാത്മാവിന്റെ കൃപയില്‍ ആശ്രയിച്ചുകൊണ്ടും സ്വര്‍ഗരാജ്യത്തെയും നിത്യജീവിതത്തെയും ലക്ഷ്യംവയ്ക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന പുണ്യമാണ് പ്രത്യാശയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രത്യാശയും സഹിഷ്ണുതയും നിറഞ്ഞവര്‍ക്ക് എത്ര അന്ധകാരം നിറഞ്ഞ രാത്രിയെയും അതിജീവിക്കാനാവുമെന്നും ബുധനാഴ്ചയിലെ പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ പാപ്പ കൂട്ടിച്ചേര്‍ത്തു.
പ്രത്യാശയെന്ന പുണ്യത്തിന്റെ അഭാവത്തില്‍ നിരാശ ബാധിച്ച് മറ്റ് പുണ്യങ്ങള്‍കൂടി ശോഷിച്ച് ചാരമായി മാറുവാന്‍ സാധ്യതയുണ്ടെന്ന് പാപ്പ മുന്നറിയിപ്പ് നല്‍കി. പ്രകാശം നിറഞ്ഞ ചക്രവാളം മുമ്പില്‍ ഇല്ലെങ്കില്‍, പ്രത്യാശ നിറഞ്ഞ ഭാവിയില്ലെങ്കില്‍ പുണ്യങ്ങള്‍ ചെയ്യുന്നത് വ്യഥാവിലാണെന്ന നിഗമനത്തിലേക്ക് നാം എത്തും.
തന്റെ തന്നെ നന്മയിലല്ല, ക്രിസ്തു മരിച്ച് ഉത്ഥാനം ചെയ്ത് തന്റെ ആത്മാവിനെ നമുക്ക് നല്‍കി എന്നതിലാണ് ക്രിസ്ത്യാനിയുടെ പ്രത്യാശയെന്നും പാപ്പ പറഞ്ഞു. ക്രിസ്തുവിന്റെ ഉത്ഥാനത്തില്‍ വിശ്വസിക്കുന്ന വ്യക്തിക്ക് നിത്യമായ മരണമോ പരാജയമോ ഇല്ല എന്ന് ഉറപ്പോടെ പറയാന്‍ കഴിയും. പക്ഷേ ക്രിസ്തുവിന്റെ ഉത്ഥാനത്തില്‍ വിശ്വസിക്കാത്ത വ്യക്തിക്ക് എല്ലാം ശൂന്യമായി മാറുന്നു, അപ്പസ്‌തോലന്‍മാരുടെ പ്രഘോഷണം പോലും ശൂന്യമായി മാറുന്നു.
പാപങ്ങളെയോര്‍ത്ത് നാം നിരാശപ്പെടുമ്പോള്‍ പ്രത്യാശ എന്ന പുണ്യത്തിന് എതിരായി നാം പാപം ചെയ്യുകയാണെന്ന് പാപ്പ തുടര്‍ന്നു. ദൈവത്തിന്റെ കരുണയിലുള്ള ആശ്രയത്വം നഷ്ടപ്പെടുമ്പോഴാണ് നാം ഇപ്രകാരം നിരാശപ്പെടുന്നത്. ലോകത്തിന് പ്രത്യാശയോടൊപ്പം വേണ്ട പുണ്യമാണ് സഹിഷ്ണുത. ഇവ രണ്ടും ഒന്നിച്ച് പോകുന്ന പുണ്യങ്ങളാണ്. സഹിഷ്ണുതയുള്ള മനുഷ്യര്‍ നന്മ നെയ്യുന്നവരാണ്.
അവര്‍ സമാധാനം തീക്ഷ്ണമായി ആഗ്രഹിക്കുകയും സഹിഷ്ണുതയോടെ കാത്തിരിക്കുകയും ചെയ്യുന്നു. പല മനുഷ്യരും നിരാശയില്‍ ആണ്ടുപോകുന്ന സാഹചര്യത്തിലും പ്രത്യാശ നിറഞ്ഞ വ്യക്തി ഏറ്റവും അന്ധകാരം നിറഞ്ഞ രാത്രിയെയും അതിജീവിക്കുന്നു. ദൈവവുമായുള്ള കണ്ടുമുട്ടലിനായി എപ്പോഴും കാത്തിരിക്കുവാനും ദൈവം നമ്മുടെ കൂടെ എപ്പോഴും ഉണ്ടെന്ന ബോധ്യത്തിലും മരണം ഒരിക്കലും വിജയിക്കില്ലെന്ന ബോധ്യത്തിലും ജീവിക്കുവാനും പാപ്പ ആഹ്വാനം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *