പാരീസ്: ‘കൂടുതല്‍ വേഗത്തില്‍, കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ ശക്തിയോടെ’ എന്ന ആധുനിക ഒളിമ്പിക്‌സിന്റെ ആപ്തവാക്യമാണെന്നത് അറിയാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍, അതു തയാറാക്കിയത് ഒരു വൈദികനായിരുന്നു എന്നത് എത്ര പേര്‍ക്ക് അറിയാം? ഫ്രഞ്ച് ഡൊമിനിക്കന്‍ വൈദികന്‍ ഫാ. ഹെന്റി മാര്‍ട്ടിന്‍ ഡിഡോണ്‍ആയിരുന്നു ആ ആപ്തവാക്യം തയാറാക്കിയത്. 2021-ല്‍ ‘ഒരുമയോടെ’ എന്ന വാക്കുകൂടി അതോടൊപ്പം കൂട്ടിച്ചേര്‍ത്തിരുന്നു. 1881-ല്‍ ഫാ. ഹെന്റി ഡിഡോണ്‍ തന്റെ സ്‌കൂളിന്റെ കായിക മേളയില്‍ ഉപയോഗിച്ച വാക്യം ആധുനിക ഒളിമ്പിക്‌സിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ചുകാരനായ പിയറി ഡെ കുബര്‍ട്ട് കേള്‍ക്കുകയും അതിഷ്ടപ്പെട്ട അദ്ദേഹം അതു ഒളിമ്പിക്‌സ് ആപ്തവാക്യമായി തിരഞ്ഞെടുക്കുകയുമായിരുന്നു. ഫാ. ഡിഡോണിന്റെ സുഹൃത്തായിരുന്നു പിയറി കുബര്‍ട്ട്.
1896 ല്‍ പിയറി കുബര്‍ട്ടും ഫാ. ഹെന്റി ഡിഡോണും ചേര്‍ന്ന് ഒളിമ്പിക്‌സിനോടനുബന്ധിച്ച് ‘സമാധാന ഉടമ്പടി’ (വെടിനിര്‍ത്തല്‍ ഉടമ്പടി) വീണ്ടും ആരംഭിക്കുകയും ചെയ്തിരുന്നു. പാരീസ് ഒളിമ്പിക്‌സിന് മുന്നോടിയായി ഒളിമ്പിക്‌സ് സമാധാന ഉടമ്പടിക്ക് ലാ മാഡിലെയ്ന്‍ ദൈവാലയത്തില്‍ ഔദ്യോഗികമായി തുടക്കംകുറിച്ചു. ഐഒസി പ്രസിഡന്റ് തോമസ് ബാക്ക്, പാരിസ് മേയര്‍ ആനി ഹിഡാല്‍ഗോ തുടങ്ങിവരടക്കം എഴുന്നോറോളം പേര്‍ മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി ബിഷപ് ഇമ്മാനുവേല്‍ ഗോബില്യാര്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
എല്ലാവര്‍ക്കും സമാധാനപരമായി ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അവസരൊമൊരുക്കുന്ന ‘വെടിനിര്‍ത്തല്‍ ഉടമ്പടിയുടെ’ പാരമ്പര്യത്തിന് ഒളിമ്പിക്‌സിനോളം പഴക്കമുണ്ട്. ദൗര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങള്‍ ഒളിമ്പിക്‌സിന്റെ സമയത്തും തുടരുമെങ്കിലും ഈ കായികമേളയിലൂടെ സമാധാനത്തിന് വേണ്ടിയുള്ള ആഗ്രഹം വ്യാപിക്കുമെന്ന് പാരിസ് ആര്‍ച്ചുബിഷപ് ഉള്‍റിച്ച് പറഞ്ഞു.
ഫാ. ഹെന്റി ഡിഡോണെ ഓര്‍മിക്കുന്നതിനുള്ള അവസരം കൂടിയാണ് പാരിസ് ഒളിമ്പിക്‌സ് എന്ന് മാര്‍പാപ്പയുടെ പ്രതിനിധി ബിഷപ് ഗോബില്യാര്‍ഡ് പറഞ്ഞു. ദൈവാലയങ്ങളുടെ ഹാളുകള്‍ ദരിദ്രര്‍ക്ക് തുറന്നുകൊടുത്തു. പ്രത്യേക പരീശീലനം നേടിയ 40 കത്തോലിക്ക ചാപ്ലെയിന്മാര്‍ ഒളിമ്പിക്‌സ് നഗരങ്ങളില്‍ സേവനം ചെയ്യുന്നുണ്ട്.
ഹോളി ഗെയിംസ് എന്ന പേരില്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട്. ഒളിമ്പിക്‌സിന് എത്തുന്ന പതിനായിരത്തോളം കായിക താരങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കുവാനായി ഒരു ചാപ്പല്‍ കത്തോലിക്ക സഭ ഒരുക്കികഴിഞ്ഞു. ഫ്ര ഞ്ച് ബൈബിള്‍ സൊസൈറ്റി രണ്ടു ലക്ഷം ബൈബിളുകള്‍ ഒളിമ്പിക്‌സിന് എത്തുന്നവര്‍ക്ക് നല്‍കുന്നതിനായി തയാറാക്കിയിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *