Follow Us On

08

October

2024

Tuesday

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേലുള്ള സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണം

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേലുള്ള സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണം
കൊച്ചി: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ  വിവിധങ്ങളായ പ്രശ്‌നങ്ങള്‍ പഠിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ പഠന റിപ്പോര്‍ട്ട് അടിയന്തരമായി വെളിച്ചത്തുകൊണ്ടുവരണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് 15 മാസം പിന്നിട്ടിട്ടും റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തിറക്കാതെ ഭരണസംവിധാനങ്ങള്‍ ഒളിച്ചോടുന്നത് നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.
2020 നവംബറില്‍ പ്രഖ്യാപിച്ച ജെ.ബി കോശി കമ്മീഷന്‍ 2023 മെയ് 17ന് മുഖ്യമന്ത്രിക്ക് പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ കത്തുകളയച്ചിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്ന് തുടര്‍നട പടികള്‍ക്കായി ചീഫ് സെക്രട്ടറി ഉള്‍പ്പെടെ മൂന്നംഗസമിതിയെ 2024 ഫെബ്രുവരിയില്‍ നിയമിച്ചു. ക്ഷേമപദ്ധതികള്‍ സംബന്ധിച്ച് പഠനം തുടരുകയാണെന്ന് നിയമസഭയില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. എന്നിട്ടും റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടാത്തതെന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ലാത്തത് ആക്ഷേപകരമായ വീഴ്ചയും ഉത്തരവാദിത്വമില്ലായ്മയുമാണ്.
കേരളത്തിലെ ക്രൈസ്തവ സമൂഹം ഒറ്റക്കെട്ടായി ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിലനില്പുതന്നെ ചോദ്യം ചെയ്യുന്ന സാഹചര്യമാണുള്ളത്. കേരള മൈഗ്രേഷന്‍ സര്‍വ്വേ റിപ്പോര്‍ട്ട് 2023ല്‍ പ്രതിപാദിക്കുന്ന കേരളത്തിലെ ക്രൈസ്തവ ജനസംഖ്യയിലെ ഇടിവും വിദേശ കുടിയേറ്റവും വിവിധ ക്രൈസ്തവ സഭ വിഭാഗങ്ങള്‍ കൂടുതല്‍ പഠനവിഷയമാക്കണം.
ക്രൈസ്തവ സംഭാവനകളേറെയുള്ള പൊതുവിദ്യാഭ്യാസ മേഖലയെ ബാധിക്കുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിദ്യാഭ്യാസ പരിഷ്‌കാര നിര്‍ദ്ദേശങ്ങളോടൊപ്പം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ന്യൂനപക്ഷ അവകാശ ധ്വംസനങ്ങളും ക്രൈസ്തവ സഭകള്‍ വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കണം. ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാതെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പുവേളകളിലെ വോട്ട് രാഷ്ട്രീയ ക്ഷേമപദ്ധതി പ്രഖ്യാപനങ്ങള്‍ വിശ്വാസിസമൂഹത്തിന് മുഖവിലയ്ക്കെടുക്കാനാവില്ലെന്നും അടിയന്തരമായി പഠനറിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടണമെന്നും അഡ്വ. വി.സിസെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?