Follow Us On

25

November

2024

Monday

കുടുംബം വെല്ലുവിളി നേരിടുന്ന കാലം

കുടുംബം വെല്ലുവിളി  നേരിടുന്ന കാലം

പ്രഫ. ജോസ് ജോണ്‍ മല്ലികശേരി

നുഷ്യരുടെ ഇടയിലെ ഏറ്റവും പഴക്കമേറിയ സ്ഥാപനമാണ് കുടുംബം. മനുഷ്യകുലത്തിന്റെ വളര്‍ച്ചക്കും വ്യാപനത്തിനും സുസ്ഥിരമായ കുടുംബങ്ങള്‍ ആവശ്യമാണെന്ന് വളരെ പഴയ കാലം മുതലേ മനുഷ്യന്‍ തിരിച്ചറിഞ്ഞിരുന്നു. ഏതാണ്ട് ബിസി 10000 – 8000നും ഇടയിലെ മനുഷ്യന്‍ കാര്‍ഷിക വൃത്തി വികസിപ്പിച്ചെടുത്തതോടെ, അധ്വാനശേഷി നിര്‍ണയിക്കുന്ന, കുടുംബങ്ങളുടെ അംഗബലം ഏറ്റവും പ്രധാനപ്പെട്ട സമ്പത്തായി കണക്കാക്കപ്പെട്ടുപോന്നു.

പഴയനിയമ കാലഘട്ടത്തിലൊക്കെ; പ്രത്യേകിച്ചും ആദ്യത്തെ പകുതിയില്‍ (ബിസി 2000-1000) അവനവന്റെ പ്രാപ്തിക്കനുസരിച്ച് ഭാര്യമാരെ സ്വീകരിക്കുകയും പരമാവധി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്യുക എന്നതായിരുന്നു സ്വീകാര്യമായ രീതി. ഭൂമിയെ കീഴടക്കി കൃഷി ഭൂമി ആക്കി മാറ്റുന്നതിനും, ഗോത്രങ്ങള്‍ തമ്മിലുള്ള കലഹങ്ങളില്‍ മേല്‍ക്കൈ നേടുന്നതിനും, ആയുധങ്ങള്‍ പരിമിതമായ കാലത്ത് ആള്‍ബലമാണല്ലോ മുഖ്യമായ കാര്യം.

യേശുവിന്റെ കാലഘട്ടം ഒക്കെ ആവുമ്പോഴേക്കും ഒരു പുരുഷന് ഒരു ഭാര്യ എന്ന നിലയിലേക്ക് ലോകത്തിന്റെ കുറെ ഭാഗത്തെങ്കിലും സമൂഹം മാറി ചിന്തിച്ചു തുടങ്ങിയിരുന്നു. ഗോത്ര സമൂഹങ്ങള്‍ പലതും വലിയ രാജ്യങ്ങളുടെ ഭാഗമാവുകയും വികസിത ലോകത്തിന്റെ സാംസ്‌കാരിക ചൈതന്യം ഇരുണ്ട സമൂഹങ്ങള്‍ക്ക് വെളിച്ചമാവുകയും ചെയ്തതിന്റെ വലിയ സ്വാധീനം ഇവിടെയുണ്ട്. ഏകഭാര്യ വ്രതം എന്ന യേശുവിന്റെ പഠനം, ബഹുഭാര്യാത്വം അവകാശമെന്ന് ചിന്തിച്ചിരുന്ന യഹൂദ പ്രമാണികള്‍ക്ക് അദ്ദേഹത്തെ കുരിശിലേക്കെത്തിക്കാന്‍ മറ്റു വിഷയങ്ങള്‍ക്കൊപ്പം ഊര്‍ജം പകര്‍ന്നിരിക്കും! റോമാസാമ്രാജ്യം, സ്ത്രീകളുടെ അന്തസുയര്‍ത്തുന്നതിലും പുരുഷനും സ്ത്രീയും മക്കളും അടങ്ങുന്ന ‘ന്യൂക്ലിയാര്‍ ഫാമിലി’ ആശയം സ്ഥാപിക്കുന്നതിലും വലിയ സംഭാവന നല്‍കി.

സ്ത്രീ പുരുഷ തുല്യത എന്ന ആശയം യൂറോപ്യന്‍ സമൂഹങ്ങളില്‍ എഡി 1400 ഓടെ ഉയര്‍ന്നുവന്നെങ്കിലും 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് സ്ത്രീകള്‍ക്ക് വോട്ട് അവകാശം പോലുള്ള തുല്യതകള്‍ ലഭിച്ചത്. അപ്പോഴും കുടുംബങ്ങളില്‍ പുരുഷന്റെ മേല്‍ക്കൈ തുടര്‍ന്ന് പോന്നു. രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്നുണ്ടായ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ അഭൂതപൂര്‍വമായവളര്‍ച്ച പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ എണ്ണമറ്റ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സ്ത്രീ പുരുഷ ഭേദമെന്യേ എല്ലാ വ്യക്തികളും സാമ്പത്തിക സ്വാശ്രയത്വം നേടാന്‍ ഇടയാവുകയും ചെയ്തു. ഇത് പുരുഷന്റെ കുടുംബത്തിലുള്ള മേല്‍ക്കൈ ഇല്ലാതാക്കി.

1990 കളോടെ സംഭവിച്ച ആഗോളവല്‍ ക്കരണവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കുതിച്ചു ചാട്ടവും പാശ്ചാത്യ സമൂഹങ്ങളുടെ രീതികള്‍ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും എത്തിപ്പെടാന്‍ ഇടയാക്കി. ഇതിന് നല്ലതും അത്രയൊന്നും നല്ലതല്ലാത്തതുമായ ഫലങ്ങള്‍ സൃഷ്ടിക്കാനായിട്ടുണ്ട്. പത്ത് മുപ്പത് കൊല്ലമായി കേരളത്തിലെ വിവിധ സമൂഹങ്ങളില്‍ ചെറിയ തോതിലെങ്കിലും വളര്‍ന്നുവന്ന ലൈംഗിക അരാജകത്വവും കുടുംബശൈഥില്യങ്ങളും വിലയിരുത്തുമ്പോള്‍ ഈ ഒരു പശ്ചാത്തലം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

വിവാഹമോചനങ്ങള്‍ പൊതുവെ സാമ്പത്തീകമായി ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള ആളുകള്‍ക്കിടയിലും ഏറ്റവും മുന്നോക്കാവസ്ഥയിലുള്ള ആളുകള്‍ക്കിടയിലും ആയി ഒതുങ്ങി നിന്നിരുന്നു; മുന്‍കാലങ്ങളില്‍. ഇടത്തരക്കാര്‍ ശക്തമായ കുടുംബങ്ങള്‍ സ്ഥാപിക്കുന്നതില്‍ മുന്നിട്ട് നിന്നിരുന്നു. പിന്നാക്കാവസ്ഥയില്‍ ഉള്ള ആളുകളുടെ ഇടയില്‍ പുരുഷന്റെ ലഹരി അടിമത്തവും അക്രമണ വാസനയും വിവാഹ ശൈഥില്യ ഹേതുവായി ഭവിച്ചിരുന്നു. സമ്പന്ന സമൂഹങ്ങള്‍ക്കിടയില്‍ വഴിവിട്ട ബന്ധങ്ങള്‍ ഒന്നാമത്തെ വിവാഹ ശൈഥില്യ വിഷയമായി കണ്ടെത്തിയിരുന്നു.

വിവാഹവും വിവാഹജീവിതവും ഒരാഘോഷമാണെന്ന് തെറ്റിദ്ധരിച്ച് എത്തുന്നവരാണ് ദാമ്പത്യ ജീവിതത്തില്‍ പ്രവേശിക്കാനെത്തുന്ന നല്ലൊരു ശതമാനവും. നിശ്ചയ ദാര്‍ഢ്യത്തോടെ, രണ്ടുപേര്‍ ചേര്‍ന്ന് തിരഞ്ഞെടുക്കുന്ന ഒരു സാഹസിക യാത്രയാണ് വാസ്തവത്തില്‍ വിവാഹ ജീവിതം.

ഇന്നത്തെ ഒരു പ്രധാന വ്യത്യാസം സാമ്പത്തികമായി ഇടത്തരം നില്‍ക്കുന്ന ആളുകള്‍ക്കിടയിലും വളരെ ഏറെ വിവാഹശൈഥില്യവും വിവാഹ മോചനവും സംഭവിക്കുന്നു എന്നതാണ്. മേല്പറഞ്ഞ കാരണങ്ങള്‍ ഒക്കെ നിലനില്‍ക്കുമ്പോഴും, സ്ത്രീകളുടെ സാമ്പത്തീക സ്വാശ്രയത്വം ഇതിന് ഒരു പ്രധാന കാരണമാവുന്നുണ്ട് എന്നാണ് അടുത്തകാലത്തെ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ കുടുംബങ്ങളില്‍ കൃത്യമായ തുല്യത ആഗ്രഹിക്കുമ്പോള്‍ (ഏതാണ്ട് 80 ശതമാനം യുവതികളും) പുരുഷന്‍മാര്‍ (ബഹുഭൂരിഭാഗവും) ഇപ്പോഴും തങ്ങളുടെ മേല്‍ക്കൈ കുടുംബത്തില്‍ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു. ആണ്‍കുട്ടികളുടെ കുടുംബങ്ങളും ഇതാഗ്രഹിക്കുന്നു.

ഇക്കാലത്തും, പലകുടുംബങ്ങളിലും അടുക്കള ജോലികള്‍, ശിശുപരിപാലനം മുതലായവ പുരുഷന്മാര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല എന്ന ശീലത്തില്‍ ആണ്‍കുട്ടികളെ വളര്‍ത്തിക്കൊണ്ട് വരുന്നുണ്ട്. ഇത്, ആണ്‍കുട്ടികള്‍ വിവാഹ ജീവിതത്തില്‍ പ്രവേശിക്കുമ്പോള്‍ വലിയ വൈതരിണികള്‍ സൃഷ്ടിക്കുന്നു. തുല്യത അവകാശമെന്ന് കരുതുന്ന പെണ്‍കുട്ടിയും, ജോലിക്കുശേഷം ചാരുകസേര എന്ന് ചിന്തിക്കുന്ന ഭര്‍ത്താവും തമ്മില്‍ തെറ്റാന്‍ വലിയ സാധ്യതയാണല്ലോ. സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ഭര്‍ത്താവിനെ ആശ്രയിക്കേണ്ടാത്തവളാണ് പെണ്‍കുട്ടി എങ്കില്‍ പ്രശ്‌നം രൂക്ഷമാവാന്‍ സാധ്യത ഏറുന്നു. പക്ഷംപിടിക്കാന്‍ കുടുംബക്കാരെത്തിയാല്‍ അത് വാശിയും വഴക്കും ആയി മാറും.

മുപ്പതുകളിലേക്ക് നീളുന്ന വിവാഹപ്രായവും വിവാഹ ശൈഥില്യത്തിന്റെ ഒരു മുഖ്യകാരണമായി കണ്ടെത്തിയിട്ടുണ്ട്. കൗമാരത്തിന്റെ അവസാനഭാഗത്ത് ഏറ്റവും ശക്തമായി നില്‍ക്കുന്ന ലൈംഗിക ഹോര്‍മോണുകള്‍ യൗവനത്തിന്റെ രണ്ടാം പകുതിയില്‍ ശക്തിക്ഷയിക്കുന്നതും, ജോലിയും വരുമാനവും മുഖ്യ താല്പര്യങ്ങളായി വരുന്നതും ദമ്പതികള്‍ക്കിടയില്‍ പ്രണയം ഇല്ലാതാക്കും. ദാമ്പത്യത്തിന്റെ തുടക്കകാലത്ത് മൂലക്കല്ലായി വര്‍ത്തിക്കേണ്ടത് ദമ്പതികള്‍ക്കിടയിലെ പ്രണയമാണ്. പിന്നീട്, കുഞ്ഞുങ്ങള്‍ ജനിക്കുന്നതോടെ അവരെ വളര്‍ത്തുക എന്ന കഠിനമായ ഉത്തവാദിത്വം പുരുഷന്റെയും സ്ത്രീയുടെയും തുല്യ താല്പര്യം ആവുകയും കുടുംബ ബന്ധം കൂടുതല്‍ കൂടുതല്‍ ഗാഢമാവുകയും ചെയ്യും. ഈ സ്വാഭാവിക വളര്‍ച്ചയെ തടസപ്പെടുത്തുന്ന എന്തും കുടുംബ ശൈഥില്യത്തിന് വഴിവെക്കുന്നു.

കുട്ടികളുടെ എണ്ണം തീരെ കുറഞ്ഞ കേരളത്തിലെ മുന്നോക്ക സമുദായങ്ങളിലെ കുടുംബങ്ങളില്‍ വളരുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും, പൊതുവെ നല്ല സാമ്പത്തിക സാഹചര്യങ്ങളുടെ സൗകര്യം അനുഭവിക്കുന്നവരാണ്. സഹനം, മറ്റുള്ളവരുമായി ഒത്തുപോവല്‍, ഇല്ലായ്മകളില്‍ പങ്കുവെക്കല്‍, പ്രതികൂല സാഹചര്യങ്ങളോട് പൊരുതി നേടല്‍, മനുഷ്യരെ ശുശ്രൂഷിക്കല്‍ ഇത്തരം കാര്യങ്ങളിലൊന്നും യാതൊരു പരിശീലനവും ബഹുഭൂരിഭാഗത്തിനും കിട്ടുന്നില്ല.

വിവാഹവും വിവാഹജീവിതവും ഒരാഘോഷമാണെന്ന് തെറ്റിദ്ധരിച്ച് എത്തുന്നവരാണ് ദാമ്പത്യ ജീവിതത്തില്‍ പ്രവേശിക്കാനെത്തുന്ന നല്ലൊരു ശതമാനവും. നിശ്ചയ ദാര്‍ഢ്യത്തോടെ, രണ്ടുപേര്‍ ചേര്‍ന്ന് തിരഞ്ഞെടുക്കുന്ന ഒരു സാഹസിക യാത്രയാണ് വാസ്തവത്തില്‍ വിവാഹ ജീവിതം. അഭിപ്രായ ഭിന്നതകള്‍തന്നെയാണ് മറികടക്കേണ്ട ഏറ്റവും ബുദ്ധിമുട്ടേറിയ കടമ്പ. സഹനശേഷിയും ബുദ്ധിശക്തിയുമാണ് ഇത് മറികടക്കാനുള്ള മിടുക്ക്. ക്രിസ്തുവിന്റെ അനുയായികള്‍ക്ക്, ദൈവാത്മാവിന്റെ ഹൃദയത്തിലെ സാന്നിധ്യം ഈ യാത്ര ലളിതവും വിജയകരവും തൃപ്തി ദായകവും ആക്കാന്‍ ഇടവരുത്തും.

(ലേഖകന്‍ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പലും തിയറിട്ടിക്കല്‍ കെമിസ്ട്രി ഗവേഷണ ഗൈഡും ആണ്.)

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?