Follow Us On

02

January

2025

Thursday

വഖഫ് നിയമഭേദഗതിയുടെ പ്രസക്തി

വഖഫ് നിയമഭേദഗതിയുടെ പ്രസക്തി

ഫാ. ജോഷി മയ്യാറ്റില്‍

‘ഇനി താജ് മഹലിനും ചെങ്കോട്ടയ്ക്കും ഇന്ത്യ മുഴുവനും വേണ്ടിവഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുമോ?’  2024 ജൂലൈ 26 ന്  മധ്യപ്രദേശ് ഹൈക്കോടതി ജസ്റ്റിസ് ഗുര്‍ബാന്‍ സിങ് അഹ്ലുവാലിയ ചോദിച്ച ചോദ്യമാണിത്. ആര്‍ക്കിയളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കെതിരേ (ASI) മൂന്നു ചരിത്രസ്മാരകങ്ങളും അവയുള്‍ക്കൊള്ളുന്ന പറമ്പുകളും തങ്ങളുടേതാണെന്ന വഖഫ് ബോര്‍ഡിന്റെ 19.07.2013ലെ വിധിതീര്‍പ്പു തള്ളിക്കൊണ്ടുള്ള പ്രഖ്യാപനത്തിലാണ് ഈ ചോദ്യം ഉയര്‍ന്നത്. നമ്മുടെ മാധ്യമങ്ങളെല്ലാം ഈ വിധി മറച്ചുവയ്ക്കുന്നതില്‍ പ്രത്യേകം നിഷ്‌കര്‍ഷ പുലര്‍ത്തി എന്നത് എടുത്തുപറയണം!

32 വഖഫ് ബോര്‍ഡുകളാണ് 1995 മുതല്‍ ഇന്ത്യയില്‍ നിലവിലുള്ളത്. ഇന്ന് ഇന്ത്യയില്‍ വഖഫിനു കീഴില്‍ എട്ടു ലക്ഷം ഏക്കര്‍ ഭൂമിയിലായി 872,292 രജിസ്റ്റേര്‍ഡ് സ്ഥാവരജംഗമ വസ്തുക്കളാണുള്ളത്. ഇന്ത്യന്‍ സൈന്യത്തിനും റെയില്‍വേക്കും ശേഷം ഏറ്റവും കൂടുതല്‍ വസ്തുവകകളുള്ളത് വഖഫ് ബോര്‍ഡിനാണ്. 1995ല്‍ പാസാക്കിയ നിയമമനുസരിച്ച്, യാതൊരു രേഖയുമില്ലാതെ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുന്ന പ്രദേശങ്ങളില്‍ ഉള്ള വസ്തുവകകളുടെ രേഖകള്‍ ഹാജരാക്കാന്‍ ബാധ്യതയുള്ളത് ആ പ്രദേശവാസികള്‍ക്കാണ്. അവര്‍ തെളിവുകളുമായി പോകേണ്ടത് കോടതിയിലേക്കല്ല, വഖഫ് ട്രിബ്യൂണല്‍ കോര്‍ട്ടിലേക്കാണ്‍ അത്തരം ജനദ്രോഹപരമായ നിയമനിര്‍മ്മാണമാണ് മുസ്ലീം പ്രീണനത്തില്‍ അതിവൈദഗ്ദ്ധ്യം തെളിയിച്ചിട്ടുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നടത്തിയത്.

വഖഫ് ചരിത്രം

‘വഖഫ്’ എന്ന അറബി പദത്തിന്റെ അര്‍ത്ഥം ‘നിയന്ത്രണം’, ‘നിരോധനം’ എന്നൊക്കെയാണ്. വില്ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലാത്ത വിധം അല്ലാഹുവിന് നല്കപ്പെട്ടത് എന്നര്‍ത്ഥം. ശരി അത്ത് നിയമം അനുസരിച്ച്, വഖഫ് ഒരിക്കല്‍ പ്രഖ്യാപിക്കപ്പെട്ടാല്‍ അത് എന്നന്നേക്കുമായി വഖഫ് ആണ്.
ഡല്‍ഹി സുല്‍ത്താനേറ്റിന്റെ ആദ്യകാലത്തോടു ബന്ധപ്പെട്ട ചരിത്രമാണ് അതിനുള്ളത്. സുല്‍ത്താന്‍ മുയിസുദ്ദീന്‍ സാം ഗാവോര്‍ മുല്‍താനിലെ ജമാ മസ്ജിദിനു വേണ്ടി രണ്ടു ഗ്രാമങ്ങള്‍ വിട്ടുകൊടുത്തു. തുടര്‍ന്ന് ഇസ്ലാമിക ഭരണത്തിന്‍ കീഴില്‍ വഖഫ് ഭൂമികള്‍ വര്‍ധിച്ചു. 19ാം നൂറ്റാണ്ടില്‍ ഒരു തര്‍ക്കത്തില്‍ ബ്രിട്ടിഷ് ന്യായാധിപന്മാര്‍ വഖഫിനെ ‘ഏറ്റവും മോശമായതും വിനാശകരവുമായ ഏര്‍പ്പാട്’ എന്നു വിശേഷിപ്പിച്ചു കൊണ്ടാണ് അസാധുവാക്കിയത്. എന്നാല്‍ 1913ലെ മുസല്‍മാന്‍ വഖഫ് സാധൂകരണ നിയമത്തിലൂടെ വഖഫ് പുന:സ്ഥാപിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിനു ശേഷം 1954ല്‍ നെഹ്രു സര്‍ക്കാര്‍ പാസാക്കിയ വഖഫ് ആക്റ്റ് വഖഫുകളുടെ കേന്ദ്രീകരണം സാധ്യമാക്കി. 1964ല്‍ സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന നൈയാ മിക സംവിധാനം നിലവില്‍ വന്നു. 1995ലെ നിയമ ഭേദഗതി വഖഫ് ബോര്‍ഡിന്റെ കടന്നുകയറ്റത്തിന് പച്ചപ്പരവതാനി വിരിച്ചു കൊടുത്തു. നവംബര്‍ 22ന് പാസാക്കിയ ഈ ആക്റ്റ് വഖഫ് കൗണ്‍സിലിന്റെയും സ്റ്റേറ്റ് വഖഫ് ബോര്‍ഡുകളുടെയും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുടെയും മുതവല്ലിയുടെയും (മാനേജര്‍) അധികാരവും പ്രവര്‍ത്തനങ്ങളും വ്യക്തമാക്കുകയും വഖഫ് ട്രൈബ്യൂണലിന്, സാധാരണ സിവില്‍ കോടതികളില്‍ ചോദ്യം ചെയ്യാനാവാത്ത, വിധിതീര്‍പ്പവകാശം അനുവദിച്ചു കൊടുക്കുകയും ചെയ്തു. 2013ലെ വഖഫ് ആക്ട് വഖഫ് വസ്തുവകകളുടെ ആഭ്യന്തര ഭരണവും നടത്തിപ്പും കൂടുതല്‍ സുതാര്യവും ഉത്തരവാദിത്വപൂര്‍ണവും ആക്കി. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് എന്നിവ നിലവിലുണ്ട്.
തുര്‍ക്കി, ലിബിയ, ഈജിപ്ത്, സുഡാന്‍, ലെബനോന്‍, സിറിയ, ജോര്‍ദാന്‍, ടുനീഷ്യ, ഇറാഖ് എന്നിവിടങ്ങളിലൊന്നും ഇല്ലാത്ത വഖഫ് ഇന്ത്യയില്‍ ഇത്ര സംഭവമായിത്തീര്‍ന്നതിനു പിന്നിലുള്ളത് ചീഞ്ഞളിഞ്ഞ വോട്ടു ബാങ്ക് രാഷ്ട്രീയം മാത്രമാണ്. ഇന്ത്യന്‍ മതേതര ഭരണഘടനയെ ശരി അത്തു നിയമത്തില്‍ അടിത്തറയിട്ട ഒരു നിയമനിര്‍മാണം കൊണ്ട് ദുര്‍ബലമാക്കിയിരിക്കുന്ന ഏര്‍പ്പാടാണിത്. ഇന്ത്യന്‍ പൗരന്മാരുടെയും വിവിധ മതസ്ഥരുടെയും ഇന്ത്യന്‍ സര്‍ക്കാരിന്റെ മേല്‍ പോലും കുതിര കയറാന്‍ ഇടയാക്കുന്ന ഈ കാടന്‍ നിയമം പരിശോധനയ്ക്കു വിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ആരും ചോദിക്കാത്ത ചോദ്യങ്ങള്‍

സുല്‍ത്താന്‍ ഒരിക്കല്‍ വഖഫ് ആക്കിയത് എന്നന്നേക്കും വഖഫ് എന്ന കാഴ്ചപ്പാടില്‍ അടങ്ങിയിരിക്കുന്ന അനീതിയും അക്രമവും കണ്ടില്ലെന്നു നമ്മള്‍ നടിക്കുന്നത് എന്തുകൊണ്ടാണ്? സുല്‍ത്താന്‍ വരുന്നതിനു മുമ്പ് ആ ഭൂമി ആരുടേതായിരുന്നു എന്ന ചോദ്യം എന്തേ ആരും ചോദിക്കാത്തത്?
ആദ്യത്തെ അധിനിവേശ ശക്തികളായ പേര്‍ഷ്യന്‍ സുല്‍ത്താനും മുഗള്‍ വംശവുമൊക്കെ കാലഹരണപ്പെട്ടപ്പോള്‍ പുതിയ അധിനിവേശ ശക്തികളായ യൂറോപ്യന്മാര്‍ ഇവിടെ അധികാരം പിടിച്ചല്ലോ. ബ്രിട്ടീഷ് ഭരണം നടന്നപ്പോള്‍ അവര്‍ അത് തങ്ങളുടെ ദൈവത്തിന് നേര്‍ച്ചയായി സമര്‍പ്പിച്ചിരുന്നെങ്കില്‍ അത് എന്നേക്കുമായി അങ്ങനെ നിലനിറുത്തേണ്ടി വരുമായിരുന്നോ? ഇന്ത്യ സ്വതന്ത്രയായി സ്വയംഭരണാവകാശമുള്ള രാജ്യമായി മാറുകയും ഭരണഘടന നമ്മുടെ വിശുദ്ധ ഗ്രന്ഥമാവുകയും ചെയ്തപ്പോള്‍ അധിനിവേശശക്തികള്‍ സമ്മാനിച്ച മതഭരണാവശിഷ്ടങ്ങള്‍ നിലനിറുത്താനും അത് വിപുലീകരിക്കാനും അവസരമൊരുക്കുന്നത് പരിഹാസ്യമല്ലേ?
മതത്തിന്റെ അവകാശവാദങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ അനുവദിച്ചു നല്കാവുന്ന ഇടത്തിന് ഒരു പരിധിയില്ലേ? പൗരസമൂഹത്തിന് ദ്രോഹകരമാവുകയും മറ്റു മതസ്ഥര്‍ക്ക് ഭീഷണിയാവുകയും ക്രമസമാധാനത്തിന് ഭംഗം വരുത്തുകയും ചെയ്യുന്ന അവകാശവാദങ്ങള്‍, ഏതു മതത്തില്‍ നിന്നാണെങ്കിലും, എതിര്‍ക്കപ്പെടേണ്ടതാണ്.

അതിക്രമത്തിന്റെ ഏതാനും ഉദാഹരണങ്ങള്‍

2014ല്‍ ഡല്‍ഹിയില്‍ ഏറ്റവും മുന്തിയ 123 പ്രോപ്പര്‍ട്ടികളാണ് ആണ് കേന്ദ്ര സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് കൊടുത്തത്.
ചെറായിമുനമ്പം തീരദേശത്ത് താമസിക്കുന്ന 600ഓളം വരുന്ന കുടുംബങ്ങളുടെ ജീവിതം 2019 മുതല്‍  നിശ്ചലമാക്കിയിട്ടിരിക്കുകയാണ് കേരള വഖഫ് ബോര്‍ഡ്. മുനമ്പം വേളാങ്കണ്ണി മാതാ ഇടവക ദേവാലയത്തിനു മേലും പാഷനിസ്റ്റ് ആശ്രമത്തിനു മേലും വഖഫ് ബോര്‍ഡിന്റെ അവകാശവാദമെന്ന ഡമോക്ലിയന്‍ വാള്‍ തൂങ്ങിക്കിടക്കുകയാണ്.
കാവേരി നദീതീരത്തുള്ള തിരുചെന്തുറൈ ഗ്രാമത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് 2022ല്‍ തമിഴ്‌നാട് വഖഫ് ബോര്‍ഡ് ആ ഗ്രാമം മുഴുവന്‍ തങ്ങളുടേതാണെന്ന അവകാശവാദം ഉന്നയിച്ചു. 1500 വര്‍ഷം പഴക്കമുള്ള സുന്ദരേശ്വരര്‍ അമ്പലവും അവിടെയുണ്ടെന്നോര്‍ക്കണം!
ഹൈദരാബാദില്‍ മാരിയറ്റ് ഫൈവ് സ്റ്റാര്‍ ഹോട്ടലിനുമേലാണ് തെലുങ്കാന വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചത്. തെലുങ്കാന ഹൈക്കോടതി വഖഫ് ബോര്‍ഡിന്റെ ആര്‍ത്തിയെ പിടിച്ചുകെട്ടി.
ഇപ്പോള്‍ ഇന്ത്യയിലാകമാനം വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ച് തര്‍ക്കത്തില്‍ കിടക്കുന്ന 194 സ്ഥലങ്ങളുണ്ടത്രേ!
വഖഫ് വസ്തുക്കളും വഖഫ് ഭൂമിയും സംബന്ധിച്ച അഴിമതി വിവാദങ്ങളും നിരവധി ഉണ്ടായിട്ടുണ്ട്. മറ്റുള്ളവരുടെ വസ്തുക്കളുടെയും ഭൂമിയുടെയും മേല്‍ അവകാശാധികാരങ്ങള്‍ ഉന്നയിച്ചു കൊണ്ടും വഖഫ് പ്രോപ്പര്‍ട്ടികള്‍ ദുരുപയോഗം ചെയ്തുകൊണ്ടും അതിരില്ലാത്ത അധികാരപ്രയോഗം നടത്തിക്കൊണ്ടും തുടരെത്തുടരെ വിവാദത്തിലാകുന്ന വഖഫ് ബോര്‍ഡിനെ വേണ്ടവിധം ഭരണഘടനയുടെ വരുതിക്കു നിറുത്തേണ്ടതിന്റെ ആവശ്യകത ഇസ്ലാം വിശ്വാസികളില്‍ പോലും പലര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്.

ലോക്‌സഭയിലെ ബില്‍

2024 ആഗസ്റ്റ് എട്ടാം തീയതി ന്യൂനപക്ഷകാര്യ വകുപ്പുമന്ത്രി കിരണ്‍ റിജിജു ലോക്‌സഭയില്‍ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഒരു വസ്തു അഥവാ ഭൂമി വഖഫിന്റേതാണോ എന്നു വ്യവച്ഛേദിക്കാന്‍ വഖഫ് ബോര്‍ഡിന് അധികാരം നല്കുന്ന 1995 വഖഫ് ആക്ടിലെ 40ാം അനുച്ഛേദം അധികാര ദുര്‍വിനിയോഗത്തിന് വഴിയൊരുക്കുന്നു എന്ന ആരോപണം പണ്ടേ ഉള്ളതാണ്. കൂടാതെ, സൂക്ഷിപ്പുകാരന്റെയും (മുത്തവാലി) കാര്യസ്ഥന്റെയും നിയമനത്തിലുള്ള അഴിമതിയാരോപണങ്ങളും നിലവിലുണ്ട്. അതിനാല്‍, 40ാം അനുച്ഛേദം പൂര്‍ണമായും ഒഴിവാക്കാനും ജില്ലാ കളക്ടര്‍മാരില്‍ ആ ദൗത്യം നിക്ഷിപ്തമാക്കാനുമുള്ള ഭേദഗതികളാണ് ബില്ലിലുള്ളത്. ആ നിര്‍ദേശം രാഷ്ട്രീയ കൈകടത്തലുകള്‍ക്ക് വഴിവച്ചേക്കാം എന്ന് നിഷ്പക്ഷമനസ്സുകള്‍ ചിന്തിക്കുന്നു.
സുതാര്യത ഉറപ്പാക്കുന്ന തരത്തില്‍, വഖഫ് ബോര്‍ഡുകളുടെ എല്ലാത്തരം അവകാശവാദങ്ങളും സ്ഥിരീകരിക്കല്‍, വഖഫ് ബോര്‍ഡുകളിലെ അംഗത്വവും അതിന്റെ പ്രവര്‍ത്തനങ്ങളും വിവരിക്കുന്ന 9, 14 എന്നീ അനുച്ഛേദങ്ങളില്‍ മാറ്റംവരുത്തല്‍, വനിതാപ്രാതിനിധ്യം നിര്‍ബന്ധമാക്കല്‍ എന്നിവയും ഭേദഗതിയിലുണ്ട്. വഖഫ് ഭൂമി പുതുതായി അളന്നു തിട്ടപ്പെടുത്താനും വസ്തുക്കളുടെ ലിസ്റ്റ് തയ്യാറാക്കാനും ജില്ലാ ജഡ്ജിമാരുടെ മേല്‍നോട്ടം ഉറപ്പാക്കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
അധിനിവേശത്തിന്റെ ആവേശം സ്ഥിരമായി പ്രകടമാക്കുകയും സാധാരണക്കാരുടെ ജീവിതം അനിശ്ചിതത്വത്തിലാക്കുകയും ക്രമസമാധാനനിലയ്ക്ക് ഭംഗം വരുത്തുകയും ചെയ്യുന്ന വഖഫ് ബോര്‍ഡു ശൈലികള്‍ക്ക് കടിഞ്ഞാണിടാന്‍ സ്വതന്ത്ര ജുഡീഷ്യറിയുടെ സാന്നിധ്യം വഖഫ് ട്രൈബ്യൂണലില്‍ അനിവാര്യമാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ വ്യവഹാരങ്ങള്‍ തീര്‍പ്പു കല്പിക്കാന്‍ ഇന്ത്യ ഒരു മതരാഷ്ട്രം അല്ലല്ലോ. ബില്ലിനെക്കുറിച്ച് ഉയര്‍ന്നിട്ടുള്ള അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാന്‍ സംയുക്ത പാര്‍ലിമെന്ററി സമിതിയുടെ പരിഗണനയിലൂടെ കഴിയും എന്നാണ് എന്റെ വിചാരം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?