Follow Us On

13

September

2024

Friday

നിസ്‌കാരവിഷയം; നിലപാട് വ്യക്തമാക്കി പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജ്‌മെന്റ്

നിസ്‌കാരവിഷയം; നിലപാട് വ്യക്തമാക്കി പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജ്‌മെന്റ്
തൊടുപുഴ: പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നിസ്‌കാരവിഷയത്തില്‍ നിലപാട് വ്യക്തമാക്കി സ്‌കൂള്‍ മാനേജ്‌മെന്റ്. രണ്ടു പെണ്‍കുട്ടികള്‍ ക്ലാസ്മുറിയില്‍ നിസ്‌കരിച്ചതായി ശ്രദ്ധയില്‍പെട്ടപ്പോള്‍ അത് സ്‌കൂള്‍ നിയമങ്ങള്‍ക്ക് അനുസൃതമല്ലാത്തതിനാല്‍ അനുമതി നിഷേധിച്ചിരുന്നുവെന്നും തുടര്‍ന്ന് കുട്ടികള്‍ക്ക് നിസ്‌കരിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ഈ വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും രംഗത്തെത്തുകയായിരുന്നുവെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
മാനേജ്‌മെന്റ് പറയുന്നത്
ജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായ പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിയമാനുസൃതമല്ലാത്ത കാര്യങ്ങള്‍ ഒരിക്കലും അനുവദിക്കാന്‍ കഴിയില്ല. മാതൃകാപരമായും തികഞ്ഞ അച്ചടക്കത്തോടെയും പ്രവര്‍ത്തിച്ച് മികച്ച വിജയശതമാനം കൈവരിച്ചുകൊണ്ടിരിക്കുന്ന സ്‌കൂളാണിത്. ഇന്ത്യന്‍ ഭരണഘടന ക്രൈസ്തവ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനും എല്ലാ കുട്ടികള്‍ക്കും മതേതരത്വത്തിലധിഷ്ഠിതമായ മികച്ച വിദ്യാഭ്യാസം നല്‍കാനും ഈ സ്ഥാപനം പ്രതിജ്ഞാബദ്ധമാണ്. അനാവശ്യവിവാദം സൃഷ്ടിച്ച് മതസ്പര്‍ദ്ധ ഇളക്കിവിടുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനാവില്ല.
കത്തോലിക്കാ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എക്കാലത്തെയും നിലപാട് നിയമാനുസൃതവും വ്യക്തവും സുതാര്യവുമാണ്. കെഇആര്‍ (കേരള വിദ്യാഭ്യാസ ചട്ടം) പ്രകാരം പൊതുവിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ അനുവദിച്ചു തന്നിട്ടുള്ള ആരാധനാസമയക്രമീകരണം വെള്ളിയാഴ്ചകളില്‍ ഈ സ്‌കൂളിലും അനുവദിച്ചിട്ടുണ്ട്. അതനുസരിച്ച് വെള്ളിയാഴ്ച അടുത്തുള്ള മോസ്‌കില്‍ പോയി പ്രാര്‍ത്ഥനാകര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ അവസരം നല്‍കിയിട്ടുള്ളതാണ്. ഇതിനുപുറമേ നിസ്‌കാരത്തിനായി എല്ലാ ദിവസവും സമയം ആവശ്യപ്പെടുന്നത് നിയമാനുസൃതമല്ലെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ദീപ്തി റോസ് അറിയിച്ചു.
ഈ പ്രദേശത്തെ മതസൗഹാര്‍ദം തകര്‍ക്കുന്നതിനും മതാന്ധത വളര്‍ത്തുന്നതിനും കാരണമായേക്കാവുന്ന ആവശ്യങ്ങള്‍ മതേതര ചിന്താഗതിയുള്ള ഇന്നാട്ടിലെ ജനങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുമെന്നും സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നിലപാടിന് പൂര്‍ണ പിന്തുണ അറിയിച്ച് പിടിഎ ഭാരവാഹികള്‍  പറഞ്ഞു.
ഇതുസംബന്ധിച്ച് സ്‌കൂളില്‍ കൂടിയ യോഗത്തില്‍ മാനേജര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ മെര്‍ലിന്‍ അധ്യക്ഷത വഹിച്ചു. കോതമംഗലം രൂപത മുഖ്യ വികാരി ജനറലും വിദ്യാഭ്യാസ മാനേജരുമായ മോണ്‍. പയസ് മലേക്കണ്ടത്തില്‍, പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോന വികാരി ഫാ. ജയിംസ് വരാരപ്പിള്ളി, ജാഗ്രതാ സമിതി അധ്യക്ഷന്‍ ഫാ. ജേക്കബ് റാത്തപ്പിള്ളില്‍, രൂപതാ സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, സിസ്റ്റര്‍ ജാന്‍സി എബ്രഹാം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ദീപ്തി റോസ്, കെ.എം ചാക്കോ, പോളി പിട്ടാപ്പിള്ളില്‍, അഗസ്റ്റിന്‍ ആന്റണി, ബെന്നി നെടുംപുറം, അനില്‍ കല്ലട, സന്തോഷ് പനന്താനത്ത്, ഇമ്മാനുവല്‍ ജോര്‍ജ്, ഗര്‍വാസിസ് റാത്തപ്പിള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?