Follow Us On

09

May

2025

Friday

പുസ്തകം വായിച്ച് മാനസാന്തരപ്പെട്ട ഘാതകന്‍

പുസ്തകം വായിച്ച്  മാനസാന്തരപ്പെട്ട ഘാതകന്‍

ഏകാന്ത തടവിന് വിധിക്കപ്പെട്ട കൊടുംകുറ്റവാളിയായിരുന്നു ജാക്വസ് ഫെഷ്. സാധാരണയായി ഏകാന്ത തടവിന് വിധിക്കപ്പെട്ടവര്‍ നിരാശയില്‍ അകപ്പെട്ട് മാനസികാരോഗ്യം നശിച്ച അവസ്ഥയിലാണ് ജയിലില്‍ നിന്ന് പുറത്തുവരുക. എന്നാല്‍ ഫെഷ് ജയിലിലായിരുന്ന ഒരു ദിവസം അദ്ദേഹം അനുഭവിച്ചുകൊണ്ടിരുന്ന നിരാശയും വെറുപ്പും മാറി, കരുണയും ക്ഷമയും സ്‌നേഹവും കൊണ്ട് നിറയാന്‍ തുടങ്ങി. 1954 ഒക്‌ടോബര്‍ മാസമായിരുന്നു അത്. പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ഒരു പുസ്തകം വായിക്കാനിടയായതാണ് ഫെഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ആ അനുഭവം അദ്ദേഹം ഇപ്രകാരം കുറിച്ചുവച്ചു, ”ആ പുസ്തകം വായിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഞാനൊരു വിശ്വാസിയായി മാറി. ഉറപ്പോടെ ഞാന്‍ ദൈവത്തില്‍ വിശ്വസിച്ചു. കൃപ എന്നില്‍ വന്ന് നിറഞ്ഞു. എന്റെ ആത്മാവ് വലിയ സന്തോഷത്താല്‍ നിറഞ്ഞു. എല്ലാറ്റിനുമുപരിയായി വലിയ സമാധാനം ഞാന്‍ അനുഭവിച്ചു.”

ആ നിമിഷം മുതല്‍ താന്‍ ചെയ്ത പാപങ്ങളെക്കുറിച്ച് ഫെഷ് പശ്ചാത്തപി ക്കാന്‍ തുടങ്ങി. ഏകാന്ത തടവായിരുന്നതിനാല്‍ കൂടുതല്‍ സമയവും ജയിലിലെ ‘അന്ധകാരം’ മാത്രമായിരുന്നു കൂട്ട്. ആ അന്ധകാരം തന്നെ വീണ്ടും നിരാശയിലേക്ക് നയിക്കുമോ എന്ന് അദ്ദേഹം സംശയിച്ചെങ്കിലും ജയിലില്‍ സന്ദര്‍ശിക്കാനെത്തിയിരുന്നവരുടെ പിന്തുണ അദ്ദേഹത്തിന്റെ ആത്മാവിനെ നിത്യനാശത്തില്‍ നിന്ന് രക്ഷിച്ചു.
1930 ഏപ്രില്‍ ആറിന് പാരിസിന്റെ പ്രാന്തപ്രദേശമായ സെന്റ് ജെര്‍മെയിന്‍ എന്‍ ലായയിലാണ് ജാക്വസ് ഫെഷിന്റെ ജനനം. കുലീനവും സമ്പന്നവുമായ കുടുംബമായിരുന്നെങ്കിലും അസന്തുഷ്ടി നിറഞ്ഞ ജീവിതമായിരുന്ന ഫെഷിന്റേത്. അധികം താമസിയാതെ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. യുവത്വത്തിന്റെ എല്ലാ ചപലതകളിലും മുഴുകിയായിരുന്നു ജീവിതം. 21 വയസായപ്പോഴേക്കും ഭാര്യയെയും മകളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഫെഷില്‍ നിക്ഷിപ്തമായി. ഇതിനിടെ മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തില്‍ വേറൊരു കുട്ടി കൂടി അദ്ദേഹത്തിന് ജനിച്ചു. തുടര്‍ന്ന് എങ്ങനെയും പണമുണ്ടാക്കി നാടുവിടാനായിരുന്നു ഫെഷിന്റെ ശ്രമം. പെട്ടന്ന് പണമുണ്ടാക്കാനുള്ള ആഗ്രഹത്താല്‍ നടത്തിയ ഒരു മോഷണ ശ്രമത്തിനിടെ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടതോടെയാണ് ഫെഷ് പാരിസിലെ ലാ സാന്റെ ജയിലില്‍ ഏകാന്ത തടവിന് വിധിക്കപ്പെടുന്നത്.

ജയിലില്‍ വച്ച് പരിശുദ്ധ അമ്മയുടെ ഇടപെടലിലൂടെ മാനസാന്തരാനുഭവത്തിലേക്ക് കടന്നു വന്ന ജാക്വസ് ഫെഷ് പ്രാര്‍ത്ഥനയില്‍ അഭയം തേടി. താന്‍ ചെയ്ത തെറ്റുകളുടെ ആഴത്തെക്കുറിച്ച് ബോധവാനായ അദ്ദേഹം തന്റെ ആത്മാവിന്റെ അവസ്ഥ ഡയറിയില്‍ കുറിക്കാന്‍ തുടങ്ങി. കുര്‍ബാന പുസ്തകത്തില്‍ നോക്കി ദിവ്യബലിയുടെ പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൊണ്ടാണ് ഫെഷ് ദിവസം ആരംഭിച്ചിരുന്നത്. കൂടാതെ അദ്ദേഹത്തിന് ഒരു ബൈബിളും ലഭിച്ചു. ഏകാന്ത തടവായിരുന്നതിനാല്‍ ആവൃതിക്കുള്ളിലെ സന്യാസിമാരെപ്പോലെ പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ദീര്‍ഘനേരം ചിലവഴിച്ച ഫെഷ് മറ്റ് ആത്മീയ പുസ്തകങ്ങളിലൂടെ ദൈവത്തോട് അടുത്തു. താനൊരു കാര്‍ത്തൂസ്യന്‍ സന്യാസിയാണെന്ന് പലപ്പോഴും പറഞ്ഞിരുന്നു. കത്തോലിക്ക വിശ്വാസിയായിരുന്ന ഫെഷിന്റെ അഭിഭാഷകന്‍ ബോഡറ്റ്, ജയിലിലെ ചാപ്ലൈനായിരുന്ന വൈദികന്‍, അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന മറ്റൊരു വൈദികന്‍ എന്നീ മൂന്നാളുകളുടെ സാന്നിധ്യം ഫെഷിന്റെ ആത്മീയ ജീവിതത്തിന് കരുത്തുപകര്‍ന്നു.

പത്ത് വര്‍ഷമോ ഏറിയാല്‍ 20 വര്‍ഷമോ തടവു ശിക്ഷ ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. ഏന്നാല്‍ വിചാരണക്കുശേഷം വധശിക്ഷയാണ് കോടതി വിധിച്ചത്. വിശ്വാസവും പ്രതീക്ഷയുമെല്ലാം ഒരു നിമിഷംകൊണ്ട് അപ്രത്യക്ഷമായതുപോലെ ഫെഷിന് അനുഭവപ്പെട്ടു. ആത്മാവില്‍ തീവ്രമായ സംഘര്‍ഷം അനുഭവിച്ച ആ രാത്രിക്കുശേഷം ഇങ്ങനെ കുറിച്ചു: ”എളിമയുടെ അഭാവം മൂലമാണോ ഞാന്‍ ഇത്രവേഗം പ്രതികരിക്കുന്നത്? വളരെ പെട്ടന്ന് ഞാന്‍ അക്രമാസക്തനാകുന്നു. ദൈവത്തെ നമ്മില്‍ നിന്നകറ്റുന്ന ഏറ്റവും വലിയ തിന്മയാണ് അഹങ്കാരം.” പ്രാര്‍ത്ഥനയുടെ യഥാര്‍ത്ഥ ശക്തി കണ്ടെത്തിയ ജാക്വസ് ഫെഷ് സാവധാനം ഒരു മിസ്റ്റിക്കായി രൂപാന്തരപ്പെടുകയായിരുന്നു. വധശിക്ഷക്ക് രണ്ട് മാസം മുമ്പ് ഭാര്യയുടെ അമ്മക്ക് എഴുതിയ കത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു,” ക്രൂശിതനായ യേശുവിനെ കൂടാതെ സമാധാനത്തെക്കുറിച്ചുള്ള പ്രത്യാശയോ രക്ഷയോ നമുക്ക് സാധ്യമല്ല. ഇത് മനസിലാക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍.”
വധശിക്ഷ നടപ്പാക്കുന്നതിന്റെ തലേദിവസം ജാക്വസ് ഫെഷ് കുറിച്ച വരികള്‍ തനിക്ക് ലഭിച്ച ദൈവാനുഭവത്തിന്റെ ആഴം വ്യക്തമാക്കുന്നു, ”ഇന്ന് പോരാട്ടത്തിന്റെ അവസാന ദിനമാണ്. നാളെ ഈ സമയത്ത് ഞാന്‍ സ്വര്‍ഗത്തിലാണ്. രാത്രി വൈകുന്തോറും ഞാന്‍ കൂടുതല്‍ ആകുലനാവുകയാണ്. ഗത്സമേനിയിലെ യേശുവിന്റെ വേദന ഞാന്‍ ധ്യാനിക്കട്ടെ. ഓ, നല്ല യേശുവേ, എന്നെ സഹായിക്കണമേ, എന്നെ ഉപേക്ഷിക്കരുതേ. യേശുവുമായി കണ്ടുമുട്ടാന്‍, ഇനി അഞ്ച് മണിക്കൂറുകള്‍ കൂടി മാത്രം. ”

1957 ഒക്‌ടോബര്‍ 1, വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ദിനത്തില്‍ ഫെഷിന്റെ വധശിക്ഷ നടപ്പാക്കി. അന്ന് രാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റ അദ്ദേഹം ദിവ്യബലിയുടെ പ്രാര്‍ത്ഥനകള്‍ ചൊല്ലിയ ശേഷം കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിച്ചു. തന്റെ ജീവന്‍ നിരീശ്വരവാദിയായ പിതാവിന്റെ മാനസാന്തരത്തിനുവേണ്ടി സമര്‍പ്പിക്കുകയാണെന്ന് വൈദികനോട് പറഞ്ഞുകൊണ്ട് ക്രൂശിതരൂപം ചുംബിച്ചശേഷമാണ് വധശിക്ഷയ്ക്ക് വിധേയനായത്. മരണത്തിനുശേഷം ഫെഷിന്റെ ഡയറിക്കുറിപ്പുകള്‍ വായിച്ച ഭാര്യ പിയറെറ്റ് വേറൊനിക്ക എന്നൊരു കന്യാസ്ത്രീയുടെയും ഫാ. അഗസ്റ്റിന്‍ മൈക്കിള്‍ ലെമണിയറിന്റെയും സഹായത്തോടെ കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചു. അനേകര്‍ക്ക്, പ്രത്യേകിച്ചും വലിയ കുറ്റബോധത്തില്‍ കഴിഞ്ഞിരുന്നവര്‍ക്ക് ആ കുറിപ്പുകള്‍ ആശ്വാസവും പ്രചോദനവും നല്‍കുന്നു. 1993ല്‍ പാരിസിലെ ആര്‍ച്ചുബിഷപ്പായിരുന്ന കര്‍ദിനാള്‍ ലസ്റ്റിഗര്‍ ജാക്വസ് ഫെഷിന്റെ നാകരണ നടപടികള്‍ക്ക് തുടക്കംകുറിച്ചു.

തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക കൂപ്പു കുത്തിയ ജാക്വസ് ഫെഷിന്റെ ജീവിതത്തില്‍ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിലൂടെ സംഭവിച്ച മാനസാന്തരത്തിന്റെ ആഴം അദ്ദേഹത്തിന്റെ ഡയറിലെ ഈ വരികളില്‍ നിന്ന് വ്യക്തമാണ്, ” ഈ ലോകത്തില്‍ മുങ്ങിപ്പോയതുകൊണ്ടാണ് ഈ ലോകത്തില്‍ നിന്ന് ഞാന്‍ എടുക്കപ്പെടുന്നത്. എന്നെ കാത്തിരിക്കുന്ന ശിക്ഷ വീട്ടേണ്ട കടമായല്ല, ദൈവത്തിന്റെ ഒരു സമ്മാനമായാണ് ഞാന്‍ കാണുന്നത്. ദൈവഹിതത്തിനെതിരെ നമ്മള്‍ മല്ലടിക്കരുത്.”
ജാക്വസ് ഫെഷിന്റെ മാനസാന്തരവും നാമകരണനടപടികളും പാപികളെ തേടിവരുന്ന ദൈവസ്നേഹത്തിന്റെ മാധുര്യവും എത്ര വലിയ പാപികള്‍ക്കും മരണത്തിന്റെ നിമിഷംവരെ മാനസാന്തരപ്പെടാന്‍ അവസരമുണ്ടെന്ന സത്യവും നമ്മെ ഓര്‍മിപ്പിക്കുന്നു. ഒപ്പം, ആത്മീയ പുസ്തകങ്ങള്‍ക്കും മാസികകള്‍ക്കും ക്രൈസ്തവ ജീവിതത്തിലുള്ള പ്രാധാന്യത്തിന്റെ നേര്‍സാക്ഷ്യം കൂടിയായി ജാക്വസ് ഫെഷിന്റെ മാനസാന്തരം നിലകൊള്ളുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?