ആഫ്രിക്കന്‍ നാടായ കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കില്‍ 3 വൈദികരും ഒരു സന്ന്യസ്തനുമുള്‍പ്പടെ നാലുപേര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെടുന്നു. പിയെര്‍ മുലേലെയുടെ നേതൃത്വത്തില്‍ കോംഗൊയുടെ സര്‍ക്കാരിനെതിരായി ആരംഭിച്ച കലാപകാലത്ത് 1964 നവമ്പര്‍ 28ന് വെടിയേറ്റു മരിച്ച നാലു രക്തസാക്ഷികളെയാണ് 2024 ആഗസ്റ്റ് 18ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ചേര്‍ക്കുന്നത്.
വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ നാമത്തിലുള്ള പ്രേഷിതസമൂഹത്തിലെ വൈദികരായ ഇറ്റലി സ്വദേശികളായ ലുയീജി കറാറ (Luigi Carrara 03/03/1933), ജൊവാന്നി ദിദൊണേ (Giovanni Didonè 18/03/1930), പ്രസ്തുത സമൂഹത്തിലെതന്നെ സന്ന്യസ്തസഹോദരന്‍, ഇറ്റലിക്കാരന്‍ വിത്തോറിയൊ ഫാച്ചിന്‍ (Vittorio Faccin 04/01/1934) കോംഗൊ സ്വദേശിയായ ഇടവക വൈദികന്‍ അല്‍ബേര്‍ത്ത് ഷുബേര്‍ (Albert Joubert 18/10/1950) എന്നിവരാണ് അന്ന് രക്തസാക്ഷികളായത്.
വിത്തോറിയൊ ഫാച്ചിനും ലുയീജി കറാറായും ബറാക്ക എന്ന സ്ഥലത്തെ ഒരു ദേവാലയത്തിനു മുന്നില്‍ വച്ചാണ് വെടിയേറ്റു മരിച്ചത്. അല്‍ബേര്‍ത്ത് ഷുബേറിനെയും ജൊവാന്നി ദിദൊണേയെയും വിപ്ലവകാരികള്‍ വെടിവെച്ചു കൊന്നത് ഫീത്സിയിലെ ഇടവകയില്‍ വച്ചായിരുന്നു. കോംഗോയിലെ കലാപകാലത്ത് നല്ലൊരു ശതമാനം കത്തോലിക്ക പ്രേഷിതരും പ്രോട്ടസ്റ്റന്റുകാരും യൂറോപ്യന്‍സും കോംഗൊ വിട്ടു പോയിരുന്നു. എന്നാല്‍ വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ പ്രേഷിതര്‍ അന്നാട്ടില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *