Follow Us On

02

January

2025

Thursday

വിശ്വാസവീഥിയിലെ വിളക്കുമരങ്ങള്‍

വിശ്വാസവീഥിയിലെ വിളക്കുമരങ്ങള്‍

ഫാ. തോമസ് പാട്ടത്തില്‍ചിറ സിഎംഎഫ്

വേനലവധിയോട് വിടപറഞ്ഞ് വിദ്യാലയങ്ങളുടെ വാതിലുകള്‍ വീണ്ടും തുറന്നു. അക്ഷരക്ഷേത്രങ്ങളുടെ അങ്കണങ്ങളിലേക്ക് കന്നിച്ചുവടുവയ്ക്കുന്ന കുരുന്നുകളും പുതിയ ക്ലാസിനെക്കുറിച്ചുള്ള കിനാവുകളുടെ കളര്‍ബാഗുകളുമേന്തി പോകുന്ന പഴയ പഠിപ്പുകാരുമൊക്കെയായി അനേകായിരം വിദ്യാന്വേഷികള്‍ തങ്ങളുടെ പ്രയാണം ആരംഭിച്ചുകഴിഞ്ഞു. കുട്ടികളെ കലാലയങ്ങളിലേക്ക് അയക്കാനുള്ള തത്രപ്പാടുകള്‍കൊണ്ട് കുടുംബാന്തരീക്ഷങ്ങളും നിറയുകയാണ്. ഈ തിരക്കുകള്‍ക്കിടയില്‍ ചില ചിന്തകള്‍ മനസില്‍ കുറിച്ചിടണം.

വിശ്വാസവും വിജ്ഞാനവും
അറിവ് അഴകാണ്, അലങ്കാരമാണ്, അമൂല്യമായ ആഭരണമാണ്. അന്തസുറ്റതും അര്‍ത്ഥപൂര്‍ണവുമായ ജീവിതത്തിന് അത് അത്യന്താപേക്ഷിതംതന്നെ. അറിവുള്ളവര്‍ക്കേ ആദരവും അംഗീകാരവുമുള്ളൂ. വിദ്യാസമ്പന്നരുടെ വാക്കുകള്‍ക്കാണ് ലോകം വിലകല്‍പിക്കുന്നത്. നാലക്ഷരം അറിയാവുന്നവര്‍ക്കേ നട്ടെല്ലു നിവര്‍ത്തി നില്‍ക്കാനാവൂ. അതുകൊണ്ടുതന്നെ, അറിവിനുവേണ്ടിയുള്ള മനുഷ്യന്റെ ആര്‍ത്തിയും അലച്ചിലും അവസാനിക്കുന്നില്ല. വിശുദ്ധ ഗ്രന്ഥത്തില്‍ വിജ്ഞാനത്തെ രത്‌നങ്ങളെക്കാള്‍ ശ്രേഷ്ഠവും (സുഭാ. 8:11, 16:16) തന്നെ സ്‌നേഹിക്കുന്നവരെ സമ്പന്നരാക്കുന്നതുമായ ഒന്നായിട്ടാണ് (സുഭാ. 8:21) ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ അറിവിന്റെ അക്ഷരക്കൂട്ടുകള്‍ക്ക് മനുഷ്യന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം കാണാനോ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാനോ കഴിഞ്ഞിട്ടില്ല. വിജ്ഞാനവാരിധിക്ക് മനുഷ്യന്റെ അന്തര്‍ദാഹത്തെ അകറ്റാന്‍ ഇന്നും സാധിച്ചിട്ടില്ല. അവിടെയാണ് വിശ്വാസത്തിന്റെ മുന്‍തൂക്കം മനുഷ്യന്‍ മനസിലാക്കേണ്ടത്.

അറിവിന്റെ ആരംഭം വിശ്വാസത്തില്‍ അടിത്തറ പാകിയ ദൈവഭയമാണ് (സങ്കീ. 111:10). വിശ്വാസത്തില്‍ വേരൂന്നാത്ത മനുഷ്യന്റെ വിജ്ഞാനം അവനോടൊപ്പം അവസാനിക്കും (ജോബ് 12:2). വിജ്ഞാനി മരിക്കും (സങ്കീ. 49:10). എന്നാല്‍ വിശ്വാസി മരിച്ചാലും ജീവിക്കും (യോഹ. 11:25). ഓര്‍ക്കണം, വിദ്യാലയങ്ങള്‍ പള്ളിക്കൂടങ്ങളായിട്ടാണ് ആരംഭിച്ചത്. പള്ളി ക്രൈസ്തവസമൂഹത്തിന്റെ വിശ്വാസത്തിന്റെ കൂടാരമാണ്. അതിനോട് അടുത്തുള്ള വിദ്യാലയങ്ങള്‍ തെളിച്ചുകൊടുക്കുന്ന വിജ്ഞാനത്തിന്റെ തിരികള്‍ക്ക് വിശ്വാസതൈലത്തിന്റെ നനവുണ്ടാകണം. ഒരു ക്രിസ്ത്യാനിയുടെ ജീവിതമാകുന്ന വൃക്ഷത്തിന്റെ തായ്ത്തടി വിശ്വാസവും ശിഖരങ്ങള്‍ വിവിധ തരത്തിലുള്ള വിജ്ഞാനവുമാണ്.

‘വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം’ എന്നത് ഭൗമോന്മുഖരായ വിശ്വാസികളുടെമാത്രം തത്വമാണ്. എന്നാല്‍ ‘വിശ്വാസധനം സര്‍വ്വധനാല്‍ പ്രധാനം’ എന്നതായിരിക്കണം സ്വര്‍ഗോന്മുഖരായ, വിശ്വാസികളായ നമ്മുടേത്. കര്‍ത്താവ് പുകഴ്ത്തുന്നത് വിശ്വാസത്തിന്റെ നിറവിനെയും (മര്‍ക്കോ. 5:34) ഇകഴ്ത്തുന്നത് അതിന്റെ കുറവിനെയുമാണ് (മത്താ. 8:26). ചോദ്യവും വിശ്വാസവും വിസ്മരിച്ച് നാം വാരിക്കൂട്ടുന്ന വിജ്ഞാനമണികള്‍ വിരലുകളുടെ വിടവുകളിലൂടെ വെറുതെ ചോര്‍ന്നുപോവുകയേയുള്ളൂ. പുല്‍ക്കൂട്ടിലെ പൈതലിന് പാദപൂജ ചെയ്ത ജ്ഞാനികളെപ്പോലെ വിജ്ഞാനം വിശ്വാസത്തിന് പാദസേവ ചെയ്യുകതന്നെ വേണം. കാരണം വിശ്വാസമാണ് വിജ്ഞാനത്തിന് ശക്തിയും ശുദ്ധിയും ശോഭയുമേകുന്നത്.

അറിവിന്റെ ഉറവിടം
അറിവിന്റെ ഉറവിടം ദൈവമാണെന്നത് മനുഷ്യന്‍ മറന്നുപോകരുത്. പരിജ്ഞാനത്തില്‍ പേരുകേട്ട സോളമന്‍ രാജാവിന് ദൈവമാണ് വിജ്ഞാനവരമേകുന്നത് (1 രാജാ. 4:29, 2 ദിന. 1:12). കൈക്കുള്ളിലൊതുക്കുന്ന ഒരു സമ്പാദ്യമെന്നതിലുപരിയായി സര്‍വജ്ഞാനിയായ തമ്പുരാന്‍ നല്‍കുന്ന സമ്മാനമാണ് ജ്ഞാനം (1 കോറി. 12:8). കഠിനാധ്വാനവും കഷ്ടപ്പാടുമൊക്കെ അതിന് ആവശ്യവുമാണ്. ദൈവം ലോകത്തിന് നല്‍കിയ ഏറ്റവും മഹത്തായ ദാനം തന്റെ ഏകജാതനാണ്. ആ ക്രിസ്തുതന്നെയാണ് നമ്മുടെ യഥാര്‍ത്ഥ ജ്ഞാനവും (1 കോറി. 1:30). അവനില്‍ ശരണപ്പെടുന്നവര്‍ക്ക് തന്റെ ജ്ഞാനത്തിന്റെ ഓഹരി അവന്‍ നല്‍കും (ലൂക്കാ 21:15). ആകയാല്‍ അറിവിനെ അന്വേഷിക്കുന്നവര്‍ അവിടുത്തെ ആത്മാവിന്റെ അനുഗ്രഹത്തിനായി അനുദിനം പ്രാര്‍ത്ഥിക്കണം (യാക്കോ. 1:15). കാരണം, ആത്മാവാണ് ആധികാരികതയുള്ള അധ്യാപകന്‍ (ലൂക്കാ 12:12). അവന്‍ പകര്‍ന്നുതരുന്ന വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയും വെട്ടത്തില്‍ മാത്രമേ തട്ടിവീഴാതെ ദൂരങ്ങള്‍ താണ്ടാന്‍ നമുക്ക് കഴിയൂ. അറിവിനെ അഹങ്കരിക്കാനല്ല, അതിന്റെ ദാതാവായവനെ ആരാധിക്കാനുള്ള ഒരു കാരണമായിവേണം കാണാന്‍.

രക്ഷിതാക്കളുടെ ആകുലതകള്‍
വിശ്വാസശിക്ഷണവും വിജ്ഞാനശിക്ഷണവും വ്യക്തിത്വ വളര്‍ച്ചയുടെ രണ്ട് അടിസ്ഥാനഘടകങ്ങളാണ്. ബാലനായ ഈശോയും അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ചാണ് വളര്‍ന്നുവന്നത് (ലൂക്കാ 2:52). വേണ്ടത്ര വിദ്യാഭ്യാസവും പൊതുപരിജ്ഞാനവും അവന് നല്‍കാന്‍ നസ്രത്തിലെ അവന്റെ മാതാപിതാക്കള്‍ അതീവ ശ്രദ്ധാലുക്കളായിരുന്നു. അക്കാരണത്താല്‍ത്തന്നെ, ദൈവാലയത്തില്‍ ഉപാധ്യായന്മാരുടെ ഒപ്പമിരുന്ന് അവരോട് മറുചോദ്യങ്ങള്‍ ഉന്നയിക്കാനും അതുവഴി അവരുടെയൊക്കെ ആശ്ചര്യത്തിനും പ്രശംസക്കും പാത്രമാകാനും അവനു സാധിച്ചു. അപ്പോഴും ദൈവികവും മതപരവുമായ കാര്യങ്ങള്‍ക്കാണ് അവന്‍ മുന്‍ഗണന കൊടുത്തിരുന്നത് (ലൂക്കാ 2:49).

മക്കള്‍ മാതാപിതാക്കളുടെ മനക്കോട്ടകളാണ്. കുഞ്ഞുങ്ങളുടെ ഭാവി രക്ഷകര്‍ത്താക്കളുടെ ആകുലതകളില്‍ ഒന്നാണ്. അവരുടെ വാര്‍ധക്യത്തിലും വല്ലായ്മകളിലും അവര്‍ക്ക് താങ്ങുംതണലുമാകേണ്ടവരാണ് മക്കള്‍. ആകയാല്‍ അവര്‍ക്ക് ആവുന്നത്ര വിദ്യാഭ്യാസം കൊടുക്കണമെന്നത് മാതാപിതാക്കളുടെ വാശിയാണ്. കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളോട് പ്രതിബദ്ധതയില്ലാത്ത അപ്പനും അമ്മയും തങ്ങളെത്തന്നെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ഓര്‍ക്കാം, പരിജ്ഞാനത്തിലുള്ള പരിശീലനമാണ് കുഞ്ഞുങ്ങളെ രക്ഷിതാക്കളോടും രാഷ്ട്രത്തോടുമൊക്കെ കടപ്പാടുള്ള പൗരരാക്കി മാറ്റുന്നത്.
മികച്ച വിജ്ഞാനം കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ മുന്തിയ വിദ്യാലയങ്ങള്‍ക്കായി മത്സരിക്കുന്ന മാതാപിതാക്കള്‍ ദൈവികദാനങ്ങളായ മക്കളുടെ വിശ്വാസവളര്‍ച്ചയാണ് വിജ്ഞാനവളര്‍ച്ചയെക്കാള്‍ വലുതെന്ന പരമാര്‍ത്ഥം മറന്നുപോകരുത്.

വിജ്ഞാനശിക്ഷണത്തിലൂടെ സ്വായത്തമാക്കുന്ന അറിവ് വിശ്വാസശിക്ഷണത്തിലൂടെ ആര്‍ജിച്ചെടുക്കുന്ന തിരിച്ചറിവിലേക്ക് കുഞ്ഞുങ്ങളെ നയിക്കണം. അറിവിനെ തിരിച്ചറിവാക്കുന്നത് വിശ്വാസമാണ്. വിശ്വാസത്തിന്റെ തായ്‌വേരില്ലാത്ത വിജ്ഞാനം തലച്ചോറില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കേവലം ഇത്തിള്‍ക്കണ്ണിമാത്രമാണ്. കാലവ്യതിയാനത്തില്‍ അത് കരിഞ്ഞുപോകും. അറിവ് മനുഷ്യരെ മൃഗങ്ങളല്ലാതാക്കുന്നേയുള്ളൂ. തിരിച്ചറിവാണ് മനുഷ്യരെ മനുഷ്യരാക്കുന്നത്. അറിവിന്റെ അധ്യായങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്ളപ്പോള്‍, തിരിച്ചറിവിന്റെ താളുകള്‍ വിശുദ്ധഗ്രന്ഥത്തിലാണുള്ളത്. അതുകൊണ്ടുതന്നെ, വിശ്വാസപരിശീലനം മാതാപിതാക്കളുടെ പ്രധാനപ്പെട്ട കടമയായിട്ടാണ് കത്തോലിക്കാസഭ കാണുന്നത്. അതെ, വിജ്ഞാനത്തിന്റെ വിശാല ലോകത്തിലേക്ക് വിശ്വാസത്തിന്റെ വാതിലിലൂടെവേണം കുട്ടികള്‍ കടക്കാന്‍.

വിശ്വാസസത്യങ്ങള്‍
ഗുരുവിന്റെ അധരങ്ങളില്‍നിന്നു വിശ്വാസത്തിന്റെ മധുമൊഴികള്‍ കേട്ടുപഠിച്ച അപ്പസ്‌തോലഗണം പിന്നീട് വിവിധ സഭാസമൂഹങ്ങളെ മതബോധനത്തിലൂടെ പ്രബുദ്ധരാക്കി. അതുകൊണ്ടുതന്നെ, കത്തോലിക്കാസഭ ഇന്നും മതബോധനക്ലാസുകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നു. ക്രിസ്ത്യാനിയായ ഓരോ വ്യക്തിയുടെയും ഹൃദയത്തിലേക്ക് ദൈവവിശ്വാസമാകുന്ന ആത്മീയരക്തം സംവഹിക്കുന്ന ധമനികളാണ് വേദപാഠക്ലാസുകള്‍. വിശുദ്ധരെല്ലാംതന്നെ തങ്ങളുടെ ജീവിതത്തില്‍ മതബോധനത്തെ പ്രധാനപീഠത്തില്‍ പ്രതിഷ്ഠിച്ചവരാണ്. വിശുദ്ധ അഗസ്തിനോസ്, നിസായിലെ വിശുദ്ധ ഗ്രിഗറി, വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം, അലക്‌സാഡ്രിയായിലെ വിശുദ്ധ ക്ലെമെന്റ്, വിശുദ്ധ ഡെന്നിസ് തുടങ്ങിയവരെല്ലാംതന്നെ വേദോപദേശകരായിരുന്നു.

വിശുദ്ധ ജെറോം അദ്ദേഹത്തിന്റെ ജീവിതസായാഹ്നം കുട്ടികള്‍ക്ക് മതബോധനം കൊടുക്കുന്നതിനാണ് നീക്കിവച്ചത്. പാരീസിലെ പ്രസിദ്ധനായ ചാന്‍സലറായിരുന്ന ജീന്‍ ഗേര്‍സണ്‍ താന്‍ കുഞ്ഞുങ്ങളെ വേദോപദേശം പഠിപ്പിക്കുന്നതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടപ്പോള്‍, ‘കുഞ്ഞങ്ങളെ നരകസര്‍പ്പത്തില്‍നിന്നു രക്ഷിക്കുകയും സഭയുടെ പൂന്തോട്ടത്തിലെ ഈ ഇളംചെടികള്‍ക്ക് വെള്ളമൊഴിച്ചു കൊടുക്കുകയും ചെയ്യുന്നതിനെക്കാള്‍ മഹത്തായ ഒരു സേവനം എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല’ എന്നാണ് മറുപടി നല്‍കിയത്. വിശുദ്ധ ഇഗ്നേഷ്യസും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറും വിശുദ്ധ ഫ്രാന്‍സിസ് ബോര്‍ഗിയായും കുട്ടികള്‍ക്ക് വേദോപദേശം നല്‍കുന്നതിന് തങ്ങളെത്തന്നെ നിയോഗിച്ചവരാണ്.

ക്ലരീഷ്യന്‍ സന്യാസ സഭാ സ്ഥാപകനായ വിശുദ്ധ ആന്റണി മേരി ക്ലാരെറ്റ് (1807-1870) തന്റെ ചെറുപ്പകാലംമുതല്‍ വേദപഠനത്തോട് ആഴമായ സ്‌നേഹവും ആഭിമുഖ്യവും പുലര്‍ത്തിയിരുന്ന വ്യക്തിയാണ്. ബാലനായ ആന്റണി ഒരിക്കല്‍പോലും ഞായറാഴ്ചകളിലെ മതബോധനക്ലാസുകള്‍ മുടക്കിയിരുന്നില്ല. പിന്നീട് ഒരു സെമിനാരിവിദ്യാര്‍ത്ഥി, വൈദികന്‍, മിഷനറി കൂടാതെ ക്യൂബയിലെ ആര്‍ച്ചുബിഷപ് എന്നീ നിലകളില്‍ കുട്ടികളെയും മുതിര്‍ന്നവരെയും തീക്ഷ്ണതയോടെ വേദപാഠം പഠിപ്പിക്കുക എന്നത് തന്റെ പ്രധാനപ്പെട്ട കര്‍ത്തവ്യമായി കണക്കാക്കി. ഇതേക്കുറിച്ച് അദ്ദേഹം കുറിക്കുന്നത് ഇങ്ങനെയായിരുന്നു: ‘ക്രിസ്തീയ വിശ്വാസസത്യങ്ങള്‍ കുട്ടികളെ അഭ്യസിപ്പിക്കുക എന്നതിനായിരുന്നു ഞാന്‍ പ്രാഥമിക പരിഗണന നല്‍കിയത്. മതപരവും ധാര്‍മികവുമായ ജീവിതസൗധത്തിന്റെ അടിത്തറ വേദോപദേശത്തിലുള്ള അറിവാണ്. തെറ്റുകള്‍, ദുരാചാരങ്ങള്‍, അജ്ഞത എന്നിവയില്‍നിന്നെല്ലാം വേദോപദേശം അവരെ സംരക്ഷിക്കുകയും പുണ്യങ്ങളില്‍ അവരെ ഉറപ്പിക്കുകയും ചെയ്യുന്നു.’

വിശ്വാസവീഥിയിലെ വിളക്കുമരങ്ങളാണ് വേദപാഠങ്ങള്‍. വിശ്വാസപരിശീലനത്തിന്റെ പ്രസക്തിയും പ്രാധാന്യവും മനസിലാക്കണം. ട്യൂഷന്‍, കോച്ചിംഗ്, ആഘോഷങ്ങള്‍ എന്നിവ മതബോധനക്ലാസുകളെ ബാധിക്കാത്തവിധത്തില്‍ ക്രമീകരിക്കണം. മതാധ്യാപകരെ മാനിക്കണം. ദിവ്യമായ ഒരു ദൗത്യമാണ് അവരുടേത്. അവരുടെ സേവനങ്ങളെ വിലമതിക്കാം. ആര്‍ക്കും ഒന്നിനും സമയം തികയാത്ത സമൂഹത്തിലല്ലേ അവരും ജീവിക്കുന്നത്. എന്നിട്ടും പ്രതിഫലമൊന്നും പ്രതീക്ഷിക്കാതെ തങ്ങളുടെ സമയത്തിന്റെ ഒരുവീതം നമ്മുടെ കുട്ടികള്‍ക്കായി അവര്‍ മാറ്റിവയ്ക്കുന്നില്ലേ? പലതിന്റെയും പരിത്യാഗം അതിന്റെയൊക്കെ പിന്നിലുണ്ടെന്ന് മറക്കരുത്. കുട്ടികള്‍ വിശ്വാസത്തില്‍ അധിഷ്ഠിതമായ വിജ്ഞാനത്തില്‍ വളര്‍ന്നുവരട്ടെ. വേദാഭ്യാസവും വിദ്യാഭ്യാസവും അവരുടെ സമ്പാദ്യങ്ങളാകണം. വചനങ്ങളും നിര്‍വചനങ്ങളും അവര്‍ ഒരുപോലെ ഉരുവിടട്ടെ. അങ്ങനെ, അവരിലൂടെ കുടുംബങ്ങള്‍ കൂടുതല്‍ അനുഗ്രഹിക്കപ്പെടട്ടെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?