Follow Us On

21

December

2024

Saturday

ഞാനും ‘ക്യൂ’വില്‍ ആണ്‌

ഞാനും ‘ക്യൂ’വില്‍ ആണ്‌

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

അനുഗ്രഹീത ഗാനരചയിതാവ് ചിറ്റൂര്‍ ഗോപി എഴുതി, ടോമിന്‍ തച്ചങ്കരി സംഗീതം നല്‍കിയ എം.ജി. ശ്രീകുമാര്‍ പാടി 2003-ല്‍ പുറത്തിറങ്ങിയ ഒരു ക്രിസ്തീയ ഭക്തിഗാനം വളരെ പ്രശസ്തമാണ്. ഞാനീ ഗാനം ആദ്യം കേട്ടത് ഒരു മരിച്ചടക്ക് വേളയിലാണ്. ആദ്യം കേട്ടപ്പോള്‍ത്തന്നെ വളരെ ഇഷ്ടം ഈ പാട്ടിനോട് തോന്നി. പിന്നീട്, ആ പാട്ട് പാടി അയച്ചുതരാമോ എന്ന് പാട്ട് പാടുന്ന, ഈ പാട്ട് പാടാറുള്ള ഒരാളോട് ഞാന്‍ ചോദിച്ചു. ആ വ്യക്തി എനിക്ക് അതിന്റെ വീഡിയോ അയച്ചുതന്നു. ആ പാട്ട് അന്നുതന്നെ ചാപ്പലില്‍ ഇരുന്നുകൊണ്ട് ഞാന്‍ പലതവണ കേട്ടു. പിന്നീട് എല്ലാ ദിവസവുംതന്നെ ഞാനത് കേള്‍ക്കാന്‍ തുടങ്ങി. ആ പാട്ടിന്റെ വരികള്‍ ചുവടെ കൊടുക്കുകയാണ്. വായിക്കുമല്ലോ.

പോകുന്നേ ഞാനും എന്‍ ഗൃഹം തേടി
ദൈവത്തോടൊത്തുറങ്ങിടാന്‍
എത്തുന്നേ ഞാനും നാഥന്റെ ചാരെ
പിറ്റന്നൊപ്പമുണര്‍ന്നിടാന്‍
കരയുന്നോ നിങ്ങള്‍ എന്തിനായ്
ഞാനെന്‍ സ്വന്തദേശത്ത് പോകുമ്പോള്‍
കഴിയുന്നീ യാത്ര ഇത്രനാള്‍ കാത്ത
ഭവനത്തില്‍ ഞാനും ചെന്നിതാ
ദേഹമെന്നൊരാ വസ്ത്രമൂരി ഞാന്‍ ആറടി
മണ്ണിലാഴ്ത്തവേ
ഭൂമിയെന്നൊരാ കൂട്ടുവിട്ട് ഞാന്‍
സ്വര്‍ഗമാം വീട്ടില്‍ ചെല്ലവേ
മാലാഖമാരും ദൂതരും മാറി
മാറിപ്പുണര്‍ന്നു പോം
ആധിവ്യാധികള്‍ അന്യമായ്
കര്‍ത്താവേ ജന്മം ധന്യമായ്
സ്വര്‍ഗരാജ്യത്തില്‍ ചെന്ന നേരത്ത്
കര്‍ത്താവെന്നോടു ചോദിച്ചു
സ്വന്തബന്ധങ്ങള്‍ വിട്ടുപോന്നപ്പോള്‍
നൊന്തുനീറിയോ നിന്‍മനം
ശങ്കകൂടാതെ ചൊല്ലി ഞാന്‍ കര്‍ത്താവേ
ഇല്ല തെല്ലുമേ
എത്തി ഞാന്‍ എത്തി സന്നിധേ ഇത്ര
നാള്‍ കാത്ത സന്നിധേ (പോകുന്നേ ഞാനും)

യുട്യൂബില്‍ ഈ പാട്ട് വീഡിയോ സഹിതം കിട്ടും. സാധിക്കുന്നവരെല്ലാം ഇത് കേട്ടുനോക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. മരിച്ചപ്പോള്‍ നിനക്ക് സങ്കടം ഉണ്ടായോ എന്ന് തന്റെ സന്നിധിയില്‍ എത്തിയ ഒരു ആത്മാവിനോട് ദൈവം ചോദിക്കുകയാണ്. ഒട്ടും സങ്കടമുണ്ടായില്ല എന്ന് ആത്മാവ് ദൈവത്തോട് പറയുന്നുണ്ട്. പക്ഷേ, ശ്രദ്ധയോടെ ഈ പാട്ടുകേട്ടാല്‍ മിക്കവരുടെയും കണ്ണുകള്‍ നിറയും. മനസില്‍ വല്ലാത്ത ഭാവങ്ങള്‍ ഈ ഗാനം ഉണ്ടാക്കും. യുട്യൂബില്‍ ഈ ഗാനം പലരും പാടി അപ്പ്‌ലോഡ് ചെയ്തത് ലഭ്യമാണ്. ഒരു വീഡിയോയുടെ അടിയില്‍ അനേകം കമന്റുകള്‍ വന്നിട്ടുള്ളത് ഞാന്‍ വായിച്ചു. എല്ലാംതന്നെ ഹൃദയസ്പര്‍ശിയായ കമന്റുകളാണ്. അതില്‍ ഒരു കമന്റിനെപ്പറ്റിയാണ് എനിക്കിന്ന് പറയാനുള്ളത്. ആ കമന്റ് ഇങ്ങനെയാണ്: ഞാനും ‘ക്യൂ’വിലാണ്.
ഇതിന്റെ അര്‍ത്ഥം എന്താണ്? ഏത് ക്യൂവില്‍ ആണ് ഞാന്‍? എന്തിനാണ് ഞാന്‍ ക്യൂ നില്‍ക്കുന്നത്? എന്റെ മുമ്പില്‍ എത്രപേര്‍ ഉണ്ട്? എത്രസമയം ഞാന്‍ ക്യൂ നില്‍ക്കേണ്ടിവരും? അവസാനം, ഈ ക്യൂ നില്‍ക്കല്‍ വെറുതെയാകുമോ?

ഇതിനൊക്കെയുള്ള ഉത്തരങ്ങള്‍ തേടാം. ഇതില്‍ ഏറ്റവും പ്രധാനമായ കാര്യം ഇതാണ്: മരിക്കാന്‍ നില്‍ക്കുന്നവരുടെ ക്യൂവില്‍ ആണ് ഞാന്‍. എനിക്ക് മുമ്പേ ക്യൂ നിന്ന എണ്ണിയാല്‍തീരാത്ത അത്രയുംപേര്‍ മരിച്ചുപോയിരിക്കുന്നു. അതില്‍ ഒരാത്മാവിന്റെ മരണവുമായി ബന്ധപ്പെട്ടതാണീ ഗാനം. ഈ ഗാനം കേട്ട വ്യക്തി ഒരു വലിയ കാര്യം മനസിലാക്കുകയാണ്: അതായത്, മരിക്കാന്‍ നില്‍ക്കുന്നവരുടെ ക്യൂവില്‍ ആണ് ഞാനും. നമ്മള്‍ എന്ത് ജോലി ചെയ്യുമ്പോഴും യാത്ര ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും വഴക്കടിക്കുമ്പോഴും പാപം ചെയ്യുമ്പോഴുമെല്ലാം ഈ ക്യൂവില്‍ത്തന്നെയാണ്. ക്യൂവില്‍നിന്ന് ഓരോരുത്തരെ മരണത്തിലൂടെ ദൈവം വിളിച്ചുകൊണ്ടിരിക്കും.

മരിക്കാന്‍ നില്‍ക്കുന്നവരുടെ ‘ക്യൂ’വിന് ചില പ്രത്യേകതകളുണ്ട്. മനുഷ്യനിര്‍മിത ക്യൂവില്‍ ആദ്യം നില്‍ക്കുന്നവര്‍ക്കാണ് ആദ്യ അവസരം. സീറ്റു കഴിഞ്ഞാല്‍ പല കാര്യങ്ങള്‍ക്കും ക്യൂവില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് അവസരം ഇല്ല. എന്നാല്‍ മരിക്കാന്‍ നില്‍ക്കുന്നവരുടെ ക്യൂ ദൈവനിര്‍മിതം ആണ്. എന്നുവച്ചാല്‍ എല്ലാവരും മരിക്കും. മരിക്കുന്ന സമയം അനുസരിച്ച് ദൈവത്തിന്റെ മനസില്‍ ഒരു ക്യൂ ഉണ്ട്. മരിക്കാനുള്ളവരുടെ ഒരു മുന്‍ഗണനാക്രമം അനുസരിച്ചുള്ള ക്യൂ മനുഷ്യന്റെ മനസില്‍ ഉണ്ട്. മരിക്കാന്‍ ഉള്ളവരുടെ മുന്‍ഗണനാക്രമം ഉള്ളവരുടെ ഒരു ക്യൂ ദൈവത്തിന്റെ മനസിലും ഉണ്ട്.

ഈ രണ്ടു ക്യൂവിലും ഒരേവിധത്തില്‍ അല്ല ആളുകള്‍ ക്യൂവില്‍ ഉണ്ടാവുക. മനുഷ്യന്റെ മനസിലെ ക്യൂവില്‍ ഒന്നാമത്തെയാള്‍, ദൈവത്തിന്റെ ക്യൂപ്രകാരം ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം ആയിരിക്കും മരിക്കുക. മനുഷ്യന്റെ ക്യൂവില്‍ ഒരുപാട് പുറകില്‍ നില്‍ക്കുന്നവര്‍ ചിലപ്പോള്‍ ദൈവത്തിന്റെ ക്യൂവില്‍ വളരെ മുന്നിലായിരിക്കാം. വളരെ പ്രായമായ, കിടപ്പുരോഗികളായ പലരും ക്യൂവില്‍ ഒന്നാമത് ആകാന്‍ ആഗ്രഹിക്കുന്നു. പക്ഷേ ദൈവത്തിന്റെ ക്യൂ പ്രകാരം അവര്‍ പുറകിലാണ്. അതേസമയം അവരുടെ മക്കളും കൊച്ചുമക്കളുമൊക്കെ ക്യൂവില്‍ വളരെ പുറകിലാണെന്ന് നമ്മള്‍ കരുതിയിരിക്കുമ്പോള്‍ അവര്‍ ദൈവത്തിന്റെ ക്യൂവില്‍ മുമ്പിലാണ്. അതുകൊണ്ട് പ്രായംചെന്നവരും കിടപ്പുരോഗികളും ഇതര രോഗികളുമൊക്കെ ജീവിതം തുടരുമ്പോള്‍ അവരുടെ മക്കളും കൊച്ചുമക്കളും മരണപ്പെടുന്നു.

അതിനാല്‍ ദൈവത്തിന്റെ ക്യൂ അനുസരിച്ചാണ് മരണം സംഭവിക്കുക. മനുഷ്യന്റെ ക്യൂ അനുസരിച്ചല്ല. അതിനാല്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയട്ടെ: മരിക്കാന്‍ ഉള്ളവരുടെ ദൈവം ഉണ്ടാക്കിയ ‘ക്യൂ’വില്‍ എന്റെയും നിന്റെയും സ്ഥാനം എവിടെയാണ് എന്ന് നമുക്കറിയില്ല. അത് ദൈവത്തിനുമാത്രമേ അറിയൂ. ദൈവം വിളിക്കുമ്പോഴാണ് പലപ്പോഴും നമ്മള്‍ നമ്മുടെ സമയമായി എന്ന് അറിയുകയുള്ളൂ. ക്യൂവില്‍ ആണെങ്കിലും വളരെയധികം പേരും അപ്പോള്‍ ആഗ്രഹിക്കുന്നും ഉണ്ടാകില്ല. മരിക്കാന്‍ ഭൗതികമായും ആത്മീയമായും ഒരുങ്ങിയിട്ടുമുണ്ടാകില്ല. അത് ഉണ്ടാക്കുന്ന അസ്വസ്ഥത വളരെ വലുതായിരിക്കും. അതിനാല്‍ ഞാന്‍ ക്യൂവിലാണെന്നും എപ്പോഴാണ് വിളിക്കുന്നത് എന്ന് അറിയില്ല എന്നതും വളരെ പ്രധാനമാണ്. മരണം കള്ളനെപ്പോലെ വരും.
വലിയ ഒപ്പീസിലെ ഈ ഗാനത്തോടുകൂടി അവസാനിപ്പിക്കട്ടെ:

മങ്ങിയൊരന്തി വെളിച്ചത്തില്‍
ചെന്തീപോലൊരു മാലാഖ
വിണ്ണില്‍ നിന്നെന്‍ മരണത്തിന്‍
സന്ദേശവുമായ് വന്നരികില്‍….
…… …… ……
ദൂതന്‍ പ്രാര്‍ത്ഥന കേട്ടില്ല
സമയം തെല്ലും തന്നില്ല.

അതെ, നമ്മള്‍ ക്യൂവിലാണ്; എത്രാമത്തെ ആളാണെന്ന് അറിയില്ല.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?