ഇന്ത്യാനാപ്പോലീസ്/യുഎസ്എ: ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ അല്ല, മറിച്ച് നിസംഗതയാണ് നമ്മെ ദൈവത്തില്‍ നിന്നകറ്റുന്നതെന്ന് യുഎസിലെ ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ പങ്കെടുത്ത വിശ്വാസികളെ ഓര്‍മപ്പെടുത്തി പ്രശസ്ത പ്രഭാഷകനും ജനപ്രിയ പോഡ്കാസ്റ്റുകളുടെ ഹോസ്റ്റുമായ ഫാ. മൈക്ക് ഷ്മിറ്റ്‌സ്. ദിവ്യകാരുണ്യത്തില്‍ യേശു സന്നിഹിതനാണെന്ന് വിശ്വസിക്കുന്നത് കൊണ്ട് മാത്രം രക്ഷ സ്വന്തമാക്കാന്‍ സാധിക്കുകയില്ല. ഹൃദയം ദൈവത്തോട് ചേര്‍ന്നാണോ ഉള്ളതെന്ന് പരിശോധിക്കുവാന്‍ ഫാ. ഷ്മിറ്റ്‌സ് വിശ്വാസികളെ ക്ഷണിച്ചു.
അറിവില്ലായ്മയ്ക്കുള്ള പരിഹാരം അറിവ് നേടുകയാണെങ്കില്‍ നിസംഗതയ്ക്കുള്ള പരിഹാരം സ്‌നേഹമാണ്. അനുതാപമാണ് സ്‌നേഹത്തിലേക്കുള്ള വഴി. വലിയ തെറ്റുകളെക്കുറിച്ച് എന്നതുപോലെ തന്നെ ദൈവസാന്നിധ്യത്തില്‍ നിന്നകറ്റി കളയുന്ന ചെറിയ തെറ്റുകളെക്കുറിച്ചും നാം അനുതപിക്കണം. ദൈവത്തോടുള്ള സ്‌നേഹത്തിന്റെ തീ അണച്ചുകളയുന്ന കാര്യങ്ങള്‍ കണ്ടെത്താനും അവയെ ജീവിതത്തില്‍ നിന്നൊഴിവാക്കാനും ഫാ. ഷ്മിറ്റ്‌സ് വിശ്വാസികളെ ക്ഷണിച്ചു. നാം ഉപേക്ഷിക്കേണ്ട കാര്യങ്ങളും ദൈവസ്‌നേഹത്തിന്റെ അഗ്നിയും ഒരുമിച്ച് പോകില്ലെന്നും അതുകൊണ്ട് മാറ്റങ്ങള്‍ വരുത്തേണ്ട മേഖലകള്‍ കണ്ടെത്തി അവയെ തിരുത്താനുള്ള തീരുമാനം എടുക്കുവാനും ഫാ. ഷ്മിറ്റ്‌സ് വിശ്വാസികളോട് ആഹ്വാനം ചെയ്തു.
യുഎസിലെ കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രഖ്യാപിച്ച മൂന്ന് വര്‍ഷം നീണ്ടുനിന്ന ദിവ്യകാരുണ്യ നവീകരണ വര്‍ഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചാണ് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. ഫാ. മൈക്ക് ഷ്മിറ്റ്‌സിന് പുറമെ തിരുഹൃദയ സന്യാസിനി സഭയിലെ മദര്‍ ഒള്‍ഗ, പ്രോ ലൈഫ് മനുഷ്യാവകാശ സംഘടനയായ ലൈവ് ആക്ഷന്റെ സ്ഥാപകയും പ്രസിഡന്റുമായ ലൈല റോസ്, ദൈവദാസിയായ മിഷേല ഡുപ്പോങ്ങിന്റെ മാതാപിതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിഷപ് വില്യം ബയണ്‍ ദിവ്യകാരുണ്യ ആരാധനക്ക് നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *