Follow Us On

23

December

2024

Monday

83 വര്‍ഷങ്ങള്‍ക്കുശേഷം യുഎസില്‍ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്

83 വര്‍ഷങ്ങള്‍ക്കുശേഷം യുഎസില്‍ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്

വാഷിംഗ്ടണ്‍ ഡിസി: എണ്‍പത്തിമൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം യുഎസില്‍ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്. ജൂലൈ 17മുതല്‍ 21 വരെ ഇന്ത്യാനാപ്പോളീസിലാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്നത്. നാല് വ്യത്യസ്ത പാതകളിലൂടെ 60 ദിനങ്ങളിലായി 6500 മൈല്‍ പിന്നിടുന്ന ദിവ്യകാരുണ്യ പ്രദക്ഷിണങ്ങള്‍ ജൂലൈ 17 ന് ഇന്ത്യാനപ്പോളീസിലെ ലൂക്കാസ് ഓയില്‍ സ്റ്റേഡിയത്തില്‍ എത്തുന്നതോടെ ദിവ്യകാരുണ്യകോണ്‍ഗ്രസിന് തുടക്കമാകും. ദിവ്യകാരുണ്യ ആരാധന, ദിവ്യബലികള്‍, പ്രഭാഷണങ്ങള്‍, വിവിധ വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കും. യുഎസിലെ പ്രശസ്തരായ വചനപ്രഘോഷകരും സംഗീതജ്ഞരും നേതൃത്വം നല്‍കും.

1895-ല്‍ വാഷിംഗ്ടണ്‍ ഡിസിയിലെ കത്തോലിക്ക സര്‍വകലാശാല കാമ്പസിലാണ് യുഎസിലെ ആദ്യ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടന്നത്. തുടര്‍ന്ന് 1941 വരെയുള്ള കാലഘട്ടത്തിനിടയില്‍ ഒന്‍പത് ദിവ്യകാരുണ്യ കോണ്‍ഗ്രസുകള്‍ യുഎസില്‍ നടന്നുവെങ്കിലും ഇപ്പോള്‍ നീണ്ട 83 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടുമൊരു ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്നത്. ദിവ്യകാരുണ്യ കോണ്‍ഗ്രസിന് മുന്നോടിയായുള്ള ദിവ്യകാരുണ്യ തീര്‍ത്ഥയാത്രകള്‍ യുഎസില്‍ പുരോഗമിക്കുകയാണ്. പന്തക്കുസ്ത തിരുനാള്‍ ദിനത്തിലാണ് രാജ്യത്തിന്റെ നാല് ദിക്കുകളില്‍നിന്ന് ദിവ്യകാരുണ്യ തീര്‍ത്ഥാടനങ്ങള്‍ ആരംഭിച്ചത്. യുഎസിന്റെ നെടുകയും കുറുകയും സഞ്ചരിക്കുന്ന ദിവ്യകാരുണ്യ ഈശോയെ വണങ്ങുന്നതിനും ഒപ്പം തീര്‍ത്ഥയാത്രയില്‍ പങ്കുചേരുന്നതിനുമായി ആയിരങ്ങളാണ് പ്രതികൂല കാലാവാസ്ഥയിലും അണിനിരക്കുന്നത്.

വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ സാന്നിധ്യത്തെക്കുറിച്ച് കൂടുതല്‍ ബോധ്യവും ഭക്തിയും വളര്‍ത്താന്‍ അമേരിക്കന്‍ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിശുദ്ധ കുര്‍ബാന പുനരുജ്ജീവനത്തിന്റെ ഭാഗമാണ് ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനവും ദിവ്യകാരുണ്യകോണ്‍ഗ്രസും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?