സിസ്റ്റര്‍ മേരി റോസിലി എല്‍എസ്ഡിപി
(എല്‍എസ്ഡിപി സഭയുടെ സുപ്പീരിയര്‍ ജനറല്‍)
40 വര്‍ഷങ്ങള്‍ക്കുമുമ്പാണ് കുന്നന്താനം ദൈവപരിപാലന ഭവനത്തില്‍ നിത്യാരാധന ആരംഭിച്ചത്. ദൈവപരിപാലന ഭവനത്തിന്റെ അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന ഈ ചാപ്പലില്‍ കയറി ഏത് അസാധ്യകാര്യം ചോദിച്ചാലും ദൈവം സാധിച്ചുകൊടുക്കുന്നതായും ഈ ഭവനത്തിലേക്ക് കടന്നുവരുമ്പോള്‍ത്തന്നെ ദിവ്യകാരുണ്യശക്തി അനുഭവവേദ്യമാകുന്നതായും അനേകര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇക്കഴിഞ്ഞ 40 വര്‍ഷക്കാലം ഇവിടെ ആറ് എണ്ണ വിളക്കുകള്‍ രാത്രിയും പകലും ഇടമുറിയാതെ ഈശോയുടെ മുമ്പില്‍ കത്തുന്നു. ഈ ഭവനത്തിന്റെ പ്രവേശനകവാടത്തില്‍ത്തന്നെയാണ് ചാപ്പല്‍.
ദൈവപരിപാലനയില്‍മാത്രം ആശ്രയം കണ്ടെത്തി സിസ്റ്റര്‍ ഡോ. മേരി ലിറ്റി ആരംഭിച്ചതാണ് ദൈവപരിപാലനയുടെ ചെറിയ ദാസികള്‍ എന്ന സന്യാസസമൂഹം. ”ദിവ്യകാരുണ്യത്തിന്റെ ചൈതന്യം നിശബ്ദതയുടെ ചൈതന്യമാണ്. ആ നിശബ്ദതയുടെ മുമ്പില്‍ നിശബ്ദമായിരുന്നാല്‍ ജീവന്‍ ലഭിക്കും. വെളിപ്പെടുത്തലുകള്‍ ലഭിക്കും. ദിവ്യകാരുണ്യത്തിന്റെ മുമ്പില്‍ തപസിരിക്കുക. നമ്മുടെ ജീവിതം ദിവ്യകാരുണ്യമായി മാറും.” മദര്‍ ലിറ്റിയുടെ ഈ വാക്കുകള്‍ മദറിന്റെ ദിവ്യകാരുണ്യഭക്തിയുടെ ആഴം വെളിപ്പെടുത്തുന്നു.
1984 ജൂണ്‍ 12-നാണ് ഇവിടെ നിത്യാരാധന ആരംഭിക്കുന്നത്. അന്നത്തെ ചങ്ങനാശേരി അതിരൂപതാധ്യക്ഷനായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ മാര്‍ ആന്റണി പടിയറ പിതാവിനെ ഈയവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു. പിതാവാണ് ദിവ്യകാരുണ്യ ആരാധന തുടങ്ങുവാന്‍ അനുവാദം നല്‍കിയത്.
ചങ്ങനാശേരി അതിരൂപതയുടെ വികാരി ജനറല്‍ ആയിരുന്ന ജോസഫ് കരിമ്പാലില്‍ അച്ചന്‍ വാങ്ങിത്തന്ന അരുളിക്കയിലാണ് ദിവ്യകാരുണ്യനാഥനെ പ്രതിഷ്ഠിച്ചത്. 2016 നവംബര്‍ അഞ്ചിന് ഈ സന്യാസസമൂഹത്തിന്റെ സ്ഥാപകയായ മദര്‍ മേരി ലിറ്റി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടുവെങ്കിലും, ഏതു പ്രതിസന്ധികളിലും തളരാതെ ദിവ്യകാരുണ്യസന്നിധിയില്‍ മണിക്കൂറുകള്‍ മുട്ടുകുത്തി നില്‍ക്കുന്ന മദര്‍ ലിറ്റി എല്‍എസ്ഡിപി സന്യാസിനികള്‍ക്ക് എന്നും ഒരു പ്രചോദകശക്തിയാണ്. വിശുദ്ധബലിയും ദിവ്യകാരുണ്യ സ്വീകരണവും രാവും പകലും ഇടമുറിയാതെയുള്ള ആരാധനയുമാണ് ദൈവപരിപാലന ഭവനത്തിലെ അതിശ്രേഷ്ഠമായ നിധികളെന്നും ഈ ഭവനത്തെ താങ്ങിനിര്‍ത്തുന്ന നെടുംതൂണുകളാണെന്നുമാണ് സഭയുടെ സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ ജോസഫ് കൊത്തൊലെംഗോയുടെ വാക്കുകള്‍. 24 മണിക്കൂറും ഇടമുറിയാതെ പരസ്യമായി ദിവ്യകാരുണ്യനാഥനെ ആരാധിക്കാന്‍ സാധിച്ചത് സഭാംഗങ്ങള്‍ വലിയ ദൈവാനുഗ്രഹമായി കരുതുന്നു.
സന്യാസസഭയുടെ പ്രാരംഭഘട്ടമായ ആതുരാലയത്തിന് 1978 ജനുവരി 17-നാണ് തുടക്കംകുറിച്ചത്. ആതുരശുശ്രൂഷ, വചനപ്രഘോഷണം, കുടുംബപ്രേഷിതത്വം എന്നിവ നിര്‍വഹിക്കുകയാണ് ഈ സമൂഹത്തിന്റെ പ്രത്യേക കാരിസം. ഇപ്പോള്‍ കേരളത്തിനകത്തും പുറത്തും ആഫ്രിക്കയിലെ സാംബിയ, ഇന്‍ഡോള എന്നിവിടങ്ങളിലുമായി 19 ഭവനങ്ങളില്‍ 1050-ഓളം ഭിന്നശേഷിക്കാരായ മക്കള്‍ ദൈവപരിപാലനയില്‍ സംരക്ഷിക്കപ്പെടുന്നു. ഈ റൂബിജൂബിലി വര്‍ഷത്തില്‍ ഉത്തര്‍പ്രദേശിലുള്ള ബിജ്‌നോര്‍, ഗോ രഖ്പൂര്‍ ഭവനങ്ങളില്‍ നിത്യാരാധന ആരംഭിക്കുവാന്‍ സാധിച്ചത് ദിവ്യകാരുണ്യനാഥന്റെ അനുഗ്രഹമായി കരുതുന്നു.
”ഈ അപ്പത്തില്‍ ദൈവരാജ്യവും ദൈവനീതിയും അടങ്ങിയിരിക്കുന്നു. അതിന്റെ സ്വഭാവിക പരിണാമമെന്ന നിലയില്‍ മറ്റെല്ലാം താനേ വന്നുചേര്‍ന്നുകൊള്ളും” എന്ന വിശുദ്ധ ജോസഫ് കൊത്തൊലെംഗോയുടെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് ദിവ്യകാരുണ്യനാഥന്റെ അത്ഭുത പരിപാലനയ്ക്ക് മുമ്പില്‍ കൃതജ്ഞതയോടെയായിരിക്കാം.
Leave a Comment
Your email address will not be published. Required fields are marked with *