Follow Us On

13

June

2024

Thursday

ദൈവസ്‌നേഹത്തിന്റെ കരസ്പര്‍ശം

ദൈവസ്‌നേഹത്തിന്റെ  കരസ്പര്‍ശം

 ഫാ. ബോബിറ്റ് പൈമ്പിള്ളിക്കുന്നേല്‍ എംഐ

ഹൈദരാബാദില്‍നിന്നും ഏകദേശം 35 കിലോമീറ്റര്‍ അകലെ മെഡ്ച്ചല്‍ ജില്ലയിലെ യെല്ലംപേട്ട് എന്ന ഗ്രാമത്തിലാണ് ‘ദൈവാലയം’ എന്ന് കൊച്ചുമാലാഖമാരുടെ ഭവനം സ്ഥിതിചെയ്യുന്നത്. കമില്ലസ് സന്യാസസഭയുടെ പുതിയൊരു ശുശ്രൂഷാശൃംഖലയാണ് മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുഞ്ഞുങ്ങള്‍ക്കായുള്ള ഈ ഭവനം. 2017-ല്‍ പത്തുകുട്ടികളുമായി ആരംഭിച്ച ഈ ഭവനത്തില്‍ ഇപ്പോള്‍ മുപ്പതോളം കുട്ടികളുണ്ട്. കൂടാതെ മറ്റ് മുപ്പത് കുട്ടികളെ ശുശ്രൂഷിക്കാവുന്ന മറ്റൊരു ഭവനത്തിന്റെ നിര്‍മാണവും വെഞ്ചരിപ്പും ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു.

രോഗികളെ ദൈവത്തിന്റെ പ്രതിരൂപങ്ങളായി കാണുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന കമില്യന്‍ സന്യാസസഭയുടെ ഈ പുതിയ ചുവടുവയ്പ് വലിയ സന്തോഷമാണ് ഈ കുഞ്ഞുമാലാഖമാര്‍ക്ക് പ്രദാനം ചെയ്യുന്നത്. കമില്യന്‍ സന്യാസസഭയുടെ സ്‌നേഹചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള ഈ സ്ഥാപനത്തിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കുന്നത് സ്ഥാപന ഡയറക്ടറായ ഫാ. ഷിജു കുര്യക്കാട്ടിലാണ്. ഒപ്പംതന്നെ അഡ്മിനിസ്റ്റേറ്ററായി ഫാ. ജെയ്‌സണ്‍ കണ്ണംകുളത്തുമുണ്ട്.
ഈ ആതുരശുശ്രൂഷയില്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി എസ്എബിഎസ് സഭയിലെ മാനന്തവാടി പ്രൊവിന്‍സിലെ സിസ്റ്റേഴ്‌സ് സജീവമായി കൂടെയുണ്ടായിരുന്നു. ഇപ്പോള്‍ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സഭയിലെ സിസ്റ്റേഴ്‌സാണ് സഹകാരികളായി കൂടെയുള്ളത്.

ഈ സ്ഥാപനത്തെയും ഇവിടുത്തെ ശുശ്രൂഷകളെയുംപ്പറ്റി പറയുമ്പോള്‍ ഒത്തിരി സന്തോഷം തോന്നും. ചിലപ്പോഴൊക്കെ സങ്കടവും. കാരണം മാതാപിതാക്കള്‍ ഇല്ലാത്തവരോ ഉപേക്ഷിച്ചവരോ ആണ് ഈ കുഞ്ഞുമാലാഖമാര്‍. രണ്ടുവയസുമുതല്‍ പതിനാറു വയസുവരെ പ്രായമുള്ള ആണ്‍കുട്ടികളെയാണ് ഇവിടെ ശുശ്രൂഷിക്കുന്നത്. കണ്ണു കാണാന്‍ പറ്റാത്തവര്‍, കേള്‍വിശക്തി കുറവുള്ളവര്‍, സംസാരശേഷി ഇല്ലാത്തവര്‍, നടക്കാന്‍ സാധിക്കാത്തവര്‍, കൂടാതെ മറ്റ് പല രോഗങ്ങളും മാനസിക വൈകല്യങ്ങളും തുടങ്ങി മാനസികവും ശാരീരികവുമായ വെല്ലുവിളിനേരിടുന്ന ഇവരെ കണ്ടാല്‍മാത്രം മതി നമ്മുടെ കൊച്ചുകൊച്ചു പരാതികളും പരിഭവങ്ങളുമെല്ലാം ഇല്ലാതാകാന്‍.

ഏറ്റവും മികച്ച ജീവിതം, നല്ല ശുശ്രൂഷ എന്നിവ ഇവര്‍ക്ക് നല്‍കുക എന്നതാണ് ഈ സ്ഥാപനം സ്വീകരിച്ചിരിക്കുന്ന ശുശ്രൂഷാശൈലി. ഈ കുഞ്ഞുങ്ങള്‍ക്കുള്ള ദൈനംദിനം ശുശ്രൂഷ എന്നുപറയുമ്പോള്‍ ഇവരെ കുളിപ്പിക്കുക, ഉടുപ്പിക്കുക, ഭക്ഷണവും മരുന്നും നല്‍കുക, കുട്ടികളുടെ ഡയപ്പര്‍ മാറ്റുക… അങ്ങനെ പോകുന്നു. ഈ കുട്ടികള്‍ക്ക് സാധാരണ കുട്ടികളെപ്പോലെ ഭക്ഷണം കഴിക്കാനാവില്ല എന്നതിനാല്‍ ഭക്ഷണം ദ്രാവകരൂപത്തിലാക്കിയാണ് നല്‍കാറുള്ളത്. കൂടാതെ കുട്ടികള്‍ക്ക് ആവശ്യമായ വൈദ്യപരിചരണവും ഫിസിയോതെറാപ്പിയും നല്‍കുന്നുണ്ട്.

ശ്രദ്ധേയ നേട്ടങ്ങള്‍
കുട്ടികള്‍ക്ക് ഇടയ്ക്കിടെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാറുള്ളതുകൊണ്ട് കുഞ്ഞുങ്ങളുടെ വൈദ്യപരിശോധനക്കായി, ശുശ്രൂഷയ്ക്കായി സ്ഥിരം നഴ്‌സുമാരുണ്ട്. ഒപ്പംതന്നെ ഡോക്ടര്‍മാര്‍ ഇവിടെ വന്ന് കുഞ്ഞുങ്ങളെ പരിശോധിക്കാറുണ്ട്. ഇടയ്ക്കിടെ വൈദ്യപരിശോധനയ്ക്കായി കുട്ടികളെ ആംബുലന്‍സില്‍ അടുത്തുള്ള ആതുരാലയങ്ങളില്‍ കൊണ്ടുപോകും. മിക്ക കുട്ടികളും മാനസികവൈകല്യമുള്ളവരായതുകൊണ്ട് ആറുമാസത്തിലൊരിക്കല്‍ ഇവരെ ഹൈദരാബാദിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെന്റല്‍ ഹെല്‍ത്ത് എന്ന സെന്ററില്‍ പരിശോധനയ്ക്കായി കൊണ്ടുപോകാറുണ്ട്. സ്ഥിരമായുള്ള ഫിസിയോതെറാപ്പിയുടെ ഫലമായി നടക്കാനാവാതെ ഇവിടെ അഡ്മിറ്റ് ചെയ്തിരുന്ന കുട്ടികള്‍ പതുക്കെ നടക്കാന്‍ തുടങ്ങിയെന്നതും ശ്രദ്ധേയമായ നേട്ടമാണ്, സന്തോഷമാണ്.

കുട്ടികളുടെ ബൗദ്ധിക വളര്‍ച്ചയ്ക്കുള്ള പിന്തുണയും പ്രോത്സാഹനവുമെന്നവണ്ണം അത്യാവശ്യകാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിവുള്ള കുട്ടികളെ റെഗുലര്‍ മെന്റല്‍ ഹെല്‍ത്ത് സ്‌കൂളായ മനോവികാസ് കേന്ദ്രയില്‍ ദിവസേനയുള്ള ക്ലാസുകള്‍ക്കായി അയക്കുന്നു. ഇത് ഇവരെ എഴുതാനും വായിക്കാനുമൊക്കെ സഹായിക്കുന്നു. കുട്ടികളുടെ ഉല്ലാസത്തിനും സന്തോഷത്തിനുമായി സ്ഥാപനഭവനത്തോട് ചേര്‍ന്ന് ഹോളി എയ്ഞ്ചല്‍സ് പാര്‍ക്ക് നിര്‍മിച്ചിട്ടുണ്ട്.
ഈ ഭവനത്തില്‍ പ്രഭാതത്തിലും സായാഹ്നത്തിലും പ്രാര്‍ത്ഥനകള്‍ നടത്തുന്നു. ഇത് കുട്ടികളെ പ്രാര്‍ത്ഥിക്കാനും ദൈവത്തെപ്പറ്റി ചിന്തിക്കാനും സഹായിക്കുന്നു. പലപ്പോഴും ഈ കുഞ്ഞുങ്ങള്‍ ഒരമ്മയുടെ കരുതല്‍, സ്‌നേഹം, വാത്സല്യം, പരിലാളന ഇതൊക്കെ ആഗ്രഹിക്കുന്നത് ശ്രദ്ധേയമാണ്. കുട്ടികളെ ഈ സ്ഥാപനത്തിലേക്ക് കൊണ്ടുവരുന്നത് ഗവണ്‍മെന്റ് നടത്തുന്ന ചൈല്‍ഡ് കെയര്‍ ഹോമില്‍നിന്നാണ്. അവിടെ നിരവധി കുട്ടികളുണ്ടെങ്കിലും എല്ലാവരെയും ശുശ്രൂഷിക്കുക എന്നത് അപ്രാപ്യമാണ്. എന്നിരുന്നാലും ആവുന്നത്ര കുഞ്ഞുങ്ങളെ സ്വന്തം മക്കളെപ്പോലെ ശുശ്രൂഷിക്കാന്‍ ഈ സ്ഥാപനം പരിശ്രമിക്കുന്നു.

വിശുദ്ധന്റെ വഴിയേ…
പതിനാറാം നൂറ്റാണ്ടിന്റെ മധ്യേ ജനിച്ച കമില്ലസ് ലൗകികജീവിതവും സുഖങ്ങളും ഉപേക്ഷിച്ച് മാനസാന്തരപ്പെട്ട് ആതുരസേവനതിനായി ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു. റോമിലെ ആശുപത്രികളില്‍ രോഗീശുശ്രൂഷയ്ക്കായി അദ്ദേഹം ഇറങ്ങിത്തിരിച്ചു. രോഗീശുശ്രൂഷാവേളയില്‍ ഉപേക്ഷിക്കപ്പെട്ട, അവഗണിക്കപ്പെട്ട രോഗികളെ ദൈവത്തിന്റെ പ്രതിരൂപങ്ങളായികണ്ട് സ്‌നേഹത്തോടെ പരിചരിച്ചു. ആ കാലയളവില്‍ ഒരു ദിവസം ക്രൂശിതരൂപത്തിന് മുമ്പാകെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് കമില്ലസിനോട് ക്രൂശിതരൂപത്തില്‍നിന്ന് ഈശോ സംസാരിക്കുന്നത് ”കമില്ലസ് ഇത് നിന്റെ ജോലിയല്ല എന്റേതാണ്, തുടരുക.” ഈശോയുടെ വാക്കുകള്‍ ഹൃദയത്തിലേറ്റി രോഗികളെ പരിചരിച്ച കമില്ലസ് ഇന്ന് രോഗികളുടെയും രോഗീശുശ്രൂഷകളുടെയും ആശുപത്രികളുടെയും മധ്യസ്ഥനായ വിശുദ്ധ കമില്ലസ് ഡി ലെല്ലിസ് ആണ്. വിശുദ്ധ കമില്ലസിന്റെ പാത പിന്‍തുടരുന്ന കമില്യന്‍ സന്യാസികള്‍ ഇന്ന് ലോകമെമ്പാടും രോഗീശുശ്രൂഷാരംഗത്ത് സജീവമാണ്.

ഇന്ന് മാതാപിതാക്കള്‍ ഇല്ലാത്ത, അല്ലെങ്കില്‍ ഉപേക്ഷിച്ചുപോയ കുഞ്ഞുങ്ങളെ സ്‌നേഹിച്ചു വളര്‍ത്തുക എന്ന വെല്ലുവിളി നിറഞ്ഞ ശുശ്രൂഷാദൗത്യം സന്തോഷത്തോടെ ശിരസാവഹിക്കുകയാണ് ഈ ഭവനത്തിന്റെ ഡയറക്ടര്‍ ഷിജു അച്ചനും ടീമംഗങ്ങളും. ഈ സ്ഥാപനത്തിന്റെ നടത്തിപ്പിനായി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുമ്പോഴും ദൈവപരിപാലനയില്‍ ആശ്രയിച്ചുകൊണ്ടാണ് ഇവര്‍ മുന്നോട്ടുപോകുന്നത്. ദൈവകരുതല്‍ അത് മാത്രമാണ് ഈ ശുശ്രൂഷയ്ക്ക് പ്രത്യാശ പകരുന്നത്. ദൈവസ്‌നേഹത്തിന്റെ, ദൈവകൃപയുടെ പ്രത്യക്ഷമായ അടയാളമായി മാത്രമേ നമുക്ക് ഈ ശുശ്രൂഷയെ കാണാന്‍ സാധിക്കൂ. ദൈവത്തിന്റെ സമ്മാനമായ ഈ കൊച്ചുമാലാഖമാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ നമുക്കൊരുമിച്ച് പ്രാര്‍ത്ഥിക്കാം, കൈകോര്‍ക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?