Follow Us On

21

November

2024

Thursday

അമ്മയെക്കാള്‍ പ്രിയപ്പെട്ട മൊബൈല്‍

അമ്മയെക്കാള്‍ പ്രിയപ്പെട്ട മൊബൈല്‍

ഫാ. തോമസ് ആന്റണി പറമ്പി

ഞായറാഴ്ചകളില്‍ കുര്‍ബാനയ്ക്ക് വായിക്കുന്ന സുവിശേഷഭാഗത്തെക്കുറിച്ച് വേദോപദേശ ക്ലാസിലെ കുട്ടികളോട് ചോദിക്കുമ്പോള്‍ അവര്‍ ഒന്നും പറയാതിരിക്കുന്ന അവസ്ഥ കൂടിവരുന്നതായി പലരും പറയുന്നു. സുവിശേഷ സന്ദേശത്തെക്കുറിച്ച് ഈ കാലത്തെ കുട്ടികള്‍ നിശബ്ദരാകുന്നതിനെക്കാള്‍ ഭയാനകം പന്ത്രണ്ട് വര്‍ഷത്തെ വിശ്വാസപരിശീലനം കഴിഞ്ഞിറങ്ങുന്ന മക്കള്‍ ഈശോയെക്കുറിച്ചും തിരുസഭയെക്കുറിച്ചും മറ്റുള്ളവരുടെ മുമ്പാകെ നിശബ്ദരാകുന്നതാണ്. വര്‍ഷങ്ങള്‍നീണ്ട പഠനമുണ്ടായിട്ടും ഈശോയോടുള്ള സ്‌നേഹവും അടുപ്പവും കുട്ടികളില്‍ ആനുപാതികമായി വളരുന്നില്ലെന്നത് പൊതുവെ കേള്‍ക്കുന്ന അഭിപ്രായമാണ്. ഓരോ വര്‍ഷവും വെറൈറ്റി പ്രോഗ്രാമുകള്‍ ഉണ്ടാക്കിയതുകൊണ്ട് ഇതിന് പരിഹാരമാകുമെന്ന് തോന്നുന്നില്ല. കാലഘട്ടത്തിന് ചേര്‍ന്നതും കുട്ടികളുടെ ബുദ്ധിവികാസത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്തും പഠനവിഷയങ്ങളും അവതരണ രീതികളും മാറ്റപ്പെടുത്തുന്നതോടൊപ്പം കുട്ടികളെ പഠനകാലത്ത് അവരുടെ അമ്മമാരോടുള്ള അടുപ്പം കാത്തുസൂക്ഷിക്കാന്‍ പരിശീലിപ്പിക്കുന്നതും ഏതുകാലത്തും വളരെ ഗുണംചെയ്യും.

കുട്ടികളെ ആദ്യം സ്വന്തം അമ്മയെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുകയും അമ്മ ചെയ്തുതരുന്ന നന്മകളെ വിലമതിക്കാനും മറ്റുള്ളവരുടെ മുമ്പാകെ അവരെ പ്രകീര്‍ത്തിച്ച് സംസാരിക്കാനും പരിശീലിപ്പിക്കുകയും ചെയ്താല്‍ കുഞ്ഞുങ്ങളെക്കുറിച്ചുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെടും. അമ്മയുടെ സ്‌നേഹത്തെ മനസിലാക്കുന്ന അടിസ്ഥാനം ഉറപ്പിക്കപ്പെട്ടാല്‍ പിന്നെ ഈശോയുടെ സ്‌നേഹത്തിലേക്ക് വളരാന്‍ കുട്ടികള്‍ക്ക് എളുപ്പമാകും. അമ്മയുടെ നന്മകളെ കൂട്ടുകാരെ പരിചയപ്പെടുത്തുന്ന മക്കള്‍ ഭാവിയില്‍ സുവിശേഷമൂല്യങ്ങള്‍ പ്രഘോഷിക്കുന്നതിലും ഉത്സാഹം കാണിക്കും. മക്കളെ ഈശോയെ സ്‌നേഹിക്കുന്നവരും പ്രഘോഷിക്കുന്നവരുമാക്കി രൂപപ്പെടുത്താന്‍, ഉദരത്തില്‍ രൂപപ്പെട്ട മക്കളെ സംരക്ഷിച്ച് ജന്മംകൊടുത്ത അമ്മയെക്കാള്‍ പ്രാപ്തരായവര്‍ വേറെയുണ്ടാകില്ല.
ഈശോയോടൊത്തുള്ള ശിഷ്യന്മാരുടെ ജീവിതം സുവിശേഷവിവരണങ്ങളിലൂടെ നോക്കുമ്പോള്‍ അവര്‍ക്ക് ഈശോയോട് സ്‌നേഹം കൂടാനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടവ- അവരെ ചേര്‍ത്തുപിടിച്ച തും അവര്‍ക്കുവേണ്ടി വാദിച്ചതും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചതുമായ കാര്യങ്ങളാണ്. ഇതുപോലുള്ള അനുഭവങ്ങളില്‍ വളരാന്‍ വീടുകളില്‍ അമ്മമാരിലൂടെ ദൈവം നമുക്ക് അവസരങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഓരോ കുഞ്ഞും തിരിച്ചറിയണം. അന്ന് ശിഷ്യന്മാരുടെ കൂടെ ഈശോ നടന്നതുപോലെ മക്കളുടെകൂടെ അമ്മ നടക്കുന്നുണ്ട്.

അതിരാവിലെ മുതല്‍ ഭക്ഷണത്തിന് ശ്രദ്ധിക്കുന്നു, ആരുടെയും മുമ്പില്‍ കുഞ്ഞിനുവേണ്ടി വാദിക്കുന്നു. അവര്‍ക്കുവേണ്ടി മറ്റാരെയുംകാള്‍ കൂടുതല്‍ പ്രാര്‍ത്ഥിക്കുന്നു. ഈശോയോടുള്ള സ്‌നേഹത്തില്‍ വളരുവാന്‍ മക്കള്‍ക്ക് ദൈവം വീട്ടില്‍ അമ്മയെ നല്‍കിയിരിക്കുന്നതിനാല്‍ ഓരോ കുഞ്ഞും തന്റെ അമ്മയോട് കടപ്പെട്ടിരിക്കുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോഴും വൈകുന്നേരം സ്‌കൂള്‍വിട്ട് വരുമ്പോള്‍ ‘അമ്മേ’ എന്ന വിളി പണ്ട് വീടുകളില്‍ മുഴങ്ങിയിരുന്നു. എന്നാല്‍, ഇപ്പോള്‍ അമ്മയോടൊപ്പമെന്നതിനെക്കാള്‍ മൊബൈലിനോടൊപ്പമാകണമെന്ന പ്രവണത മക്കളില്‍ വളരുകയാണ്. അമ്മ നല്‍കുന്ന പൊതിച്ചോറ് ഉപേക്ഷിച്ച് തട്ടുകടയിലെ രുചിയിലേക്ക് നീങ്ങിയതും സ്‌പെഷ്യല്‍ ട്യൂഷന്‍ എന്നുപറഞ്ഞ് ചുറ്റിക്കറങ്ങാനിറങ്ങിയതുംപോലുള്ള ചെറുതും വലുതുമായ എല്ലാ അവസരങ്ങളെയുമോര്‍ത്ത് മക്കള്‍ അനുതപിച്ച് അമ്മയെ കെട്ടിപ്പിടിക്കാന്‍ തയാറായാല്‍ ഉയരങ്ങളിലെത്താനും മറ്റുള്ളവരാല്‍ പ്രശംസിക്കപ്പെടാനും അത് ഇടവരുത്തും.

ഒന്നോ രണ്ടോ ചാണ്‍ വലുപ്പത്തില്‍ കിട്ടിയ കുഞ്ഞിനെ അഞ്ചാറടി വലുപ്പത്തിലാക്കി വളര്‍ത്തിയ മാതാപിതാക്കളെ മറക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന നിര്‍ബന്ധം മക്കള്‍ക്കുണ്ടാകണം. വളരുംതോറും അമ്മയോട് കൂടുതല്‍ അടുക്കുന്ന സ്‌നേഹമാണ് മക്കള്‍ക്കുണ്ടാകേണ്ടത്. രാവിലെ എഴുന്നേറ്റാലുടനെ അമ്മയെ തള്ളി മൊബൈല്‍ അന്വേഷിക്കുന്നതും സ്‌കൂളില്‍നിന്നു വന്നാല്‍ അമ്മയെയോ അവള്‍ അധ്വാനിച്ചുണ്ടാക്കിയവയെയോ സ്‌നേഹിക്കുന്നതിനുപകരം മൊബൈലിനെ ഉമ്മവയ്ക്കുന്ന അവസ്ഥകളില്‍ വലിയ അപകടങ്ങള്‍ പതിയിരിക്കുന്നെന്ന് തിരിച്ചറിയാന്‍ വൈകരുത്. അമ്മയെ നോക്കി ഈശോയെ സ്‌നേഹിക്കാനും അമ്മയിലൂടെ ഈശോയിലേക്ക് വളരുവാനും മക്കള്‍ക്ക് എന്തൊരു എളുപ്പം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?