ഫ്രാന്‍സിസ് പാപ്പായുടെ ഏഷ്യയിലേക്കുള്ള അപ്പസ്‌തോലിക യാത്രയ്ക്ക് മുന്നോടിയായി ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് കര്‍ദ്ദിനാള്‍ ചാള്‍സ് മൗങ് ബോ വത്തിക്കാന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. വിശ്വാസം അതിന്റെ തീക്ഷ്ണതയില്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ഏഷ്യന്‍ ജനതയ്ക്ക് പാപ്പയുടെ സന്ദര്‍ശനം ഉണര്‍വ് പ്രദാനം ചെയ്യുമെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു.
സെപ്തംബര്‍ 2 മുതല്‍ 13 വരെ ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, ടിമോര്‍ലെസ്റ്റെ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള ഫ്രാന്‍സിസ് പാപ്പായുടെ നാല്പത്തിയഞ്ചാമത് അപ്പസ്‌തോലിക യാത്രയ്ക്കു മുന്നോടിയായി, ഏഷ്യയില്‍ പാപ്പായുടെ സന്ദര്‍ശനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ് കര്‍ദിനാള്‍ സംസാരിച്ചത്. മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നവരാണെങ്കില്‍ പോലും, തങ്ങളുടെ വിശ്വാസജീവിതം അഭംഗുരം കാത്തുസൂക്ഷിക്കുവാന്‍ പരിശ്രമിക്കുന്നവരാണ് ഏഷ്യന്‍ ജനതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയവും, സാമ്പത്തികവും, സാമൂഹികവും, പാരിസ്ഥിതികവും, സാംസ്‌കാരികവുമായ വെല്ലുവിളികള്‍ക്കിടയില്‍ ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ ചില ഇടങ്ങളില്‍ ക്രൈസ്തവ വിശ്വാസം നിലനിര്‍ത്തുന്നത് ഏറെ ശ്രമകരമാണെന്നും കര്‍ദിനാള്‍ പറഞ്ഞു. സാധാരണ വിശ്വാസികള്‍ക്ക് അകലെയായിരിക്കുന്ന പാപ്പാ, തങ്ങളുടെ അടുത്തേക്ക് വരുന്നുവെന്നതുതന്നെ ഏറെ സന്തോഷം പകരുന്ന ഒരു കാര്യമാണെന്നും, അവരുടെ വിശ്വാസജീവിതത്തിനു അത് നവോന്മേഷം പകരുന്നതാണെന്നും കര്‍ദിനാള്‍ പങ്കുവച്ചു.
ഈ ഏഷ്യാ സന്ദര്‍ശനത്തില്‍, പാപ്പുവ ന്യൂ ഗിനിയ, തിമോര്‍ ലെസ്റ്റെ തുടങ്ങിയ ലോകത്തിന് അത്ര അറിയപ്പെടാത്ത ചെറിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ തീരുമാനമെടുത്തുവെന്നതു തന്നെ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് കര്‍ദിനാള്‍ പറഞ്ഞു. സംസ്‌കാരങ്ങള്‍, മതങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ഓരോന്നും വൈവിധ്യമാര്‍ന്നതാണെന്നും, എന്നാല്‍ ക്രൈസ്തവ വിശ്വാസം എല്ലാ ഇടങ്ങളിലും വര്‍ധിക്കുന്നതായും അദ്ദേഹം പറഞ്ഞു. സാര്‍വത്രിക സഭയ്ക്ക് ഏഷ്യന്‍ സഭയ്ക്ക് നല്‍കുവാനുള്ള സംഭാവനകളും കര്‍ദിനാള്‍ അടിവരയിട്ടു പറഞ്ഞു. സമാധാനം, ഐക്യം, സംഭാഷണം എന്നീ പുണ്യങ്ങള്‍ ഏഷ്യന്‍ സഭയുടെ തനിമയാണ്. കഷ്ടപ്പാടുകള്‍ക്കിടയിലും സഹോദരീസഹോദരന്മാരായി എങ്ങനെ സഹകരിക്കാമെന്ന് ഏഷ്യന്‍ സഭ കാലങ്ങളായി കാണിച്ചുതന്നിട്ടുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏഷ്യയില്‍ വിനാശകരമായി അനുഭവപ്പെടുന്നുണ്ടെന്നും, കാലാവസ്ഥാ പരിപാലനം എന്ന വിഷയം പരിശുദ്ധ പിതാവിന്റെ ഹൃദയത്തോട് ചേര്‍ന്നുള്ള വിഷയമായതിനാല്‍, അദ്ദേഹം ഈ വിഷയത്തെ അഭിസംബോധന ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
Leave a Comment
Your email address will not be published. Required fields are marked with *