Follow Us On

22

December

2024

Sunday

വേദനയില്‍ ആശ്വാസം പകര്‍ന്ന്…

വേദനയില്‍ ആശ്വാസം പകര്‍ന്ന്…

സിസ്റ്റര്‍ മേരി മാത്യു എംഎസ്എംഐ

അന്ന് പ്രൊവിന്‍ഷ്യാളമ്മയും ടീം അംഗങ്ങളും സിസ്റ്റേഴ്‌സും ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുകയും ചിന്തിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയുമായിരുന്നു. പെട്ടെന്ന് ദൈവത്തിന്റെ പരിശുദ്ധാത്മാവ് ആ ദിവസങ്ങളില്‍ കുവൈറ്റില്‍ നടന്ന തീപിടുത്തത്തെയും അതിന്റെ വേദനകളെയും ഓര്‍മയിലേക്ക് കൊണ്ടുവന്നു. അവരുടെ വീടുകള്‍ സന്ദര്‍ശിച്ച് ദുഃഖിച്ചിരിക്കുന്ന പ്രിയപ്പെട്ടവരെ ആശ്വസിപ്പിക്കണമെന്ന ശക്തമായ പ്രചോദനവും ലഭിച്ചു.
കുവൈറ്റ് ദുരന്തത്തില്‍ പൊലിഞ്ഞ മലയാളികളുടെ കുടുംബങ്ങള്‍ വിവിധ ജില്ലകളിലാണല്ലോ. അതിനാല്‍, ഏതാനും സിസ്റ്റേഴ്‌സ് കണ്ണൂരിലുള്ള മഠത്തില്‍നിന്ന് കേരളത്തിന്റെ വിവിധപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ തീരുമാനിച്ചു. കണ്ണൂര്‍ ജില്ല കൂടാതെ, കാസര്‍ഗോഡ്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും സിസ്റ്റേഴ്‌സ് എത്തി.

പുറമേ ശക്തമായ മഴ. ഞങ്ങള്‍ ചെന്ന വീടുകളിലോ… പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ തകര്‍ന്ന് തളര്‍ന്ന് ഉത്തരമില്ലാത്ത ഭാര്യമാര്‍… അമ്മമാര്‍… അപ്പന്മാര്‍… സഹോദരങ്ങള്‍… മക്കള്‍, കൊച്ചുമക്കള്‍, പേരക്കിടാങ്ങള്‍..!! കണ്ണൂരില്‍നിന്നുമാണ് ഞങ്ങള്‍ വന്നിരിക്കുന്നത് എന്നറിയുമ്പോഴേ അവരുടെ മനസില്‍ ഒരു ദൈവിക സ്പര്‍ശം. കാരണം ദൈവാത്മാവ് പറഞ്ഞിട്ടല്ലാതെ ഞങ്ങള്‍ അവിടെ ചെല്ലാന്‍ സാധ്യതയില്ലെന്ന് അവര്‍ക്ക് ബോധ്യമായി. ആശ്ചര്യത്തിന്റെയും അവിശ്വസനീയതയുടെയും നെടുവീര്‍പ്പുകളും കൃതജ്ഞതയുടെ നോട്ടവും അവരില്‍ കാണാമായിരുന്നു. സ്വന്തമെന്ന ചിന്ത വന്നതോടെ ഹൃദയം തുറന്ന് അവര്‍ പൊട്ടിക്കരഞ്ഞു.

ആ സമയങ്ങളില്‍ സ്വരമില്ലാതെ അവരില്‍ ജീവിച്ച വചനമാണ് സഖറിയ 13:9. അവര്‍ എല്ലാവരും ദൈവത്തെ വിളിച്ചപേക്ഷിക്കുകയായിരുന്നു. അവിടുന്ന് അവര്‍ക്ക് ഉത്തരമേകുകയും ആശ്വസിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അവിടുന്ന് അവരെ എന്റെ ജനം എന്നു വിളിക്കുന്നുണ്ടായിരുന്നു. അവരാകട്ടെ കര്‍ത്താവ് എന്റെ ദൈവം എന്നു കണ്ണീര്‍തുള്ളികളിലൂടെ പറഞ്ഞുകൊണ്ടുമിരുന്നു. അവര്‍ക്ക് ആവശ്യത്തിലും മിച്ചത്തിലും ആശ്വാസവും പ്രത്യാശയും നല്ല ദൈവം വാരിവിതറി. ആകാശത്തില്‍നിന്നു ‘മന്ന’ വര്‍ഷിച്ചവന്‍! അവന്‍ ജീവിക്കുന്നു..!! ”അവര്‍ എന്റെ നാമം വിളിച്ചപേക്ഷിക്കും. ഞാന്‍ അവര്‍ക്ക് ഉത്തരമരുളും. അവര്‍ എന്റെ ജനം എന്നു ഞാന്‍ പറയും. കര്‍ത്താവ് എന്റെ ദൈവം എന്ന് അവരും പറയും” (സഖറിയ 13:9).

എംഎസ്എംഐ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകപിതാവ് മോണ്‍. സി.ജെ വര്‍ക്കിയച്ചന് ദൈവാത്മാവ് നല്‍കിയ ഭവനസന്ദര്‍ശനാധിഷ്ഠിതമായ കുടുംബപ്രേഷിതത്വവും വചനപ്രഘോഷണവും എന്ന കാരിസം അവസരോചിതമായി നിര്‍വഹിക്കുവാന്‍ അച്ചന്‍ സ്വര്‍ഗത്തിലിരുന്ന് മാധ്യസ്ഥം വഹിക്കുകയായിരുന്നുവെന്നത് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടു. അമലോത്ഭവ മാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ ഞങ്ങ ളുടെ സന്യാസസമൂഹത്തെ അമ്മ സ്വന്തം മേലങ്കിക്കുള്ളില്‍ എപ്പോഴും സംരക്ഷിക്കുന്നതു പേലെ ഈ പ്രേഷിതശുശ്രൂഷയിലും അമ്മയുടെ സഹായമുണ്ടണ്ടായിരുന്നു.

വാര്‍ത്തകളില്‍നിന്നും ലഭിച്ച അറിവില്‍ ശേഖരിച്ച പേര്, വീട്ടുപേര്, ജില്ല ഇവയുടെ അടിസ്ഥാനത്തില്‍ യാത്ര തിരിച്ചപ്പോള്‍ കര്‍ത്താവ് കൂടെ നടക്കുന്ന അനുഭവമായിരുന്നു. ഞങ്ങള്‍ക്ക് ഒട്ടും പരിചയമില്ലാത്ത സ്ഥലം, വ്യക്തികള്‍, അനുകൂലമല്ലാത്ത കാലാവസ്ഥ! ഇവിടെയൊക്കെ പരിശുദ്ധ അമ്മ കാവല്‍ദൂതന്മാരെ ഏര്‍പ്പെടുത്തിയത് അത്ഭുതത്തോടെ സ്മരിക്കുകയാണ്. ദിവസവും വ്യത്യസ്ത ദൈവാലയങ്ങളില്‍ ദിവ്യബലിയില്‍ സംബന്ധിച്ച് ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ച് നടത്തിയ യാത്രയിലുടനീളം ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ്, കച്ചവടക്കാര്‍, പ്രായംചെന്ന അമ്മമാര്‍, കൊച്ചുകുട്ടികള്‍, വൈദികര്‍, സിസ്റ്റേഴ്‌സ്, ഡോക്‌ടേഴ്‌സ്, ടീച്ചേഴ്‌സ് എന്നുതുടങ്ങി നിരവധി സുമനസുകളെ ഞങ്ങളുടെ സഹായികളായി ദൈവം നിയോഗിച്ചു. അവിടുന്ന് വിളിക്കുമ്പോള്‍ നാം യെസ് പറഞ്ഞാല്‍ മതി, ബാക്കിയെല്ലാം അവിടുന്നു ചെയ്തുകൊള്ളും എന്ന് ഈ സംഭവം ഒരിക്കല്‍ക്കൂടി പഠിപ്പിച്ചു.

”ഇതാ ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ…. അവിടുന്ന് അവരുടെ മിഴികളില്‍നിന്ന് കണ്ണീര്‍ തുടച്ചുനീക്കും. … ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി” എന്ന വെളിപാട് 21:3-4 തിരുവചനം വേദനയിലും കണ്ണുനീരിലും കഴിയുന്നവരിലും ആശ്വാസവും പ്രത്യാശയും നഷ്ടപ്പെട്ട എല്ലാവരിലും മാംസം ധരിക്കാനിടയാകട്ടെ എന്നു ഞങ്ങള്‍ തുടര്‍ന്നും പ്രാര്‍ത്ഥിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?