തൃശൂര്‍: ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുതെന്ന സന്ദേശമുയര്‍ത്തി അന്തര്‍ദേശീയ തലത്തില്‍ ഓഗസ്റ്റ് പത്തിന് നടത്തുന്ന മാര്‍ച്ച് ഫോര്‍ ലൈഫിന്റെ ഇന്ത്യന്‍ പതിപ്പ് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ ചരിത്രമായി. കേരളത്തില്‍ ആദ്യമായി നടന്ന ജീവസംരക്ഷണ റാലി സമ്മേളന വേദിയായ സെന്റ് തോമസ് കോളജിലെ പാലോ ക്കാരന്‍ സ്‌ക്വയറില്‍ നിന്നാരംഭിച്ച് തേക്കിന്‍കാട് മൈതാനിയെ വലംവച്ച് സെന്റ് തോമസ് കോളജ് അങ്കണത്തില്‍തന്നെ സമാപിച്ചു.
ബാന്റ് വാദ്യത്തിനും അനൗണ്‍സ്‌മെന്റ് വാഹനത്തിനും പിറകിലായി ബാനര്‍. ശേഷം ആര്‍ച്ചുബിഷപ്പുമാര്‍, ബിഷപ്പുമാര്‍, അന്തര്‍ദേശീയ, ദേശീയ പ്രതിനിധികള്‍ എന്നിവര്‍ അണിനിരന്നു. തുടര്‍ന്ന് കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നെത്തിയ പ്രതിനിധികള്‍. അതിന്റെ പിന്നില്‍ തൃശൂര്‍ അതിരൂപതയിലെ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളും വിശ്വാസികളും മഹാറാലിയില്‍ പങ്കെടുത്ത് ജീവസംരക്ഷണ മുദ്രാവാക്യങ്ങളുയര്‍ത്തി. നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും റാലിക്കു മിഴിവേകി. ജോയ് ഫുള്‍ സിക്‌സിന്റെ മ്യൂസിക് ബാന്‍ഡും ഉണ്ടായിരുന്നു.
രാവിലെ മുതല്‍ ദേശീയ പ്രതിനിധികള്‍ക്കും സംസ്ഥാന പ്രതിനിധികള്‍ക്കുമായി പ്രത്യേകം സെമിനാറുകള്‍ നടന്നു. തുടര്‍ന്ന് നടന്ന സീറോ മലബാര്‍ റീത്തിലെ ഇംഗ്ലീഷ് കുര്‍ബാനയ്ക്ക് സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. അമരാവതി രൂപത ബിഷപ് ഡോ. മാല്‍ക്കം പോളികാര്‍പ്പ് വചന സന്ദേശം നല്‍കി. തുടര്‍ന്ന് പൊതുസമ്മേളനത്തിനു മുന്‍പായി തൃശൂര്‍ കലാസദന്‍ അവതരിപ്പിച്ച നാടകവും അരങ്ങേറി.
Leave a Comment
Your email address will not be published. Required fields are marked with *