Follow Us On

30

October

2024

Wednesday

പ്രണയിനിയുടെ ഒരു വാക്ക്; യുവാവ് വൈദികനായി

പ്രണയിനിയുടെ ഒരു വാക്ക്; യുവാവ് വൈദികനായി

വിശുദ്ധബലി അര്‍പ്പിക്കുമ്പോള്‍ ആ ബാലന്‍ വൈദികനെ നോക്കിയങ്ങനെ നില്‍ക്കും. അദ്ദേഹത്തെ ഒരു മാലാഖയെപ്പോലെയാണ് അവന് തോന്നിയിരുന്നത്. ദൈവവചനം പ്രഘോഷിക്കുമ്പോള്‍ വിശ്വാസികളില്‍ സ്‌നേഹം ജ്വലിപ്പിക്കുന്ന ആ വ്യക്തി എവിടെനിന്നാണ് വരുന്നത് എന്ന് അവന്‍ ആശ്ചര്യത്തോടെ ചിന്തിക്കും. മെക്‌സിക്കോയിലെ സാന്‍ ആന്‍ഡ്രെസ് ഇക്സ്റ്റ്‌ലാന്‍ എന്ന കൊച്ചുപട്ടണത്തില്‍ ജനിച്ചുവളര്‍ന്ന ലൂയിസ് സുയിഗാ ഷാവെസ് ആയിരുന്നു ആ ബാലന്‍.   ~
ആ ആശ്ചര്യവും സന്തോഷവുമെല്ലാം അവനെ ദിവ്യബലിയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. വൈദികനാകണമെന്നൊന്നും ചിന്തിച്ചില്ലെങ്കിലും ദിവ്യബലിയെക്കുറിച്ച് പഠിക്കാന്‍ അതിലൂടെ ദൈവം അവനെ ക്ഷണിച്ചു. അവന്‍ ദിവ്യബലിയോട് ചേര്‍ന്ന് മുന്നോട്ടുപോകുകയും ചെയ്തു. കാലം അങ്ങനെ കടന്നുപോയി… ബാലന്‍ വളര്‍ന്ന് പതിനെട്ടുകാരന്‍ പയ്യനായി. പ്രണയിനിയെ വിവാഹം ചെയ്യാനുള്ള ചിന്തയിലായിരുന്നു യുവത്വത്തിലേക്ക് കടന്ന ലൂയിസ്. അവരുടെ പ്രദേശത്തെ സംസ്‌കാരത്തില്‍ അത് വിവാഹപ്രായവുമായിരുന്നു.

ആ സമയത്താണ് യു.എസില്‍നിന്ന് പിതാവിന്റെ ഒരു സഹോദരന്‍ ലൂയിസിന്റെ കുടുംബത്തെ  സന്ദര്‍ശിച്ചത്. വന്നപ്പോള്‍ കുടുംബാംഗങ്ങള്‍ക്കെല്ലാം സമ്മാനമായി വസ്ത്രങ്ങളും കൊണ്ടുവന്നിരുന്നു. ഒരു ജാക്കറ്റാണ് ലൂയിസിന് കിട്ടിയത്.
ടൗണിലേക്ക് പോയി അവിടെവച്ച് പ്രണയിനിയെ  കണ്ടുമുട്ടാമെന്നും ഒന്നിച്ച് സമയം ചെലവഴിക്കാമെന്നും ചിന്തിച്ച് ലൂയിസ് വീട്ടില്‍നിന്നിറങ്ങി. തനിക്ക് ലഭിച്ച പുതിയ ജാക്കറ്റാണ് ധരിച്ചത്. കൂട്ടുകാരിക്കൊപ്പം കറങ്ങാമെന്ന് കരുതി അവളെ സമീപിച്ചയുടന്‍ അവളുടെ ചോദ്യം, ”എവിടെനിന്ന് കിട്ടി ഈ ജാക്കറ്റ്? ഇത് ധരിക്കുമ്പോള്‍ ഒരു അച്ചനെപ്പോലെയുണ്ടെന്ന് നിനക്കറിയാമോ?!”
ആ ചോദ്യം അവന്റെ മനസിലങ്ങനെ തങ്ങിനിന്നു. എന്തുകൊണ്ടാണ് അവളങ്ങനെ പറഞ്ഞത് എന്ന ചോദ്യം പലവട്ടം മനസില്‍ ചോദിച്ചുകൊണ്ട് അവന്‍ കൂട്ടുകാരിക്കൊപ്പം അന്ന് ചുറ്റിക്കറങ്ങി.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, ദൈവവിളി ഉണ്ടോ എന്ന് വിേവചിക്കാന്‍ സഹായിക്കുന്ന സെമിനാരി ഒരുക്ക പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുകൊണ്ട് ഒരു ഡീക്കന്‍ ലൂയിസിനെ സമീപിച്ചു. ജാക്കറ്റുമായി ബന്ധപ്പെട്ട് പ്രണയിനിയുടെ ചോദ്യം മനസില്‍ തങ്ങിനിന്നിരുന്നതുകൊണ്ട് അവന്‍ വേഗം ആ ക്ഷണം സ്വീകരിച്ചു.
എന്നാല്‍ അക്കാര്യം പ്രണയിനിയോട് പറയാന്‍ തോന്നിയില്ല. അതിനാല്‍ പട്ടണത്തിന്റെ ബഹളങ്ങളില്‍നിന്ന് ഒരാഴ്ച മാറിനില്‍ക്കുകയാണ് എന്നാണ് അവളെ അറിയിച്ചത്. എന്നാല്‍ ആത്മീയോപദേഷ്ടാക്കളുടെ സഹായത്തോടെ തനിക്ക് പൗരോഹിത്യദൈവവിളി ഉണ്ടെന്ന് ഉറപ്പാക്കിയതോടെ അക്കാര്യം കൂട്ടുകാരിയെ അറിയിച്ചു.

ലൂയിസിന്റെ വാക്കുകള്‍ കേട്ട പ്രണയിനി കുറച്ചുനാള്‍ അവനുവേണ്ടി കാത്തിരിക്കാനാണ് തീരുമാനം എടുത്തത്. എങ്ങാനും തിരികെവരാന്‍ ലൂയിസിന് തോന്നിയാലോ… ലൂയിസിനും അത് സമ്മതമായിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തനിക്ക് പൗരോഹിത്യത്തിലേക്കുതന്നെയാണ് വിളിയെന്ന് ലൂയിസിന് ഉറപ്പായി. താമസിയാതെതന്നെ ദൈവത്തെമാത്രം പ്രണയിക്കാനുള്ള തന്റെ ഉന്നതവിളിയെക്കുറിച്ച് ഉറപ്പ് കിട്ടിയെന്ന് കൂട്ടുകാരിയെയും അറിയിച്ചു. ആ ബന്ധത്തിന് വിരാമം…. ഏതാണ്ട് 66 വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന സംഭവങ്ങളാണിത്.
വര്‍ഷങ്ങള്‍ നീണ്ട പരിശീലനം പൂര്‍ത്തിയാക്കി ലൂയിസ് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു, ഫാ. ലൂയിസ് സുയിഗാ ഷാവെസ്. പൗരോഹിത്യം സ്വീകരിച്ചിട്ട് ഇന്ന് 36 വര്‍ഷങ്ങളോളം പിന്നിടുമ്പോള്‍ തന്റെ ദൈവവിളിയും പൗരോഹിത്യവും ആസ്വദിച്ച് ജീവിക്കുകയാണ് അദ്ദേഹം. ഇനിയും ഒരു ജന്മം ദൈവം തന്നാല്‍ അപ്പോഴും ഒരു വൈദികനാകാനാണ് തനിക്ക് ആഗ്രഹമെന്ന് ഫാ.ലൂയിസ് പറയുന്നു. 36 വര്‍ഷം മുമ്പത്തെക്കാള്‍ ഇഷ്ടമാണ് ഇപ്പോള്‍ ഈ പൗരോഹിത്യത്തോട് എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. മെക്‌സിക്കോയിലെ ഗ്വാഡലജാര അതിരൂപതയിലെ വൈദികനാണ് ഫാ. ലൂയിസ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?